Current Date

Search
Close this search box.
Search
Close this search box.

സലഫിസം സംഘ പരിവാർ ഇടതു പക്ഷം

പല ക്ഷേത്രങ്ങളിലും ഇങ്ങിനെ ഒരു ബോർഡ് കണ്ടിട്ടുണ്ട് “ അഹിന്ദുക്കൾക്ക് പ്രവേശനമില്ല”. നമുക്കതിൽ പരാതി പറയാൻ അവകാശമില്ല. കാരണം അത് അവരുടെ വിശ്വാസത്തിന്റെ കാര്യമാണ്. മുസ്ലിം അമുസ്ലിം. ഹിന്ദു അഹിന്ദു, ക്രൈസ്തവർ അക്രൈസ്തവർ എന്നൊക്കെ സാധാരണ ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ്. മതം എന്നതിന്റെ അടിസ്ഥാനം വിശ്വാസമാണ്. ഓരോ മത വിശ്വാസിക്കും തന്റെ വിശ്വാസം മുറുകെപ്പിടിച്ചു ജീവിക്കാൻ ഭരണ ഘടന അനുമതി നൽകുന്നു. അടുത്തിടെ കേരളത്തിലെ ഒരു അമ്പലത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ബോർഡ് കേരള സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അഹിന്ദു എന്നതിൽ നിന്നും മുസ്ലിം എന്നതിലേക്കുള്ള മാറ്റത്തെയാണ് ആളുകൾ ചോദ്യം ചെയ്തത്. ആ ബോർഡ് അവിടെ നിന്നും നീക്കം ചെയ്തു എന്നാണ് കിട്ടുന്ന വിവരം. പക്ഷെ ആധുനിക കേരളം നാമറിയാതെ വഴി മാറി പോകുന്നു എന്നതാണ് ഈ സംഭവത്തിലെ ദുരന്തം.

ഹറമിൽ മുസ്ലിംകൾ അല്ലാത്തവരെ കയറ്റാറില്ലല്ലോ എന്ന മറു ചോദ്യം പലരും ഉന്നയിച്ചിരുന്നു. ഇസ്ലാമിന്റെ കണക്കിൽ അമുസ്ലിംകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതു ഹറമിൽ മാത്രമാണ്. മറ്റു പള്ളികളിൽ അത്തരം വിലക്കുകൾ നിലനിൽക്കുന്നില്ല. നേരത്തെ പറഞ്ഞത് പോലെ അമുസ്ലിം എന്നതാണ് അതിന്റെ അടിസ്ഥാനം. ബഹുദൈവാരാധന ഇസ്ലാമിന്റെ കണക്കിൽ ഒരു മോശം പ്രവർത്തിയാണ്. അതുമായി ഒരു നിലക്കും വിശ്വാസിക്ക് ഒത്തു പോകാൻ കഴിയില്ല. കഅബയും മസ്ജിദുൽ ഹറാമും വിശ്വാസത്തിന്റെ കേന്ദ്രമാണ്. അത് കൊണ്ട് തന്നെ പ്രവേശന നിരോധം കേവലം പള്ളിയിൽ ഒതുക്കിയില്ല, ഹറം എന്ന വിശാലമായ പ്രദേശത്തേക്ക് കൂടി അത് വ്യാപിപ്പിച്ചു.

ബഹുദൈവാരാധകർക്ക് ഹജ്ജും കഅ്ബാ സന്ദർശനവും മാത്രമല്ല, മസ്ജിദുൽ ഹറാമിന്റെ അതിർത്തികളിൽ പ്രവേശനവും നിരോധിക്കപ്പെട്ടിരിക്കുന്നു. ശിർക്കിന്റെയും ജാഹിലിയ്യത്തിന്റെയും തിരിച്ചുവരവിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണീ നടപടി. ‘അവിശുദ്ധരെ’ന്നാൽ സ്വയം അവിശുദ്ധരെന്നല്ല, അവരുടെ വിശ്വാസാചാരങ്ങളും സ്വഭാവകർമങ്ങളും ജാഹിലിയ്യാ ജീവിതരീതിയും അവിശുദ്ധമെന്ന് മാത്രമാണ് വിവക്ഷ. ഈ അവിശുദ്ധി കാരണമാണ് ഹറമിന്റെ പരിധികളിൽ അവർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. അതിനു പുറമേ മറ്റുള്ള പള്ളികളിൽ പ്രവാചക കാലത്ത് തന്നെ അവിശ്വാസികളെ പ്രവേശിപ്പിച്ചിരുന്നു.

ഈ വിഷയത്തിൽ മുസ്ലിം പണ്ഡിതർ എന്ത് പറയുന്നു എന്നത് കൂടി നോക്കണം . ഇമാം ശാഫിഈ പറയുന്നു : മസ്ജിദുൽ ഹറാമിലൊഴികെ ഏത് പള്ളിയിലും ബഹുദൈവ വിശ്വാസിക്ക് രാത്രി താമസിക്കുന്നത് തെറ്റല്ല.” ഇമാം നവവി തുടർന്നെഴുതി: ‘നമ്മുടെ ആളുകൾ പറഞ്ഞു: മക്കയിലെ ഹറമിൽ നിഷേധിക്ക് പ്രവേശിക്കാൻ പറ്റുകയില്ല. മറ്റു പള്ളികൾ മുസ്‌ലിംകളുടെ അനുമതിയോടുകൂടി ഏത് പള്ളിയിലും അവൻ പ്രവേശിക്കുകയും അവിടെ രാത്രി താമസിക്കുകയും ചെയ്യാം. അനുമതിയില്ലെങ്കിൽ അവനെ തടയേണ്ടതാണ്.

ഹറമിലെ നിരോധം അത് വിശ്വാസത്തിന്റെ ഭാഗമായി മനസ്സിലാക്കാം. പ്രവാചക കാലത്ത് ഇന്നത്തേക്കാൾ കൂടുതലായിരുന്നു ജൂത ക്രൈസ്തവ ബഹുദൈവ വിശ്വാസികളിൽ നിന്നുള്ള എതിർപ്പ്. മദീന പള്ളിയിൽ പ്രവാചകൻ മറ്റു മതസ്ഥരെ സ്വീകരിച്ചിരുന്നു. ആ കാലത്തും അവരുമായി മുസ്ലിംകൾ ഇടപാടുകൾ നടത്തിയിരുന്നു. സമൂഹം എന്ന നിലയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകാൻ ഇസ്ലാം ആഗ്രഹിക്കുന്നു. ഇന്നും മുസ്ലിം നാടുകളിൽ വ്യക്തിഗത നിയമങ്ങളിൽ അമുസ്ലിം മുസ്ലിം എന്ന നിലയിലല്ലാതെ ഹിന്ദു കൃസ്ത്യൻ ജൂതൻ എന്ന നിലയിൽ ആളുകളെ തരം തിരിക്കാറില്ല.

ഇന്ത്യ ഇപ്പോൾ പഴയ ഇന്ത്യയല്ല. ഭരിക്കുന്നത്‌ ഹിന്ദു വംശീയ വാദികളാണ്. എല്ലാത്തിലും വംശീയത കലർത്തുക എന്നത് അവർ ഏറ്റെടുത്ത കാര്യമാണ്. പൗരത്വ നിയമത്തിന്റെ കാലത്ത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്. മുസ്ലിംകളെ ഒറ്റപ്പെടുത്തുക എന്നത് സംഘ പരിവാർ ഏറ്റെടുത്ത ദൗത്യമാണ്‌. അതിനവർ മറ്റുള്ളവരെ കൂടി ഒപ്പം കൂട്ടുന്നു. ഇത്തരം ബോർഡുകൾ അതിന്റെ ബാക്കി പത്രമാണ്‌. കേരളത്തിൽ വിശ്വാസികൾ തമ്മിൽ കാര്യമായ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു. ആ നല്ല അവസ്ഥ തകർക്കാൻ പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം സമുദായം എല്ലാവരുടെയും ശത്രുവാണ് എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്.

അവസരം ഉപയോഗിച്ച് മുതലെടുക്കാൻ മതേതര പാർടികളും രംഗത്തുണ്ട്. അമ്പലത്തിൽ മുസ്ലികൾക്ക് ഒന്നും ചെയ്യാനില്ല എന്നുറപ്പാണ്. സാധാരണ രീതിയിൽ “സലഫികൾ” ഇടതു പക്ഷത്തിന്റെ ചർച്ചയിൽ വരാറില്ല. അങ്ങിനെ ഒരു ബോർഡു വെച്ചതിനെ ചില സലഫി ചിന്തകർ പിന്തുണച്ചിരുന്നു. അതിന്റെ സാമൂഹിക വശത്തെയല്ല അവർ പ്രതിനിധാനം ചെയ്യുന്നത്. അതിന്റെ ആരാധന വിഷയത്തെയാണ്. ആരാധന വിഷയത്തിൽ അങ്ങിനെ ഒരു ബോർഡ് വെക്കുന്നതിൽ ആർക്കും എതിർപ്പില്ല. അതെ സമയം വർത്തമാന കാലത്ത് അതിന്റെ സാമൂഹിക വശം നമ്മെ കൂടുതൽ ഭയപ്പെടുത്തണം. ആർ എസ് എസ് കരുതുന്നത് പോലെയാണ് സലഫികൾ കാര്യങ്ങളെ കാണുന്നത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം മുളയിലെ നുള്ളിക്കളയണം. ഒന്ന് വംശീയ വാദമാണ്. മറ്റൊന്ന് അവരുടെ വിശ്വാസത്തിൽ ഊന്നി നിൽക്കുന്ന ഏക ദൈവ വിശ്വാസത്തിന്റെ ഭാഗവും.

ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ സലഫികൾ എന്നത് കൊണ്ട് ഉദ്ദേശം പ്രവാചകന്റെ അനുയായികളെയാണ്. അവർ എല്ലാവരും സന്മാർഗം ലഭിച്ചവരാണ് എന്നാണു വിശ്വാസികൾ മനസ്സിലാക്കുന്നത്. പ്രവാചകനെ പോലെ അവർ പാപ സുരക്ഷിതരല്ല . അത് കൊണ്ട് ചിലപ്പോൾ മാനുഷികമായ എന്തെങ്കിലും വീഴ്ചകൾ അവരിൽ നിന്നും സംഭാവിചിരിക്കാൻ ഇടയുണ്ട്. അവരുടെ കൂട്ടത്തിൽ തീവ്രം മിതം എന്നൊരു വേർതിരിവ് നാം കണ്ടില്ല. ഇസ്ലാമിനുമേൽ ശത്രുക്കൾ കെട്ടിവെച്ച പ്രയോഗമാണ് “ തീവ്ര സലഫിസം” . ഇസ്ലാമിനെക്കാൾ തീവ്രമാകാൻ സലഫികൾക്കും കഴിയില്ല എന്നതാണ് വസ്തുത. ചുരുക്കത്തിൽ ഒരു തൂക്കം ഒപ്പിക്കാനുള്ള ശ്രമം ശ്രീ. ജയരാജൻ നടത്തിയിട്ടുണ്ട്. ആർ എസ് എസ് മുന്നോട്ട് വെക്കുന്ന വംശീയതയും സലഫിസവും ഒന്നാണു എന്ന് വരുത്തി തീർക്കാനുള്ള ശ്രമം വാസ്തവത്തിൽ തെറ്റിനെ ഇല്ലാതാക്കാനുള്ള ശ്രമം മാത്രമാണ്.

Related Articles