Current Date

Search
Close this search box.
Search
Close this search box.

പ്രതിഭാസമ്പന്നർക്ക് വേണ്ടിയുള്ള വഖ്ഫ് …

ദോഹയിലെ അൽ ജസീറ ചാനലിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ‘ശരീഅത്തും ജീവിതവും’ എന്ന പരിപാടിക്ക് വേണ്ടി ശൈഖ് യൂസുഫുൽ ഖറദാവിയെ ചെന്നു കണ്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് പ്രതിഭാശാലികൾക്ക് വേണ്ടി അദ്ദേഹം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്ന സ്കോളർഷിപ്പ് വഖ്ഫ് സംരംഭം എവിടം വരെയായി എന്ന് ഞാൻ അന്വേഷിച്ചു. അൽപ്പനേരം അദ്ദേഹം മുന്നോട്ട് നോക്കിയിരുന്നു. പിന്നെ ദുഃഖത്തോടെ പറഞ്ഞു: ആ സംരംഭം പൂർത്തിയായില്ല. ഞാൻ കാരണം അന്വേഷിച്ചു. പലരും വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും പിന്നെയത് മുന്നോട്ട് പോയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും ആ സംരംഭത്തിൽ മുമ്പത്തെപ്പോലെ ആവേശമുണ്ടോ എന്ന് ഞാൻ ചോദിച്ചു. തീർച്ചയായും എന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി തന്നെയാണത്. എങ്കിൽ ആ സംരംഭത്തെക്കുറിച്ച് ഞാൻ പ്രാഥമികമായി ഒരു കുറിപ്പ് തയ്യാറാക്കിത്തന്നാലോ എന്ന് ചോദിച്ചപ്പോൾ ഉടനടി അദ്ദേഹമത് സമ്മതിച്ചു. പിറ്റെ ആഴ്ച ചാനൽ പരിപാടിക്ക് ചെന്നപ്പോൾ സംരംഭത്തെക്കുറിച്ച വ്യക്തമായ ഒരു ചിത്രം അദ്ദേഹം മനസ്സിൽ രൂപപ്പെടുത്തിയിരുന്നു.

പിന്നീടുള്ള ദിനങ്ങളിൽ ശൈഖിനും തിരക്കായി, എനിക്കും തിരക്കായി. സംരംഭത്തെക്കുറിച്ച ആലോചനയും നിന്നു പോയി. പിന്നെ അറബ് വസന്ത വിപ്ലവങ്ങളുടെ വരവായി. ആദ്യം പ്രതീക്ഷയും പിന്നെ നിരാശയും സമ്മാനിച്ചു കൊണ്ട് നദിയിലൂടെ ധാരാളം വെള്ളം ഒഴുകിപ്പോയി. ശൈഖ് വിടവാങ്ങിയപ്പോൾ ഈ സംരംഭത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടത് ബാധ്യതയാണെന്ന് എനിക്ക് തോന്നി. വരുംതലമുറകൾക്ക് ഇത് വളരെ പ്രയോജനപ്പെടുമെന്നതിനാൽ ശൈഖിന്റെ വൈജ്ഞാനിക പൈതൃകങ്ങളിൽ താൽപര്യമുള്ള ഉദാരമതികൾ അദ്ദേഹത്തിന്റെ ഈ സ്വപ്നം പൂവണിയിക്കാൻ മുന്നോട്ട് വരുമെന്ന പ്രതീക്ഷയാലാണ് ഈ കുറിപ്പെഴുതുന്നത്.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാശാലികളെ കോർത്തിണക്കുന്ന ഒരു നെറ്റ്‌വർക്ക് ഇസ്ലാമിക ലോകത്ത് ഇല്ല എന്ന കാര്യമാണ് ഇങ്ങനെയൊരു വഖ്ഫ് അനിവാര്യമാണെന്ന ചിന്തയിലേക്ക് ശൈഖിനെ എത്തിച്ചത്. പ്രതിഭയുള്ളവരെ ഉപയോഗപ്പെടുത്താൻ അതത് നാടുകൾക്കും കഴിയുന്നില്ല. അവർ ഒന്നുകിൽ പാശ്ചാത്യനാടുകളിലേക്ക് കുടിയേറുന്നു. അല്ലെങ്കിൽ സ്വന്തം നാട്ടിലെ ഒട്ടും പ്രതീക്ഷക്ക് വകയില്ലാത്ത സാഹചര്യങ്ങളിൽ ഗതികിട്ടാ പ്രേതങ്ങളായി അലയുന്നു. അതിനാലാണ് പ്രതിഭകളെ കണ്ടെത്തി വളർത്തിക്കൊണ്ട് വരാൻ മാത്രമായി ഒരു സ്വതന്ത്ര വഖ്ഫ് വേണമെന്ന ചിന്ത അദ്ദേഹത്തിൽ രൂഢമൂലമായത്. സെക്കന്ററി ഘട്ടത്തിൽ അസാധാരണ കഴിവുകളുള്ള ഇത്തരം കുട്ടികളെ കണ്ടെത്തണം. അവർക്ക് അതത് മേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കണം. ആ പഠനം സ്വന്തം രാജ്യത്താവാം, ഇതര രാജ്യങ്ങളിലാവാം. അക്കാര്യം ഇതിന്റെ വഖ്ഫ് കമ്മിറ്റിക്ക് തീരുമാനിക്കാം. വിദ്യാർഥിയുടെ പഠനം കഴിയും വരെയുള്ള എല്ലാ ചെലവുകളും വഖ്ഫ് കമ്മിറ്റി വഹിക്കും. രണ്ട് ഉപാധികൾ ആ വിദ്യാർഥി പാലിച്ചിരിക്കണം. ഒന്ന്, പഠനം കഴിഞ്ഞാൽ അവൻ / അവൾ ഈ വഖ്ഫ് കമ്മിറ്റിയിൽ അംഗമായി ചേരണം. രണ്ട്, തന്റെ അറിവും കഴിവും പരിചയവും ഏതെങ്കിലുമൊരു മുസ്ലിം രാഷ്ട്രത്തിന്റെ പുരോഗതിക്കായി സമർപ്പിക്കണം.

പഠന ഗവേഷണ കാലത്ത് തന്നെ ഈ വിദ്യാർഥികൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള അടുപ്പവും ബന്ധവും ഉണ്ടാക്കിയെടുക്കണം. ഒരേ വിഷയത്തിൽ ഗവേഷണം നടത്തുന്നവരെയും ഒരേ ഭാഷ സംസാരിക്കുന്നവരെയും ഒരേ നാട്ടിൽ നിന്ന് വരുന്നവരെയും തമ്മിൽ ബന്ധിപ്പിക്കാൻ എളുപ്പമാണ്. വർഷാവർഷം പഠന ഗവേഷണങ്ങൾ പൂർത്തിയാക്കിയവരുടെ സമ്മേളനം സംഘടിപ്പിക്കാവുന്നതാണ്. അതിൽ അതത് വിഷയങ്ങളിൽ പ്രബന്ധാവതരണവും ചർച്ചകളും നടത്താം. വഖ്ഫ് പ്രവർത്തനങ്ങളുടെ വിപുലനവും പുതിയ തലമുറക്ക് നൽകേണ്ട പരിശീലനവും ചർച്ചയാക്കാം. യൂനിവേഴ്സിറ്റികളെയും മറ്റു സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കേണ്ടത്.

ഇതിന്റെ ഫണ്ടിംഗ് ചർച്ചക്ക് വന്നപ്പോൾ, ശൈഖിന്റെ മറുപടി ഇങ്ങനെയായിരുന്നു. നമ്മളൊരു പരിപാടി പ്രഖ്യാപിക്കുന്നു, തുടങ്ങി വെക്കുന്നു. പിന്നീട് അല്ലാഹു അത് ഏറ്റെടുത്ത് നടത്താൻ പറ്റുന്നവരെ അങ്ങോട്ട് അയച്ചു കൊണ്ടിരിക്കും. അങ്ങനെയത് നമ്മുടെ ശ്രദ്ധയും പരിചരണവും ഇല്ലാതെ തന്നെ സ്വയം പര്യാപ്തി കൈവരിച്ചു കൊള്ളും. വലിയ പ്രതീക്ഷയിൽ തന്നെയായിരുന്നു അദ്ദേഹം. ഇത്തരം നല്ല സംരംഭങ്ങൾ ഏറ്റെടുക്കാൻ ബിസിനസ് ഗ്രൂപ്പുകളും മറ്റും രംഗത്ത് വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. അനുബന്ധമായി പലതും അദ്ദേഹം പങ്ക് വെച്ചിരുന്നു. അതെല്ലാം പകർത്താൻ ഇവിടെ സന്ദർഭമില്ല. അതിൽ പെട്ട ഒരു കാര്യം മാത്രം പറയാം. ഗവേഷണ പ്രവർത്തനത്തെ ഇസ്ലാമിക ലോകത്തെ വലിയ വ്യവസായ ഗ്രൂപ്പുകളുമായി ബന്ധിപ്പിക്കണം എന്നതാണത്. അമേരിക്കയിലും മറ്റും വളരെ വിജയകരമായി പരീക്ഷിച്ചു വരുന്ന രീതിയാണത്.

യഥാർഥത്തിൽ എൻഡോവ്മെന്റ് എന്ന് വിളിക്കപ്പെടുന്ന വഖ്ഫ് സംരംഭങ്ങൾ ഇസ്ലാമികചരിത്രത്തിലെ ശോഭന ചിത്രങ്ങളാണ്. ഫിഖ്ഹിൽ അതൊരു പ്രധാന ചർച്ചാ വിഷയമായിരുന്നു.

എനിക്ക് ഈ വിഷയത്തിൽ താൽപര്യവും ആവേശവുമേറാനുള്ള കാരണം എന്റെ വ്യക്തിപരമായ അനുഭവങ്ങളാണ്. ഇത്തരം ഫണ്ടുകൾ ഇല്ലാത്തതിനാൽ ബ്രിട്ടനിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. അവിടങ്ങളിൽ യഥാർഥത്തിൽ യൂനിവേഴ്സിറ്റികൾ നടന്നു പോകുന്നത് തന്നെ എൻഡോവ്മെന്റുകൾ മുഖേനയാണ്. ഉദാരമതികൾ സ്ഥാപന നടത്തിപ്പിന് വേണ്ടി നീക്കിവെക്കുന്ന ഫണ്ടുകളാണിവ. അതിനാൽ തന്നെ അവ സ്വയം പര്യാപ്തവുമാണ്. മുസ്ലിം നാടുകളിൽ കാണുന്നത് പോലെ ഗവൺമെന്റിന്റെ വിദ്യാഭ്യാസ വകുപ്പിനെ ആശ്രയിക്കേണ്ടി വരുന്നില്ല. ഓക്സ്ഫഡ്, കാംബ്രിഡ്ജ്, സ്കോട്ട്ലന്റിലെ ഗ്ലാസ്കോ യൂനിവേഴ്സിറ്റികളെല്ലാം ഗവേഷണത്തിനും പരീശീലനത്തിനുമുള്ള അവസരങ്ങൾ ഒരുക്കുന്നത് മാത്രമല്ല സ്കോളർഷിപ്പ് നൽകുന്നതും ഇത്തരം എൻഡോവ്മെന്റുകൾ വഴിയാണ്. ഗവൺമെന്റുകളെ ആശ്രയിക്കുന്നില്ല എന്നതിനാൽ അവ സ്വതന്ത്രവുമാണ്. നൂറ്റാണ്ടുകളായി ഈ രീതിയാണ് തുടർന്നു വരുന്നത്. ഗവേഷണം പൂർത്തിയാക്കിയതിന് ശേഷവും ഗവേഷകരുടെ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളും ആ യൂനിവേഴ്സിറ്റികൾ തയ്യാറാക്കാറുണ്ട്.

യഥാർഥത്തിൽ എൻഡോവ്മെന്റ് എന്ന് വിളിക്കപ്പെടുന്ന വഖ്ഫ് സംരംഭങ്ങൾ ഇസ്ലാമികചരിത്രത്തിലെ ശോഭന ചിത്രങ്ങളാണ്. ഫിഖ്ഹിൽ അതൊരു പ്രധാന ചർച്ചാ വിഷയമായിരുന്നു. അത് പ്രയോഗവൽക്കരിക്കപ്പെട്ടതിന്റെ സാക്ഷ്യങ്ങളും ധാരാളം. ആയതിനാൽ ശൈഖ് ഖറദാവിയുടെ ഈ ചിന്തയും വിജയകരമായി പ്രയോഗവത്കരിക്കാനാവുമെന്നാണ് പ്രതീക്ഷ.

വിവ : അശ്റഫ് കീഴുപറമ്പ്

( അറബി 21 കോളമിസ്റ്റാണ് ലേഖകൻ. )

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles