Current Date

Search
Close this search box.
Search
Close this search box.

ഇബ്രാഹിം നബിയുടെ ബലി

ഇത് ബലിയുടെ കൂടി കാലമാണ്. ബലി ഇസ്ലാമിലെ ഒരു സുപ്രധാന കര്‍മ്മം കൂടിയാണ്. ബലി പെരുന്നാള്‍ എന്ന് കേട്ടാല്‍ വിശ്വാസിയുടെ മനസ്സിലേക്ക് ആദ്യം കയറി വരിക ഇബ്രാഹിം നബിയും ഇസ്മായില്‍ നബിയുമാണ്. രണ്ടു ബലികളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അതില്‍ ഒന്നാമത്തെ ബലി ഇബ്രാഹിം നബിയുടെ ബലി തന്നെ. ഖുര്‍ആന്‍ അതിനെ ഇങ്ങിനെ വിശേഷിപ്പിക്കുന്നു “പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്‌റാഹീം പറയുന്നു: ‘മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതെപ്പറ്റി നിനക്ക് എന്തു തോന്നുന്നു?’ മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ്– അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം. അങ്ങനെ ഇരുവരും സമര്‍പ്പിതരായി. ഇബ്‌റാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം വിളിച്ചു. അല്ലയോ ഇബ്‌റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. സുകൃതികള്‍ക്ക് നാം ഈവിധം പ്രതിഫലം നല്‍കുന്നു. നിശ്ചയം, ഇതൊരു തുറന്ന പരീക്ഷണംതന്നെയായിരുന്നു. നാം മഹത്തായ ഒരു ബലി തെണ്ടം നല്‍കിക്കൊണ്ട് ആ ബാലനെ മോചിപ്പിച്ചു. അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തികള്‍ പിന്‍തലമുറകളില്‍ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്‌റാഹീമിനു സലാം. സുജനങ്ങള്‍ക്ക് നാം ഇങ്ങനെത്തന്നെ പ്രതിഫലം നല്‍കുന്നു. നിശ്ചയം, അദ്ദേഹം നമ്മുടെ വിശ്വാസികളായ ദാസന്മാരില്‍പെട്ടവനായിരുന്നു.”

മറ്റൊരു ബലി കൂടി ഖുര്‍ആന്‍ പറയുന്നു. മൂസാ നബിയുടെ സമുദായം സമീപസ്ഥരായ സമുദായങ്ങളില്‍നിന്ന് പശുഭക്തിയുടെയും ഗോപൂജയുടെയും രോഗം ഇസ്രാഈല്യരെ ബാധിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് പശുവിനെ അറുക്കാന്‍ അവരോട് കല്‍പിച്ചത്. അല്ലാഹു ഒഴികെ മറ്റൊന്നിനെയും അവരിപ്പോള്‍ ആരാധ്യവസ്തുവായി അംഗീകരിക്കുന്നില്ലെങ്കില്‍, മുമ്പ് ആരാധ്യവസ്തുവായി സ്വീകരിച്ചിരുന്ന ബിംബത്തെ സ്വകരങ്ങള്‍ കൊണ്ടുതന്നെ ഉടച്ചു കാണിക്കുക വഴിക്കേ അവരുടെ സത്യവിശ്വാസത്തെ പരീക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതൊരു കഠിന പരീക്ഷണമായിരുന്നു. ഹൃദയത്തില്‍ സത്യവിശ്വാസം വേരുറച്ചു കഴിഞ്ഞിരുന്നില്ല. തന്നിമിത്തം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുകൊണ്ട് അവര്‍ പല വിശദീകരണങ്ങളും ആവശ്യപ്പെട്ടു. പക്ഷേ, വിശദീകരണം ആവശ്യപ്പെട്ടേടത്തോളം അവര്‍ കൂടുതല്‍ കുടുങ്ങുകയാണ് ചെയ്തത്. അവസാനം, അക്കാലത്ത് പൊതുവെ പൂജക്കായി പ്രത്യേകം തെരഞ്ഞെടുക്കാറുണ്ടായിരുന്ന സ്വര്‍ണവര്‍ണമുള്ള പശുവെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെയാണ് അറുക്കേണ്ടതെന്ന് നിര്‍ദേശിക്കപ്പെട്ടു. അവര്‍ ആ ബലി നടത്തി അതിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് “ അങ്ങനെ അവര്‍ അതിനെ അറുത്തു. അവരതു ചെയ്യാന്‍ തയാറായിരുന്നില്ല” എന്നാണ്.

Also read: സോഷ്യൽ മീഡിയ വഴി സ്ത്രീകള്‍ നടത്തുന്ന വിവാഹ അഭ്യര്‍ത്ഥന

വിശ്വാസി അല്ലാഹുവിന്റെ തൃപ്തി തേടി മാത്രം ചെയ്യുന്ന ഒരു ആരാധനയാണ് ബലി . ബലിയും ദാനവും കര്‍ത്താവിന്റെ സാമ്പത്തിക സാഹചര്യവും മാനസിക അവസ്ഥയും കൂട്ടി ചേര്‍ത്താണ് പരിഗണിക്കപ്പെടുക. മറ്റൊരിക്കല്‍ ഖുര്‍ആന്‍ ഇങ്ങിനെ പറഞ്ഞു “ അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു”. അറക്കുന്ന ഉരുവിന്റെ വണ്ണമോ വലിപ്പമോ അല്ല പുണ്യം നിര്‍ണയിക്കുന്നത് പകരം അതിന്റെ പിന്നിലുള്ള മനസ്സാണ് കാര്യം. അതില്‍ ഭക്ഷിക്കുകയും പാവങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. താന്‍ കഴിക്കുന്നതു മാത്രമേ മറ്റുള്ളവര്‍ക്കും നല്‍കാന്‍ പാടുള്ളൂ. തനിക്ക് ആവശ്യമില്ലാത്തത് മറ്റുളളവര്‍ക്ക് നല്‍കുക എന്നത് പുണ്യമല്ല . അത് ആളുകളുടെ അഭിമാനം ചോദ്യം ചെയ്യലാണ്. അത് പോലെ പാവങ്ങളെ ഭക്ഷിപ്പിക്കുക എന്നതും കൂടി ചേര്‍ത്തു വായിക്കണം.
പലപ്പോഴും ബലിയുടെയും ബലി മൃഗത്തിന്റെയും കര്‍മ്മശാസ്ത്ര ഭാഗങ്ങള്‍ ആവശ്യത്തിലും കൂടുതല്‍ നാം ചര്‍ച്ച ചെയ്യും. അതെ സമയം അതിന്റെ പിന്നിലെ “ തഖ്‌വ” യെ കുറിച്ച് നാം അധികം ചര്‍ച്ച ചെയ്യാറില്ല. അത് കൊണ്ടാണ് രണ്ടു ബലികളെ കുറിച്ച് മുകളില്‍ സൂചിപ്പിച്ചത്. രക്തവും മാംസവും അത് ഈ ലോകത്ത് തന്നെ അവസാനിക്കും. അതെ സമയം അതില്‍ ബാക്കിയാവുക അതിന്റെ പിന്നിലെ ഉദ്ദേശമാണ്. എന്തിനും കൂടെ ഉണ്ടാകേണ്ട മുഖ്യ ഘടകമാണ് തഖ്‌വ. അത് ഇവിടെയും ബാധകമാണ്.

ഇബ്രാഹിം നബിയുടെ ബലിയുടെ പിന്നില്‍ അല്ലാഹുവിനെ കുറിച്ച ചിന്തകള്‍ ധാരാളം. തനിക്കു കാത്തിരുന്നു കിട്ടിയ മകനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലി കഴിക്കാന്‍ അദ്ദേഹത്തിനു ഒന്നും തടസ്സമായില്ല. വഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ വന്ന പിശാചിനെ അദ്ദേഹം കൈകാര്യം ചെയ്തു. അതെ സമയം അപ്പുറത്തെ ബലി അവര്‍ നടത്താതിരിക്കാന്‍ കാരണം അന്വേഷിച്ചു. അവസാനം കുടുങ്ങിയ അവസ്ഥയില്‍ അവര്‍ ബലി നടത്തി. അവര്‍ ആ ബലിയുടെ എല്ലാ കര്‍മ്മശാസ്ത്രവും പൂര്‍ത്തിയാക്കി. പക്ഷെ ഇബ്രാഹിം നബിക്കുണ്ടായ തഖവയും പ്രീതിയും അവിടെ ഇല്ലാതെ പോയി.

Also read: അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്ന എന്തും ഇബ്രാഹിം നബിയുടെ രീതിയിലാകണം. അതാണ്‌ ബലി പെരുന്നാളും ബലിയും നല്‍കുന്ന പാഠം. പരീക്ഷണങ്ങളെ സമര്‍ത്ഥമായി നേരിട്ടപ്പോള്‍ അദ്ദേഹത്തെ വിശ്വാസികളുടെ നേതാവാക്കി . മറ്റൊരു കാര്യം കൂടി ഇബ്രാഹിം നബി നമ്മെ പഠിപ്പിക്കുന്നു . ഇത് മടിയന്മാരുടെ ദീനല്ല. ഇത് എന്ത് ത്യാഗവും സഹിച്ചു മുന്നേറാന്‍ സന്നദ്ധരായവരുടെ മതമാണ്‌. അതാണ് ഇബ്രാഹിം മില്ലത്ത്. വക്രതയില്ലാത്ത മാര്‍ഗം.

Related Articles