Current Date

Search
Close this search box.
Search
Close this search box.

സി പി എം കടലിനും ചെകുത്താനുമിടയിൽ

ശബരിമല ഒരിക്കൽ കൂടി കേരളം ചർച്ച ചെയ്യുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമാണ് വാസ്തവത്തിൽ ശബരിമല. തുല്യ നീതി എന്നത് ഭരണ ഘടന ആവശ്യപ്പെടുന്നു. പക്ഷെ ആരാധനയുടെ കാര്യത്തിൽ സ്ത്രീ പുരുഷൻ എന്നത് മതങ്ങളിൽ വേറെ തന്നെയാണ്. പുരുഷനില്ലാത്ത ചില നിബന്ധനകൾ സ്ത്രീകൾക്ക് മതങ്ങൾ നിർദ്ദേശിക്കുന്നു. അത് തീർത്തും “ മത പരമാണ്”. മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തീരുമാനിക്കപ്പെടുന്നത് ഇന്ത്യൻ ഭരണഘടന നോക്കിയല്ല. അത് നിർണയിക്കുന്നത് മതത്തിലെ പ്രമാണങ്ങൾ നോക്കിയാണ്. ഒരാൾ വിശ്വാസിയാവുക എന്നതിന്റെ അടിസ്ഥാനം മത പ്രമാണങ്ങൾ അംഗീകരിക്കുക എന്നത് കൂടിയാണ്. അധികം മതങ്ങൾക്കും ഈ പ്രമാണങ്ങൾ ഇല്ല എന്നതാണ് വാസ്തവം. അവരിലെ പുരോഹിതരും പണ്ഡിതരും നിയമങ്ങൾ നിർമ്മിക്കുന്നു. വിശ്വാസികൾ അതെല്ലാം വിശ്വസിക്കുന്നു.

ശബരിമല ഒരു മത വിഷയമാണ്‌. ഭക്തർ അവിടെ പോയി നേർച്ചയും വഴിപാടുകളും നടത്തുന്നു. ശബരിമലയിൽ പത്തിനും അമ്പതിനും മധ്യേയുള്ള സ്ത്രീകൾ വരാൻ പാടില്ലെന്നത് ഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അവിടെയാണ് തുല്യ നീതിയുടെ പേരിൽ കോടതികൾ ഇടപെട്ടത്. സ്ത്രീക്കും പുരുഷനും തുല്യത എന്നത് എവിടെയും സാധ്യമാണ് എന്നിടത്താണ് കോടതി എത്തിച്ചേർന്നത്.

കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ കാലത്ത് വ്യത്യസ്ത രീതിയിലുള്ള afadavite കൾ കോടതിയിൽ നൽകിയിരുന്നു. സ്ത്രീകളുടെ ശബരിമല പ്രവേശനത്തിൽ അനുകൂല നിലപാടാണ് എന്നും സി പി എം സ്വീകരിച്ചത്. സി പി എം മാത്രമല്ല ആർ എസ് എസും അത്തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇടതു പക്ഷ ഭരണ കാലത്ത് തന്നെ ശബരിമലയിൽ ഈ വിധി വന്നു എന്നതാണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം. ആചാരങ്ങൾ നിശ്ചയിക്കാൻ കോടതികൾക്ക് അധികാരമില്ല എന്നിടത്താണ് യു ഡി എഫ് നൽകിയ സത്യവാങ്മൂലം. ഈ വിധി യു ഡി എഫ് ഭരണ കാലത്ത് വന്നിരുന്നെങ്കിൽ ഇപ്പോൾ നടന്ന പുകിലുകൾ ഉണ്ടാകുമായിരുന്നില്ല.

സംഘ പരിവാർ ദേശീയ നേതൃത്വം എന്നും സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ്. പിന്നെ എന്ത് കൊണ്ട് അവർ എതിർത്തു എന്ന ചോദ്യത്തിനുള്ള ഉത്തരം രാഷ്ട്രീയം തന്നെ. ഹിന്ദു വികാരത്തെ പൂർണമായി തങ്ങൾക്കു അനുകൂലമാക്കുക എന്നത് തന്നെയായിരുന്നു ഇതിനു പിന്നിൽ. അധികാരം ഉപയോഗിച്ച് സി പി എം തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ ശ്രമിച്ചു. മത വികാരം എന്നത് കൊണ്ട് സംഘ പരിവാർ അതിനെ എതിർത്തു. ഇതാണു സംഭവിച്ചത്. അന്ന് ഈ വിഷയം വിശദീകരിക്കാൻ സഖാവ് പിണറായി വിജയൻ തന്നെ കേരളം മുഴുവൻ യാത്ര ചെയ്തിരുന്നു. കോടതി വിധി നടപ്പാക്കുക എന്നതിന്റെ ഭരണഘടനാ ബാധ്യതയാണ്‌ അന്ന് സർക്കാർ പറഞ്ഞത്. അതെ സമയം ഇന്ത്യയിലെ തന്നെ വലിയ മത വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യം എന്ന നിലയിൽ കുറച്ചുകൂടി അവധാനതയോടെ കാര്യങ്ങളെ നോക്കിക്കാണണം എന്നും പല കോണിൽ നിന്നും നിർദ്ദേശങ്ങൾ വന്നിരുന്നു. അതൊന്നും സി പി എം ചെവി കൊണ്ടില്ല എന്നതാണ് ചരിത്രം.

ശബരിമല വിഷയത്തിന്റെ മറവിൽ കേരളത്തെ കത്തിക്കാനാണ് സംഘ പരിവാർ ശ്രമിച്ചത്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായ ദേശീയ നിലപാട് പൂർണമായി അവർ കേരളത്തിൽ വേണ്ടെന്നു വെച്ചു.. ശബരിമല കൊണ്ട് സംഘ പരിവാരിനു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇടതു പക്ഷത്തിനും അത് കാര്യമായ ഗുണം ചെയ്തില്ല. പക്ഷെ യു ഡി എഫ് അതിന്റെ ഗുണം പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ലഭ്യമായി. അത് തന്നെയാണ് ഇപ്പോൾ പിണറായി സർക്കാരിന്റെ നെഞ്ചിടുപ്പ് കൂട്ടുന്നതും. ശബരിമല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായി ഇടപെടും എന്നിടത്ത് നിന്നാണ് സി പി എം ഒരു പൂർണമായ “ U TURN” അടിക്കാൻ നിർബന്ധിതമായത്. അന്ന് പറഞ്ഞതിൽ നിന്നും ഒരു പൂർണമായ തിരിച്ചു പോക്കിലാണ് സർക്കാർ. വിശ്വാസികളുടെ കൂടെയാണ് പാർട്ടി എന്നാണു സിക്രട്ടറി പറയുന്നത്. എങ്കിൽ സർക്കാർ വേണ്ടിയിരുന്നത് വിധിക്കെതിരെ അപ്പീൽ നൽകുക എന്നതായിരുന്നു. അപ്പീൽ തങ്ങളുടെ നിലപാടിന് എതിരാകും എന്നതിനാലാണ് അതിനു മുതിരാതിരുന്നത് എന്നാണു അന്ന് സി പി എം പറഞ്ഞത്.

ചുരുക്കത്തിൽ ശബരിമല വിഷയം ഒരു തെറ്റായിരുന്നു എന്ന കുമ്പസാരത്തിലാണ് കേരള പാർട്ടി. അതെ സമയം നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് കേന്ദ്ര നേതൃത്വവും പറയുന്നു. എൻ എസ് എസ് പോലുള്ള സംഘടനകൾ ഉന്നയിക്കുന്ന ആശങ്കകൾ നേരിടാൽ കഴിയാത്ത അവസ്ഥയിലേക്ക് പാർട്ടി പോയിരിക്കുന്നു. പഴയ നിലപാട് തെറ്റായിരുന്നു എന്ന് സമ്മതിച്ചാൽ അത് ഗുണം ചെയ്യുക യു ഡി എഫിനും സംഘ പരിവാരിനുമാണ്. അതിൽ ഉറച്ചു നിന്നാൽ വിശ്വാസികളുടെ വോട്ടുകൾ നഷ്ടമാകും. കടലിനും ചെകുത്താനും എന്നിടത്താണ് പാർട്ടിയും സർക്കാരും എത്തി നിൽക്കുന്നത്. ചുരുക്കത്തിൽ സംഘ പരിവാറിനു കേരളത്തിൽ കുറച്ചു കൂടുതൽ വേരോട്ടം നേടാൻ ഉപകരിച്ചു എന്നത് മാത്രമാണ് ശബരിമല സ്ത്രീ പ്രവേശനത്തിന്റെ ബാക്കിപത്രം. പിണറായി കാലത്ത് എങ്ങിനെയാണ്‌ സംഘ പരിവാർ കേരള മണ്ണിൽ നിലയുറപ്പിച്ചത് എന്നതിന് കൂടുതൽ തെളിവുകൾ ആവശ്യം വരുന്നില്ല.

Related Articles