Current Date

Search
Close this search box.
Search
Close this search box.

ഫാ. സ്റ്റാൻ സാമിയെ ഭരണകൂടവും ജുഡീഷ്യറിയും കൊല്ലുകയായിരുന്നു

ഭീമ കോറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സാമിയെ ഭരണകൂടവും ജുഡീഷ്യറിയും ചേർന്ന് കൊല്ലുകയായിരുന്നു. ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവർക്കുള്ള പ്രതിഫലം മരണമാണെന്ന സന്ദേശമാണ് ദൗർഭാഗ്യവശാൽ നീതിപീഠം പോലും നൽകുന്നത്. ഈജിപ്തിൽ മുൻ പ്രധാനമന്ത്രി മുഹമ്മദ് മുർസിയെ അൽ സീസി ഭരണകൂടവും കോടതിയും ചേർന്ന് കൊന്നത് ഓർമയില്ലേ. ഭരണകൂട ഭീകരക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഈജിപ്ഷ്യൻ തടവറകളിൽ ഇനിയും നിരവധി ആക്റ്റിവിസ്റ്റുകൾ പുറംലോകം കാണാതെ മരണം കാത്തുകഴിയുന്നുണ്ട്. ഇന്ത്യൻ തടവറകളിലുമുണ്ട് യു.എ.പി.എ ചുമത്തപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന നിരവധി സ്റ്റാൻ സാമിമാർ.

സംഘ്പരിവാർ സർക്കാർ അധികാരത്തിലേറിയതു മുതൽ മുസ്ലിം-പിന്നോക്ക ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും എതിരെ നടക്കുന്ന വ്യാപകമായ ആക്രമണങ്ങളിലും ലിഞ്ചിംഗിലും പ്രതിഷേധിക്കുന്നതിനും ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഐക്യപ്പെടുന്നതിനും 2017 ഡിസംബർ 31ന് പൂനയിൽ ചേർന്ന മഹാ സമ്മേളനമായിരുന്നു എൽഗാർ പരിഷത്ത്. എൽഗാർ എന്നാൽ ഉച്ചൈസ്തരമുള്ള പ്രഖ്യാപനം എന്നർഥം. ഇന്ത്യയുടെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാനുള്ള ഉറച്ച പ്രഖ്യാപനമായിരുന്നു അത്.

മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി. ജി. കോൽസെ പാട്ടീലും, സുപ്രീം കോടതി ജഡ്ജിയായിരുന്ന പി. ബി. സാവന്തുമായിരുന്നു പരിഷത്ത് വിളിച്ചുചേർത്തത്. പ്രസ്തുത പരിപാടിയിൽ അംബേദ്കറുടെ ചെറുമകനും ദലിത് ആക്ടിവിസ്റ്റുമായ പ്രകാശ് അംബേദ്കർ, ജെഎൻയു വിദ്യാർത്ഥിയും ആക്റ്റിവി്സ്റ്റുമായ ഉമർ ഖാലിദ്, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, ആക്ടിവിസ്റ്റ് സോണി സൂരി, തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം കൂടിയായപ്പോൾ സംഘ്പരിവാരക്കൂട്ടത്തിന് മനോനില നഷ്ടപ്പെട്ടു.

ഗവൺമെന്റിനെ അട്ടിമറിക്കാനും പ്രധാനമന്ത്രി മോദിയെ വധിക്കാനും ഗൂഢാലോചന നടത്തിയെന്ന കുറ്റം പരിഷത്തിനുമേൽ ആരോപിക്കപ്പെടാൻ പിന്നെ താമസമുണ്ടായില്ല. ഭരണകൂടവും സംഘ് മാഫിയയും അവരുടെ പിണിയാളുകളായ ഗോഡി മീഡിയയും നടത്തിവന്ന വ്യാപകമായ കള്ളങ്ങൾ അതിരുവിട്ടപ്പോൾ രാജ്യത്തിന്റെ ഇന്നത്തെ പോക്കിൽ ആശങ്കയുണ്ടായിരുന്ന ആ രണ്ട് ന്യായാധിപന്മാർ തങ്ങളാണ് പരിഷത്തിനു പിന്നിലെന്ന് പരസ്യ പ്രസ്താവനയിറക്കി.

എന്നാൽ, മോദി സർക്കാർ നേരത്തെ തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നു. ദേശവിരുദ്ധ പ്രസംഗങ്ങൾ നടന്നുവെന്ന് കള്ളം പറഞ്ഞ പോലീസിന്റെ പ്രചാരണങ്ങൾ പിന്നീട് തള്ളിക്കളയേണ്ടി വന്നെങ്കിലും സംഘാടകരുടെമേൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസ് എൻ ഐ എ ക്ക് കൈമാറുകയായിരുന്നു. എൽഗാർ പരിഷത്തിലെ ചില പ്രസംഗങ്ങൾ അടുത്ത ദിവസം നടന്ന കോറഗോവ് ഭീമാ കലാപത്തിന് പ്രേരകമായെന്ന കള്ളക്കേസ് ചുമത്തിയായിരുന്നല്ലോ സ്റ്റാൻ സാമിയെ എൻ.ഐ.എ സംഘം കസ്റ്റഡിയിൽ എടുക്കുന്നത്.

അറിയപ്പെടുന്ന സുപ്രീം കോടതി ജഡ്ജി മാത്രമായിരുന്നില്ല ജസ്റ്റിസ് സാവന്ത്. ഭരണകൂടത്തിന്റെ സ്വന്തക്കാരായ ചില ന്യായാധിപരുടെ വർഗത്തിൽ പെടുന്നയാളുമായിരുന്നില്ല. 1995ൽ സുപ്രീം കോടതിയിൽനിന്ന് വിരമിച്ചശേഷം സാമൂഹ്യ സേവന മേഖലയിൽ സജീവ ശ്രദ്ധ പതിപ്പിച്ച വ്യക്ത്ത്വമായിരുന്നു ജസ്റ്റിസ് സാവന്ത്. 2002ൽ നരേന്ദ്ര മോഡി നേതൃത്വം നൽകിയ ഗുജറാത്തിലെ ഭീകരമായ മുസ്ലിം കൂട്ടക്കൊല അന്വേഷിച്ച വി.ആർ. കൃഷ്ണയ്യർ ഉൾപ്പെടെ മൂന്നു റിട്ടയേർഡ് ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മീഷനിലെ അംഗമായിരുന്നു സാവന്ത്. മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് ഇവർ പുറത്തുവിട്ടത്. അതിനുശേഷം സംഘ്പരിവാറിന്റെ കണ്ണിലെ കരടായിരുന്നു അദ്ദേഹം.

കോൽസെ പാട്ടീലും പി. ബി. സാവന്തും ഇതാദ്യമായല്ല സംഘ്പരിവാർ ഭീകരതക്കെതിരെ രംഗത്തുവരുന്നത്. 2015 ഒക്ടോബറിലും ഇരുവരും മുൻകയ്യെടുത്ത് പൂനയിലെ തന്നെ ശനിവാർ വാദയിൽ സമാനമായ സമ്മേളനം വിളിച്ചുചേർത്തിരുന്നു. സംഘ്പരിവാർ പ്രസരിപ്പിക്കുന്ന ഹൈന്ദവ ഫാഷിസത്തിനെതിരെയായിരുന്നു പ്രസ്തുത നീക്കം. ആർ.എസ്.എസ് മുക്ത ഭാരതം എന്നായിരുന്നു പരിപാടിയുടെ തലക്കെട്ട്. അന്നുമുതൽ സംഘ്പരിവാർ തങ്ങളെ ടാർഗറ്റ് ചെയ്യുന്നുണ്ടെന്ന് ഇരുവരും വ്യത്യസ്ത അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എൽഗർ പരിഷത്തിനെ മാവോയിസ്റ്റ് ഗൂഢാലോചനയുമായും ഭീമ കൊറേഗാവ് സംഘർഷങ്ങളുമായും ബന്ധിപ്പിക്കുന്നതിലൂടെ ഹിന്ദുത്വ ഭീകരതക്കെതിരായ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ഭരണകൂടം ശ്രമിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കുകയുണ്ടായി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പോരാളിയായ ജസ്റ്റിസ് സാവന്ത് ഇഹലോകവാസം വെടിഞ്ഞത്. ഇല്ലായിരുന്നെങ്കിൽ ജസ്റ്റിസ് ലോയയെപ്പോലെ മറ്റൊരു ദുരന്തത്തിന് രാജ്യം സാക്ഷിയാവേണ്ടി വരുമെന്ന് ആരെങ്കിലും കരുതിയെങ്കിൽ അവരെ കുറ്റം പറയാനാവില്ല. സ്റ്റാൻ സാമിയെ കൊന്നവർ ഈ പരിസരങ്ങളിൽ തന്നെയുണ്ട്. ഇന്ത്യൻ ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്ന കുറേ പോരാളികളെ അവർ നോട്ടമിട്ടിട്ടുണ്ട്. അവരെയോർക്കുമ്പോൾ ഭയം തോന്നുന്നു, ഒപ്പം ആശങ്കയും.

Related Articles