Current Date

Search
Close this search box.
Search
Close this search box.

നിരാശയില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍

ശബരിമല കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ തല്പര കക്ഷികള്‍ക്കുണ്ടായ നിരാശ പറയാതെ തന്നെ നമുക്ക് മനസ്സിലാവും. സംഘ് പരിവാറിന്റെ അത്തരം നീക്കത്തെ ശക്തമായി നേരിട്ടത് നാട്ടിലെ ഹിന്ദുക്കള്‍ തന്നെയാണ്. അതില്‍ ഒന്നാം സ്ഥാനത്തു നിലകൊണ്ടത് സ്വാമി സന്ദീപാനന്ദഗിരിയും. ശബരിമല വിഷയം കേരളത്തെ അടിപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കാന്‍ ശ്രമിച്ചവര്‍ അവരുടെ നിരാശ പ്രകടിപ്പിച്ചത് അക്രമത്തിലൂടെയും.

നിരാശയുടെ ബാക്കി പത്രമാണ് പലപ്പോഴും ആക്രമങ്ങള്‍. തങ്ങള്‍ ഉദ്ദേശിച്ചത് നടക്കാതെ പോകുമ്പോള്‍ അതിനു തടസം നിന്നവരെ ആക്രമിക്കുക എന്നതു നാം കണ്ടു വരുന്ന രീതിയാണ്. കേരള പൊതു സമൂഹം ഇത്തരം അക്രമങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കണം. എതിര്‍ത്തു പറയുന്നവരെ ഈ ഭൂമിയില്‍ നിന്നും തന്നെ പറഞ്ഞയക്കുക എന്നതാണ് ഉത്തരേന്ത്യയില്‍ കണ്ടു വരുന്നത്. കേരളത്തെ ആ പരുവത്തിലേക്കു മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ട് കാലമേറെയായി. പക്ഷെ കേരളക്കാരന്റെ പ്രബുദ്ധത തന്നെയാണ് അതിനു തടസ്സം.

അക്രമത്തിലൂടെ മാത്രമേ വെറുപ്പിന്റെ വാക്താക്കള്‍ക്കു അതിജീവിക്കാന്‍ കഴിയൂ. നല്ല മനസ്സോടെ പറഞ്ഞാല്‍ ആരും അത് ശ്രദ്ധിക്കില്ല. സ്വാമിയുടെ നിലപാടുകള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം സംഘ പരിവാര്‍ നിലപാടുകളെ ചോദ്യം ചെയ്തു. സംഘ പരിവാര്‍ കുടുംബത്തിനു അത്തരം ഇടപെടലുകള്‍ ഉണ്ടാക്കിയ മുറിവ് മാരകമാണ്. അത് മായ്ച്ചു കളയാന്‍ പറ്റിയ മരുന്ന് അക്രമമല്ലാതെ മറ്റൊന്നില്ല എന്ന് അക്രമി സംഘം കരുതിയാല്‍ അത് തെറ്റുപറയാന്‍ കഴിയില്ല. ഗാന്ധിജിയെ കൊന്ന് അവര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഗാന്ധിജിയെ കൊല്ലാന്‍ കഴിയുമെങ്കില്‍ പിന്നെ ആരും ഒരു വിഷയമല്ല എന്ന് കൂടി അതിന്റെ പിന്നിലുണ്ട്. സമാധാനം എന്നെ ഗാന്ധിജി പറഞ്ഞുള്ളൂ. അക്രമം പാടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടും സംഘ പരിവാറിന് സ്വീകാര്യമായില്ല.

കേരളം തികച്ചും വിഷമകരമായ വഴിയിലൂടെയാണ് കടന്നു പോകുന്നത്. സമാധാന കാംക്ഷികളായ നല്ല മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കേണ്ട അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണം. മതേതര കക്ഷികള്‍ പരസ്പരം സംവദിക്കട്ടെ. അതെ സമയം ആ സംവാദം ഭിന്നിപ്പിലേക്കു കടക്കരുത്. ആ ഭിന്നിപ്പ് ശത്രുക്കള്‍ മുതലാക്കാന്‍ ശ്രമിക്കും. സന്ദീപാനന്ദഗിരിക്കു ശക്തമായ പിന്തുണ നല്‍കല്‍ നമ്മുടെ ബാധ്യതയാണ്. അവിടെ തോല്‍ക്കുക അക്രമവും അതിന്റെ പിന്നിലെ മനസ്സുകളുമാണ്. വിജയിക്കുക നീതിയും നന്മയുടെ ഐക്യവുമാണ്.

Related Articles