Current Date

Search
Close this search box.
Search
Close this search box.

ശൈഖ് അഹ്മദ് റൈസൂനി അങ്ങനെ പറയരുതായിരുന്നു

മൊറോക്കോയിലെ ബ്ലാങ്കാ പ്രസ് എന്ന ചാനൽ, ആഗോള മുസ്ലിം പണ്ഡിത വേദി അധ്യക്ഷൻ ഡോ.അഹ്മദ് റയ്സൂനിയുമായി മാധ്യമ പ്രവർത്തകനായ കമാൽ ഇസാമി നടത്തിയ രണ്ട് മണിക്കൂർ നീണ്ട ഒരു അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു, കഴിഞ്ഞ ജൂലൈ 29 – ന്. ഒരു പാട് വിഷയങ്ങളിൽ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ അതിൽ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. അതിൽ ഫിഖ്ഹി വിഷയങ്ങളുണ്ട് , പ്രബോധന വിഷയങ്ങളുണ്ട്, രാഷ്ട്രീയവും ചരിത്രപരവുമായ വിഷയങ്ങളുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം എന്ന നിലക്കും ഇജ്തിഹാദ് എന്ന നിലക്കും നമുക്കവയെ മാനിക്കാം. പക്ഷെ ആ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ രണ്ട് കാര്യങ്ങൾ അങ്ങനെയല്ല. അതിലൊന്ന് മൗറിത്താനിയയെക്കുറിച്ച് അദ്ദേഹം പറഞ്ഞതാണ്. ഫ്രഞ്ച് കൊളോണിയലിസത്തിന് മുമ്പ് മൗറിത്താനിയ മൊറോക്കോയുടെ ഭാഗമായിരുന്നെന്നും മൊറോക്കോയുടെ ഭാഗമായി നിൽക്കാമെന്ന് അത് വാക്കു കൊടുത്തിട്ടുണ്ടെന്നുമാണ് അഭിമുഖത്തിലെ പരാമർശം. അത് സ്വതന്ത്ര രാഷ്ട്രമല്ലെന്നും മൊറോക്കോയുടെ ഭാഗമാണെന്നും സൂചന. രണ്ടാമത്തെ പരാമർശം മൊറോക്കോക്കും അൾജീരിയക്കുമിടയിൽ തർക്ക പ്രദേശമായി നിലകൊള്ളുന്ന ‘സഹ്‌റാഅ്’ മേഖലയെ ചൊല്ലിയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ പരിഗണനയിലുള്ള വിഷയവുമാണത്. അപകടകരമായ പരാമർശമാണ് അക്കാര്യത്തിൽ റയ്സൂനി നടത്തിയിരിക്കുന്നത്. മൊറോക്കൻ രാജാവ് ഒരു ആഹ്വാനം നടത്തിയാൽ മതി, പണ്ഡിതൻമാരും പ്രബോധകരുമുൾപ്പെടെ മൊറോക്കൻ ജനത സഹ്റാവി മേഖലയോട് ചേർന്ന് കിടക്കുന്ന അൾജീരിയൻ നഗരമായ തൻദുറുഫിലേക്ക് മാർച്ച് ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതികരണങ്ങളുണ്ടായി. ചിലർ ചീത്ത പറഞ്ഞു. മറ്റു ചിലർ റയ്സൂനിയെ വ്യക്തിപരമായി അധിക്ഷേപിച്ചു. അഭിമുഖം സംപ്രേഷണം ചെയ്തു കഴിഞ്ഞ് രണ്ട് ആഴ്ചക്ക് ശേഷമാണ് അത് വിവാദമാകുന്നത്. ഇതെഴുതുമ്പോഴും പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുന്നു.

മൗറിത്താനിയ, അൾജീരിയ വിഷയങ്ങളിൽ അദ്ദേഹത്തോട് ശക്തമായി വിയോജിക്കാതെ വയ്യ. അദ്ദേഹത്തെപ്പോലുള്ള ഒരാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനവും പദവിയും പാണ്ഡിത്യവുമൊക്കെ അംഗീകരിച്ചു കൊണ്ട്, അദ്ദേഹത്തോടുള്ള ആദരവിന് ഒട്ടും കുറവില്ലാതെ തന്നെയാണ് ഇത് പറയുന്നത്. പക്ഷെ എന്നെ ഏറെ അസ്വസ്ഥപ്പെടുത്തുന്നതും ദു:ഖിപ്പിക്കുന്നതും ആ പ്രതികരണങ്ങളാണ്. ഇതൊരു തരം മാറാ രോഗമാണ്. ആ രോഗം സമൂഹ മനസ്സിൽ സ്ഥായിയായി നിലനിൽക്കാൻ വേണ്ടതൊക്കെ ചെയ്തു വെച്ചു കൊണ്ടാണ് കൊളോണിയൽ ശക്തികൾ ഇവിടം വിട്ടു പോയത്. പ്രതികരണങ്ങളിൽ ആ കൊളോണിയൽ സംസ്കാരമാണ് പ്രതിഫലിക്കുന്നത്. അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം.

ഒന്നാമതായി, പ്രകടിപ്പിച്ച ആശയത്തെ വിമർശിക്കുന്നതിന് പകരം വ്യക്തിയെ തേജോവധം ചെയ്യുകയാണ്. പ്രബോധന മേഖലയിൽ സജീവമായ വലിയ വലിയ വ്യക്തിത്വങ്ങളാണ് ഇമ്മട്ടിൽ പ്രതികരിക്കുന്നത്. ഇദ്ദേഹമാരാ, അങ്ങോരെ കുറിച്ച് ഇത് വരെ കേട്ടിട്ടില്ലല്ലോ, ഇദ്ദേഹത്തിന് ശറഈ വിജ്ഞാനവുമായി വല്ല ബന്ധവുമുണ്ടോ എന്ന തരത്തിൽ വ്യക്തിഹത്യ നടത്തുകയാണ്. വിയോജിപ്പിന്റെ മര്യാദകൾ (അദബുൽ ഇഖ്തിലാഫ്) ഒക്കെയും കാറ്റിൽ പറത്തുകയാണ്.

രണ്ടാമതായി, അൾജീരിയക്കാരുടെയും മൗറിത്താനികളുടെയും മൊറോക്കോക്കാരുടെയും പ്രതികരണങ്ങൾ ശ്രദ്ധിക്കുക. അത്യന്തം തീവ്രമായ മണ്ണിന്റെ മക്കൾ വാദമാണ് അവർ ഉയർത്തുന്നത്. ഈമാനിക മൂല്യങ്ങളോ ഇസ്ലാമിക സ്വഭാവ ചര്യകളോ ഐക്യബോധമോ ഒന്നും അവിടെ കാണാനില്ല. ഓരോ വിഭാഗവും അവരുടെതായ ഒരു ചരിത്രം പറയുകയാണ്. മറ്റുള്ളവർ പറയുന്ന ചരിത്രത്തെ അവർക്ക് തകർക്കണം. മൂന്നാമതായി, ഉസ്മാനി സാമ്രാജ്യത്തെ ഭാഗിച്ചെടുക്കാനായി കൊളോണിയൽ ശക്തികൾ 1916-ൽ ഒപ്പു വെച്ച സൈക്സ് – പികോ കരാറിന്റെ ആശയങ്ങൾ മുസ്ലിം ജനസാമാന്യത്തിലേക്ക് എത്ര ആഴത്തിൽ ഇറങ്ങിച്ചെന്നിട്ടുണ്ടെന്ന് ഈ സംഭവം തെളിയിച്ചു. ഈ കരാർ ഉണ്ടാക്കിയ വിഭാഗീയ ചിന്തയാണ് ഈമാനിനേക്കാളും മുകളിലായി അവരുടെ മനസ്സുകളെ അടക്കിവാഴുന്നത്. ഇതിന്റെ സ്വാധീനത്താൽ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നവരിൽ മുൻപന്തിയിലുളളവരാകട്ടെ ഖുർആനും ഹദീസും ശരീഅത്തുമൊക്കെ പഠിച്ച ഇസ്ലാമിസ്റ്റ് ധാരയിലുളള പണ്ഡിതൻമാരും! നാലാമതായി, മുൻഗണനകളുടെ ഫിഖ്ഹ് (ഫിഖ്ഹുൽ ഔലവിയ്യാത്ത്) അട്ടിമറിക്കപ്പെടുന്നതായി നാം കാണുന്നു. നമ്മുടെ കാലത്ത് മാർച്ച് നടത്തേണ്ടത് സയണിസത്തിനെതിരെയാണെന്നതിൽ തർക്കമില്ലല്ലോ. ഇത് പോലെ ഗുരുതരമായ വേറെയും പ്രശ്നങ്ങളുണ്ട്. അവക്കെതിരെയും ആരും മാർച്ചിന് ആഹ്വാനം ചെയ്തു കാണുന്നില്ല. നേരത്തെ പറഞ്ഞ പോലെ സൈക്സ് – പികോ കരാർ ജൻമം നൽകിയ വിഷയങ്ങളിലേക്ക് വരുമ്പോൾ ആളുകൾ വികാര വിജ്രംഭിതരാകുന്നു.

ഞാനൊരിക്കൽ കൂടി പറയട്ടെ, നമ്മുടെ മുൻഗണനകളിൽ ഒന്നാമത്തേത് സയണിസത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പാണ്. ഇക്കാര്യത്തിൽ മുസ്ലിം സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഒരു രാഷ്ടീയ പ്രോജക്ടാണ് നമുക്കാവശ്യം.

(മഖാസിദുശ്ശരീഅയിൽ സവിശേഷ പഠനം നടത്തുന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ് ലേഖകൻ. )

വിവ : അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles