Current Date

Search
Close this search box.
Search
Close this search box.

കൊറോണയേക്കാള്‍ വേഗത വര്‍ഗീയതയ്ക്ക്

ഭൂമി ഏകദേശം ഇപ്പോള്‍ കൊറോണയുടെ നിയന്ത്രണത്തിലാണ്. ആധുനിക ചരിത്രത്തില്‍ നാം കേള്‍ക്കാത്ത അത്രയാണ് ഓരോ ദിവസവും മരിച്ചു വീഴുന്നവര്‍. അതും ആഫ്രിക്കയിലോ അല്ലെങ്കില്‍ ഏതെങ്കിലും മൂന്നാം ലോക രാജ്യത്തോ അല്ല. ലോകത്തിലെ വികസിത രാജ്യങ്ങളില്‍ തന്നെയാണ് ഈ മരണവും നാം കാണുന്നത്. ദുരന്ത സമയത്ത് വന്‍ ശക്തികള്‍ ദരിദ്ര രാജ്യങ്ങളെ സഹായിക്കുക സാധാരണമാണ്. അതെ സമയം ഇന്ന് ദരിദ്ര രാജ്യങ്ങള്‍ വലിയവരെ സഹായിക്കേണ്ട അവസ്ഥ നാം വായിക്കുന്നു. ആളുകളെ ചേര്‍ത്ത് പിടിച്ചു സ്നേഹം പ്രകടിപ്പിച്ചിരുന്ന ലോകം ഇന്ന് ദൂരെ മാറി നിലക്കലാണ് സ്നേഹത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നു. മൊത്തത്തില്‍ എല്ലാം തലകീഴായി മറിഞ്ഞിരിക്കുന്നു.

എല്ലാം നിശ്ചലമായ ഒരവസ്ഥ നാം ആരും കേട്ടിട്ടില്ല. നമ്മുടെ നാട്ടില്‍ മറ്റു നാടുകളെ അപേക്ഷിച്ച് രോഗത്തിന്റെ വ്യാപ്തി കുറവാണു. ഇന്ത്യയുടെ പത്തു ശതമാനം പോലും ജനസംഖ്യയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന അസുഖത്തിന്റെ തീവ്രത വെച്ച് നോക്കിയാല്‍ ഇന്ത്യ ഏറെക്കുറെ സുരക്ഷിതമാണ്. അതെ സമയം മറ്റുള്ള രാജ്യങ്ങളില്‍ ആളുകള്‍ക്ക് രോഗം പിടിപെട്ടത്‌ ശരീരത്തിനാണ്. ഇന്ത്യയില്‍ അത് മനസ്സുകള്‍ക്കായി എന്നത് മാത്രമാണ് വ്യത്യാസം. എന്തും വര്‍ഗീയമായി ചിന്തിക്കുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ രീതി. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ വരെ ആ രീതിയിലാണ് ചിന്തിക്കുന്നത്.

Also read: ചെറുത്തുനിൽപ്പിന്റെ കാലത്തെ കവിത

കൊറോണ ലോകത്തെ മൊത്തം ഒരു ഗ്രാമമാക്കി മാറ്റിയിരിക്കുന്നു. ഒരു ഗ്രാമത്തില്‍ എന്ന പോലെ ലോകത്തിന്റെ എല്ലായിടത്തും ഒരേ ചര്‍ച്ചകള്‍ തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. എല്ലാവരുടെയും ആവശ്യം ഒന്ന്. പ്രതിരോധം ഒന്നിലേക്ക്. എല്ലാവരും രക്ഷ തേടുന്നത് ഒന്നില്‍ നിന്നും. ഇപ്പോള്‍ അതിര്‍ത്തി കടന്നു വരുന്ന തീവ്രവാദികളെ കാണാനില്ല. ദേശ ദദ്രോഹികളെ കുറിച്ച ചര്‍ച്ചയില്ല.  നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്ക് ഈ അവസരത്തില്‍ വീണു കിട്ടിയ ഒന്നായി തബ് ലീഗ് സമ്മേളനം. ഇപ്പോള്‍ അവരുടെ ചര്‍ച്ചയുടെ പോക്ക് അങ്ങോട്ടാണ്, നമ്മുടെ കേരളത്തില്‍ പോലും മാധ്യമങ്ങള്‍ ആ രീതിയില്‍ വൈറസിന് പേരിടുക പോലും ചെയ്തു.

ലോക മുസ്ലിം സമൂഹം തന്നെ ആരാധാനാലയങ്ങള്‍ അടച്ചിടുകയും ആളുകളെ വീടുകളില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സമയത്ത് തന്നെയാണ് ഒരു മുസ്ലിം സംഘം ഡല്‍ഹിയില്‍ ഒരുമിച്ചു കൂടിയത്. ഇസ്ലാമിന് ഒരേ സമയം വ്യക്തികളോടും സമൂഹത്തിനോടും ഉത്തരവാദിത്തമുണ്ട്. അത് സാങ്കേതികതയുടെ കണക്കില്‍ വരില്ല. ഇന്ന് ലഭിക്കുന്ന കണക്കനുസരിച്ച് തമിഴ്നാട്ടില്‍ കൂടുതല്‍ രോഗികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതിന്റെ പേരില്‍ ഇസ്ലാമോഫോബിയയുമായി രംഗത്ത്‌ വരാന്‍ ശത്രുക്കള്‍ക്ക് അവസരം കൊടുത്തു എന്നത് സംഘാടകരുടെ ഭാഗത്ത്‌ നിന്നുണ്ടായ വലിയ വീഴ്ച തന്നെയാണ്.

ഇന്നും കേരളത്തില്‍ സംഘ നമസ്കാരം നടത്തിയതിന്റെ പേരില്‍ ചിലരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഒരു ഡോക്ടര്‍ തന്നെയാണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. പ്രവാചകന്‍ മദീനയില്‍ എത്തിയപ്പോള്‍ ആദ്യമായി നിര്‍മ്മിച്ചത് പള്ളിയാണ്. അത് കേവലം ഒരു അരാധനാലായം എന്ന നിലയിലായിരുന്നില്ല. മുസ്ലിം സമൂഹത്തിന്റെ ഒരു ആസ്ഥാനം എന്ന നിലയിലാണ്. പള്ളികളില്‍ കൂടിയിരിക്കുക എന്നത് മാത്രമല്ല ഇസ്ലാം. റമദാനില്‍ ചില ദിവസങ്ങളില്‍ പ്രവാചകന്‍ പൂര്‍ണമായി പള്ളിയില്‍ ഇരിന്നിരുന്നു എന്നതൊഴിച്ചാല്‍ മറ്റു ദിവസങ്ങളില്‍ പ്രവാചകന്‍ പള്ളിയുടെ പുറത്തും കൂടുതല്‍ സമയം ചിലവഴിച്ചിട്ടുണ്ട്.

Also read: വേഷങ്ങളുടെ ഭാഷകൾ

തങ്ങള്‍ ആധുനിക വാര്‍ത്താ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നൊരു ന്യായീകരണം സമ്മേളന സ്സംഘാടകരില്‍ നിന്നും കേള്‍ക്കാന്‍ ഇടയായി. അതായത് ലോകത്തിന്റെ അവസ്ഥ അവര്‍ അറിയാതെ പോകുന്നു എന്ന് സാരം. ഇസ്ലാം മനുഷ്യന്റെ ഇരു ലോകവും പരിഗണിക്കുന്നു . തങ്ങളുടെ ചുറ്റുപാടും എന്ത് നടക്കുന്നു എന്നറിയാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. തഖ്‌വ എന്നതു കൊണ്ട് വിവക്ഷ ലോകത്തോട് നാം എങ്ങിനെ പ്രതികരിക്കുന്നു എന്നത് കൂടിയാണു. അതല്ലാതെ ഒറ്റപ്പെട്ടു ജീവിക്കലല്ല.

ഇസ്ലാം മോശാമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാനാണ് പാല്പ്പോഴും ലോകം ആഗ്രഹിക്കുന്നത്. അതിനുള്ള മരുന്നുകള്‍ പലപ്പോഴും മുസ്ലിംകള്‍ തന്നെ നല്‍കും. അല്ലെങ്കില്‍ മുസ്ലിംകളുടെ പേരില്‍ മറ്റു പലരും നിര്‍മ്മിക്കും. ശത്രുക്കളുടെ നാടുവിലാണ് മക്കയിലും മദീനയിലും പ്രവാചകന്‍ ജീവിച്ചത്. അല്ലാഹുവില്‍ നിന്നും നേര്‍ക്ക്‌ നേരെ ബോധനം കിട്ടുന്ന പ്രവാചകന്‍ വളരെ സൂക്ഷിച്ചായിരുന്നു ചുറ്റുപാടുകളോട് പ്രതികരിച്ചിരുന്നത്. തങ്ങളുടെ വീഴ്ചകള്‍ മുതലാക്കാന്‍ ഒരു വിഭാഗം എന്നും ചുറ്റുമുണ്ട് എന്ന ബോധം മുസ്ലിംകള്‍ എന്നും കാത്തു സൂക്ഷിക്കണം. മാധ്യമങ്ങള്‍ അപ്പുറത്താണ് കൂടുതല്‍ എന്നത് കൊണ്ട് തന്നെ അത്തരം വാര്‍ത്തകള്‍ അതിര്‍ത്തി കടന്നു പറക്കാന്‍ കുറഞ്ഞ സമയം മതിയാകും.

Also read: “ആദ്യം ബൈത്തുൽ മുഖദ്ദസ് ; കോർദോവ കിനാവിലുണ്ട്”

കാര്യ കാരണ ബന്ധങ്ങള്‍ മതത്തിനും പ്രസക്തമാണ്‌. തന്റെ അനുചരന്മാര്‍ നമസ്കരിക്കുമ്പോള്‍ സുഖമില്ലാത്ത പ്രവാചകന്‍ വീടിന്റെ വിരി നീക്കി അത് നോക്കി നിന്നു എന്ന് നാം വായിച്ചിട്ടുണ്ട്. തനിക്കു സുഖമില്ല എന്നതിനാല്‍ അബൂബക്കറിനെ ഇമാമാക്കിയ ചരിത്രവും പ്രവാചകനില്‍ നിന്നും നാം പഠിക്കണം. അണികളെ വസ്തുതകള്‍ പറഞ്ഞു വിശ്വസിപ്പിക്കുക എന്നതാണ് പ്രവാചക മാതൃക. ആ മാതൃക മുസ്ലിം സംഘങ്ങള്‍ കാണിക്കാതിരിക്കുക എന്നതാണ് ഇന്ന് ഇസ്ലാം നേരിടുന്ന വലിയ പ്രതിസന്ധിയും . അത് കൊണ്ട് തന്നെയാണ് കൊറോണയേക്കാള്‍ വേഗത്തില്‍ വര്‍ഗീയത പടര്‍ന്നു പിടിക്കുന്നതും.

Related Articles