Current Date

Search
Close this search box.
Search
Close this search box.

മത സംഘടനകള്‍ രാഷ്ട്രീയം പറയാന്‍ പാടില്ലേ ?

ഇസ്ലാമും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ശരിക്കും അറിയാവുന്ന ആളാണ് മന്ത്രി ജലീല്‍. ഇസ്ലാമിലെ രാഷ്ട്രീയം കേവലം സമ്മതിദാനാവകാശം രേഖപ്പെടുത്തല്‍ മാത്രമല്ല അതൊരു നിലപാട് കൂടിയാണ്. അപ്പോള്‍ നിലപാട് പറയാനുള്ള അവകാശം ആര്‍ക്കും വകവെച്ചു കൊടുക്കുക എന്നതാണു ജനാധിപത്യത്തിന്റെ കാതല്‍. അപ്പോള്‍ വനിതാ മതിലിനെ കുറിച്ച് സമസ്തക്ക് അഭിപ്രായം പറയാന്‍ പാടില്ല എന്ന മന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. എന്‍ എസ് എസിനും, കെ സി ബി സിക്കും പറയാമെങ്കില്‍ സമസ്തക്കും പറയാം. സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുക്കരുത് എന്ന് പറയാനുള്ള അവകാശം എന്‍ എസ് എസിന് ഉണ്ടെകില്‍ അത് സമസ്തക്കും വകവെച്ചു കൊടുക്കണം.

സമസ്ത ഒരു സാമുദായിക സംഘടനയല്ല അതൊരു മതസംഘടനയാണ് എന്നതാണ് അടുത്ത വാദം. അങ്ങിനെ വന്നാല്‍ വനിതാ മതില്‍ ഒരു രാഷ്ട്രീയമാണ് ആ രാഷ്ട്രീയത്തോട് തങ്ങളുടെ അഭിപ്രായം പറയാന്‍ സമസ്തക്കും അവകാശമുണ്ട്. മത സംഘടനകള്‍ക്ക് രാഷ്ട്രീയം പറയാന്‍ പാടില്ല എന്നല്ല നമ്മുടെ ഭരണഘടന പറയുന്നത് പകരം മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നാണു. അപ്പോള്‍ ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയിലും പൗരന്മാരുടെ കൂട്ടം എന്ന നിലയിലും അഭിപ്രായം പറയാനുള്ള സമസ്തയുടെ അവകാശത്തെ ചോദ്യം ചെയ്യുക എന്നത് ചിലരുടെ മൗലിക അവകാശങ്ങളെ ഇല്ലാതാക്കുക എന്നത് മാത്രമാണ്.

കൈപ്പക്കയിലെ ഇരുമ്പു പോലെയാണ് പലര്‍ക്കും ഇസ്ലാമിലെ രാഷ്ട്രീയം. ഇരുമ്പു കൊണ്ട് നടക്കേണ്ട പലതും കൈപ്പക്ക കൊണ്ട് നടക്കില്ല എന്നുറപ്പാണ് എന്നിട്ടും നാം പറയും കൈപ്പക്ക നിറയെ ഇരുമ്പാണെന്ന്. ഇസ്ലാമിലെ രാഷ്ട്രീയത്തെ മതരാഷ്ട്ര വാദം എന്ന ഓമനപ്പേരിലാണ് സാധാരണ വിളിക്കാറ്. മതവും ഇസ്ലാമും തമ്മിലുള്ള വ്യത്യസം മനസ്സിലാവാത്തത് കൊണ്ടാണ് അതെന്നു മനസ്സിലാക്കാന്‍ നമുക്ക് അധികം ബുദ്ധി വേണ്ട.

അത് കൊണ്ട് തന്നെ മത സംഘടനകള്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്നതാണ് പൊതു ബോധം. രാഷ്ട്രീയം എന്നതു എപ്പോഴെങ്കിലും ചാര്‍ത്തി കൊടുക്കുന്ന വോട്ടുകളാണ് എന്ന ബോധമാണ് അങ്ങിനെ പറയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതും. രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തില്‍ ഇടപെട്ടതിന്റെ ദുരന്തമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. കേരളവും ഇപ്പോള്‍ അനുഭവിക്കുന്നത് അത് തന്നെയാണ്. ചുരുക്കത്തില്‍ അങ്ങോട്ട് പാടില്ല ഇങ്ങോട്ടാവാം എന്നതാണ് മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ.

കേരളത്തിലെ പ്രമുഖമായ ഒരു മത സംഘടന ചരിത്ര പരമായ വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് സമുദായത്തെ ഉണര്‍ത്തിയിരുന്നു. സ്ത്രീകളെ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കുക എന്നാണു അതിനു അവര്‍ ഉപയോഗിച്ച പദം. ആ പ്രയോഗം തന്നെ ഒരു കണക്കില്‍ സ്ത്രീ വിരുദ്ധമാണ്. സ്ത്രീകള്‍ ഒരു പ്രദര്‍ശന വസ്തു എന്ന നിലപാട് തീര്‍ത്തും പിന്തിരപ്പനാണ്. അവരും സമൂഹത്തില്‍ സ്ഥാനമുള്ളവരാണ് എന്ന് അംഗീകരിക്കാന്‍ പലര്‍ക്കും ഇപ്പോഴും മടിയാണ്. വനിതാ മതിലിനു രാഷ്ട്രീയമുണ്ട് എന്നതിനാല്‍ അതില്‍ പങ്കെടുക്കരുത് എന്ന് പറയുന്നത് രാഷ്ട്രീയമാണ് എന്ന് മനസ്സിലാക്കാം. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ വരാന്‍ പാടില്ല എന്നാണെങ്കില്‍ അത് വനിതാ മതിലില്‍ മാത്രമായി ചുരുക്കരുത്. സാധാരണയായി വിവേകവും സ്വയം ചലിക്കാന്‍ സാധിക്കാത്ത വസ്തുക്കളുമാണ് പ്രദര്‍ശിപ്പിക്കുക എന്നതിന്റെ കീഴില്‍ വരിക. അത്തരം അവസ്ഥയിലേക്ക് സ്ത്രീ സമൂഹത്തെ താഴ്ത്തി പറയുന്നത് ഇസ്ലാം അംഗീകരിക്കാത്ത കാര്യമാണ് എന്ന് കൂടി ഓര്‍ക്കണം.

സ്ത്രീയും പുരുഷനും പൊതു സമൂഹത്തില്‍ എങ്ങിനെ വര്‍ത്തിക്കണം എന്ന് കൃത്യമായി പറഞ്ഞ മതമാണ് ഇസ്ലാം. അത് കൊണ്ടാണ് പുരുഷനോടും സ്ത്രീയോടും അവരുടെ കണ്ണുകളെ സൂക്ഷിക്കാന്‍ ഇസ്ലാം ആവശ്യപ്പെട്ടതും.വീട്ടിലിരിക്കുന്ന സ്ത്രീക്കും പുരുഷനും നിബന്ധനകള്‍ ആവശ്യമില്ല. പ്രവാചക പത്‌നിമാര്‍ വരെ പൊതു സമൂഹത്തില്‍ സജീവമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. യുദ്ധത്തിനു പോലും നേതൃത്വം നല്‍കാന്‍ ആ കാലത്തെ സ്ത്രീകള്‍ മുന്നോട്ട് വന്നിരുന്നു. വൈജ്ഞാനിക രംഗത്തും സ്ത്രീകളുടെ ഉന്നതി ആ കാലത്ത് തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്. പിന്നെ സ്ത്രീ വീട്ടില്‍ പുരുഷന്റെ ഔദാര്യത്തില്‍ ജീവിക്കണം എന്നത് പിന്നീട് എപ്പോഴോ ഉണ്ടായ തീരുമാനമാണ്.

പണ്ട് കാലത്ത് ഒരു മതവും സ്ത്രീകളെ പുറത്തു വിട്ടിരുന്നില്ല. കാലം മാറി ഇന്ന് സ്ത്രീകള്‍ എല്ലായിടത്തും സജീവമാണ്. വിദ്യാഭ്യാസം തൊഴില്‍ മേഖലകളില്‍ അവര്‍ സജീവമായി ഇടപെടുന്നു. ഇവ രണ്ടും നടക്കുന്നത് പൊതു രംഗത്താണ്. അങ്ങിനെ വന്നാല്‍ മുസ്ലിം സ്ത്രീകള്‍ ഇവ രണ്ടും ഒഴിവാക്കണം എന്ന് പറയേണ്ടി വരും. മുസ്ലിം സ്ത്രീകള്‍ ഇന്ന് ഭരണ രംഗത്തും സജീവമാണ്. അങ്ങിനെ വന്നാല്‍ ഈ ഫത്‌വ പുറപ്പെടിക്കുന്നവര്‍ തങ്ങളുടെ വാര്‍ഡിലെ മുസ്ലിം സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ല എന്ന് വരും. കാരണം അവരുടെ വോട്ടു കൊണ്ടാണ് സ്ത്രീ പൊതു രംഗത്ത് വരുന്നത്. അടുത്തിടെ ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തിയ യുവജന മാര്‍ച്ചില്‍ മുന്‍പൊന്നും ഇല്ലാത്ത രീതിയില്‍ മുസ്ലിം സ്ത്രീകളുടെ സാന്നിധ്യം കണ്ടിരുന്നു. അന്നൊന്നും ഇത്തരം ഒരു മതവിധി നാം എവിടെയും വായിച്ചില്ല എന്നതും ഓര്‍ക്കണം. അപ്പോള്‍ മത സംഘടനകള്‍ക്ക് രാഷ്ട്രീയമുണ്ട്. അത് ഇസ്ലാമിലെ രാഷ്ട്രീയമല്ല എന്ന് മാത്രം. നാട്ടിലെ കക്ഷി രാഷ്ട്രീയമാണ്. അങ്ങിനെ വന്നാല്‍ ആ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്.

അപ്പോള്‍ മത സംഘടനകള്‍ക്ക് രാഷ്ട്രീയം പറയാന്‍ പാടില്ല എന്നതും മത സംഘടനകള്‍ സങ്കുചിത രാഷ്ട്രീയം പറയുന്നതും എതിര്‍ക്കപ്പെടണം. അതോടൊപ്പം സ്ത്രീ പ്രദര്‍ശന വസ്തുവാണ് എന്ന നിലപാടും എതിര്‍ക്കപ്പെടണം. സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ പാടുണ്ടോ എന്നതാണ് തിരിച്ചുള്ള ചോദ്യം. സ്ത്രീ എന്ന് മാത്രമല്ല അഴിഞ്ഞാട്ടം പുരുഷനും പാടില്ലാത്തതാണ്. അതിലപ്പുറം എന്താണ് ഈ പൊതു വേദികള്‍ എന്ന് കൂടി കൃത്യത വരുത്താന്‍ പറയുന്നവര്‍ തയ്യാറാകണം.

Related Articles