Current Date

Search
Close this search box.
Search
Close this search box.

ഹസനുൽ ബന്നയുടെ ശഹാദത്തിന് 72 വർഷം

1949 ഫെബ്രുവരി 12 ന് കൈറോ തെരുവിൽ ഇരുട്ടിൻ്റെ മറവിൽ ഹസനുൽ ബന്നയുടെ നെഞ്ചിലേക്ക് ഫാറൂഖ് രാജാവിൻ്റെ കിങ്കരൻമാർ വെടിയുതിർക്കുമ്പോൾ അവർ വിചാരിച്ചത് വിപ്ലവത്തിൻ്റെ അന്ത്യമായിരിക്കുമെന്നാണ് . പക്ഷേ , അവരേറെ വൈകിപ്പോയിരുന്നു. 1928 ൽ വിരലിലെണ്ണാവുന്ന ആളുകളേയും കൂടെ കൂട്ടി ബന്ന തുടങ്ങി വെച്ച ഇഖ് വാൻ, കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ വിപ്ലവത്തിൻ്റെ വേനലും ശൈത്യവും കടന്ന് വസന്തത്തിൻ്റെ പരിമളം മിസ് റിലെങ്ങും പരത്തിയിരുന്നു.

സൈനികമായി കീഴടക്കിയ മുസ് ലിം നാടുകളിൽ സാമ്രാജ്യത്വം സാംസ്കാരിക മേധാവിത്വം കൂടി നേടിയപ്പോൾ മുസ്ലിംകൾക്ക് കൈ മോശം വന്ന് പോയത് ഇസ് ലാമിൻ്റെ സാമൂഹിക വിമോചക മുഖത്തെയാണ്. ഒരു കൂട്ടർ അനുഷ്ഠാന മതത്തിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ മറ്റൊരു കൂട്ടർ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പ്രത്യക്ഷാലങ്കാരങ്ങളിൽ കണ്ണു മഞ്ഞളിച്ച് ഇസ് ലാമിനെ കുറിച്ച അപകർഷത പേറുന്നവരായി മാറി. ഖിലാഫത്തിൻ്റെ ആസ്ഥാനത്ത് ബാങ്ക് വിളി പോലും കേൾക്കാതായ കാലം. ബന്നയുടെ മനസ് അസ്വസ്ഥപ്പെട്ടു. ദീനിൻ്റെ ആത്മീയ സാമൂഹിക കാഴ്ചപ്പാടുകളെ സമഗ്രമായവതരിപ്പിച്ച് തെരുവുകളിലും പള്ളികളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഓടി നടന്നു. അതൊരു കൊച്ചു സംഘമായി രൂപപ്പെട്ടു . പതിയെ ഈജിപ്തിൻ്റെ മുക്കിലും മൂലയിലും ഇഖ് വാനും ബന്നയുമായി ചർച്ച വിഷയം. ഉസ്താദ് ബന്നയുടെ സംസാരത്തിലും വ്യക്തിത്വത്തിലും പതിനായിരങ്ങൾ ആകൃഷ്ടരായി. ഭരണകൂടത്തിന് പോലും ഇഖ് വാനെ പിന്തുണക്കാതിരിക്കാനാവാതെ വന്നു. ഫലസ്തീൻ വിമോചന പോരാട്ടത്തിനായി ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാൻ പോയ ഇഖ് വാൻ കാരുടെ ധീരതയും സമർപ്പണവും പ്രസ്ഥാനത്തിൻ്റേയും ബന്നയുടെയും സ്വീകാര്യത പതിൻമടങ്ങ് വളർത്തിയപ്പോൾ ഫാറൂഖ് രാജാവിൻ്റെ മനസ് മാറാൻ തുടങ്ങി. ഈജിപ്തും കടന്ന്  ഇഖ് വാൻ സ്വാധീനം മുസ്ലിം രാജ്യങ്ങളിലെത്തുമെന്ന് തിരിച്ചറിഞ്ഞ് സാമ്രാജ്യത്വ ശക്തികൾ ഗൂഢാലോചന മെനഞ്ഞു. അതാണ് 1949 ഫെബ്രുവരി 12 ന് വെടിയുണ്ടകളുടെ രൂപത്തിൽ ബന്നയെ തേടിയെത്തിയത്.

ഹസനുൽ ബന്നയുടെ ശഹാദത്ത് വിപ്ലവത്തിൻ്റെ പുതിയ കൊടുങ്കാറ്റായി ആഞ്ഞുവീശി . ഈജിപ്തും കടന്ന് വൻകരകളിൽ പരാഗണം നടത്തി., ജയിലറകളും തൂക്കുമരങ്ങളും വെടിയുണ്ടകളായും നേതാക്കളേയും അനുയായികളേയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരുമ്പോഴും കെട്ടടങ്ങാത്ത വിപ്ലവ വീര്യവും പേറി ഒരു ജനത അവിടെ ജീവിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ ഇത്തിരി വായുവും വെട്ടവും കിട്ടിയാൽ ഉണർന്നെണീക്കാൻ പാകത്തിൽ .

ഉസ്താദ് ശഹീദ് ഹസനുൽ ബന്ന കൊളുത്തിയ വിളക്ക് ഇന്ന് ചെറുതും വലുതുമായ സംഘങ്ങളിലൂടെ എഴുപതിൽ പരം രാജ്യങ്ങളിൽ വെളിച്ചം വിതറുന്ന ആശയങ്ങളായി ജ്വലിച്ച് നിൽപ്പുണ്ട് .

ان حقائق اليوم احلام الامس
و احلام اليوم حقائق الغد
The realities of today were the dreams of yesterday,
and the dreams of today are the realities of tommorow.
– Shaheed Hasanul Banna

Related Articles