Current Date

Search
Close this search box.
Search
Close this search box.

ആർ.എസ്.എസിനോട് സമാനത

ജമാഅത്ത് വിമർശകൻ പുസ്തകത്തിലുടനീളം ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയും സമീകരിക്കാൻ വൃഥാ ശ്രമം നടത്തുന്നുണ്ട്. ഫലത്തിലിത് ആർ.എസ്.എസിന് മാന്യത കല്പിക്കലും അതിനെ വെള്ളപൂശലുമാണ്.

ആർ.എസ്.എസ് വംശീയ സംഘടനയാണ്. ജാതി ഘടനയെ അംഗീകരിക്കുന്നതും അതിലൂന്നി പ്രവർത്തിക്കുന്നതുമാണ്. ജമാഅത്തെ ഇസ്ലാമി എല്ലാവിധ വംശീയതയെയും ജാതീയതയെയും സാമുദായികതയെയും നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. രാജ്യത്തെ മുഴുവൻ മനുഷ്യരും ഒരേ ദൈവത്തിൻറെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമെന്ന നിലയിൽ പരസ്പരം സഹോദരന്മാരാണെന്ന് ജമാഅത്ത് പ്രബോധനം ചെയ്യുന്നു.

സംഘ് പരിവാർ അതിൻറെ അനുയായികൾക്ക് ആയുധ പരിശീലനം നടത്തുന്ന അർദ്ധസൈനിക സംഘടനയാണ്. ജമാഅത്തെ ഇസ്ലാമി ആർക്കും ആയുധപരിശീലനം നൽകുന്നില്ല. സംഘ്പരിവാർ ഇന്ത്യയിൽ നടന്ന ആയിരക്കണക്കിന് വർഗീയ കലാപങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഒരൊറ്റ വർഗീയ സംഘട്ടനത്തിലും പങ്കാളിയായിട്ടില്ല. സംഘ്പരിവാർ ആയിരക്കണക്കിന് നിരപരാധികളായ മുസ്ലിംകളെ കൊന്നൊടുക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഒരൊറ്റ മനുഷ്യനെയും കൊന്നിട്ടില്ല. സംഘ്പരിവാർ അനേകായിരങ്ങളെ അനാഥകളും വിധവകളുമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ആരെയും വിധവയാക്കിയിട്ടില്ല.അനാഥയാക്കിയിട്ടുമില്ല.സംഘ് പരിവാർ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നശിപ്പിച്ചിട്ടുണ്ട്. കോടികളുടെ സ്വത്തുക്കൾ കൊള്ളയടിച്ചിട്ടുമുണ്ട്. ജമാഅത്തെ ഇസ്ലാമി ആരുടെയും സ്വത്ത് നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ല.

സംഘ്പരിവാർ ദൈവ വിശ്വാസമോ മതമൂല്യങ്ങളോ മുറുകെപ്പിടിക്കണമെന്ന് നിർബന്ധമുള്ള സംഘമല്ല. അതുകൊണ്ടുതന്നെ ദൈവ വിശ്വാസമില്ലാത്തവർ അതിൻറെ നേതൃസ്ഥാനത്ത് തന്നെ ഉണ്ടായിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമി ദൈവ വിശ്വാസത്തിലും മതമൂല്യങ്ങളിലും ഊന്നി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്.

സംഘ്പരിവാർ രാജ്യത്ത് ഏക സംസ്കാരമേ പാടുള്ളൂ എന്ന് ശഠിക്കുന്നു.ജമാഅത്തെ ഇസ്ലാമി സാംസ്കാരിക വൈവിധ്യതയെ അംഗീകരിക്കുന്നു.സംഘ് പരിവാർ ദേശത്തെ ദൈവമായി കരുതി അതിനെ പൂജിക്കുന്നു. തങ്ങളല്ലാത്തവരെല്ലാം ദേശദ്രോഹികളാണെന്ന് വിധിയെഴുതി അവർക്കെതിരെ വെറുപ്പും വിദ്വേഷവും വളർത്തുന്നു. ജമാഅത്തെ ഇസ്ലാമി സങ്കുചിത ദേശീയ ഭ്രാന്തിനോട് വിയോജിക്കുകയും ദേശസ്നേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നു. സംഘ്പരിവാർ തങ്ങളുടെ ആശയാദർശങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമി ആരുടെ മേലും സ്വന്തം ആശയാദർശങ്ങൾ അടിച്ചേൽപ്പിക്കാനോ അവ സ്വീകരിക്കാൻ നിർബന്ധിക്കാനോ പാടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. സംഘ്പരിവാർ മറ്റുള്ളവരുടെ ആരാധനാനുഷ്ഠാനങ്ങളിലും ആഹാരപാനീയങ്ങളിലും ഇടപെടുകയും വിധിവിലക്കുകളേർപ്പെടുത്തുകയും ചെയ്യുന്നു. ഇസ്ലാമിന് ആധിപത്യമുള്ളിടത്ത് പോലും ഇസ്ലാമേതര സമൂഹങ്ങളുടെ വിശ്വാസ, ആരാധന, ആചാരാനുഷ്ഠാനങ്ങളിലും ആഹാരപാനീയങ്ങളിലും ഇടപെടാൻ പാടില്ലെന്ന് ജമാഅത്തെ ഇസ്ലാമി ഉറച്ചു വിശ്വസിക്കുന്നു.

അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിൽ സമാനതയുള്ള ഒന്നും കണ്ടെത്താനാവില്ല.
ആർഎസ്എസിൻറെ നയ സമീപനങ്ങളിലും പ്രവർത്തന പരിപാടികളിലും ചിലതിലെങ്കിലും സമാനതകളുള്ളത് സി.പി.എമ്മിനാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളെപ്പോലെ സംഘ്പരിവാറിൻറെ പ്രഗൽഭരായ പലരും ദൈവത്തിൽ വിശ്വസിക്കാത്തവരും മതനിഷ്ഠ പുലർത്താത്തവരുമാണ്. കമ്യൂണിസ്റ്റുകാരും സംഘ്പരിവാറുകാരെ പോലെ നിരപരാധികളെ ക്രൂരമായി കൊല്ലുന്നു. സി.പി.എമ്മിന് കോൺഗ്രസുകാരെയും മുസ്ലിംലീഗ്കാരെയും സംഘ്പരിവാറ്കാരയും എസ്.ഡി.പി.ഐക്കാരെയും തങ്ങളിൽ നിന്ന് പുറത്തുപോയ മുർതദ്ദുകളെയും മറ്റും കൊന്ന ചരിത്രമാണല്ലോ കേരളത്തിൽ പോലുമുള്ളത്. സംഘ് പരിവാറുകാരെപ്പോലെ സി.പി.എമ്മുകാരും വിയോജിക്കുന്നവരെ സംബന്ധിച്ച് വ്യാജാരോപണങ്ങൾ പ്രചരിപ്പിച്ച് വെറുപ്പ് വളർത്തുന്നു. സി.പി.എമ്മും അതിൻറെ വിദ്യാർത്ഥി സംഘടനയും തങ്ങൾക്ക് മേധാവിത്തമുള്ള പാർട്ടി ഗ്രാമങ്ങളിലും കലാലയങ്ങളിലും മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്നു. ഇങ്ങനെ കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ സി.പി.എമ്മിൻറെ പല സമീപനങ്ങളും സംഘപരിവാറിൻറേതിനോട് സമാനത പുലർത്തുന്നതായി കാണാം.

Related Articles