Columns

ശ്രീലങ്ക: മതത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍

’24 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ല’ . ശ്രീലങ്കയിലെ ഭീകരാക്രമണത്തെ കുറിച്ച ഏറ്റവും അവസാന വാര്‍ത്ത ഇങ്ങിനെയാണ്. കൃത്യം നടന്നിട്ടു പൂര്‍ണമായി ഒരു ദിവസം കഴിഞ്ഞിട്ടും പിന്നിലാരാണ് എന്ന കാര്യത്തില്‍ സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം നമ്മുടെ നാട്ടിലെ സംഘ പരിവാര്‍ മാധ്യമങ്ങള്‍ക്ക് അക്രമികളെ കുറിച്ച് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട്. സാധാരണ പോലെ അത് മുസ്ലിം തീവ്രവാദ ഗ്രൂപ്പാണ്. പള്ളികളും ഹോട്ടലുകളും ഉള്‍പ്പെടെ എട്ടിടത്താണ് ലോകത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. ഭീകരര്‍ക്ക് മതമില്ല എന്നതിനേക്കാള്‍ പറയാന്‍ നല്ലതു ഭീകരരുടെ മതം പിശാചിന്റെ മതമാണ് എന്നാകും.

1948ല്‍ സ്വാതന്ത്രമായ ശേഷം അതി ശക്തമായ ആഭ്യന്തര കലാപത്തിലൂടെയാണ് ശ്രീലങ്ക കടന്നു പോയത്. LTTE എന്ന പ്രസ്ഥാനവും ശേഷം ദ്വീപില്‍ നടമാടിയ ക്രൂരതകളും കണ്ടും കേട്ടും വായിച്ചുമാണ് നാം മുന്നേറിയത്. 2009ാടെ LTTE ഭീഷണിയില്‍ നിന്നും നാട് മോചനം നേടിയിരുന്നു. തികച്ചും മനുഷ്യത്വ രഹിതമായ നടപടികള്‍ നാം അക്കാലത്തു അവിടെ നിന്നും കേട്ടിരുന്നു. കാര്യമായ പ്രശ്‌നങ്ങള്‍ പിന്നീട് അവിടെ നിന്നും കേട്ടിരുന്നില്ല. ഇന്നലത്തെ സംഭവത്തോടെ ദ്വീപ് വീണ്ടും പഴയ അസ്വസ്ഥമായ കാലത്തേക്ക് തിരിച്ചു പോകുമോ എന്ന ഭയവും പലരും പങ്കു വെക്കുന്നു.

സ്‌ഫോടനത്തിനു പിന്നല്‍ ശക്തായ ഒരു ഗ്രൂപ്പ് ഉണ്ടെന്നു തന്നെയാണ് സര്‍ക്കാര്‍ വിശദീകരണം. ഒരേ സമയം എട്ടു സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. അത് കൊണ്ട് അന്താരാഷ്ട്ര ബന്ധം ഇതിനു പിന്നില്‍ സംശയിക്കപ്പെടുന്നു. ശ്രീലങ്കയില്‍ നിന്നും മുപ്പതോളം പേര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ട് എന്നാണു കണക്ക്. എങ്കിലും ദ്വീപില്‍ അവരുടെ സാന്നിധ്യം ഇന്ന് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാധാരണ ഇന്ത്യ,പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്ന ഭീകരവാദ ഗ്രൂപ്പുകള്‍ ശ്രീലങ്കയില്‍ ഉള്ളതായി പറഞ്ഞു കേട്ടിട്ടില്ല. നാഷണല്‍ തൗഹീത്ത് ജമാഅത്ത് എന്നൊരു തീവ്രവാദി സംഘം ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ചു സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.

നാല് സാധ്യതകളാണ് ഈ വിഷയത്തില്‍ പറഞ്ഞു കേള്‍ക്കുന്നത്.

– നാഷണല്‍ തൗഹീത്ത് ജമാഅത്ത്
– ന്യൂസ്‌ലാന്റ് പള്ളി ആക്രമണത്തിന് പകരമായി ISIS
– ബുദ്ധ – ക്രിസ്ത്യന്‍ ഭാഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ ഭാഗമായി സംഭവിച്ചത്
– പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ ഒറ്റപ്പെടുത്താന്‍ പ്രതിപക്ഷം സംഘടിപ്പിച്ചത്

ഇതെല്ലം സാധ്യതകള്‍ മാത്രമാണ്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികള്‍ തദ്ദേശീയര്‍ തന്നെയാണ് എന്നാണു വിവരം. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികളെ കുറിച്ച് പറയാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പക്ഷെ നമ്മുടെ പല മാധ്യമങ്ങളും പ്രതികളെ കണ്ടെത്തിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ ബോംബ് പൊട്ടിയാല്‍ മാത്രം കേള്‍ക്കുന്ന സംഘടനകള്‍ ധാരാളം. അതിനു ഒരു ഇസ്ലാമിക നാമവും അവര്‍ കണ്ടുവെച്ചിരിക്കും. നാട്ടില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ കാലമാണ്. അതും കൂടി മുന്നില്‍ കണ്ടാണ് സംഘപരിവാര്‍ സംഘടനകള്‍ കുറ്റവാളികളെ കണ്ടെത്താന്‍ മിടുക്ക് കാണിക്കുന്നത്.

ഭീകരവാദം ഏതു നാടിനെ സംബന്ധിച്ചും ദുരന്തമാണ്. ഇത്തരം വിഷയങ്ങളില്‍ കൊല്ലപ്പെടുക പലപ്പോഴും നിരപരാധികള്‍ മാത്രം. ഒരു മതവും ആഗ്രഹിക്കാത്ത ഒന്നാണ് ഭൂമിയില്‍ നിരപരാധികളുടെ രക്തം വീഴ്ത്തുക എന്നത്. അതെ സമയം മതത്തിന്റെ പേരില്‍ പലരും മുതലെടുക്കുന്നു എന്നത് മറ്റൊരു കാര്യവും. ഭീകരവാദികള്‍ക്കു മത്സരിക്കാന്‍ അവസരം നല്‍കുക വഴി അത്തരം പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരുടെ നാടാണ് നമ്മുടേതെന്നും നാം മറക്കരുത്.

Facebook Comments
Related Articles
Show More

Check Also

Close
Close
Close

Adblock Detected

Please consider supporting us by disabling your ad blocker