Current Date

Search
Close this search box.
Search
Close this search box.

പണ്ഡിതരും സമൂഹവും

ഇമാം ശാഫി അവർകളുടെ അധ്യാപകനാണ് ഇമാം മാലിക്. ഇമാം മാലിക്കിന്റെ മരണം വരെ ഇമാം ഷാഫി അദ്ദേഹത്തിന്റെ ശിഷ്യനായി തുടർന്നു. പിന്നീടും ഇമാം ശാഫി അവർകൾ പഠനം തുടർന്നു. പിന്നീട് ഒരു ചിന്താധാര എന്ന നിലയിൽ ഇമാം ശാഫി അവർകൾ കൂടുതൽ വിമർശിച്ചത് ഇമാം മാലിക്കിനെയാണ്. ഷെയ്ഖ്‌ ചോദ്യം ചെയ്യാൻ പാടില്ലാത്തയാളാണ് എന്ന നിലപാട് ഇസ്ലാമിനില്ല. ഇമാം ശാഫി അവർകളുടെ ശിഷ്യനായ ഇമാം അഹ്മദ് മറ്റൊരു ചിന്താധാരയുടെ ആളായത് ചരിത്രത്തിൽ നാം കണ്ടതാണ്. ഇസ്ലാമിൽ ആർക്കും അഭിപ്രായം പറയാം. അതിനുള്ള അടിസ്ഥാനം വിവരമാണ്.

വഹ് യ് ഇറങ്ങുന്ന പ്രവാചകനൊഴികെ മറ്റൊരാളുടെ വാക്കും അവസാന വാക്കല്ല എന്നതാണ് ഇസ്ലാം പറയുന്നത്. അത് കൊണ്ട് തന്നെയാണ് പ്രവാചകനുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണമായത്. അതെ രീതിയിൽ മറ്റൊരാളെ അനുസരിക്കാൻ വിശ്വാസികൾക്ക് നിർബന്ധമില്ല. ബാക്കി അനുസരണം അല്ലാഹുവിന്റെയും പ്രവാചകന്റെയും അനുസരണത്തിനു ശേഷം മാത്രം. പ്രവാചകന് ശേഷം സഹാബികൾ ചിന്തിച്ചതും തീരുമാനം കൈകൊണ്ടതും ഒരേ പോലെയല്ല. പല കാര്യങ്ങളിലും പലരും പല നിലപാടുകളാണ്‌ സ്വീകരിച്ചത്. അതെല്ലാം ഇസ്ലാമിൽ സാധ്യമാണ് എന്നതാണ് അതിന്റെ അടിസ്ഥാനം. അതെ സമയം പിഴച്ച ചിന്താ ധാരകൾ ഇസ്ലാമിന്റെ പേരിൽ ഉദയം കൊണ്ടിട്ടുണ്ട്. അതിനെല്ലാം കുറച്ചു കാലത്തെ ജീവനെ ഉണ്ടായിട്ടുള്ളൂ.

ഒരർത്ഥത്തിൽ ഇസ്ലാമിൽ അവസാനമുണ്ടായ സംഘമാണ് അഹ് ല് സുന്നത്ത് വൽ ജമാഅ: അതിനു മുമ്പ് കുറെ വ്യതിയാനം സംഭവിച്ച വിഭാഗങ്ങൾ ഉടലെടുത്തിരുന്നു. അന്നത്തെ പണ്ഡിതർ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു . അത് കൊണ്ട് തന്നെ അവർക്ക് കൂടുതൽ കാലം അതുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഈ അപവാദത്തെ മറി കടന്നത്‌ ഷിയാക്കൾ മാത്രമാണ്. ആദ്യ നൂറ്റാണ്ടിൽ പുറപ്പെട്ട ഖവാരിജ് വിഭാഗത്തെ നേരിട്ടത് അന്നത്തെ ഭരണാധികാരി അലിയും (റ) ഇബ്നു അബ്ബാസിനെ ( റ ) പോലെയുള്ള സഹാബികളുമായിരുന്നു. ഖവാരിജികളുടെ തട്ടകത്തിൽ പോയി ഇബ്നു അബ്ബാസ് നടത്തിയ സംവാദം പ്രശസ്തമാണ്. പിന്നീട് പുതിയ സംഭവ വികാസങ്ങൾ ഇസ്ലാമികെ ലോകത്തെ ബാധിച്ചു കൊണ്ടിരുന്നു. അന്നെല്ലാം അതിനെ പണ്ടിതർ കൃത്യവും വ്യക്തവുമായ രീതിയിൽ പ്രതിയോഗിച്ചു.

അത്തരം ആളുകളോട് സംവദിച്ചു മുന്നേറിയ മറ്റൊരു നാമമാണ് ഇമാം ഷാഫി അവർകളുടെത്. ഹദീസ് നിഷേധ പ്രവണതകളെ അദ്ദേഹം ശക്തമായി തന്നെ നേരിട്ടു. അവ്വിഷയകമായി അദ്ദേഹം നടത്തിയ ഗ്രന്ഥ രചനകൾ എന്നും ചരിതത്തിൽ തലയുയർത്തി നിൽക്കും. പണ്ഡിതന്മാരെ ഭരണ കൂടങ്ങൾ എന്നും ഭയത്തോടെ വീക്ഷിച്ചിരുന്നു. അവർക്ക് വേണ്ടത് നൽകാൻ അവരെന്നും ധൃതി കാണിച്ചിരുന്നു. ഭരണ കൂടങ്ങളുടെയും ജനത്തിനുമിടയിൽ ഒരു പാലമായി അവർ വർത്തിച്ചു. ഇമാം ബുഖാരി അവർകൾക്ക് സ്വന്തം നാട് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഇമാം ഷാഫിക്കു ഈജിപ്ത് തേടി പോകേണ്ടി വന്നു. ഇമാം അഹ്മദ് പീഡിപ്പിക്കപ്പെട്ടു. ശൈഖുൽ ഇസ്ലാം അവസാന കാലം കഴിച്ചു കൂട്ടിയത് ജയിലിനകത്തും. ഇരുപതാം നൂറ്റാണ്ടിൽ സയ്യിദ് ഖുതുബും സയ്യിദ് മൌദൂദിയും ആ രീതിയിൽ ഭരണ കൂടങ്ങൾ കൈകാര്യം ചെയ്തു.

പണ്ഡിതരെ ഭരണ കൂടങ്ങൾ ഭയക്കുന്ന ചുറ്റുപാടിൽ മാത്രമാണ് കാര്യങ്ങൾ ശരിയായി പോകുക. സമൂഹത്തിലെ ധനികരും അധികാരികളും പണ്ഡിതരും തമ്മിൽ അവിശുദ്ധ സഖ്യത്തിന് സാധ്യത കൂടുതലാണ്. പരസ്പരം സുഖിപ്പിച്ചു നിർത്തുന്ന രാഷ്ട്രീയമാണ് അവർ സ്വീകരിക്കുക. തങ്ങളുടെ ലാഭത്തിനു വേണ്ടി സമൂഹത്തിന്റെ അവകാശങൾ വിൽപ്പന നടത്തുന്നു എന്നുവേണം അതിനെ കുറിച്ച് പറയാൻ. ഇസ്ലാം വ്യാഖ്യാനത്തിനു പഴുതുള്ളതാണ് എന്നതിനാൽ എങ്ങിനെയും മതത്തെ വ്യാഖ്യായിനിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. ഭരണ കൂടങ്ങൾ ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കപ്പെടണം എന്നത് പിന്നീടുണ്ടായ കാര്യമായെ മനസ്സിലാക്കാൻ കഴിയൂ. അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കളിക്കലാണ് ഭരണ കൂടങ്ങളെ അനുസരിക്കാനുള്ള ഉപാദി എന്നതാണ് മനസ്സിലാക്കാൻ കഴിയുന്ന കാര്യം.

അക്രമികളെ ഒരു നിലക്കും ഇസ്ലാം അംഗീകരിക്കുന്നില്ല. അപ്പോൾ എങ്ങിനെയാണ് അക്രമികളായ ഭരണ കൂടങ്ങളെ ഇസ്ലാം അംഗീകരിക്കുക. ഒരു വ്യക്തി അക്രമിയായാൽ അത് ഒരു പ്രദേശത്തിന്റെ സ്വസ്തതയും സ്വൈര്യവുമാണ് ഇല്ലാതാക്കുക. ഒരു ഭരണ കൂടം ഭീകരമായാൽ ഒരു രാജ്യത്തിന്റെ സ്വൈര്യമാണ് ഇല്ലാതാവുക. അത് കൊണ്ടാണ് ലോകത്തിലെ വലിയ ഭീകരത ഭരണകൂട ഭീകരത എന്ന് പറയപ്പെടുന്നതും.

ചരിത്രത്തിൽ പണ്ഡിതർ എന്നും പ്രതിപക്ഷത്താകും. അവർ സമൂഹത്തിന്റെ കണ്ണും കാതുമാകും. കാരണം അവർ ജനത്തിന് വേണ്ടി കാവലിരിക്കുന്നവരാണ്. പണ്ഡിതരെ സന്തോഷിപ്പിക്കാൻ ഭരണകൂടങ്ങൾ എന്നും മുന്നിലായിരുന്നു. അതെ സമയം ഇന്ന് ഭരണ കൂടങ്ങളെ സന്തോഷിപ്പിക്കാൻ പണ്ഡിതർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അക്രമിയായ ഭരണാധികാരിയുടെ മുന്നിൽ സത്യം വിളിച്ചു പറയലാണ് വലിയ “ ജിഹാദ്” എന്ന് പഠിപ്പിച്ച മതമാണ്‌ ഇസ്ലാം. അതെ സമയം സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന സ്വഭാവമാണ് പലരും സ്വീകരിച്ചിട്ടുള്ളത്. അത് വ്യക്തിപരമായി അവർക്ക് ഗുണം ചെയ്യുമെങ്കിലും ആത്യന്തികമായി സമൂഹത്തെ മോശമായി ബാധിക്കും എന്നുറപ്പാണ്. പ്രവാചകന്മാരുടെ പിൻഗാമികൾ എന്നാണ് പണ്ഡിതർ വിശേഷിപ്പിക്കപ്പെടുന്നത്. പ്രവാചകർ ഇപ്പോഴും സമൂഹത്തെ കുറിച്ച് ചിന്തിച്ചു. കാരണം അവർ തങ്ങളുടെ പ്രതിഫലം പൂർണമായി അല്ലാഹുവിൽ നിന്നും പ്രതീക്ഷിച്ചവരായിരുന്നു.

Related Articles