Columns

സംഘ്പരിവാറിനെ നിന്ദ്യത തിരിഞ്ഞുകുത്തുന്നു

പോക്കറ്റടി പഠിപ്പിക്കുന്ന ക്ലാസിന്റെ അവസാന ദിനമാണ്. കുട്ടികള്‍ ശരിക്ക് പഠിച്ചിട്ടുണ്ടോ എന്നറിയാന്‍ സംഗതി പ്രായോഗികമായി കാണിച്ചു കൊടുക്കണം എന്ന് അധ്യാപകനും നിര്‍ബന്ധം പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് സ്വന്തം പേഴ്‌സിലെ പേഴ്‌സ് തന്നെ കുട്ടികള്‍ മോഷ്ടിച്ച വിവരം മാഷിനു മനസ്സിലായത്.

ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പലരെയും വിദ്വേഷ രാഷ്ട്രീയം പഠിപ്പിച്ചത് അദ്വാനിയും മനോഹര്‍ ജോഷിയുമാണ്. ഒരു ജനതയെ എത്ര മാത്രം വെറുക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ അദ്ദേഹം അണികള്‍ക്ക് നല്‍കിയത്. നാട്ടില്‍ ഉണ്ടായിരുന്ന സൈ്വര്യ ജീവിതം തകര്‍ത്ത് കൊണ്ടാണ് അദ്ദേഹം ഇന്ത്യയിലെ നെഞ്ചിലൂടെ തേര് തെളിച്ചത്. തന്നില്‍ നിന്നും പഠിച്ച ശിഷ്യര്‍ പിന്നെ അധികാരത്തിന്റെ ഉന്നതിയിലെത്തി. അന്ന് മുതല്‍ പഴയ സിംഹങ്ങള്‍ പടിക്ക് പുറത്തേക്കുള്ള വഴി നോക്കിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് പൂര്‍ണമായി എന്ന് മാത്രം.

എതിര്‍ക്കുന്നവരെ ശത്രുവായി കാണലല്ല ബി ജെ പി സംസ്‌കാരം എന്നാണു അദ്ദേഹം ഇന്നലെ പറഞ്ഞത്. ആരെയും ശത്രുവായി കാണരുത് എന്ന പാഠമായിരുന്നു അദ്ദേഹം പടിപ്പിക്കേണ്ടിയിരുന്നത്. സംഘ പരിവാരിന്റെ അടിത്തറ സഹിഷ്ണുത എന്നതിന് പകരം അസഹിഷ്ണുത എന്നതാണു. തങ്ങളുടെ കയ്യില്‍ അധികാരം വന്നപ്പോള്‍ അത് പുറത്തു പ്രകടിപ്പിക്കാന്‍ അവര്‍ ഒരു മടിയും കാണിച്ചില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം അത് ഇന്ത്യന്‍ ജനത, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. അതിനു അടിത്തറ പാകിയവര്‍ക്ക് കൂടി അതിന്റെ ശിക്ഷ ലഭിക്കണം എന്നത് ലോക നീതിയാണ്. മത്സരിക്കാന്‍ അവസരം നല്‍കിയില്ല എന്നതിനപ്പുറം താന്‍ കൈപിടിച്ച് കൊണ്ട് വന്നവര്‍ തന്നെ അവഗണിക്കുക എന്നത് ഒരു വലിയ ശിക്ഷ തന്നെ.

ജനാധിപത്യവും നാനാത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കണം എന്ന് അദ്വാനി തന്നെ പറയുമ്പോള്‍ ഇത്രയു കാലം അതില്ല എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ആദ്യം രാജ്യം പിന്നെ പാര്‍ട്ടി പിന്നെ വ്യക്തി എന്നതില്‍ നിന്നും ആദ്യം വ്യക്തി പിന്നെ പാര്‍ട്ടി ശേഷം നാട് എന്നതിലേക്കും പാര്‍ട്ടിയും സര്‍ക്കാരും എത്തിപ്പെടാനുള്ള കാരണവും ഇപ്പോള്‍ അന്വേഷിച്ചിട്ട് കാര്യമില്ല. ഒരു സമൂഹത്തെ പഠിപ്പിച്ചത് മാത്രമേ അവര്‍ പാടൂ. ഭരണം നേടാന്‍ എന്ത് വിലകുറഞ്ഞ തന്ത്രവും സ്വീകരിക്കാം എന്ന് അണികളെ പഠിപ്പിക്കുന്നവര്‍ക്ക് ഒരു ഉത്തമ ഉദാഹരണമായി അദ്വാനിയും ജോഷിയും ചരിത്രത്തില്‍ നിലനില്‍ക്കും.

ദൈവത്തിന്റെ ഭൂമിയില്‍ ആദ്യം വേണ്ടത് സമാധാനമാണ്. അത് തകര്‍ക്കല്‍ വലിയ ശാപവും. ഭൂമിയിലെ നിയമം ഒരു പക്ഷെ കുറ്റവാളികളെ വെറുതെ വിട്ടേക്കാം. അത് കൊണ്ട് അദ്ദേഹം ശിക്ഷ വാങ്ങാതെ പോകും എന്ന് പറയാന്‍ കഴിയില്ല. അദ്വാനിയിലും ജോഷിയിലും പുതു തലമുറയ്ക്ക് പാഠമുണ്ട്. ഒരു ജനതയെ എന്താണോ പഠിപ്പിക്കുന്നത് അതവര്‍ തിരിച്ചു നല്‍കും. മറ്റുള്ളവരെ നിന്ദിക്കാന്‍ പഠിപ്പിച്ചപ്പോള്‍ ആ നിന്ദ്യത സ്വയം ഏറ്റുവാങ്ങി എന്നത് ചരിത്രം എന്നും ഓര്‍ത്ത് വെക്കും.

Facebook Comments
Show More

Related Articles

Close
Close