Current Date

Search
Close this search box.
Search
Close this search box.

മലബാര്‍ സമര പോരാളികളെ ഭയക്കുന്ന സംഘ്പരിവാര്‍

ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കുകയും ചെയ്ത ചരിത്രം മാത്രം കൈമുതലായുള്ള സംഘ്പരിവാരവും അവരുടെ നേതാക്കളും സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്നത് മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും സമര്‍പ്പിച്ച അനേകം നേതാക്കളെ അവഹേളിക്കുകയും കരിവാരിത്തേക്കുകയും രാജ്യദ്രോഹികളായി ചാപ്പ കുത്തുകയും ചെയ്യുന്ന വിവിധ പരാമര്‍ശങ്ങളാണ് നാളിതുവരെയായി സംഘ്പരിവാര്‍ ചെയ്തു പോന്നിട്ടുള്ളത്.

എന്നാല്‍ സ്വാതന്ത്ര്യ സമരത്തെ വളച്ചൊടിച്ച് അതും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമം അടുത്തിടെയാണ് സംഘ്പരിവാര്‍ ഊര്‍ജിതമാക്കിയത്. ഇതിനായി തങ്ങള്‍ക്കിഷ്ടമില്ലാത്ത നേതാക്കളെയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്‌ലിം സമുദായ നേതാക്കളെയും രക്തസാക്ഷികളെയും ഭീകരരായും രാജ്യദ്രോഹികളുമായും ചിത്രീകരിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ അവര്‍. ഇത്തരത്തില്‍ ചരിത്രം മാറ്റിയെഴുതാനായി ഒരു സംഘത്തെ തന്നെ അവര്‍ നിയോഗിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന പുതിയ തലമുറയില്‍ ഇത്തരത്തില്‍ ഒരു പുതിയ സ്വാതന്ത്ര്യ സമരം ചരിത്രം തിരുകികയറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുന്‍പന്തിയില്‍ നിന്നത് തങ്ങളാണെന്ന് സ്ഥാപിച്ചെടുക്കുക എന്നതാണ് ഇതിന് പിന്നിലെ സംഘപരിവാറിന്റെ ആത്യന്തിക ലക്ഷ്യം.

ഇതിലെ അവസാനത്തെ ഉദാഹരണമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) പുറത്തിറക്കിയ നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയ വീരപുരുഷന്മാരുടെ പേരുകള്‍ നീക്കം ചെയ്തത്. മലബാര്‍ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള 387 രക്തസാക്ഷികളെയാണ് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ഇവര്‍ നീക്കം ചെയ്തത്. ഐ.സി.എച്ച്.ആര്‍ പുറത്തിറക്കിയ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ പാനലാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ദി ഹിന്ദു ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

1921ലെ മലബാര്‍ സമരം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യം വെച്ചുള്ള വര്‍ഗ്ഗീയ കലാപമായിരുന്നുവെന്നുമാണ് നിഘണ്ടുവില്‍ കൂട്ടിച്ചേര്‍ത്തത്. മലബാര്‍ സമരത്തെ ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ കലാപമാക്കി ചിത്രീകരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളുടെ ചുവടുപിടിച്ചുള്ള നടപടിയാണിത്. മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയ ഖിലാഫത്ത് പ്രസ്ഥാനം മതമൗലികവാദ പ്രസ്ഥാനമായിരുവെന്നും സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലമല്ലായിരുന്നു എന്നാല്‍ ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും മൂന്നംഗ സമിതി പറയുന്നു.

ഇത്തരം വര്‍ഗ്ഗീയ കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. ഇത് വിജയിച്ചിരുന്നെങ്കില്‍, ഇവിടെയും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നെന്നും ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നെന്നുമുള്ള ശുദ്ധ വര്‍ഗ്ഗീയ പരാമര്‍ശങ്ങളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം നട്തതുകയും ചെയ്ത കലാപകാരിയാണെന്നും മതേതര മുസ്‌ലിംകളെ പോലും ഈ കലാപകാരികള്‍ വെറുതെ വിട്ടില്ലെന്നും പറയുന്നുണ്ട്. കലാപകാരികളുടെ കാഴ്ചപ്പാടില്‍ മരിച്ചവര്‍ അവിശ്വാസികളായിരുന്നു. തടവുകാരായവര്‍ കോളറ മൂലമാണ് മരണമടഞ്ഞത്, അതിനാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരില്‍ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നുമുള്ള സത്യം വളച്ചൊടിച്ചുള്ള ഗുരുതരമായ നിരീക്ഷണങ്ങളാണ് സമിതി കണ്ടെത്തിയിട്ടുള്ളത്.

സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ (റിസര്‍ച്ച് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) ഓം ജീ ഉപാധ്യായ് അറിയിച്ചതായും ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലുണ്ട്.

അതുപോലെ തന്നെ ആര്‍.എസ്.എസ് നേതാവ് രാം മാധവ്, ഇന്ത്യയിലെ താലിബാനായിരുന്നു മലബാര്‍ സമരമെന്ന് പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. സമാനമായ പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കളില്‍ നിന്നും പല അവസരങ്ങളിലും പുറത്തുവരാറുണ്ട്. ഇവയെല്ലാം സംഘ്പരിവാര്‍ ലക്ഷ്യമിടുന്ന പുതിയ സ്വാതന്ത്ര്യ സമര ചരിത്ര രചനയുടെ ഭാഗമാണെന്ന് നമുക്ക് നിസ്സംശയം പറയാം. അവര്‍ ഉണ്ടാക്കിവെച്ച ഒരു അജണ്ടയിലേക്ക് ചരിത്രത്തെ കൊണ്ടെത്തിക്കുക എന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി ഈ പത്ത് വര്‍ഷത്തെ ഭരണത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് സംഘ്പരിവാര്‍. അതേസമയം, ഐ.സി.എച്ച്.ആറിന്റെ ഈ ചരിത്ര നിഷേധത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു വന്നിട്ടുമുണ്ട്.

ആര്‍.എസ്.എസ് നേതാക്കളെ വീരപുരുഷന്മാരായും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ മാത്രം അംഗീകരിച്ചും അല്ലാത്തവരെ ദേശദ്രോഹ ചാപ്പ നല്‍കിയും പുതിയ ചരിത്രം രചിക്കുന്ന സംഘപരിവാര്‍ മലബാര്‍ സമര നേതാക്കളെയും ഭയപ്പെടുന്നതില്‍ ആശ്ചര്യമൊന്നുമില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകരില്‍ നിന്നും മറിച്ചൊന്നും ജനാധിപത്യ ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

Related Articles