Current Date

Search
Close this search box.
Search
Close this search box.

സംസാരവും സാംസ്‌കാരിക ഔനിത്യവും

വ്യവസായ വിപ്‌ളവത്തിന് ശേഷം വികാസം പ്രാപിച്ച് വന്ന കലയും ശാസ്ത്രവുമാണ് ആശയ വിനിമയ രീതി അഥവാ നമ്മുടെ സംസാരം. മനുഷ്യന്റെ ചിന്താ മണ്ഡലത്തേയും വികാരത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ നമ്മുടെ സംസാര ശേഷിക്കാണ് സാധിക്കുന്നത്. സംസാരം മനസ്സിന് കുളിര്‍മ്മയും ഹൃദയത്തിന് ആശ്വാസവും ബുദ്ധിക്ക് ആനന്ദവും പ്രദാനം ചെയ്യുന്നു. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ് സംസാരം. പ്രസിദ്ധ ഗ്രീക്ക് തത്വചിന്തകന്‍ അരിസ്‌റ്റോട്ടില്‍ മനുഷ്യനെ നിര്‍വ്വചിച്ചത് മനുഷ്യന്‍ ഒരു സംസാരിക്കുന്ന മൃഗം എന്നാണ്. നമ്മുടെ കാര്യങ്ങള്‍ അനായസം നേടിഎടുക്കാന്‍, വ്യക്തപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സംസാരം നിര്‍ബന്ധമാണ്.

ആശയങ്ങള്‍ കൈമാറാനും അനുഭവങ്ങള്‍ പങ്ക്‌വെക്കാനും വിരസതക്ക് അറുതി വരുത്തി ആഹ്ലാദിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കാനും സംസാരത്തിന് കഴിയുന്നത്ര നമ്മുടെ മറ്റൊരു സര്‍ഗ്ഗാത്മക കഴിവുകള്‍ക്കും സാധ്യമല്ല. തലച്ചോറില്‍ ഉല്‍പാദിപ്പിക്കുന്ന ചിന്തകള്‍ അതേ വൈകാരിക തലത്തില്‍ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനുള്ള വഴിയാണത്.ഏത് മേഖലയില്‍ പ്രവൃത്തിക്കുന്നവരായാലും അവിടെയൊക്കെ,സംസാര ശേഷിയുള്ളവര്‍ക്കാണ് ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

വിദഗ്ധനായ ഒരു ഡോക്ടര്‍ രോഗികളോട് ആശയവിനിമയം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ രോഗം നിര്‍ണ്ണയിക്കുന്നതിലും പാളിച്ച ഉണ്ടാവുമെന്ന് മാത്രമല്ല, രോഗികളെ ഡോക്ടര്‍ക്ക് ആഘര്‍ഷിക്കാന്‍ കഴിയില്ലന്നത് അനുഭവ സത്യമാണ്. കൂടാതെ മാനസികമായ പിരിമുറുക്കത്തില്‍ നിന്ന് ഒരു പരിധി വരേ മോചനം നേടാനും സംസാരം നമ്മെ സഹായിക്കുന്നു. സംസാരിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിന് ഒരു മാസത്തേക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചു എന്ന് സങ്കല്‍പിച്ച് നോക്കുക. എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ?

നിരന്തരമായ പ്രായോഗിക പരിശീലനവും അറിവും ആവശ്യമുള്ള ഒരു നൈപുണ്യമാണ് (Skill) മനുഷ്യ സംസാരമെങ്കിലും പലപ്പോഴും നാം അതിനെ വൃഥാ ലഭിച്ച ലാഘവത്തോടെയാണ് പരിഗണിക്കുന്നത്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നമ്മെ സംസാരിക്കാന്‍ പരിശീലിപ്പിക്കാറുണ്ടെങ്കിലും, അതിന് ശേഷം നമ്മുടെ സംസാര ശേഷി കാര്യക്ഷമമാക്കുന്നതിനവശ്യമായ പരിശീലനങ്ങളൊ വിവരങ്ങളൊ നമുക്ക് ലഭിക്കാറില്ല.

സംസാരവും ആശയ വിനിമയവും
നമ്മുടെ മനസ്സില്‍ രൂപപ്പെടുന്ന പരശ്ശതം ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് അതിന്റ എല്ലാവിധ വൈകാരിക സ്പന്ദനങ്ങളിലൂടേയും പകരാന്‍ കഴിയുന്നത് സംസാരത്തിലൂടെയാണല്ലോ? സംസാരവും കേള്‍വിയും ചേര്‍ന്നാല്‍ ഉണ്ടാവുന്ന പ്രക്രിയയെയാണ് ആശയ വിനിമയം എന്ന് വിളിക്കുന്നത്. നിരന്തരവും അനുസ്യൂതവുമായി വികസിപ്പിച്ചെടുക്കേണ്ട ഒരു അനര്‍ഘനിധിയാണ് സംസാര ശേഷിയും ശ്രദ്ധിച്ച് കേള്‍ക്കലും. സംസാരത്തിന് ഒരു അവയവം ദൈവം നല്‍കിയപ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ രണ്ട് അവയവങ്ങളാണ് അവന്‍ നമുക്ക് നല്‍കിയത്. സംസാരിക്കാനുള്ള അവയവത്തെ രണ്ട് ചുണ്ടുകള്‍ക്കിടയില്‍ ബന്ധിച്ച് നിര്‍ത്തിയപ്പോള്‍ കേള്‍ക്കാനുള്ള അവയവങ്ങളെ തുറന്ന് വിടുകയും ചെയ്തത് സൃഷ്ടിപ്പിലെ എന്തൊരല്‍ഭുതമാണ്! പലപ്പോഴും ആ നാവിന്റെ വില അറിയാതെ സ്ഥാനത്തും അസ്ഥാനത്തും അതിനെ ഉപയോഗിച്ച് എന്തെല്ലാം അന്വര്‍ത്ഥങ്ങളാണ് സൃഷ്ടിക്കുന്നത്?

നമ്മുടെ ചിന്ത,വൈകരികാനുഭവങ്ങള്‍,വിശ്വാസം തുടങ്ങിയവ മറ്റുള്ളവരിലേക്ക് പകരാനുള്ള ഒരു മാര്‍ഗ്ഗമാണ് സംസാരം. വളരെ പ്രസക്തമായ നാല് ഘടകങ്ങളെങ്കിലും അതില്‍ അടങ്ങിയിരിക്കുന്നു.സംസാരിക്കുന്ന വ്യക്തി,കൈമാറപ്പെടുന്ന സന്ദേശം,സന്ദേശം കൈമാറപ്പെടാന്‍ ഉപയോഗിക്കുന്ന മാധ്യമം,സന്ദേശം സ്വീകരിക്കുന്ന വ്യക്തി. ഈ നാല് ഘടകങ്ങള്‍ ചേര്‍ന്നാണ് സംസാരമെന്ന അതിമഹത്തായ പ്രക്രിയ രൂപപ്പെടുന്നത്.

ഇതില്‍ സംസാരിക്കുന്ന വ്യക്തി തന്റെ ആശയം മറ്റൊരാളിലേക്ക് കൈമാറുമ്പോള്‍ അത് അദ്ദേഹത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സംസാരം ഫലപ്രദമാണൊ അല്ലേ എന്ന് തീരുമാനിക്കുന്നത്. ചിലര്‍ തങ്ങളുടെ തീവ്രമായ ഹൃദയാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ നാമും ആ സംഭവത്തില്‍ അറിയാതെ ലയിച്ച് ചേരുന്നത് കാണാം. അയാളുടെ സംസാരത്തിന്റെ വശ്യതയും ആഘര്‍ഷണീയതയുമാണ് അതിന് കാരണം.

സംസാരത്തിലെ ചേരുവകള്‍
സംസാരം ആഘര്‍ഷകമാക്കുന്നതില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നാണ് ഇത് സംബന്ധമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വാക്കുകള്‍ കൊണ്ട് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സംസാരശേഷിയുള്ളവരെ നമുക്കിടയില്‍ കാണാം. ശബ്ദം,ആഗ്യം,കണ്ണ് കൊണ്ടുള്ള നോട്ടം,മറ്റ് അംഗവിക്ഷേപങ്ങള്‍ എല്ലാം ചേര്‍ന്ന ശരീര ഭാഷ അളന്ന് കൃത്യമായി സംസാരത്തോട് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതാണ് സംസാരത്തിലെ ഏറ്റവും നല്ല ചേരുവകളായി മാറുന്നത്. സംസാരത്തോടൊപ്പമുള്ള ശരീര ഭാഷ വലിയൊരു ശാസ്ത്രമായി തന്നെ ഇന്ന് വികാസം പ്രാപിച്ചിരിക്കുന്നു. സംസാരത്തില്‍ വാക്കുകള്‍ക്കുള്ള പ്രധാന്യം കേവലം ഏഴ് ശതമാനം എന്ന് കണക്കാക്കിയപ്പോള്‍ ശരീര ഭാഷക്ക് അത് 56% വും ശബ്ദന്മിന് 37% വുമാണ് പ്രാധാന്യം കണക്കാക്കിയിരിക്കുന്നത്.

സംസാരത്തിലെ ചേരുവകളില്‍ എന്ത്‌കൊണ്ടും സുപ്രാധാനമായ ഒന്നാണ് ശ്രോതാവിനെ കണ്ണ് കൊണ്ട് നോക്കല്‍. മറ്റൊരാളുമായി സംസാരിക്കുമ്പോള്‍ അയാളെ സ്‌നേഹപൂര്‍വ്വം നോക്കി സംസാരിക്കുക.തന്നെ പരിഗണിക്കുന്നു എന്ന ബോധം സൃഷ്ടിക്കാന്‍ ഇത് കാരണമാവുന്നു. ദൃഷ്ടി അലക്ഷ്യമായി അലയുന്നത് ശ്രോതാവിനെ അകറ്റാനെ സഹായിക്കൂ. ഒരാളുടെ സംസാരം കേട്ട് വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ ആ വാക്കുകളായിരിക്കും ഒരു പക്ഷെ ഏറ്റവും സ്ഫുടമായി ഉച്ചരിക്കുന്ന വാക്കുകള്‍. നിരന്തരമായ പരിശ്രമത്തിലൂടെയും സ്വയം സംസാര നിരീക്ഷണത്തിലൂടെയും നമ്മുടെ സംസാര രീതി ആഘര്‍ഷകമാക്കാന്‍ കഴിയുന്നതാണ്.

നല്ല സംസാര രീതി
മയത്തില്‍ സംസാരിക്കുകയും അനാവശ്യമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കുകയാണ് നല്ല ആശയ വിനിമയത്തിന് അനുപേക്ഷണീയമായ കാര്യം. പരസ്പര ബന്ധങ്ങളുടെ പ്രാഥമിക ഉപാധിയാണ് മാന്യമായ സംസാരം. വിയോജിപ്പുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ പരിഗണിക്കേണ്ട പ്രതിപക്ഷ ബഹുമാനം നാം പലപ്പോഴും പുലര്‍ത്താറില്ല. ഇത് അകന്നവരെ കൂടുതല്‍ അകറ്റാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.മറ്റുള്ളവരോടും അവരുടെ പ്രശ്‌നങ്ങളോടും അനുഭാവരൂപേണ സംസാരിക്കുകയാണ് നല്ലത്.

ഒരു തീരുമാനത്തിലേക്ക് പെടുന്നനേ എടുത്ത് ചാടാതെ ശ്രോതാവിനോടൊപ്പം സഞ്ചരിക്കുക. എത്ര നിസ്സാരനായ വ്യക്തിയെപ്പോലും സംസാരത്തില്‍ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുക. അത്‌പോലെ ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ ഇരുകൂട്ടര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കുക. സര്‍വ്വോപരി നല്ല ശ്രോതാവാകാന്‍ പരമാവധി ശ്രമിക്കുക. ഒരു നല്ല ശ്രോതാവ് വാക്കുകള്‍ മാത്രമല്ല, അതില്‍ സന്നിവേശിച്ചിട്ടുള്ള വികാരങ്ങള്‍ കൂടി കേള്‍ക്കുന്നവനാണ്. പലപ്പോഴും നാം മറ്റുള്ളവരുടെ സംസാരം കേട്ട് കൊണ്ടിരിക്കുന്നത് അയാള്‍ നിര്‍ത്തിയാല്‍ നമുക്ക് തുടങ്ങാമല്ലോ എന്ന വിചാരത്തോടെയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:

വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ (ഖുര്‍ആന്‍ 39:18). സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ജാപ്പാന്‍ സംസ്‌കാരത്തിന്റെ മുഖമുദ്രകളിലൊന്ന് സംസാരത്തിലെ വിനയമാണെന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു. ഇന്നും ആ മൂല്യം അവര്‍ കൈമോശം വരാതെ സൂക്ഷിക്കുന്നതു ജാപ്പാനികളുടെ വ്യക്തിത്വത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.

ആശയ വിനിമയത്തിലെ തടസ്സങ്ങള്‍
നമ്മുടേത് പോലുള്ള ബഹുസ്വര സമൂഹത്തില്‍ പരസ്പരം ആശയങ്ങള്‍ വിനിമയം ചെയ്യുമ്പോള്‍ അത് ശ്രോതാവിന് ശരിയായ വിധന്മില്‍ എത്തിച്ചേരുന്നതില്‍ പല തടസ്സങ്ങളും ഉണ്ടായേക്കാം. വിത്യസ്തമായ സാംസ്‌കാരിക ഭൂമികയാണ് അതിലൊന്ന്. അത്തരം സാഹചര്യങ്ങളില്‍ മറ്റ് മതങ്ങളേയും ആശയങ്ങളേയും അങ്ങേയറ്റം ആദരിച്ച്‌കൊണ്ട് മാത്രമേ സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കാവൂ. അപരനെ തന്റെ സ്ഥാനത്ത് നിര്‍ത്തി അതിന്റെ വരുംവരായ്കള്‍ കണക്കാക്കികൊണ്ടായിരിക്കണം നാം സംസാരിക്കേണ്ടത്. ആ അളവ് രീതി സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ വാക്കുകള്‍ സൃഷ്ടിക്കുന്ന പല പൊല്ലാപ്പുകളും നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.

സംസാരം വൈകാരിക തലങ്ങളെ കൂടി സ്പര്‍ഷിക്കുന്നതിനാല്‍ നേരിയ അര്‍ത്ഥവ്യതിയാന സാധ്യതയുള്ള പദങ്ങള്‍ പോലും ബഹുസ്വര സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം. അത്‌കൊണ്ട് ചുണ്ടില്‍ നിന്ന് പുറപ്പെടുന്ന വാക്കുകളെ ബുദ്ധിയുടെ സഹായത്തോടെ നിരീക്ഷിച്ചതിന് ശേഷം പ്രകടിപ്പിക്കുന്നതാണ് സംസാരന്മിന്റെ സാംസ്‌കാരികമായ ഔനിത്യം. മുറിക്കുന്നതിന് മുമ്പ് രണ്ട് പ്രാവിശ്യം അളക്കുക എന്ന തത്വം സംസാരത്തിലും വളരെ പ്രസക്തമാണ്. വിശ്വാസികളുടെ ശിക്ഷണത്തിന്റ ഭാഗമായി വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു: സത്യ വിശ്വാസികളെ അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുവീന്‍. നല്ലത് സംസാരിക്കുവിന്‍. (33:70). സംസാരന്മിന്റെ ഉള്ളടക്കവും രീതിയും ഒരുപോലെ നന്നായിരിക്കണം എന്ന് ചുരുക്കം.

Related Articles