Current Date

Search
Close this search box.
Search
Close this search box.

തുടുത്തസിക്കു പൂത്തു; ആണ്ടി മഹാനെന്ന് സോഷ്യൽ മീഡിയയിലെ ആണ്ടിയും

ഇക്കഴിഞ്ഞ ആഴ്ചയിൽ രണ്ട് കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടത്, വിശേഷിച്ചും സോഷ്യൽമീഡിയയിൽ, കൗതുകമായി. ഓരോ മലയാളിയുടെയും ജീവിതത്തിൻ്റെ ബ്ലൂപ്രിൻ്റ് തയാറാകുന്നതിനും മുമ്പേ, നാവിൻ തുമ്പത്തുണ്ടാകുന്ന ഒരു പാട്ടിനെ കുറിച്ചായിരുന്നു ആദ്യത്തേത്. “ഒട്ടകങ്ങൾ വരി വരി വരിയായ്, കാരക്ക മരങ്ങൾ നിര നിര നിരയായ്… എന്നു തുടങ്ങുന്ന പാട്ട്. വാക്കുകൾ ഉപയോഗിക്കുന്നിടത്ത് കവികളോളം നിഷ്കർഷയോ ട്രാക്ക് തികയില്ലെന്ന എഞ്ചിനീയറുടെ ആശങ്കയോ ഇല്ലാത്തതിനാൽ ബാല, കൗമാരങ്ങൾ ഒട്ടകങ്ങളുടെ വരികളും കാരക്കാമരങ്ങളുടെ നിരകളും അനന്തമായി ചേർത്തുവെച്ചു കൊണ്ടേയിരുന്നു.

പക്ഷെ, അങ്ങനെയല്ലല്ലോ ഗായകരുടെയും പാട്ടുലോകത്ത് ജീവിക്കുന്നവരുടെയും കാര്യം. നാലാമത്തെ വരിയായ “തുടുത്തസിക്കു മരത്തിൻ്റെ കനികളും “.. എന്നതിലെ തുടുത്ത സിക്കുവാണ് സംവാദത്തിൽ പൂത്ത നായിക. തുടുത്തസിക്കു വെന്ന് ഒരു കൂട്ടർ. അല്ല തുടുത്തസിപ്പൂവാണെന്ന് മറ്റൊരു വിഭാഗം. തുടുത്ത സൈതൂൻ എന്നതിനെ പാടിവരുമ്പോൾ തുടുത്ത സിത്തു എന്നായി കേൾക്കുകയാണെന്നാണ് മൂന്നാം പക്ഷം. മൂന്ന് തരത്തിലും പ്രഗൽഭരായ മാപ്പിളപ്പാട്ട് ഗായകർ പാടിയത്, സോഷ്യൽ മീഡിയയിൽ ലഭ്യമാണ്.

ഈ സംവാദവുമായൊന്നും ബന്ധമില്ലെങ്കിലും ഏതാണ്ട് ഒരു വർഷം മുമ്പ് ഈ പാട്ടിൻ്റെ വരികളിലൂടെ കടന്നുപോയ ഈയുള്ളവനും തുടുത്തസിക്കുവിൽ തടഞ്ഞു നിന്നു. ഫോണെടുത്ത് പാട്ടുകളെ കുറിച്ച് സാമാന്യത്തിലധികം ധാരണയുള്ള സുഹൃത്തിനെ വിളിച്ച് എന്താണീ സിക്കുവെന്നന്വേഷിച്ചു. അദ്ദേഹത്തിന് സംശയമൊന്നുമുണ്ടായിരുന്നില്ല. അത് നാം പറയുന്ന ചിക്കുവാണത്രെ. അതായത് സപ്പോട്ട. നമ്മുടെ ചിക്കുവെന്തിന് അവിടെ കയറി വരുന്നു, മരുഭൂദേശത്ത് സിക്കുവോ എന്ന സംശയമാകാം. പക്ഷേ, ചിക്കുവിനെ പോലെ പല നാട്ടിലെയും രൂപകങ്ങളെ ചേർത്തുപിടിച്ചാണ് പാട്ട് മുന്നോട്ട് നീങ്ങുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലെ “തുടുത്തസിക്കു പൂത്തു” ചർച്ചയെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെ ഇക്കാര്യം അനുസ്മരിച്ചപ്പോൾ രസകരമായ മറ്റൊരനുഭവം കിട്ടി. അത് കിടക്കുന്നത് ഉമർബ്നു അബ്ദുൽ അസീസിൻ്റെ കയ്യിലാണ്. “ഉണ്ടോ സഖീ ഒരു കുല മുന്തിരി വാങ്ങിടുവാനായി നാലണ കയ്യിൽ” എന്ന പ്രയോഗത്തിലെ അസാംഗത്യമാണത്. ഉമർ രണ്ടാമൻ എന്നറിയപ്പെടുന്ന ഖലീഫ ഉമറുബ്നു അബ്ദുൽ അസീസ് ഭരണം നടത്തിയത് കേരളത്തിലല്ലെന്നിരിക്കെ നാലണ പ്രയോഗം എങ്ങനെ വന്നു?! “ഉണ്ടോ സഖീ ഒരു കുല മുന്തിരി വാങ്ങിടുവാനായി നാല് ബൈസ കയ്യിൽ!!

രചയിതാവിൻ്റെ കൈപ്പടയിൽ തന്നെ “സിക്കു” കണ്ടെത്തിയെങ്കിലും
എഴുത്തുകാരനല്ലാതെ ഗായകർക്കൊന്നും എഴുതിയ പോലെ പാടണമെന്ന ഒരു നിർബന്ധവുമില്ലെന്നും പാട്ടെഴുത്തുകാരൻ അടുത്തുണ്ടെങ്കിലേ അത്തരം തെറ്റുകൾ കണ്ടുപിടിക്കാനാവൂ എന്നുമായിരുന്നു ‘തുടുത്തസിക്കു പൂത്തു’ ആദ്യമായി ആലപിച്ച ശൈലജയുടെ ശബ്ദ സന്ദേശത്തെ കുറിച്ചൊരു പാട്ടെഴുത്തുകാരൻ്റെ പ്രതികരണം.
അതിനദ്ദേഹത്തിന് ഉദാഹരണവുമുണ്ട്. മാപ്പിളപ്പാട്ട് ആരാധകർക്കിടയിൽ ഹിറ്റായ പാട്ടുകളിലൊന്നാണ് ജമാൽ കൊച്ചങ്ങാടി എഴുതിയ ‘മക്കാ നഗരമേ കരയൂ, കഅ്ബ തൻ നഗരമേ കരയൂ, നിൻ മാനസപുത്രൻ പോവുകയായ്…”.

ഏറെക്കാലം ശ്രദ്ധിക്കപ്പെടാതെപോയ ആ പാട്ട് പ്രഗൽഭനായ ഗായകൻ പാടിയതോടെയാണ് ജനകീയമായത്. എന്നാൽ ആ പ്രഗൽഭൻ്റെ പാട്ടൊന്ന് കേട്ട് നോക്കൂ. എഴുതി വെച്ച ആശയത്തിൽ നിന്നും അക്ഷരത്തിൽ നിന്നും നിരവധി തവണ തെന്നിപ്പാടിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം മീഡിയവണിൻ്റെ പതിനാലാം രാവിൽ ഫൈസലും തുടർന്ന് ഡോണയുമാണ് അത് യഥാവിധം കേരളത്തോട് പാടിയത്. തെറ്റിപ്പാടിയതിൻ്റെയും ആശയം അട്ടിമറിച്ചതിൻ്റെയും കഥയെഴുതിയാൽ ഒരു ബൃഹത് ഗ്രന്ഥം തന്നെ രചിക്കാനാവും.

ശുദ്ധ സംഗീതം മാത്രമല്ലല്ലോ മാപ്പിളപ്പാട്ട്. അതിൽ അർഥമുണ്ട്. പാട്ട് ആസ്വദിച്ച് കൊണ്ട് മാത്രമേ പാട്ടിനെ പിന്തുടരാനാവൂ. എന്തൊക്കെയോ എഴുതി വെച്ചാൽ പാട്ടാവില്ലെന്ന പോലെ അർഥം കൊണ്ടെഴുതിയത് അങ്ങനെ തന്നെ പാടണമല്ലോ. “മത്തിമാർക്ക്” എന്താണെന്നറിയാത്തവരും സാധാരണ ആസ്വാദകരിൽ ഇപ്പോഴുമുണ്ടാകും. “തശ്രിഫുമ്മുബാറക്കാദരവായ നബി ഉമ്മത്തിമാർക്ക് ,
താനമാനിതമാനമായ്മേലായ നബി ഉമ്മത്തിമാർക്ക്” എന്ന് പാടിവരുമ്പോൾ “മത്തി മാർക്ക് ” ആയിപ്പോവുന്നു.

—-
രണ്ടാമത്തേത്, അനിൽ ബാലചന്ദ്രൻ എന്ന മോട്ടിവേഷൻ സ്പീക്കറുടെ ‘തെണ്ടി’ പ്രയോഗമാണ്. കോഴിക്കോട്ടെ യുവ കച്ചവടക്കാരുടെ പരിപാടിയിൽ ക്ലാസെടുത്തു കൊണ്ടിരിക്കവെ, ബിസിനസ്സുകാരെ തുടരെ തെറിവിളിക്കുന്നതിനിടയിലാണ് കാണികളായ ബിസിനസ്സുകാര്‍ മുന്നോട്ട് വന്ന് ഇയാളെ ചോദ്യം ചെയ്തത്. പ്രസംഗത്തിനിടെ വ്യവസായികളെ ‘തെണ്ടികള്‍’ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ചതോടെയാണ് കാണികള്‍ ഇടപെട്ടത്. എന്തിനാണ് ബിസിനസ്സുകാരെ തെണ്ടികള്‍ എന്നും മറ്റും വിളിക്കുന്നതെന്ന് പരിപാടിയുടെ ഇടയില്‍ ഒരാള്‍ ഉച്ചത്തില്‍ ചോദിക്കുകയായിരുന്നു. ഇതോടെ “ചേട്ടനു മാത്രമാണ് പ്രശ്നം. ചേട്ടന്റെ പണം ഞാൻ തിരിച്ചുതരാം” എന്ന് അനില്‍. ചോദ്യം ചെയ്തയാളെ പിന്തുണച്ച് കൂടുതൽ പേരെത്തി, ബഹളത്തില്‍ കലാശിച്ചതോടെ സംഘാടകര്‍ പരിപാടി നിര്‍ത്തുകയായിരുന്നു.

ലോകത്തെ കച്ചവട തന്ത്രങ്ങളും വ്യാപാരങ്ങളും പഠിപ്പിച്ചത് കോഴിക്കോട്ടെ വ്യാപാരികളാണെന്നും അറബികൾക്ക് കച്ചവടം പഠിപ്പിച്ചത് കോഴിക്കോടാണെന്നും പിറകെ വരികയുണ്ടായി. ചരിത്ര വസ്തുതയുടെ വലിയൊരംശം അതിലുണ്ട്. അനിൽ ബാലചന്ദ്രനിൽ നിന്നും തെണ്ടി വിളി കേൾക്കേണ്ടിവന്ന യുവ വ്യാപാരികളുടെ ഉപ്പാപ്പമാർ കടൽ കടന്നതും ലോകംചുറ്റിയതും ഒരു പ്രചോദന പ്രഭാഷണത്തിൻ്റെയും പിൻബലത്തിലായിരുന്നില്ല. പ്രഭാഷണമുണ്ടായിരുന്നില്ലെങ്കിലും മോട്ടിവേഷൻ അവർക്കുണ്ടായിരുന്നു. മാത്രമല്ല കച്ചവടം തെണ്ടിപ്പോകാതിരിക്കാനും അരുതായ്‍മകൾ കച്ചവടത്തിൽ വന്നുചേരാതിരിക്കാനുമുള്ള ജാഗ്രത അവർക്കുണ്ടായിരുന്നു. അതിനായി അവരുപയോഗിച്ച പല പ്രയോഗങ്ങളും പിന്നീട് മലബാറിൻ്റെ നിത്യ വർത്തമാനത്തിൻ്റെ ഭാഗമായി.

കോഴിക്കോടിന് “മഈശത്തിൻ്റെ ബയ്യ്” ആണ് കച്ചവടം എന്നു പറയുമ്പോൾ കള്ളത്തരങ്ങളില്ലാത്ത (കള്ളപ്പറയും കള്ളത്തുലാസും) ഏർപ്പാടാണ് എന്ന് താനേ കടന്നു വരുന്നു. മത, ധാർമിക മൂല്യങ്ങളുടെ വെളിച്ചവും തെളിച്ചവും ആ പ്രയോഗത്തിനകത്തുണ്ട്. രിസ്ക്കളക്കുന്നത് അല്ലാഹുവാണ്, വായ കീറിയവന് പടച്ചവൻ രിസ്‍ക്ക് കൊടുക്കും, അല്ലാൻ്റെ ഖസാന കാലിയാകൂല, വായും പൊളിച്ചിരുന്നാൽ പോരാ, പള്ളീലിരുന്നാൽ പള്ളേൽ പോകൂല, തടി വെള്ളമാക്കി നയിക്കണം തുടങ്ങിയ അധ്വാനിക്കാനും പണിയെടുക്കാനുമുള്ള മോട്ടിവേഷൻ ടിപ്സുകൾ മലബാർ ജീവിതത്തിൻ്റെ ഭാഗമാണ്.

ഖൽബുറപ്പില്ലാത്തവന് കച്ചവടം ജായിസല്ല എന്ന് പറയുന്ന മാപ്പിളക്ക്
എന്നാൽ ആരാൻ്റെ ഹറാം കണ്ടം തിന്നരുത്, പെടാപ്പാട് പെട്ടാണെങ്കിലും ഹലാലായ ഒജീനം കഴിച്ചു വളരണം, ഹക്കും ബാത്തിലും തിരിച്ചറിയണം, ഹക്കിടപാടിൽ സൂക്ഷ്മത പാലിക്കണം, പടച്ചോനോട് ഹിസാബ് പറയേണ്ടിവരും തുടങ്ങി വൃത്തിയുള്ള കച്ചവടം നടത്താനുള്ള ഡൂസുകളും (DOs) ഡോണ്ട്സുകളും (Donts) ഈ പ്രയോഗങ്ങളിലുണ്ട്.

പിന്നെ, എല്ലാ പ്രചോദന പ്രസംഗകരുടെയും സ്ഥിരം ഐറ്റംസ്: അതായത്, സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടവൻ ലോകപ്രശസ്ത ശാസ്ത്രജ്ഞനാവുന്നു! കടം കൊണ്ട് വലഞ്ഞവൻ കോടികളുടെ അധിപനാവുന്നു!! “ചുണ്ണാമ്പു വാങ്ങാൻ വന്നവൻ” “കൊലകൊമ്പനാ”വുന്നു. തിരിച്ചുമുണ്ട്. കുഞ്ഞൻകോഴി കൂവുന്നകാലത്ത് കച്ചോടം തുടങ്ങിയവൻ അലാ ഖൈറില്ലാതിരിക്കുന്നു.

കച്ചവടത്തിനിറങ്ങുമ്പോൾ മലക്കല്ല, അതിനാൽ എല്ലാ ശർത്തു ഫർദും ഒപ്പിച്ച് ഇപ്പോൾ കച്ചവടം ചെയ്യാൻ പറ്റൂല, സാലിഹ് കുടത്തിൽ കയ്യിട്ടയാളാണെങ്കിലും ബസാറിൽ കാലുകുത്തിയാൽ ചെറിയ വെടിപ്പുകേടെങ്കിലുമുണ്ടാകും തുടങ്ങി കച്ചവടത്തിനിടയിൽ വഴുതിപ്പോയേക്കാമെന്ന യാഥാർഥ്യബോധങ്ങളും അതിലുണ്ട്. എന്നാൽ തട്ടിക്കണം, മുഞ്ചിക്കണം എന്ന് കരുതുന്നവർക്ക് ഒരു ഖലാസിയത്തുമുണ്ടാവില്ല.

ഒരാളെ ഐ കാനി (i can )ലെത്തിക്കലാണ് ഇന്നത്തെ മോട്ടിവേഷനുകളുടെ ആകെത്തുക. എന്നാൽ കച്ചവടവുമായി ബന്ധപ്പെട്ട ഭാഷാ പ്രയോഗങ്ങളിലൂടെയെല്ലാം കടന്നുപോയാൽ കണ്ടെത്താവുന്ന ഒരു കാര്യമുണ്ട്. തവക്കുലാണ് കച്ചവടത്തിൻ്റെ ഒന്നാം പാഠം. ദൈവത്തിൽ ഭരമേൽപ്പിക്കാതെ ഐകാൻ പറയുന്ന ഒരു മൊഴിയും അവരുടെ വായ്ക്ക് വഴങ്ങില്ല.

സത്യത്തിൽ മോട്ടിവേഷൻ സ്പീക്കേഴ്സ് തങ്ങൾ മോട്ടിവേറ്റർമാരാണെന്ന് തെറ്റിദ്ധരിക്കുമ്പോഴാണ് പിഴവുകൾ സംഭവിക്കുന്നത്. വ്യക്തിയെയും സമൂഹങ്ങളെയും ഇളക്കിമറിച്ച മഹാനുഭവൻമാരായ ആളുകളുണ്ട്, കാലത്തിൻ്റെ ദിശ നിർണയിച്ചവരുണ്ട്, വലിയ നേട്ടങ്ങൾ കൊയ്തവരുണ്ട്, അവരുടെ ജീവിതാനുഭവങ്ങളും അധ്യാപനങ്ങളും അടുക്കും ചിട്ടയോടും കൂടി സദസിൻ്റെ / വ്യക്തിയുടെ മുന്നിൽ സൗന്ദര്യത്തോടു കൂടി അവതരിപ്പിക്കുന്ന പെർഫോർമർ മാത്രമാണ് മോട്ടിവേഷൻ സ്പീക്കർ.

പ്രചോദനം മനുഷ്യന് അനിവാര്യമാണ്. എന്ന് കരുതി എല്ലാവരും മോട്ടിവേറ്റർമാരാവാൻ തീരുമാനിച്ചാലോ? ഞാനൊരു ഡ്രൈവറാണ്, ഞാനൊരു കമ്പനിയിൽ വർക്ക് ചെയ്യുന്നു, ഞാൻ പ്രവാസിയാണ്, എഞ്ചിനീയറാണ്, സെക്യൂരിറ്റിക്കാരനാണ്, പണിയൊന്നുമില്ല എന്നൊക്കെ പറയുന്ന പോലെ സോഷ്യൽ മീഡിയ ലോകത്ത് ഞാനൊരു ഇൻഫ്ലുവൻസറാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒമ്പതാം ക്ലാസുകാരി! മോട്ടിവേറ്ററാണെന്ന് സ്വയം അവകാശപ്പെടുന്ന പക്വതയുള്ളവർ!! – ആണ്ടി മഹാനാണെന്ന്. ആരാണ് പറഞ്ഞത്? ആണ്ടിതന്നെ!! മേനി പറച്ചിലിനോടുള്ള പ്രതിരോധമായി രൂപപ്പെട്ട നാട്ടു പ്രയോഗമാണിത്. ഇന്നിപ്പോൾ നമ്മുടെ ഗുണങ്ങളൊക്കെ നമ്മളായിട്ട് പ്രമോട്ട് ചെയ്യണമത്രെ. സോഷ്യൽ മീഡിയയിൽ ആണ്ടിയാണ് ശരി!!!

Related Articles