Current Date

Search
Close this search box.
Search
Close this search box.

ശബരിമല: രാഷ്ട്രീയ ഗിമ്മിക്കുകള്‍ തുടരും

മണ്ഡല കാലം കഴിഞ്ഞാണ് കോടതി വീണ്ടും ശബരിമല കേസ് പരിഗണിക്കുക. അതുവരെ പഴയ വിധി നിലനില്‍ക്കും. അതായത് യുവതികള്‍ക്ക് ദര്‍ശനം നടത്താം എന്ന വിധി. അത് കൊണ്ട് തന്നെ ഇനിയും കേരളം കലുഷിതമാകാനാണ് സാധ്യത. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരും തടയാന്‍ സംഘ പരിവാറും എന്ന നടന്നു കൊണ്ടിരിക്കുന്ന അധ്യായം തുടര്‍ന്ന് കൊണ്ടിരിക്കും.

ഭരണഘടന ബെഞ്ചിന്റെ വിധികളില്‍ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന് സംശയമുള്ളതായി തോന്നുന്നില്ല. അങ്ങിനെ ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ വരുന്ന സമയത്തു നിലവിലെ വിധി കോടതി റദ്ദു ചെയ്യണമായിരുന്നു. നല്‍കപ്പെട്ട റിവ്യൂ പെറ്റിഷനും റിട്ട് ഹരജികളും പരിശോധിക്കുക എന്നത് ഭരണഘടനപരമാണ്. അതായിരിക്കും ജനുവരിയില്‍ സംഭവിക്കുക. എന്തായാലും അടുത്ത കുറെ മാസങ്ങള്‍ക്ക് കേരളത്തില്‍ മറ്റൊരു വിഷയത്തിനും സാധ്യത കാണുന്നില്ല.

ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ടത് എന്നത് കൊണ്ട് ബി ജെ പി ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നത് നമുക്ക് മനസ്സിലാവും. പക്ഷേ മതേതര പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ നടത്തുന്ന പൊറാട്ടു നാടകങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രതിഫലനം മോശമാകും. കേരളത്തിലെ ഹിന്ദുക്കളില്‍ അധികവും വിശ്വാസികളാണ്. അവരുടെ വോട്ടു പിടിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസ്സിന് ഗുണം ചെയ്യില്ല. സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന ഓര്‍ഡിനന്‍സല്ല. പകരം സുപ്രീം കോടതിയുടെ വിധിയാണ് എന്ന് മനസ്സിലാകാത്തവരല്ല കോണ്‍ഗ്രസ്സുകാര്‍. പലപ്പോഴും ഈ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്സിനും സംഘ പരിവാറിനും ഒരേ ശബ്ദമാകുന്നത് കോണ്‍ഗ്രസ്സും ബി ജെ പിയും ഒന്നാണ് എന്നത് കൊണ്ടല്ല. ഈ കാര്യത്തില്‍ സമരം നടത്താന്‍ പോയാല്‍ അപ്പുറത്തു ഒരു പ്രതിയോഗി വേണം. സുപ്രീം കോടതിയെ പ്രതിയോഗിയുടെ പക്ഷത്തു നിര്‍ത്താന്‍ എന്തായാലും കഴിയില്ല. ഇടതു പക്ഷ സര്‍ക്കാരിനെ അവിടെ നിര്‍ത്തുമ്പോള്‍ രണ്ടു പേരുടെയും സ്വരം ഒന്നാകുന്നത് സ്വാഭാവികം മാത്രം.

ജനുവരി 22 എന്നതാണ് അടുത്ത കടമ്പ. മുതലാഖു വിഷയത്തില്‍ വിശ്വാസമല്ല ഭരണഘടനായാണ് ആദ്യം വരിക എന്ന് പറഞ്ഞവര്‍ ശബരിമല വിഷയത്തില്‍ തിരിച്ചു പറയുന്നത് അതിന്റെ രാഷ്രീയം മാത്രമാണ്. സുപ്രീം കോടതിയുടെ വിധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ഓര്‍ഡിനന്‍സ് മതി. അത് ഭരണ ഘടനയുടെ മാര്‍ഗ നിര്‍ദ്ദേശ തത്വങ്ങളുടെ അകത്തു വരണം എന്ന് മാത്രം. റോഡില്‍ സമരം നടത്തുന്ന ബി ജെ പി ഈ വിഷയത്തില്‍ ഇതുവരെ കക്ഷിയല്ല എന്നത് തന്നെ ഈ വിഷയത്തിന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കി തരും. അമ്പലത്തിലും പള്ളികളിലും സ്ത്രീകള്‍ പോകാമോ എന്ന് പരിശോധിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളും കോടതികളുമല്ല. അത് മതത്തിലെ പ്രമാണത്തിന്റെ വിഷയമാണ്. വിഷയത്തില്‍ സുപ്രീം കോടതി അനാവശ്യമായി കൈകടത്തുന്നു എന്നതാണ് വിഷയമെങ്കില്‍ അതിനെ നിയമപരമായി നേരിടണം. ഊക്കു കൊണ്ട് മെഴുക്കു ഇളക്കുക എന്നത് നടക്കാത്ത കാര്യമാണ്. ഇരുട്ട് കൊണ്ട് ഓട്ട അടക്കലും.

Related Articles