Sunday, November 16, 2025

Current Date

വംശഹത്യാ കാലത്തെ പണ്ഡിത’വൃത്തി’യെക്കുറിച്ച്

Muslim Scholars against genocide

പ്രമുഖ ഫലസ്തീൻ ആക്ടിവിസ്റ്റ് റജ അബ്ദുൽ ഹഖ് ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. “ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ മുസ്‌ലിം പണ്ഡിതന്മാർക്ക് പ്രത്യേകമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങളോട് ചോദിക്കുന്ന പ്രതിരോധ മനോഭാവമുള്ളവർ വിഷയത്തിന്റെ സത്ത പൂർണ്ണമായും മനസ്സിലാക്കാതെ പോകുന്നു. അവർക്കായി ഞാൻ നൂറുകണക്കിന് ആശയങ്ങൾ തയ്യാറാക്കാം, എന്നാൽ, ഗസ്സയ്ക്ക് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറുള്ള നേതാക്കളായി സ്വയം കാണാനുള്ള അവരുടെ അപകർഷതയാണ് പ്രശ്നം. അവർ മതേതര സമൂഹത്തിൽ ആത്മീയ നേതാക്കളായിരിക്കുന്നതിന്റെ ആഡംബരത്തിൽ തൃപ്തരാണ്. മുതലാളിത്തം മുസ്‌ലിം പണ്ഡിതന്മാരെ ത്യാഗനിരതമായ ഒരു ഗൗരവമുള്ള ഉത്തരവാദിത്തത്തിൽ നിന്ന് വെറുമൊരു സെലിബ്രിറ്റി വർഗ്ഗമാക്കി മാറ്റി. അവർ മുസ്‌ലിംകളുടെ ആത്മീയ ആവശ്യങ്ങളെ ഭൗതികവാദത്തിനെതിരെ വിപ്ലവം നടത്തുന്നതിന് പകരം യോജിപ്പിക്കാൻ സഹായിക്കുന്നു”

പണ്ഡിതൻ, പാണ്ഡിത്യം എന്ന പ്രയോഗങ്ങളുടെ ദുരുപയോഗത്തെ മുൻനിർത്തി എഴുതിയ തൻ്റെ ഒരു കുറിപ്പ് ഹാതിം ബാസിയാൻ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “ആത്മീയ അധികാരം പ്രകടിപ്പിക്കുന്ന പ്രത്യേക വസ്ത്രശൈലി, മാധ്യമത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വീഡിയോ നിർമ്മാണങ്ങൾ, ഹോളിവുഡ് പ്രൊഡക്ഷനുകളോട് മത്സരിക്കാൻ വിപുലമായ സ്റ്റേജിംഗ്….ഇസ്‌ലാം നമ്മെ സൗന്ദര്യത്തിലേക്ക് വിളിക്കുന്നു എന്നത് കൊണ്ട് ‘പണ്ഡിതന്മാർ’ക്ക് അവരുടെ ‘പാണ്ഡിത്യ’ മാജിക് പ്രകടിപ്പിക്കേണ്ടതുണ്ട് എന്നതിനാൽ ഇതിന്റെ ചെലവ് ചോദിക്കരുത്.”

പാണ്ഡിത്യം എന്നത് കേവലമായ പെർഫോമൻസായി, പ്രകടനമായി മാറുന്നതിൻ്റെ അപകടത്തെയാണ് മുകളിലെ വാചകങ്ങളെല്ലാം കാണിക്കുന്നത്. വരേണ്യവും പ്രിവിലേജ്ഡുമായ ഇടങ്ങളിൽ നിന്ന് അവ സ്വഭാവികമായും സാധ്യമാക്കുന്ന സൗകര്യങ്ങളുടെ ഭൂമികയെ പ്രതി തെല്ലുമാലോചിക്കാതെയുള്ള, മുൻഗണനകൾ വിഷയങ്ങളായും പ്രതികരണങ്ങൾ ഉള്ളടക്കങ്ങളായുമാണ് പലപ്പോഴും പാണ്ഡിത്യത്തിൻ്റെ ഇത്തരം പ്രകടനങ്ങൾ അരങ്ങേരാറുള്ളത്. ആഡംബരങ്ങളുടെ ആഘോഷവും, സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യതയും, വാക്കുകൾ കൊണ്ടുള്ള കളികളും ഹാവഭാവങ്ങളും പാണ്ഡിത്യത്തിൻ്റെ ലക്ഷണങ്ങളും നിർണ്ണയോപാധികാളുമാവുന്ന സന്ദർഭം കൂടിയാണത്. 1993 Representations of the Intellectual എന്ന തലക്കെട്ടിലെ തൻ്റെ റീത്ത് ലെക്ചറുകളിലൊരിടത്ത് ഫലസ്തീൻ അമേരിക്കൻ ചിന്തകനായ എഡ്വേർഡ് സൈദ് ഇപ്രകാരം സൂചിപ്പിക്കുന്നുണ്ട്; “ഇന്ന് ഒരു ബുദ്ധിജീവിയെ സംബന്ധിച്ച്, പാശ്ചാത്യ ലോകത്തോ അല്ലാത്തിടങ്ങളിലോ ആകട്ടെ, പ്രധാന ഭീഷണി എന്നത് അക്കാദമിയോ, സബർബുകളോ, പത്രപ്രവർത്തനത്തിൻ്റെയോ പ്രസാധന ശാലകളുടെയോ ഭയാനകമായ വാണിജ്യവത്കരണമോ അല്ല, മറിച്ച് ഞാൻ പ്രൊഫഷണലിസം എന്ന് വിളിക്കുന്ന ഒരു മനോഭാവമാണ്”.

‘രൂപവും യാഥാർത്ഥ്യവും’ എന്ന തൻ്റെ ലഘുകൃതിയിൽ മൗലാന അബുൽ ഹസൻ അലി നദ്‌വി സൂചിപ്പിക്കുന്ന ‘ജീവനില്ലാത്ത സിംഹ’ത്തിൻ്റെ ഉപമയെയാണ് പലപ്പോഴും പാണ്ഡിത്യത്തിൻ്റെ ഇത്തരം പ്രൊഫഷണൽ നാട്യങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്. യാഥാർത്ഥ്യങ്ങളെ മറക്കുകയോ മറച്ച് പിടിക്കുകയോ ചെയ്യുകയും മുൻഗണനകൾ നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന ഇത്തരം പണ്ഡിത ശിരോമണികളുടെ ബാഹുല്യമാണ് ഈ വംശഹത്യാ കാലത്ത് നാം കാണുന്നത്. കേവലമായ റിയാക്ഷനുകളും പ്രതിരോധത്തിൻ്റെ താർക്കിക യുക്തികളും പാണ്ഡിത്യത്തിൻ്റെ ഗരിമയായി മനസ്സിലാക്കപ്പെടുന്ന പ്രതിസന്ധി ഇതിൻ്റെ മറ്റൊരു വശമാണ്.

അന്യായമായി ഒരു മനുഷ്യ ജീവനെടുക്കുന്നത് ലോകരെ മുഴുക്കെയും കൊലപ്പെടുത്തുന്നതിന് സമമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുമ്പോഴാണ് ബൈത്തുൽ മഖ്ദിസിന് വേണ്ടി നിലകൊള്ളുന്ന ഒരു ജനത തന്നെ ഭീകരമായി വംശഹത്യക്ക് വിധേയരാവുകയും അവശ്യ സാധനങ്ങൾ ലഭ്യമാവുന്നതിൽ നിന്ന് പോലും ഉപരോധിക്കപ്പെടുകയും ചെയ്യുന്നത്. അവിടം പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന ശരീരങ്ങളും കമ്മിറ്റികളുമായി മാത്രം ‘പണ്ഡിതധർമം’ നിർവഹിക്കപ്പെടുന്നതിനാണ് നാം സാക്ഷിയാവുന്നത്. ഖാൻ യൂനിസിന്റെ മുൻ മേയറും അക്കാദമിക്കുമായ ഡോ. ഫായിസ് അബു ഷമാലയുടെ മുസ്‌ലിം പണ്ഡിതരോട് ഫത്‌വ ചോദിച്ചുള്ള ഒരു വീഡിയോ കുറച്ച് മുമ്പ് വൈറലായിരുന്നത് പലരു ശ്രദ്ധിച്ചിരിക്കും. അദ്ദേഹം പറയുന്നത് നോക്കൂ; “ഈ ഉമ്മത്തിൻ്റെ ഉന്നതരും മഹാന്മാരുമായ മുസ്‌ലിം പണ്ഡിതന്മാർക്ക്, അൽ-അസ്ഹറിന്റെ ഗ്രാൻഡ് മുഫ്തിക്ക്, രണ്ട് പുണ്യ സങ്കേതങ്ങളുടെ ശൈഖ്മാർക്ക് തങ്ങളുടെ മിമ്പറുകളിൽ പ്രസംഗം നടത്തുന്ന എല്ലാവരോടുമായി…

ഞങ്ങൾക്ക് നിങ്ങളുടെ ഐക്യദാർഢ്യം വേണ്ട, ഞങ്ങളെ സൈനികമായി പ്രതിരോധിക്കാൻ ആഹ്വാനം ചെയ്യേണ്ടതില്ല, സഹായം ഒഴുകിയെത്താൻ അതിർത്തികൾ തുറക്കണമെന്ന് ആവശ്യപ്പെടേണ്ടതുമില്ല. മറിച്ച്, ഞങ്ങൾ നിങ്ങളോട് ഒരു കാര്യം മാത്രമാണ് അഭ്യർത്ഥിക്കുന്നത്: ദയവുചെയ്ത്, ഞങ്ങൾക്ക് പറഞ്ഞുതരൂ, പ്രവാചകൻ മുഹമ്മദ് ﷺ വിശപ്പിന്റെ സമയത്ത് തന്റെ വയറിനോട് ഒരു കല്ല് കെട്ടിവെക്കാറുണ്ടായിരുന്നത് എങ്ങനെയാണെന്ന്? ഏത് തരത്തിലുള്ള കല്ലാണ് അവിടുന്ന് ഉപയോഗിച്ചിരുന്നത്? നിലത്തെ കല്ലുകൾ ഉപയോഗിക്കാമോ, അതോ ഞങ്ങളുടെ വീടുകളിലെ അവശിഷ്ടങ്ങളിൽ നിന്നുള്ള കഷണങ്ങൾ മതിയോ? കല്ല് വലുതായിരിക്കണോ, ചെറുതായിരിക്കണോ? അത് എങ്ങനെ കെട്ടണം? ഞങ്ങളുടെ വയറിന്റെ ഏത് ഭാഗത്ത്? ദയവുചെയ്ത്, ഓ മുസ്ലിം പണ്ഡിതന്മാരേ, നിങ്ങളുടെ ശക്തവും, രൂക്ഷവും, ഗർജിക്കുന്നതും, ഉൾക്കാഴ്ചയുള്ളതുമായ പാണ്ഡിത്യം കൊണ്ട് ഞങ്ങളെ പ്രകാശിപ്പിക്കൂ.” എന്നിങ്ങനെയായിരുന്നു അത്.

തലകൊയ്യുന്ന നേരത്ത് മുടിയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനെക്കുറിച്ച് പണ്ടെവിടെയോ വായിച്ചതോർക്കുന്നു, മുൻഗണനകൾ നഷ്ടപ്പെടുത്തുന്നവരോട് ഇതിലപ്പുറം എന്ത് പറയാനാണ്!. വംശഹത്യാ കാലത്ത് പാണ്ഡിത്യത്തിൻ്റെ അർത്ഥം പ്രതിരോധത്തിൻ്റെയും പ്രത്യാക്രമണത്തിൻ്റെയും ആഖ്യാനങ്ങൾ എന്ന് തന്നെയാണ്. വാചാലമാവുന്ന നിഷ്ക്രിയത്വത്തിൻ്റെ മൗനങ്ങളല്ല, ചെറുതായെങ്കിലും അനങ്ങുന്ന, അടങ്ങാതിരിക്കുന്ന വിമോചനത്തിൻ്റെ അക്ഷരങ്ങളുടെയും ആശയങ്ങളുടെയും നിരന്തരമായ വീണ്ടെടുപ്പാണത്.

Summary: This reflection critically examines the stance of many contemporary Muslim scholars toward the ongoing genocide in Gaza, questioning the adequacy, urgency, and moral clarity of their responses. In the face of mass killings, forced displacement, starvation, and the systematic destruction of civilian infrastructure in Gaza, silence or half-measured neutrality from scholars risks being complicit in normalizing injustice. This call serves as a reminder that remaining silent or vague in the face of genocide is not a neutral act—it is a betrayal of the prophetic mission.

Related Articles