Current Date

Search
Close this search box.
Search
Close this search box.

സര്‍വമത സത്യവാദത്തിന്റെ അസംബന്ധങ്ങള്‍

old-books.jpg

സൈറന്‍ മുഴക്കലാണ് ബാലന് ജോലി. എന്നും കാലത്ത് പത്തു മണിക്കും വൈകീട്ട് അഞ്ചു മണിക്കും സൈറന്‍ മുഴക്കണം. രണ്ടു സമയത്തും അടുത്തുള്ള മാധവന്റെ കടയില്‍ പോയാണ് ബാലന്‍ സമയം നോക്കുക. ആ വിവരം മാധവന്‍ അറിഞ്ഞിരുന്നില്ല. ഒരിക്കല്‍ മാധവന്‍ ചോദിച്ചു ‘ബാലനെന്താ കാലത്തും വൈകീട്ടും കടയിലെ ക്ലോക്കില്‍ നോക്കി പോകുന്നത്’ ‘ ഇവിടുത്തെ ക്ലോക്കില്‍ നോക്കിയാണ് ഞാന്‍ സൈറന്‍ മുഴക്കാറ്’ മറുപടി കേട്ടു മാധവന്‍ ഞെട്ടി. ‘നിന്റെ സൈറന്‍ കേട്ടാണ് ഞാന്‍ ക്ലോക്കിലെ സമയം ശരിയാക്കാറ്’ എന്നതായിരുന്നു മാധവന്റെ മറുപടി.

അങ്ങിനെ വന്നാല്‍ ഒന്നുകില്‍ രണ്ടു പേരുടെ സമയവും തെറ്റ്. അല്ലെങ്കില്‍ രണ്ടും ശരി എന്ന് വരും. പക്ഷെ മതങ്ങളുടെ കാര്യത്തില്‍ അത് സാധ്യമാവില്ല. ഒന്നുകില്‍ എല്ലാം ശരി അല്ലെങ്കില്‍ എല്ലാം തെറ്റ് എന്ന് വന്നാല്‍ പിന്നെ ഖുര്‍ആനിന് എന്ത് പ്രസക്തി എന്ന് വരും. ഇസ്ലാമിന്റെ പേരില്‍ സര്‍വ്വ മത സത്യവാദികള്‍ രംഗ പ്രവേശനം ചെയ്ത കാലമാണ്. ഇസ്ലാമിനെ തകര്‍ക്കാന്‍ പലരും പല രീതികളും ചരിത്രത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്നുകില്‍ പൂര്‍ണമായി ശത്രുപക്ഷത്ത് നിര്‍ത്തി കായികമായി അവസാനിപ്പിക്കുന്ന രീതി അല്ലെങ്കില്‍ സ്‌നേഹത്തോടെ ഒട്ടി നിന്ന് തകര്‍ക്കുന്ന രീതി. മക്കയിലെ ബഹുദൈവാരാധകര്‍ ആദ്യത്തെ രീതി സ്വീകരിച്ചു. മദീനയിലെ വേദക്കാര്‍ പലപ്പോഴും രണ്ടാമത്തെ രീതി സ്വീകരിച്ചു. ഇന്നും കാര്യങ്ങള്‍ അങ്ങിനെ തന്നെയാണ്. ഫാസിസ്റ്റുകള്‍ അവര്‍ക്കറിയുന്ന രീതിയില്‍ സംസാരിക്കുന്നു. മറ്റുള്ളവര്‍ പുതിയ അടവുകളുമായി രംഗത്ത് വരുന്നു.

രണ്ടാമത്തെ വിഭാഗത്തിന്റെ പുതിയ രൂപമായി നമുക്ക് ഈ സര്‍വമത സത്യവാദത്തെ പരിഗണിക്കാം. മതങ്ങളുടെ അടിസ്ഥാനം ദൈവ വിശ്വാസമാണ്. ഇസ്‌ലാം മറ്റു ദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത് ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രവാചകന്‍ വരുന്ന സമയത്ത് അവിടെ പല മതങ്ങളും നില നിന്നിരുന്നു. അവരുടെ ദൈവ സങ്കല്‍പ്പത്തെ ഇസ്ലാം ചോദ്യം ചെയ്യുന്നു. അല്ലാഹുവിനെ കണക്കാക്കേണ്ട രീതിയില്‍ കണക്കാക്കിയില്ല എന്നതാണ് ഖുര്‍ആന്‍ ഉന്നയിച്ച മറ്റൊരു ആരോപണം. മറ്റൊരു വിഷയം മുഹമ്മദ് നബിയുടെ പ്രവാചകത്വമാണ്. മുസ്ലിംകള്‍ അല്ലാതെ മറ്റാരും മുഹമ്മദ് നബിയില്‍ വിശ്വസിച്ചില്ല അല്ലെങ്കില്‍ മുഹമ്മദ് നബി അവരുടെ മതത്തിന്റെ ഭാഗമല്ല. മുഹമ്മദ് നബിയെ നിരാകരിക്കലാണ് അവരുടെ മതം ആവശ്യപ്പെടുന്നതും.

പരലോകം , വിചാരണ, സ്വര്‍ഗം, നരകം എന്നിവ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. മറ്റു പല മതങ്ങളും ഇതൊന്നും അംഗീകരിക്കുന്നുമില്ല. അല്ലാഹുവിന്റെ അടുത്തു സ്വീകാര്യമായ ദീന്‍ ഇസ്ലാമാണ് എന്നത് ഖുര്‍ആന്‍ തീര്‍ത്തു പറഞ്ഞ സംഗതിയാണ്. അല്ലാഹുവിന്റെ സന്മാര്‍ഗം ലഭിച്ചവര്‍ക്ക് മാത്രമേ യഥാര്‍ത്ഥ സന്മാര്‍ഗം ലഭിക്കൂ എന്നതാണ് ഖുര്‍ആനിന്റെ നിലപാട്. ഖുര്‍ആന്‍ മനസ്സിലാക്കിയ ഒരാള്‍ എങ്ങിനെ സര്‍വ മത സത്യവാദം അംഗീകരിക്കും എന്നത് കൗതുകകരമാണ്. എല്ലാം ശരിയാണ് എന്ന് പറയാനല്ല ഖുര്‍ആനും പ്രവാചകനും വന്നത്. ഒന്ന് മാത്രമാണ് യഥാര്‍ത്ഥ ശരി എന്ന് പറയാനാണ്. ആ ശരിയിലേക്ക് ആളുകളെ ക്ഷണിക്കുക എന്നതാണ് വിശ്വാസികള്‍ക്ക് ചെയ്യാനുള്ളതും.

അപ്പോഴാണ് പലരും ചോദിക്കുന്നത് ‘ഈ ലോകത്ത് നന്മ ചെയ്തു മരിച്ചു പോയ പലരും ഇസ്ലാമായില്ല എന്നതിന്റെ പേരില്‍ നരകത്തില്‍ പോകുമോ?’. നരകവും സ്വര്‍ഗ്ഗവും എന്റെ കയ്യിലല്ല എന്നതു കൊണ്ട് അതിനു മറുപടി പറയേണ്ട ആവശ്യം എനിക്കില്ല. ഒരാളുടെ പരലോകം അയാളും ദൈവവും തമിലുള്ള ഇടപാടാണ്. സ്വര്‍ഗം നേടാന്‍ വേണ്ട ഉപാധികള്‍ ദൈവം ഖുര്‍ആനിലൂടെ കാണിച്ചു തന്നതായി വിശ്വാസികള്‍ അംഗീകരിക്കുന്നു. ആ വഴിയിലൂടെ യാത്ര ചെയ്താല്‍ മാത്രമേ സ്വര്‍ഗത്തില്‍ എത്തൂ എന്നും അവര് വിശ്വസിക്കുന്നു. ഒരാളുടെ സ്വര്‍ഗമാണ് വിശ്വാസികളുടെ ഉന്നം. ആളുകളെ സ്വര്‍ഗത്തിലേക്ക് നയിക്കുക എന്നതാണ് അവര്‍ ഏറ്റെടുത്ത കാര്യം. മേല്‍ പറഞ്ഞ ആളുകള്‍ക്ക് ദൈവം സ്വര്‍ഗം നല്കുന്നതില്‍ നമുക്ക് എതിര്‍പ്പില്ല. സന്തോഷം മാത്രം. പക്ഷേ സ്വര്‍ഗം ലഭിക്കേണ്ട ഒന്നാമത്തെ ഉപാധി അവര്‍ പൂര്‍ത്തിയാക്കിയില്ല എന്നതാണ് നമുക്ക് ബോധ്യമാകുന്നത്. അതായത് ദൈവത്തെ കണക്കാക്കേണ്ട വിധം കണക്കാക്കിയില്ല. എന്ന് വെച്ച് അവരുടെ സ്വര്‍ഗ്ഗവും നരകവും ഉറപ്പിക്കാന്‍ ഞാന്‍ ആളല്ല.

എല്ലാ മതങ്ങളും ശരി എന്നതല്ല പകരം ശരിയായത് ഇസ്ലാമാണ് എന്ന് പറയാനാണ് ഖുര്‍ആന്‍ ശ്രമിച്ചത്. എല്ലാം ശരിയാണ് എന്ന് ഖുര്‍ആന്‍ എങ്ങിനെ വായിച്ചാലും മനസ്സിലാവില്ല. ഒരു വായന കൊണ്ട് അത് സാധ്യമാകും. അത് മറ്റൊന്നുമല്ല. വക്രിച്ച വായനയാണ്. മതങ്ങളും ദര്‍ശനങ്ങളും വ്യതിരക്തമാകുന്നത് അടിസ്ഥാന വിഷയങ്ങളില്‍ തന്നെയാണ്. അടിസ്ഥാനത്തില്‍ എല്ലാം ശരിയാണു എന്ന് വന്നാല്‍ പിന്നെ ആരെയാണു ഖുര്‍ആന്‍ വികല വിശ്വാസത്തിന്റെ പേരില്‍ വിമര്‍ശിച്ചത് എന്ന് കൂടി സത്യവാദികള്‍ പറഞ്ഞു തരണം.

പിന്നീട് ഒരിക്കലും ബാലന്‍ മാധവന്റെ ക്ലോക്കില്‍ നോക്കിയില്ല. ബാലന്റെ സൈറന്‍ കേട്ടു മാധവനും ക്ലോക്ക് ശരിയാക്കിയില്ല. പക്ഷെ സര്‍വ മത സത്യവാദികള്‍ ഇപ്പോഴും ആ പണി തുടരുന്നു. ‘നിങ്ങള്‍ ഗ്രന്ഥം പാരായണം ചെയ്തു കൊണ്ടിരിക്കെ നിങ്ങള്‍ക്ക് എങ്ങിനെ സത്യവും അസത്യവും കൂട്ടിക്കുഴക്കാനും സത്യം മൂടിവെക്കാനും കഴിയുന്നു’ എന്ന വേദക്കാരോടുള്ള ഖുര്‍ആനിന്റെ ചോദ്യം ഇന്നും പ്രസക്തമാണ് എന്നത് തന്നെയാണ് ഖുര്‍ആനിന്റെ സമകാലിക പ്രസക്തിയും.

Related Articles