Current Date

Search
Close this search box.
Search
Close this search box.

ശബരിമലയെ സുവര്‍ണാവസരമായി തന്നെയാണ് അവര്‍ കണ്ടത്

‘രാഹുല്‍ ഈശ്വരല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രസിഡന്റ്’ എന്ന് കോണ്‍ഗസ്സിന്റെ തന്നെ ഒരു പ്രമുഖ നേതാവാണ് പറഞ്ഞത്. അതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് തന്നെ ശക്തമായ നിലയില്‍ പ്രതികരിച്ചിരുന്നു. അദ്ദേഹത്തോട് വിശദീകരണം ചോദിക്കുമെന്നും പ്രസിഡന്റ് പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക കോണ്‍ഗ്രസ്സിനെ തന്നെയാകും എന്ന് അന്ന് തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ശബരിമല വിഷയത്തില്‍ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നത് തന്നെയാണ് കാരണം.

വിശ്വാസികളുടെ കൂടെ എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. വിശ്വാസികളെ ആദ്യം മുതല്‍ തന്നെ ബി ജെ പി വലയത്തിലാക്കിയിരുന്നു. അത്‌കൊണ്ട് തന്നെ പലപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെയും സംഘപരിവാര്‍ നേതാക്കളുടെയും വാക്കുകള്‍ക്ക് സാദൃശ്യമുണ്ടായിരുന്നു. ഒരുവേള മറകളില്ലാതെ സംഘപരിവാറുമായി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബന്ധപ്പെടാന്‍ ശബരിമല ഒരു കാരണമായി എന്ന് കൂടി പറഞ്ഞാല്‍ തെറ്റില്ല. കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവ് അങ്ങിനെ ബി ജെ പി യുടെ തലമുതിര്‍ന്ന നേതാവായി മാറുന്നത് വരെ കാര്യങ്ങള്‍ എത്തി ചേര്‍ന്നു.

ദേശീയ രാഷ്ട്രീയത്തില്‍ പലരും ബി ജെ പി യില്‍ നിന്നും കോണ്‍ഗ്രസ്സിലേക്കു വന്നു കൊണ്ടിരിക്കുന്നു. അത് നിലനില്‍പ്പിന്റെ രാഷ്ട്രീയമായി മാത്രമേ കാണാന്‍ കഴിയൂ. മധ്യപ്രദേശും രാജസ്ഥാനും ഇക്കൊല്ലം സംഘപരിവാറിനെ കൈവിടും എന്നാണ് കിട്ടുന്ന വിവരം. ഈ കാലുമാറ്റക്കാരെ സ്വീകരിച്ചിരുത്തിയാല്‍ ഏതു സമയത്തും തിരിച്ചു പോക്കും സംഭവിക്കും എന്നത് മാത്രമാണ് സംഭവിക്കുക. മതേതരത്വവും ഫാസിസവും തമ്മിലുള്ള അന്തരമാണ് വാസ്തവത്തില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലുള്ള യഥാര്‍ത്ഥ അന്തരം. ആ അന്തരം കേരളത്തില്‍ നിലനിന്നിരുന്നു. ആ പ്രത്യാശയും തകരുന്നു എന്നതാണ് പാലക്കാട് നല്‍കുന്ന പാഠം. മതേതര പാര്‍ട്ടികളുടെ നിസ്സംഗതയാണ് പാലക്കാട് നഗരസഭ ഇത്രയും കാലം ഫാസിസ്റ്റുകള്‍ ഭരണം നടത്താന്‍ കാരണം. അത് മനസ്സിലാക്കാന്‍ സമയം വൈകി.

മതേതരത്വത്തിന് കോട്ടം തട്ടുന്ന സമയത്ത് ആദ്യത്തെ ശ്രദ്ധ അത് ശരിപ്പെടുത്തുക എന്നത് തന്നെയാണ്. ഒരു സുവര്‍ണാവസരം എന്ന നിലയിലാണ് ശബരിമല വിഷയത്തെ ബി ജെ പി കണ്ടതെന്ന് അവരുടെ പ്രസിഡന്റ് തന്നെ വെളിപ്പെടുത്തിയ വിവരം പുറത്തു വരുന്നു. നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ഫാസിസ്റ്റുകള്‍ വഴി അന്വേഷിച്ചു നടക്കുന്ന കാലത്തു അവര്‍ക്കു വഴിമരുന്ന് ഇട്ടു കൊടുക്കാനുള്ള ശ്രമത്തിലാണ് ചില മുസ്ലിം സംഘടനകള്‍. തലശ്ശേരി കലാപം നടന്നിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അതൊരു ഹിന്ദു -മുസ്ലിം കലാപമായി പറയപ്പെടുന്നു. കലാപത്തിന് സംഘപരിവാറിന് യാതൊരു പങ്കുമില്ല, അതെല്ലാം കമ്യൂണിസ്റ്റ്- ലീഗ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയതാണ് എന്നാണ് സംഘപരിവാര്‍ ചരിത്രം പറയുന്നത്. എന്തായാലും അതിന്റെ ഒരവശേഷിപ്പും ഇന്ന് തലശ്ശേരിയില്‍ നിലനില്‍ക്കുന്നില്ല.

തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ 35 ശതമാനത്തിനു മേലെ മുസ്ലിം ന്യൂനപക്ഷം ജീവിക്കുന്നു. അവിടെ നിന്നും എന്നും വലിയ ശതമാനത്തില്‍ ഇടതുപക്ഷം വിജയിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ചിലര്‍ പറഞ്ഞു വരുന്നതു പോലെ കണ്ടമാനം പള്ളി പൊളിച്ചവരെ നാട്ടുകാര്‍ വോട്ടു നല്‍കി വിജയിപ്പിക്കും എന്ന് തോന്നുന്നില്ല. ഒരു പള്ളി പൊളിച്ചതിന്റെ ശിക്ഷ ഇന്നും അനുഭവിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. അപ്പോള്‍ ഇപ്പറഞ്ഞത് പോലെ മുപ്പത്തിയഞ്ചു പള്ളി പൊളിച്ചവരെ ആ നാട്ടുകാര്‍ അംഗീകരിക്കും എന്ന് മനസ്സിലാക്കാന് സാധ്യമല്ല. എല്ലാ പാര്‍ട്ടിയിലും പെട്ട ഹിന്ദു-മുസ്ലിം എന്ന രീതിയിലായിരുന്നു അന്ന് കാര്യങ്ങള്‍ സംഭവിച്ചത് എന്നാണ് മനസ്സിലാക്കാന് കഴിയുക. മതേതരത്വം മതവികാരത്തിന് വഴിമാറി എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

ഈ സമയത്തു ഇത്തരം ആരോപണങ്ങള്‍ മതേതര ചേരികളെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. വളയമില്ലാതെ ചാടാന്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നതിന്റെ ബാക്കി അവര്‍ അനുഭവിക്കുന്നു. തങ്ങള്‍ ഇറക്കിയ അജണ്ടയിലേക്കു മറ്റുള്ളവരെ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നത് സംഘപരിവാര്‍ അജണ്ടയാണ്. അതില്‍ വീഴുക എന്നത് മഹത്വമല്ല പകരം ഗതികേടാണ് എന്ന് കൂടി നാം ഓര്‍ക്കണം. കേരള രാഷ്ട്രീയത്തില്‍ പിടിച്ചു കയറാന്‍ സംഘപരിവാര്‍ തുരുമ്പുകള്‍ അന്വേഷിച്ചു നടക്കുന്ന കാലത്ത് മതേതര ചേരികളുടെ നിസാര പിഴവുകള്‍ പോലും അവര്‍ക്കു പ്രചോദനമാകും. പാലക്കാട് അവസാനത്തേത് എന്ന് മനസ്സിലാക്കാന്‍ കഴിയില്ല. അതൊരു തുടക്കമാണ്. സി പി എമ്മിനോട് പറയാനുള്ളത് പറയണം. അത് രാഷ്ട്രീയമാണ്. ഒരു വികാരമല്ല. തങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്ന് അണികളെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്ന അവസ്ഥയുടെ നേര്‍ രൂപമാണ് പാലക്കാട് എന്നെ പറയാന്‍ കഴിയൂ.

Related Articles