Current Date

Search
Close this search box.
Search
Close this search box.

ഗ്രീഷ്മ, നമ്മുടെ പ്രതിനിധി!

“ഐ ലൗ യു” എന്നു പറഞ്ഞ യുവാവിനോട് “സോറി, തനിക്ക് ചെത്താനൊരു ബൈക്കില്ലല്ലോ?” എന്ന് പ്രതികരിച്ച പെൺകുട്ടി കഥാകൃത്തിന്റെ ഭാവനയല്ല, ഉപഭോഗ തൃഷ്ണയുടെ ജീവിത യാഥാർത്ഥ്യമാണ്!

പാറശ്ശാലയിലെ ഷാരോൺ രാജ് എന്ന കാമുകനെ കഷായത്തിൽ കീടനാശിനി കലർത്തി അപകടപ്പെടുത്താൻ കാമുകി ഗ്രീഷ്മയെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല! “കൂടുതൽ പറ്റിയ” മറ്റൊരു വിവാഹം തരപ്പെട്ടപ്പോൾ അങ്ങോട്ടു മാറി! അത്ര തന്നെ! അതിനവർ തെരഞ്ഞെടുത്തത് ചെറിയൊരു കൊലപാതകവും!

ഇത് ഗ്രീഷ്മയുടെ മാത്രം പ്രശ്നമല്ല! യുവത്വത്തിന്റെ മാത്രവും പ്രശ്നമല്ല! നമ്മിലെ സാധാരണക്കാരെ മുതൽ മത/ സാംസ്കാരിക / രാഷ്ടീയ നേതൃത്വങ്ങളെപ്പോലും മുച്ചൂടും കീഴടക്കിക്കൊണ്ടിരിക്കുന്ന മാറാവ്യാധിയാണ്!

മുതലാളിത്തമാണ് നമ്മെ ഈ ആർത്തി അഭ്യസിപ്പിച്ചത്. എത്രയോ കാലമായി നാം ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലായിട്ട്! അങ്ങനെയാണ് നാം ഇളനീര് വിറ്റ് പെപ്സി വാങ്ങിക്കുടിച്ചത്! മുളകും മഞ്ഞളും അടുക്കളത്തോട്ടത്തിൽ ഉൽപാദിപ്പിക്കുന്നത് നിർത്തി മനോഹരമായ പാക്കറ്റുകളിൽ അടക്കം ചെയ്ത മുളകുപൊടിയും മഞ്ഞൾ പൊടിയും വാങ്ങിത്തുടങ്ങിയത്!

സിനിമയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും സഞ്ചരിക്കുന്നത് നമ്മുടെ മൂല്യ സങ്കൽപ്പങ്ങളില്ലല്ല. ഉഷ്ണിച്ചധ്വാനിച്ച് നാം നേടിയെടുത്ത സദാചാര ബോധത്തെ തന്നെ ഇക്കൂട്ടർ കീഴ്മേൽ മറിച്ചിരിക്കുന്നു!

നോക്കൂ… എം.എൽ.എ മാരെയും എം.പിമാരെയും വില കൊടുത്തു വാങ്ങി മന്ത്രിസഭ ഉണ്ടാക്കുന്നതിൽ ആർക്കാണ് പരാതി?

കൊല്ലപ്പെട്ടവനു വേണ്ടി കരഞ്ഞും കൊന്നവന് കയ്യടിച്ചും ഒരു വിധം “ജീർണിച്ചു ജീവിക്കാനും” നാം പരിശീലിക്കപ്പെട്ടിട്ടുണ്ട്!

സ്വപ്നാടനക്കാരികളുടെ കൺമുനയിൽ വീഴുന്ന ജന നേതാൾ! സഹപ്രവർത്തകകളെ ലൈംഗികച്ചുവയോടെ വീക്ഷിക്കുന്ന ജനപ്രതിനിധികൾ!
സഹ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനും ആക്രമിക്കാനും തെളിവു നശിപ്പിക്കാനും കൂട്ടുനിൽക്കുന്ന യുവ നടനും നടിയും!

ഇവിടെയും നിൽക്കുന്നില്ല നമ്മുടെ “പുരോഗമനം!” ആൺ / പെൺ സുഹൃത്തുക്കൾ “നിയമപരമായിട്ടല്ലാതെ” വിവാഹം കഴിക്കുന്ന കലികാലം! “എന്റെ ശരീരം എന്റെ ഇഷ്ടം” എന്ന ജെൻഡർ ന്യൂട്രൽ കാലം! അതിരുകൾ തച്ചുടക്കാൻ ആവശ്യപ്പെടുന്ന “സ്വാതന്ത്ര്യ”ക്കാലം! മയക്കുമരുന്നുകളുടെയും മയക്കുന്ന പാർട്ടികളുടെയും ആസ്വാദനക്കാലം! അതെ, ആർക്കും ഒന്നിലുമില്ല തൃപ്തി! എനിക്ക് എന്റെ ഇണ പോര! നിങ്ങൾക്ക് നിങ്ങളുടെ ഇണയും പോര!

വെടിമരുന്ന് നിർമിച്ച് അതിന് തീയും കൊളുത്തിക്കഴിഞ്ഞാൽ പിന്നെ പൊട്ടുകയല്ലാതെ മറ്റെന്തു വഴി?!
സുഹൃത്തേ..വിതച്ചതാണ് നാം കൊയ്യുന്നത്..!

ശിഷ്ടം: ആത്മനിയന്ത്രണം ശീലിച്ചില്ലെങ്കിൽ സ്വന്തം കുഴിമാടത്തിലെത്തുന്നതുവരെ മനുഷ്യന്റെ ആർത്തി (തകാസുർ) തീരില്ലെന്ന് വേദ പാഠം!

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles