“പീഡനങ്ങൾ അത് എവിടെ ആയിരുന്നാലും ഞങ്ങൾ പിന്തുണക്കില്ല, പക്ഷെ, അതിന്റെ പേരിൽ നരേന്ദ്ര മോദിയെ വ്യക്തിഹത്യ ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല…”
ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ പങ്ക് സംബന്ധിച്ച ബി ബി സി ഡോക്യുമെന്ററിയെ കുറിച്ച് ബ്രിട്ടീഷ് പ്രധാന മന്ത്രി ഋഷി സുനക്കിന്റെ പ്രസ്താവനയാണിത്. ഇവ്വിഷയകമായി മുൻ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോക്കിന്റെ നിലപാടുകളെ ഖണ്ഡിക്കാൻ സുനക് തയ്യാറായിട്ടില്ല, അതിന് അദ്ദേഹത്തിനു കഴിയുകയുമില്ല. ബ്രിട്ടീഷ് പ്രധാന മന്ത്രി പദവിയിൽ തന്നെ പിന്തുണച്ച മോദിയോടും സംഘപരിവാറിനോടുമുള്ള നന്ദി പ്രകടനം മാത്രമാണിത്. സുനകിന്റെ പ്രസ്താവന പരിവാറുകാർ കയ്യടിച്ചു ആഘോഷിക്കുന്നുണ്ട്.
ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ഋഷി സുനക് ബ്രിട്ടന്റെ ‘പ്രഥമ ഹിന്ദു പ്രധാനമന്ത്രി’യാകാന്‍ കാത്തിരുന്നത് അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അനുയായികളെക്കാള്‍ സംഘ് പരിവാര്‍ നേതാക്കളും അണികളുമായിരുന്നല്ലോ. വലതുപക്ഷവാദിയും വൈറ്റ് സുപ്രമാസിസ്റ്റും സയണിസ്റ്റ് അനുകൂലിയും സര്‍വോപരി നരേന്ദ്ര മോദിയുടെ സുഹൃത്തുമായ ഡോണള്‍ഡ് ട്രംപ് രണ്ടാംവട്ടവും യു.എസ് പ്രസിഡന്റ് പദവിയിലെത്താന്‍ ക്ഷേത്രങ്ങളില്‍ ടണ്‍ കണക്കിന് ലിറ്റര്‍ പാലൊഴുക്കിയ സംഘ് ഭക്തര്‍ സുനകിനുവേണ്ടിയും പ്രത്യേക പൂജകളുമായി രംഗത്തുവന്നിരുന്നു.
ഋഷി സുനകിനെ ‘ബ്രിട്ടന്റെ പ്രഥമ ഹിന്ദു പ്രധാനമന്ത്രി’ ആയാണല്ലോ പരിചയപ്പെടുത്തപ്പെട്ടത്. 1832-ല്‍ ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചതു മുതല്‍ ക്രിസ്തുമത വിശ്വാസികള്‍ മാത്രമാണ് ബ്രിട്ടനില്‍ പ്രധാനമന്ത്രി പദവി അലങ്കരിച്ചിട്ടുള്ളത്. അതിനാല്‍, സുനകിന്റെ സ്ഥാനാരോഹണം ഒരു വാര്‍ത്ത തന്നെ. അതുപോലെയാണ് അമേരിക്കയില്‍ കമലാ ഹാരിസിന്റെ സ്ഥാനാരോഹണവും. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയെന്ന നിലയിലാണ് കമലാ ഹാരിസ് ചരിത്രം കുറിച്ചത്.
എന്നാല്‍, ഇന്ത്യയിലെയും വിദേശങ്ങളിലെയും സംഘ് പരിവാറുകാര്‍ സുനകിനെയും കമലാ ഹാരിസിനെയും തങ്ങളുടെ സ്വന്തക്കാരാക്കി അവതരിപ്പിച്ചു. ഹിന്ദുമത വിശ്വാസിയും പശുവിനെ സ്നേഹിക്കുന്നയാളുമായ സുനക് ഭഗവദ്ഗീതയില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്തതും അവരെ ആവേശം കൊള്ളിച്ചു. വിവര സാങ്കേതിക രംഗത്ത് വലിയ സംഭാവനകളര്‍പ്പിച്ച ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ആണെന്നതും സുനകിന്റെ ഇന്ത്യന്‍ പാരമ്പര്യം ഊട്ടിയുറപ്പിക്കാനുള്ള അധിക യോഗ്യതയായി അവര്‍ കണ്ടു. ഹിന്ദു കുടുംബത്തിലെ ജനനവും ഇഡ്ഡലി ഭക്ഷിക്കുന്ന ചിത്രവുമാണല്ലോ കമലാ ഹാരിസിന്റെ പേരില്‍ അഭിമാനം കൊള്ളാന്‍ ഇക്കൂട്ടരെ പ്രേരിപ്പിച്ചത്. ക്രിസ്ത്യാനിയായ പിതാവിനും മദ്രാസില്‍നിന്ന് യു.എസിലേക്ക് കുടിയേറിയ ഹിന്ദുവായ മാതാവിനും ജനിച്ച കമലാ ഹാരിസ് വിവാഹം ചെയ്തത് ജൂത വിശ്വാസിയെയാണ്. അവര്‍ പിന്തുടരുന്നത് ക്രൈസ്തവ വിശ്വാസവും. മാത്രമല്ല, തന്റെ ആഫ്രിക്കന്‍ -അമേരിക്കന്‍ പാരമ്പര്യത്തെക്കുറിച്ചാണ് കമലാ ഹാരിസ് അഭിമാനം കൊള്ളുന്നത്.
ഋഷി സുനകിന്റെ വല്യഛനും അമ്മൂമ്മയും കിഴക്കനാഫ്രിക്കയിലേക്ക് കുടിയേറിയത് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ഗുജ്റന്‍വാലയില്‍നിന്നാണ്. ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ ഗുജ്റന്‍വാലയിലെ ജനങ്ങള്‍ സുനകിന്റെ സ്ഥാനാരോഹണം ആഘോഷിക്കുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി.
ഇന്ത്യയുമായി ബന്ധമുള്ള എല്ലാ വിദേശ നേതാക്കളെയും സംഘ് പരിവാര്‍ മാര്‍ക്കറ്റ് ചെയ്യാറില്ല. എന്നാല്‍, പരിവാറിന്റെ റഡാറിനുള്ളില്‍ വരുന്നവരെല്ലാം ആഘോഷിക്കപ്പെടും. ഭഗവദ്ഗീത, പശു ആരാധന, ഹലാല്‍ വിരുദ്ധ പ്രസ്താവനകള്‍, സയണിസ്റ്റ് പ്രേമം, മുസ്‌ലിം വിരുദ്ധത തുടങ്ങിയവയാണ് ആ റഡാറിന്റെ പരിധിയില്‍ വരാനുള്ള മാനദണ്ഡങ്ങള്‍.
ഹവായിയില്‍നിന്ന് യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുള്‍സി ഗബ്ബാര്‍ഡ് സ്വയം പ്രഖ്യാപിത ഹിന്ദുവും സസ്യാഹാരി(vegan)യുമാണ്. 2014-ല്‍ കോണ്‍ഗ്രസ് അംഗമായി ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഗബ്ബാര്‍ഡ് അതോടെ സംഘ്പരിവാര്‍ സ്പോണ്‍സേര്‍ഡ് സെലിബ്രിറ്റിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിനുവേണ്ടി ശ്രമിച്ച് പരാജയപ്പെടുകയും ഇപ്പോള്‍ ട്രംപ് ക്യാമ്പിലേക്ക് കൂറുമാറുകയും ചെയ്ത ഗബ്ബാര്‍ഡിന്റെ മുസ്ലിം വിരുദ്ധതയും മോദി പ്രേമവുമാണ് സംഘ് പരിവാറിന്റെ അമേരിക്കന്‍ ബ്രാന്‍ഡുകളായ ഓവര്‍സീസ് ഫ്രന്റ് ഓഫ് ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത് അമേരിക്ക, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എന്നിവയെ ആവേശം കൊള്ളിച്ചത്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5