Columns

മനിതിയിലൂടെ വീണ്ടും നമുക്ക് ശബരിമല ചര്‍ച്ച ചെയ്യാം

‘കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞിട്ട് മൂന്നു നൂറ്റാണ്ടു കഴിഞ്ഞു കാണും. പതിനെട്ടാം നൂറ്റാണ്ടിലാണ് നമ്പ്യാര്‍ ജീവിച്ചത്. അന്ന് നാട്ടില്‍ രാജ ഭരണമാണ്. നാട്ടിലെ കലഹങ്ങളുടെ പ്രധാന വിഷയം അന്നും പണവും പെണ്ണുമായിരുന്നു. പെണ്ണ് കുഴപ്പമുണ്ടാക്കുന്നു എന്നതിനേക്കാള്‍ സ്ത്രീകള്‍ കലഹത്തിന് കാരണമാകുന്നു എന്നാണു നമ്പ്യാര്‍ പറഞ്ഞെതെന്നു വേണം മനസ്സിലാക്കാന്‍.

ഇപ്പോള്‍ നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. പതിനെട്ടില്‍ നിന്നും സ്ത്രീകളുടെ അവസ്ഥയും സ്ഥാനവും കുറെ മുന്നോട്ടു പോയി. പുരുഷനെ പോലെത്തന്നെ സ്ത്രീകളും അവരുടെ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അണിയറയില്‍ നിന്നും അരങ്ങത്തേക്ക് എന്നത് മാത്രമല്ല അധികാരത്തിന്റെ കാര്യത്തിലും അവളുടെ സ്ഥാനം ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

കേരളം പോലെ സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് സ്ത്രീകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട രീതിയിലല്ല ഇന്നത്തെ ചര്‍ച്ചകള്‍ പോകുന്നത്. കുറച്ചു കാലമായി നമ്മുടെ ചര്‍ച്ചകളുടെ മര്‍മം സ്ത്രീകളാണ്. സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യത്തില്‍ നമ്മുടെ ചര്‍ച്ചകള്‍ വന്നു നില്‍ക്കുന്നു. സ്ത്രീ വിഷയം സമൂഹം എങ്ങിനെ കാണുന്നു എന്നതിന്റെ കൂടി നേര്‍ചിത്രമാണ് ഇപ്പോഴത്തെ നാടകങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷനെ പോലെ മല ചവിട്ടാന്‍ അവകാശമുണ്ട് എന്ന് പറഞ്ഞത് രാജ്യത്തെ പരമോന്നത കോടതി. അത് ഒരു ദിവസം കൊണ്ട് വന്ന വിധിയല്ല. നീണ്ട വര്‍ഷങ്ങള്‍ എടുത്തു പ്രസ്തുത വിധി വരാന്‍. പരമോന്നത കോടതി വിധിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്, അതെ സമയം അതിനെ ശക്തി ഉപയോഗിച്ച് കോടതി വിധി നടപ്പാക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത് കോടതിയലക്ഷ്യവും. കോടതി വിധി നടപ്പാക്കാന്‍ കഴിയാതെ നമ്മുടെ ജനാധിപത്യ സംരംഭങ്ങള്‍ നോക്കുകുത്തികളാവുന്നു. കുറെ അറസ്റ്റുകള്‍ നടക്കുന്നു എന്നതിലപ്പുറം വിഷയം അത് പോലെ തന്നെ നില നില്‍ക്കുകയും ചെയ്യുന്നു.

ഇന്നലെ സ്ത്രീകളെ മൃഗീയമായി ഓടിക്കുന്ന ചിത്രം നാം കണ്ടതാണ്. ഒപ്പം പോലീസും ഓടുന്നു. പരമോന്നത കോടതി വിധി നടപ്പാക്കാന്‍ കഴിയുന്ന ഒരു അവസ്ഥയല്ല നാട്ടില്‍ എന്ന് വന്നാല്‍ അതിനെ നാം എന്താണ് വിളിക്കേണ്ടത്. അയ്യപ്പനെ കാണാന്‍ സ്ത്രീകള്‍ വരരുത് എന്നാണു പ്രമാണമെങ്കില്‍ അത് വിശ്വാസികളെ പറഞ്ഞു ബോധിപ്പിക്കാന്‍ കഴിയണം. യാത്രക്കിടെ ട്രെയിനില്‍ വിഷയം ചര്‍ച്ചയായി. ഒപ്പമുണ്ടായിരുന്ന കുടുംബത്തിലെ സ്ത്രീ മല ചവിട്ടാന്‍ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പം ഭയന്ന് മാറി നില്‍ക്കുന്നു എന്നാണു അവര്‍ പറഞ്ഞത്.

കേരളത്തിലെ സ്ത്രീകള്‍ അത്തരം ഒരു നീക്കത്തില്‍ നിന്നും മാറി നിന്നതാണ്. അപ്പോഴാണ് കേരളത്തിന് പുറത്തു നിന്നും പുതിയ ആളുകള്‍ എത്തുന്നത്. അവരുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. സ്ത്രീകള്‍ക്ക് മല ചവിട്ടാന്‍ അവകാശത്തിനു വേണ്ടി കേസ് കൊടുത്തത് സംഘ് പരിവാര്‍ ബന്ധമുള്ളവര്‍ തന്നെയാണ് എന്ന് നാം വായിച്ചതാണ്. എന്നോ ഇസ്ലാമിനോട് വിട പറഞ്ഞ ഒരു സ്ത്രീയെ കൊണ്ട് വന്നു കലാപമുണ്ടാക്കാന്‍ ശ്രമിച്ചതും നാം കണ്ടു. മറ്റൊരാളെ വിമാനത്തില്‍ കൊണ്ട് വന്നു. എല്ലാവരും അവസാനമായി വന്നു നില്‍ക്കുന്നത് സംഘ പരിവാര്‍ ബന്ധത്തിലും.

പെരുമ്പാവൂര്‍ ജിഷ കൊലയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട കൂട്ടായ്മയാണ് മനിതി എന്ന് പറയപ്പെടുന്നു. അവരെ ആരാണ് രംഗത്തു കൊണ്ട് വന്നത് എന്ന് വരും ദിവസങ്ങളില്‍ പുറത്തു വരും എന്ന് പ്രതീക്ഷിക്കാം. സംഭവം കൃത്യമാണ്. കുറച്ചു മുമ്പ് സംഘപരിവാര്‍ പറഞ്ഞത് പോലെ അവര്‍ വിരിച്ച വലയില്‍ മൊത്തം കേരളം അകപ്പെട്ടു പോയിരിക്കുന്നു. കേരളത്തിലെ മുഖ്യ വിഷയം ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതാണ് എന്ന് വന്നിരിക്കുന്നു. സാധാരണക്കാരനെ ബാധിക്കുന്ന പലതും നടക്കുന്നു. പക്ഷെ ആര്‍ക്കും അതൊരു ചര്‍ച്ചയാവുന്നില്ല.

തിരൂര്‍ സ്റ്റേഷനില്‍ നിന്നും വണ്ടി കയറാന്‍ നിന്ന സ്ത്രീ തിരക്ക് കാരണം ഒരു കോച്ചിലും കയറാന്‍ കഴിയാതെ നിസ്സഹായയായി പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ് ‘ സ്ത്രീകള്‍ക്ക് മാന്യമായി യാത്ര ചെയ്യാനുള്ള അവസരത്തിന് വേണ്ടി സ്ത്രീകള്‍ ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’. അത് വാസ്തവമായി തോന്നി. സ്ത്രീകള്‍ കലഹത്തിന്റെ കാരണമായി മുന്നേറുമ്പോള്‍ അതില്‍ സ്ത്രീകള്‍ക്ക് എന്ത് മെച്ചം എന്ന് കൂടി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Facebook Comments
Show More

Related Articles

Close
Close