Current Date

Search
Close this search box.
Search
Close this search box.

സഞ്ജീവ് ഭട്ട്: ഭരണകൂട ഭീകരതയുടെ പുതിയ ഇര

”സഞ്ജീവ് കുടുമ്പത്തോടപ്പം ഇല്ലാതായിട്ട് ഇന്നേക്ക് പതിനാറു ദിവസങ്ങളായി. പതിനഞ്ചു ദിവസത്തിനു ശേഷം അദ്ദേഹത്തിന് അഭിഭാഷകനെ കാണാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നു. നാളെ റിമാന്‍ഡ് കാലാവധി കഴിഞ്ഞാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റാന്‍ സാധ്യതയുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നേറുകയാണ്. പക്ഷെ അടുത്ത തിങ്കളാഴ്ച മാത്രമേ അത് കോടതിയില്‍ വരൂ. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് വലിയ വിശ്വാസമാണ്. പക്ഷെ കോടതിയുടെ മുന്നില്‍ സര്‍ക്കാര്‍ വസ്തുതകളുടെ നിജസ്ഥിതി തുറക്കാന്‍ തയാറാകുന്നില്ല. ഇരുപത്തി രണ്ടു വര്‍ഷം മുമ്പ് നടന്നു എന്ന് പറയുന്ന കേസിന്റെ കാര്യത്തില്‍ അദ്ദേഹത്തെ കുറ്റക്കാരനാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ മോശം ഉദ്ദേശങ്ങളുട മുഖംമൂടി കോടതി വലിച്ചു കീറുമെന്നു ഞങ്ങള്‍ക്ക് ഉറപ്പാണ്.

ഈ വിഷയത്തില്‍ സഞ്ജീവ് ഒറ്റക്കല്ല എന്ന് ഞങ്ങള്‍ക്കറിയാം. ആയിരക്കണക്കിന് നല്ല മനുഷ്യര്‍ അദ്ദേഹത്തിന് പിന്തുണയായിട്ടുണ്ട്. അനീതിയുടെ മുന്നില്‍ നട്ടെല്ല് വളയ്ക്കാതെ അദ്ദേഹം മുന്നോട്ടു പോകും. സത്യത്തെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഉന്നതരാണ് എന്ന ബോധവും ഞങ്ങള്‍ക്കുണ്ട്. നാം ഒന്നിച്ചു അതിനെ നേരിടുക തന്നെ ചെയ്യും. സത്യത്തിന്റെ ശബ്ദത്തെ നിശ്ശബ്ദമാക്കാന്‍ ആര്‍ക്കും കഴിയില്ല” സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ വാക്കുകളാണിത്.

അവര്‍ ലോകത്തോട് പറഞ്ഞ കാര്യങ്ങളാണിത്. ഒരു ജനാധിപത്യ രാജ്യത്തു നിന്നും ഒരു പ്രജക്ക് ഉണ്ടാവാന്‍ പാടില്ലാത്ത പലതും സഞ്ജീവ് ഭട്ടിന്റെ കാര്യത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഒരിടത്തു സര്‍ക്കാര്‍ ചിലവില്‍ കുറ്റവാളികളെ ഉണ്ടാക്കാനുള്ള ശ്രമം. മറ്റൊരിടത്തു കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമവും. പതിനാറു ദിവസങ്ങള്‍ കസ്റ്റഡിയില്‍ വെക്കാന്‍ കഴിയുന്ന കുറ്റമാണോ സഞ്ജീവ് ചെയ്തത് എന്ന് കോടതിയാണ് പറയേണ്ടത്. സര്‍ക്കാര്‍ സത്യത്തെ മൂടി വെച്ച് ഇല്ലാത്ത കഥകളാണ് കോടതിയുടെ മുന്നില്‍ പറയുന്നത് എന്നതാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.

ഇണയെ കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ വാക്കായി മാത്രം മുന്‍ പ്രസ്താവനയെ കാണരുത്. ഭരണകൂട ഭീകരത എന്നത് എത്രമാത്രം ശക്തമാണ് എന്നതാണ് അത് കാണിക്കുന്നത്. നാളെ ആരുടെ കാര്യത്തിലും ഇത് സംഭവിക്കാം. വീടുകളില്‍ നിന്നും ഇല്ലാത്ത കേസിന്റെ കാര്യത്തില്‍ പിടിച്ചു കൊണ്ട് പോകുന്നവര്‍ തിരിച്ചു വരാത്ത കഥകള്‍ പല നാട്ടുകാരും പറഞ്ഞു കേട്ടിട്ടുണ്ട്. അവിടങ്ങളില്‍ ജനാധിപത്യമല്ല എന്നതാണ് കാരണമായി പറയാവുന്നത്. നജീബ് എന്ന വിദ്യാര്‍ത്ഥി അപ്രത്യക്ഷമായിട്ടു വര്‍ഷമേറെയായി. ജീവിക്കാന്‍ പോലും സമ്മതിക്കാതെ ഭരണകൂടം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ സഞ്ജീവ് തന്നെ നേരില്‍ പറഞ്ഞതാണ്. ജനാധിപത്യ രാജ്യത്തു ഇത്തരം പുഴുക്കുത്തുകള്‍ നാടിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും. നട്ടെല്ല് വളയ്ക്കാതെ എഴുന്നേറ്റു നില്‍ക്കുക എന്നത് ജനാധിപത്യ സമൂഹത്തില്‍ ഒരു സാധാ വിഷയം മാത്രമാണ്. രാജഭരണത്തിലും ഏകാധിപത്യത്തിലും തീര്‍ത്തും ദുഷ്‌കരവും. സഞ്ജീവിന്റെ ഭാര്യയുടെ കുറിപ്പ് അത് കൊണ്ട് തന്നെയാണ് നമ്മെ ഭയപ്പെടുത്തുന്നതും.

Related Articles