Current Date

Search
Close this search box.
Search
Close this search box.

എല്ലാ മനുഷ്യ ജീവനും വിലയുണ്ടെന്നാണ് ആ വിധി പറയുന്നത്

George Floyd എന്ന കറുത്ത വർഗക്കാരനെ മിനിയാപൊളിസ് പോലീസ് ഓഫീസർ Derek Chauvin മുട്ടുകാൽ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്നത് ലോകം കണ്ടതാണ്. അമേരിക്കയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും അത് വലിയ ഒച്ചപ്പാടുകൾ സൃഷ്ടിച്ചു. ഒരു കാര്യത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ സാമ്യമുണ്ട്‌. അത് വംശീയതയുടെ കാര്യത്തിൽ മാത്രം. ഇന്ത്യയിൽ ഉയർന്ന ജാതി താഴ്ന്ന ജാതി എന്നത് പോലെ അമേരിക്കയിൽ കറുത്തവർ വെളുത്തവർ എന്ന തരംതിരിവ് നാം അനുഭവിക്കുന്നു. കഴിഞ്ഞ നാലു കൊല്ലം അമേരിക്ക ഭരിച്ച ട്രമ്പ്‌ ഭരണ കൂടം ഇന്ത്യയിലെ സംഘ പരിവാർ ഭരണകൂടത്തെ പോലെ വംശീയതയെ താലോലിച്ചിരുന്നു. അത് കൊണ്ട് തന്നെ George Floyd ന്റെ ദാരുണ മരണത്തിൽ രണ്ടു വരി അനുശോചനം പോലും നൽകാൻ ട്രമ്പിനു കഴിഞ്ഞില്ല എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വിഷയത്തിൽ അന്ന് അമേരിക്കൻ തെരുവുകളെ വിറപ്പിച്ചു പല പ്രതിഷേധങ്ങളും നടന്നു. അന്ന് ട്രമ്പ്‌ നടത്തിയ പ്രതികരണം “ I am your President of law and order”. സമരത്തിന്റെ കാരണത്തെ കുറിച്ച് അദ്ദേഹം തീർത്തും അജ്ഞത കാണിച്ചപ്പോൾ സമരത്തെ ഒതുക്കാൻ എന്ത് നിലപാടും താൻ സ്വീകരിക്കും എന്നായിരുന്നു പ്രസിഡന്റ് പറയാതെ പറഞ്ഞത്. അമേരിക്കയിൽ കറുത്ത വർഗക്കാർ നേരിടുന്ന സാമൂഹിക ദുരന്തങ്ങളെ ലോകത്തിനു മുമ്പിൽ കൊണ്ട് വരാൻ ഈ സമരത്തിന്‌ കഴിഞ്ഞു. ആഫ്രിക്കൻ അമേരിക്കനായി ജനിച്ചു എന്നത് തന്നെ ഒരു ദുരന്തമായി തീരുന്ന അവസ്ഥ ഇപ്പോഴും അമേരികയിൽ നില നിൽക്കുന്നു എന്നത് വാസ്തവമാണ്.

Whilte Supremacy എന്നത് ട്രമ്പ്‌ കാലത്ത് കൂടുതൽ ശക്തമായതും നാം കണ്ടതാണ്. പറഞ്ഞു വരുന്നത് അന്ന് കറുത്ത George Floyd നെ മുട്ടുകാൽ കൊണ്ട് കൊലപ്പെടുത്തിയ പോലീസ് ഓഫീസർ കുറ്റക്കാരനാണ് എന്ന് അമേരിക്കൻ കോടതി വിധിച്ചിരിക്കുന്നു. second-degree murder, third-degree murder and second-degree manslaughter എന്നീ ഗണത്തിലാണ് പ്രസ്തുത കൊലയെ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതി അമേരിക്കൻ നിയമം അനുസരിച്ച് പതിറ്റാണ്ടുകൾ ജയിലിൽ കിടക്കേണ്ടി വരും.

വിധി അമേരിക്കയിലും പുറം ലോകത്തും വ്യാപകമായി സ്വാഗതം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. വിധിയെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത് “a moment of significant change” ( കാര്യമായ മാറ്റത്തിന്റെ നിമിഷം ) എന്നായിരുന്നു. അമേരിക്കയിൽ അധികരിച്ച് വരുന്ന വംശീയ ആക്രമങ്ങൾക്ക് ഒരു പരിഹാരം എന്നതാണ് അദ്ദേഹം ഉദ്ദേശിച്ചു കാണുക. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഐക്യരാഷ്ട്രസഭ, മറ്റു ലോക നേതാക്കളും സംഘടനകളും കോടതിയുടെ കണ്ടെത്തലിൽ ആശ്വാസം രേഖപ്പെടുത്തി. പ്രതിക്ക് അപ്പീൽ പോകാനുള്ള അവസരം നില നിൽക്കുന്നു. എങ്കിലും വിധിയിൽ മാറ്റം വരാൻ സാധ്യത കുറവാണ് എന്നാണ് ലോക മാധ്യമങ്ങൾ പറയുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങളെ എതിർക്കാൻ ഒന്നും ലഭിക്കാതെ പ്രതിയുടെ വക്കീൽ കോടതിയുടെ മുന്നിൽ വെള്ളം കുടിച്ചു എന്നാണു പല മാധ്യമങ്ങളും പറയുന്നത്.

ഇനി നമുക്ക് ഇന്ത്യയിലേക്ക്‌ വരാം. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിൽ പല പേരിലും നടന്ന “ ആൾക്കൂട്ട കൊല” നൂറോളം വരും . അതിൽ സിംഹഭാഗവും നടന്നത് മോഡിയുടെ കാലത്താണ്. കൊല്ലപ്പെട്ടവർ മുപ്പതോളം വരും, പരിക്കേറ്റവർ നൂറു കണക്കിന് വേറെയും. ഇതിൽ കൊല്ലപ്പെട്ടത് അധികവും മുസ്ലിംകളാണ്‌. ദളിതരും കൂട്ടത്തിലുണ്ട്. ഈ കേസുകളുടെ തുടർ അവസ്ഥ നാം അന്വേഷിച്ചിട്ടുണ്ടോ?. എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം പലപ്പോഴും വലിയ പൂജ്യമാകും. പശു ഇറച്ചിയുടെ പേരിൽ ആൾക്കൂട്ടം അടിച്ചു കൊന്ന ആഖ്ലാഖ് നമ്മുടെ മുന്നിൽ വലിയ ചോദ്യമാണ്. ആൾ കൊല്ലപ്പെട്ടു എന്നതിനേക്കാൾ പോലീസിനും കോടതിക്കും താല്പര്യം ഇറച്ചി ആടോ പോത്തോ പശുവോ എന്ന് നോക്കലായിരുന്നു.

പ്രതികൾ ജയിലിൽ നിന്നും വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന അവസ്ഥ നാം കണ്ടു. രാജസ്ഥാനിൽ ഒരാളെ പച്ചക്ക് തീക്കൊളുത്തി കൊല്ലുന്ന വിഡിയോ നാം കണ്ടതാണ്. ആ പ്രതിക്കും കിട്ടി നല്ല സ്വീകരണം. വംശീയതയുടെ പേരിൽ കൊല്ലപ്പെട്ട കേസുകളിൽ എത്ര വിധി വന്നു എന്നത് ഒരു പഠന വിഷയമാണ്‌. നീതി ന്യായ വ്യവസ്ഥയുടെ ഉറപ്പ് കൊണ്ടല്ല പകരം ഭാഗ്യം കൊണ്ട് മാത്രമാണ് മുസ്ലിംകളും മറ്റു പിന്നോക്കക്കാരും ഇന്ത്യയിൽ ജീവിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന പല അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. യു പി യിലും മറ്റും ബലാൽസംഗത്തിലൂടെ കൊല്ലപ്പെടുന്ന താഴ്ന്ന ജാതിക്കാരുടെ ദാരുണ ചിത്രം നമുക്ക് സുപരിചിതമാണ്. പ്രതികൾ ഉന്നത ജാതിക്കാരാണ് എന്നത് കൊണ്ട് മാത്രം കേസുകൾ ഒന്നുമല്ലാതായി തീരുന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്.

അവിടെയാണ് George Floyd കാര്യത്തിൽ വന്ന കോടതി വിധി പ്രസക്തമാകുന്നത്. വംശീയതക്ക് നൽകിയ വലിയ പ്രഹരമായി ഈ വിധി അമേരിക്കൻ ജനത ആഘോഷിക്കുന്നു. ട്രമ്പ്‌ അമേരിക്ക ഭരിച്ചു. നേരത്തെ പറഞ്ഞതു പോലെ വംശീയതക്ക് വളവും വെള്ളവും നൽകി. പക്ഷെ അമേരിക്കൻ നീതിന്യായ വ്യവസ്ഥയെ ആ ദുരന്തം ബാധിച്ചില്ല. മോഡി ഇന്ത്യ ഭരിക്കാൻ തുടങ്ങി. ഒരു “ മോഡി ഇമ്പാക്റ്റ്” എല്ലായിടത്തും പ്രകടമായി. കോടതികൾ എന്ത് വിധിക്കണം എന്നത് പോലും മറ്റു പലരും തീരുമാനിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു കറുത്തവന്റെ കഴുത്തിൽ പോലീസുകാരൻ അമർത്തി വെച്ച മുട്ടുകാൽ ഒരു ജനതയുടെ കഴുത്തിലാണ് അമർന്നത് എന്നാണ് കോടതി വിധി പറയുന്നതെന്ന് ലോക മാധ്യമങ്ങൾ വിലയിരുത്തുന്നു. ക്രിയ നോക്കിയാണു കാര്യങ്ങൾക്ക് വിധി നടപ്പാക്കേണ്ടത് . അതിൽ നിന്നും കർത്താവിനെ നോക്കി വിധി പറയുന്ന നാട്ടിൽ George Floyd ഉം അമേരിക്കൻ നീതിന്യായ വ്യവസ്ഥയും ഒരു വെളിച്ചം തന്നെയാണ്.

“ കറുത്തവന്റെ ജീവനും വിലയുണ്ട്‌ എന്ന് ഈ വിധി തെളിയിക്കുന്നു “ എന്ന് അമേരിക്കൻ ജനത പറയുമ്പോൾ എല്ലാ മനുഷ്യ ജീവനും വിലയുണ്ടെന്ന് നമുക്കും ഒന്നിച്ചു വിളിച്ചു പറയാൻ കഴിയണം.

Related Articles