Current Date

Search
Close this search box.
Search
Close this search box.

സഅദ് ബിന്‍ അബീവഖാസ് ; അതുല്യനായ സൈന്യാധിപന്‍

സ്വഹാബിമാർ - 6

മുസ്‍ലിംകളും പേര്‍ഷ്യന്‍ സാമ്രാജ്യവും തമ്മില്‍ നടന്ന ജിസ്ര്‍ യുദ്ധ വാര്‍ത്തകള്‍ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ (റ) നെ വല്ലാതെ ആകുലനാക്കി. ഇറാഖിലെ ആളുകളുടെ കരാര്‍ ലംഘനവും ഒരൊറ്റ ദിവസം കൊണ്ട് നാലായിരം പേര്‍ രക്തസാക്ഷികളായതും അദ്ദേഹത്തെ ശരിക്കും അസ്വസ്ഥനാക്കി. മുസ്‍ലിം സൈന്യത്തെ നയിക്കാന്‍ അദ്ദേഹം തന്നെ യുദ്ധക്കളത്തിലേക്ക് പോവാനൊരുങ്ങി.

അലി (റ) നെ തല്‍ക്കാലത്തേക്ക് ഏല്‍പ്പിച്ചിട്ട് മദീനയില്‍ നിന്നും ഖലീഫ പുറപ്പെട്ടിട്ടേയുള്ളു, അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് (റ) ന്റെ നേതൃത്വത്തില്‍ ഏതാനും സ്വഹാബികള്‍ തനിയെ യുദ്ധക്കളത്തിലേക്ക് പോവുന്നത് അപകടമാണെന്ന് അദ്ദേഹത്തെ സൂചിപ്പിച്ചു. ഉമര്‍(റ) ശൂറ വിളിച്ചുകൂട്ടി. അതില്‍ ഖലീഫ മദീനയിലേക്ക് തിരിച്ചുപോവാനും പുതിയ സൈന്യാധിപനെ തെരഞ്ഞെടുക്കാനും തീരുമാനമായി. ഉമര്‍ (റ) ചോദിച്ചു: ‘ഇറാഖിലേക്ക് ആരെ അയക്കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?’. അല്‍പനേരം നിശബ്ദമായി എല്ലാവരും ആലോചിച്ചു.

അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് (റ) ചാടിയെഴുന്നേറ്റ് പറഞ്ഞു: ‘ ആളെ കിട്ടി!’

‘ആരാ’?- ഉമര്‍ (റ) ചോദിച്ചു.

അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് (റ) : ‘സര്‍വതും കൈപിടിയിലൊതുക്കുന്ന സിഹം! സഅദ് ബിന്‍ മാലിക് അസ്സുഹ്‌രി’

വിശ്വാസികള്‍ എല്ലാവരും അതേറ്റെടുത്തു. ഖലീഫ അദ്ദേഹത്തെ ഇറാഖിന്റെ ഭരണവും സൈനിക സ്ഥാനവും ഏല്‍പ്പിച്ചു.

‘സര്‍വതും കൈപിടിയിലൊതുക്കുന്ന സിഹം’ ആരാണയാള്‍?

സഅദ് ബിന്‍ അബീവഖാസ്, റസൂല്‍ (സ) യുടെ മാതാവ് ആമിന ബീവിയുടെ അമ്മാവനായ ഉഹൈബ് ബിന്‍ മനാഫ് ആണ് സഅദിന്റെ വല്യുപ്പ. വളരെ നേരത്തെ തന്നെ ഇസ്്‌ലാം സ്വീകരിച്ചയാളായിരുന്നു സഅദ് ബിന്‍ അബീ വഖാസ്. അതിനെ കുറിച്ച് അദ്ദേഹം തന്നെ പറയുന്നുണ്ട്. ‘ അത് എന്നിലേക്ക് ഒരിക്കല്‍ വന്നണഞ്ഞു. ഞാനാവട്ടെ, ഇസ്‍ലാമിന്റെ മൂന്നിലൊന്നായിരുന്നു അന്ന്’. അതായത്, ആദ്യം ഇസ്‍ലാമിലേക്ക് കടന്നുവന്ന മൂന്നുപേരില്‍ അദ്ദേഹവും ഉണ്ടായിരുന്നു.

അബൂബക്കര്‍ (റ) നോടൊപ്പമാണ് സഅദ് ഇസ്‍ലാം സ്വീകരിച്ചതെന്ന് ചില ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. അബൂബക്കര്‍ (റ) ന്റെ തൊട്ടുടനെ ഇസ്‍ലാം സ്വീകരിച്ച ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ), സുബൈറിബ്‌നുല്‍ അവ്വാം (റ), അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് (റ), ത്വല്‍ഹ ബിന്‍ അബീ ഉബൈദ (റ) എന്നിവരോടൊപ്പമാണ് സഅദ് തന്റെ ഇസ്‍ലാമാശ്ലേഷണം പരസ്യമാക്കിയതെന്നും പറയപ്പെടുന്നുണ്ട്.

രണ്ട് കാര്യങ്ങളായിരുന്നു സഅദ് ബിന്‍ അബീ വഖാസ് പരസ്യപ്പെടുത്തിയിരുന്നത്. ഒന്ന്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ആദ്യം ആയുധമെടുക്കുന്നതും രക്തസാക്ഷിയാവുന്നതും താനാവണം എന്നകാര്യം. രണ്ട്, ‘ഫിദാക്ക അബീ വ ഉമ്മീ’ എന്ന് പ്രവാചകന്‍ പറഞ്ഞ ഏക വ്യക്തി സഅദ് ആണ് എന്ന കാര്യം. ഈ രണ്ട് കാര്യങ്ങള്‍ ലഭിച്ചതില്‍ അദ്ദേഹം ഏറെ സന്തോഷവാനായിരുന്നു. ഇടക്കിടെ സഅദ് അക്കാര്യം പറയുമായിരുന്നു.

അറബികളിലെ എറ്റവും ധീരനായ കുതിരപ്പടയാളി ആയിരുന്നു സഅദ് ബിന്‍ അബീ വഖാസ് (റ). അദ്ദേഹത്തിന് രണ്ട് ആയുധങ്ങളാണുണ്ടായിരുന്നത്. ഒന്ന് തന്റെ കുന്തം. രണ്ട്, അദ്ദേഹത്തിന്റെ പ്രാര്‍ഥന. യുദ്ധക്കളത്തില്‍ വെച്ച് സഅദ് ആയുധമെറിഞ്ഞാല്‍ ശത്രു വീഴും. സഅദ് അല്ലാഹുവോട് ദുആ ചെയ്താല്‍ അതല്ലാഹു സ്വീകരിക്കും.

ആത്മാര്‍ഥതയുടെ പര്യായം, ഉറച്ച ഈമാനിക ബോധം..ഇതെല്ലാമായിരുന്നു സഅദ് ബിന്‍ അബീ വഖാസ്. ചിലവഴിക്കുന്നതില്‍ അങ്ങേയറ്റത്തെ സൂക്ഷ്മത പുലര്‍ത്തിയ ആളായിരുന്നു അദ്ദേഹം. മുസ്‍ലിംകളിലെ പ്രമാണി ആയിരുന്നിട്ടു പോലും ഒരു ദിര്‍ഹം സംശയത്തിന്റെ പേരില്‍ ഒഴിവാക്കാന്‍ സഅദ് മടി കാണിച്ചിരുന്നില്ല. അങ്ങനെയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. മരണപ്പെടുന്ന സന്ദര്‍ഭത്തില്‍ പോലും വേണ്ടുവോളം സ്വത്ത് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. പരിശുദ്ധവും ഹലാലുമായ ധനം! അല്ലാഹു അദ്ദേഹത്തിന് അതിരില്ലാതെ നല്‍കി.

സമ്പത്തുണ്ടെങ്കിലും സ്വദഖ നല്‍കാന്‍ അദ്ദേഹം തെല്ലും മടിച്ചിരുന്നില്ല. ഹജ്ജത്തുല്‍ വദാഇന്റെ സന്ദര്‍ഭം, പ്രവാചകന്‍ (സ) യോട് സഅദ് (റ) ചോദിച്ചു:’ അല്ലാഹുവിന്റെ റസൂലേ, എനിക്കൊരുപാട് സമ്പത്തുണ്ട്. ആകെ ഒരു മകളേ എനിക്കുള്ളൂ. അതുകൊണ്ട് ഞാനെന്റെ സ്വത്തിന്റെ മുക്കാല്‍ ഭാഗം സ്വദഖ ആയി നല്‍കട്ടെ’?

പ്രവാചകന്‍ (സ) : ‘പറ്റില്ല’

സഅദ്:’അതിന്റെ പകുതി?’

പ്രവാചകന് (സ) :’പറ്റില്ല’

സ്അദ് (റ) :’അതിന്റെ മൂന്നിലൊന്ന്?’

പ്രവാചകന്‍ (സ) : ‘ശരി. മൂന്നിലൊന്ന് തന്നെ അധികമാണ്. നിന്റെ അനന്തരാവകാശികളെ ദരിദ്രരായി വിട്ടേച്ചു പോവുന്നതിനേക്കാള്‍ ഉത്തമം അവരെ സമ്പന്നതയില്‍ വിട്ടേച്ചു പോവലാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നീ ചിലവഴിക്കുന്ന ഓരോന്നിനും പ്രതിഫലമുണ്ട്. നിന്റെ ഇണയുടെ വായിലേക്ക് ഒരുരുള വെക്കുന്നത് പോലും’.

അല്ലാഹുവിനെ ഭയന്ന് വളരെയധികം കരഞ്ഞിരുന്ന വ്യക്തിയായിരുന്നു സഅദ് ബിന്‍ അബീ വഖാസ്. പ്രവാചകന്‍ എന്തെങ്കിലും ഉപദേശം തുടങ്ങിയാല്‍, അല്ലെങ്കില്‍ അവിടുന്ന് ഖുതുബ പറയാനാരംഭിച്ചാല്‍ സഅദിന്റെ കണ്ണുകള്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങും. ഒരിക്കല്‍ നബി (സ) സ്വഹാബികളുമായി ഒന്നിച്ചിരിക്കെ ഇങ്ങനെ പറഞ്ഞു:’ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ സ്വര്‍ഗ്ഗാവകാശിയായ ഒരാള്‍ പ്രത്യക്ഷ്യപ്പെടും. ഉടനെ സ്വഹാബികള്‍ ആ ഭാഗ്യവാനെ നോക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അതാ വരുന്നു..സഅദ് ബിന്‍ അബീ വഖാസ്!

സ്വര്‍ഗ്ഗാവകാശിയാണെന്ന പ്രവാചക വാര്‍ത്ത ഒരാള്‍ അദ്ദേഹത്തോട് പറയുകയും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, സഅദ് (റ) ഇത്രമാത്രമാണ് പറഞ്ഞത്:’ അങ്ങനെ അധികമായി ഞാന്‍ ഇബാദത്ത് ചെയ്യാറില്ല. പിന്നെ ഞാന്‍ വിശ്വാസികളില്‍ ആരെകുറിച്ചും വെറുപ്പോ മോശമോ വെച്ചുപുലര്‍ത്താറില്ല’. ഇതാണ് സഅദ് ബിന്‍ അബീ വഖാസ്, അബ്ദുര്‍ഹ്‌മാന്‍ ബിന്‍ ഔഫ് (റ) പറഞ്ഞതുപോലെ എല്ലാം കൈപിടിയിലൊതുക്കിയ സിഹം!

അദ്ദേഹത്തെയായിരുന്നു ഉമര്‍ (റ) ഖാദിസിയ്യാ യുദ്ധത്തില്‍ തെരഞ്ഞെടുത്തത്. ഏറ്റവും ഭാരിച്ച ഉത്തരാവാദിത്തം സഅദിന് നല്‍കാന്‍ അമീറുല്‍ മുഅ്മിനീന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. സഅദ് അല്ലാഹുവോട് പ്രാര്‍ഥിച്ചാല്‍ അതിന് ഉത്തരമുണ്ടാവും. മനസ്സിനും ശരീരത്തിനും നിയന്ത്രണമുള്ളയാളാണ് അദ്ദേഹം. പ്രവാചകന്‍ സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടയായളാണ് സഅദ്. ബദ്‌റിലും ഉഹ്ദിലും എന്നുതുടങ്ങി പ്രവാചകന്‍ (സ) സാക്ഷ്യംവഹിച്ച എല്ലാ യുദ്ധങ്ങളിലും സഅദ് ബിന്‍ അബീ വഖാസും ഉണ്ടായിരുന്നു. എല്ലാറ്റിലുമുപരി, അടിയുറച്ച ഈമാനികബോധവും സഅദ് (റ) വിനുണ്ടായിരുന്നു.

തന്റെ ഇസ്‍ലാമാശ്ലേഷണത്തിന് ശക്തമായി എതിരുനിന്ന ആളായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. പ്രവാചകനില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവര്‍ ആവതും ശ്രമിച്ചു. അങ്ങനെയവസാനം അവര്‍ വളരെ കടുത്ത ചില തീരുമാനങ്ങളെടുത്തു. നിരാഹാരം! സഅദ് പ്രപിതാക്കളുടെ പാതയിലേക്ക് മടങ്ങിവരുന്നത് വരെ നിരാഹാരം. അവസാനം അവര്‍ പട്ടിണി കിടന്ന് മരിക്കാറായി. പക്ഷേ, ഇതൊന്നും സഅദ് ഗൗനിച്ചതേയില്ല. ഉമ്മയുടെ ജീവന്‍ നശിച്ചാല്‍ പോലും ഈമാന്‍ വിട്ടുകളയാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.

മരണാസന്നയായ മാതാവിന്റെ അടുക്കലേക്ക് ബന്ധുമിത്രാദികള്‍ സഅദിനെയും കൂട്ടിവന്നു. അങ്ങനെയെങ്കിലും ഇവന്റെ ഹൃദയം ‘അലിഞ്ഞാലോ’! അവസാന ശ്വാസം വലിക്കുന്ന തന്റെ മാതാവിനെ സഅദ് ഒരുനോക്ക് കണ്ടു. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. പക്ഷേ, സഅദിന്റെ ഈമാന്‍ അതിനുമപ്പുറമായിരുന്നു. ഉമ്മയുടെ അടുത്തേക്ക് സഅദ് ചേര്‍ന്നിരുന്നു. എന്നിട്ട് അവര്‍ കേള്‍ക്കെ ഇങ്ങനെ പറഞ്ഞു:’ അല്ലാഹുവാണ ഉമ്മാ, നിങ്ങള്‍ നൂറ് ആത്മാവ് ഉണ്ടാവുകയും അതില്‍ ഓരോന്നായി ഇല്ലാതാവുകയും ചെയ്താലും ശരി, ഞാന്‍ ദീന്‍ വിടുന്ന പ്രശ്‌നമില്ല!’. ഇതോടെ അദ്ദേഹത്തിന്റെ മാതാവ് നിരാഹാരത്തില്‍ നിന്നും പിന്മാറി.

ഈ സഅദിനെയാണ് ഖലീഫാ ഉമര്‍ (റ) ഖാദിസിയ്യാ യുദ്ധത്തിന്റെ ജനറലായി തെരഞ്ഞെടുത്തത്. ഒരു ലക്ഷത്തില്‍ പരം സൈനികരെയാണ് നേരിടേണ്ടത്. അക്കാലത്തെ ഏറ്റവും അപകടകാരികളായ സൈന്യമായിരുന്നു പേര്‍ഷ്യ. സര്‍വായുധ വിഭൂഷിതരാണവര്‍. യുദ്ധതന്ത്രങ്ങളറിയുന്ന അതിബുദ്ധിമാന്മാരാണ് അവരെ നയിക്കുന്നത്. ഇത്തരമൊരു കൂറ്റന്‍ സൈന്യത്തോടാണ് മുപ്പതിനായിരം വരുന്ന ഈ സൈന്യം ഏറ്റുമുട്ടേണ്ടത്. കുന്തങ്ങള്‍..വെറും കുന്തങ്ങളേ ഇവരുടെ കൈയിലുള്ളൂ..പക്ഷേ ഹൃദയങ്ങളില്‍ ഈമാനിന്റെ കരുത്തുണ്ട്, ശഹാദത്തിനോടുള്ള അദമ്യമായ അഭിനിവേശമുണ്ട്.

ഇരുസംഘവും കണ്ടുമുട്ടി. അമീറുല്‍ മുഅ്മിനീന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണ് സഅദ് (റ). ഖാദിസിയ്യയിലേക്ക് വേഗമിറങ്ങാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു കത്ത് സഅദ് (റ) ന്റെ അടുത്തെത്തി. അതിലുള്ള ഓരോ വാക്കുകളും ഈമാനിക ശോഭയാല്‍ പ്രകാശിതമായിരുന്നു. ‘ ഓ സഅദ്, പ്രവാചകന്റെ അമ്മാവന്‍ എന്ന സ്ഥാനം താങ്കളെ വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍ അല്ലാഹുവിന്റെ മുന്നില്‍ അവനോടുള്ള അനുസരണത്തിനല്ലാതെ വംശത്തിനൊന്നും പ്രത്യേകതയില്ല. ജനങ്ങള്‍ അല്ലാഹുവിനെ കൂടാതെ പ്രതിഷ്ഠകളെ കല്‍പിക്കുന്നു..എന്നാല്‍ അല്ലാഹുവാണ് അവരുടെ റബ്ബ്. അവര്‍ അവന്റെ ദാസന്മാരും. പ്രവാചകത്വം ലഭിച്ചത് മുതല്‍ വിടപറയുന്നത് വരെയുള്ള പ്രവാചകന്റെ അധ്യാപനങ്ങള്‍ കൈമുതലാക്കുക.’സഅദ് ബിന്‍ അബീ വഖാസ് (റ) തിരിച്ച് ഉമര്‍ (റ) ന് കത്തെഴുതി. അതില്‍ ഓരോ സൈനികനും നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം പോലും അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു.

മറുഭാഗത്ത് പേര്‍ഷ്യന്‍ സൈന്യം വന്ന് നില്‍ക്കുന്നുണ്ട്. ആളും ആരവവുമായാണ് നില്‍പ്പ്. പേര്‍ഷ്യന്‍ പടയുടെ മുന്നില്‍ അപകടകാരിയായ അവരുടെ സൈന്യാധിപന്‍ റുസ്തം നില്‍ക്കുന്നുണ്ട്. വിവരങ്ങളെല്ലാം സഅദ് (റ) ഖലീഫക്ക് കൈമാറുന്നുണ്ട്. ഉമര്‍ (റ) പറഞ്ഞത് ഇങ്ങനെയായിരുന്നു:’ അവര്‍ പറയുന്നതും കാണിക്കുന്നതും കണ്ട് താങ്കള്‍ കുപിതനാവേണ്ടതില്ല. അല്ലാഹുവിനെ അനുസരിക്കുക. അവനില്‍ ഭരമേല്‍പിക്കുക. ബുദ്ധിയും ധൈര്യവുമുള്ള ഏതാനും ചിലരെ റുസ്തമിന്റെ അടുത്തേക്ക് പറഞ്ഞയക്കുക. അവര്‍ അയാളെ ദഅ്‌വത്ത് ചെയ്യട്ടെ.’റുസ്തം അതിഭീകരനാണെന്നും ആനകളും കുതിരകളുമുള്ള വമ്പന്‍ സൈന്യമാണ് അയാള്‍ക്കുള്ളത് എന്നും സഅദ് (റ) ഖലീഫക്ക് കത്തെഴുതി. വളരെ ശാന്തമായി ഉമര്‍ (റ) സഅദിന് മറുപടിയുമെഴുതി.

സഅദ് ബിന്‍ അബീ വഖാസ് (റ) ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കളത്തിലാണുള്ളത്. ശാന്തസ്വരൂപനായി നില്‍ക്കുകയാണദ്ദേഹം. താനൊരു വലിയ സൈന്യാധിപനാണെന്ന ഹാവഭാവങ്ങള്‍ ലവലേശമില്ല. മാത്രമല്ല, കാതങ്ങള്‍ക്കപ്പുറത്തുള്ള മദീനയിലുള്ള ഖലീഫാ ഉമറിന്റെ നിര്‍ദ്ദേശങ്ങള്‍ കത്തു മുഖേന സ്വീകരിക്കുന്നു. യുദ്ധം കൊടുമ്പിരി കൊള്ളാനിരിക്കെയാണ് ഈ ശൂറ മുഴുവന്‍. അങ്ങനെ ഉമര്‍ (റ) ന്റെ കല്പന പ്രകാരം റുസ്തമിന്റെ അടുക്കലേക്ക് ദഅ്‌വത്തിനായി ഒരു സംഘമാളുകളെ അയച്ചു. അങ്ങനെ അവര്‍ റുസ്തമിന്റെ അടുത്ത് ചെന്ന് സംഭാഷണം ആരംഭിച്ചു. അവരിലൊരാള്‍ പറഞ്ഞു തുടങ്ങി:’ ആളുകളെ വിഗ്രഹാരാധനയില്‍ നിന്നും ഏകദൈവ വിശ്വാസത്തിലേക്കും ഭൗതികതയുടെ ഞെരുക്കത്തില്‍ നിന്നും അതിന്റെ വിശാലതിയേക്കും ഭരണാധികാരികളുടെ അരാജകത്വത്തില്‍ നിന്നും ഇസ്‍ലാമിന്റെ നീതിസങ്കല്‍പ്പത്തിലേക്കും ആളുകളെ ക്ഷണിക്കാന്‍ അല്ലാഹു തെരഞ്ഞെടുത്തവരാണ് ഞങ്ങള്‍. ആരെങ്കിലും ഇത് സ്വീകരിച്ചാല്‍ ഞങ്ങള്‍ അയാളെ വരവേല്‍ക്കും. ആരെങ്കിലും ഞങ്ങളോട് യുദ്ധം ചെയ്താല്‍ ഞങ്ങളും അയാളോട് യുദ്ധം ചെയ്യും.’

റുസ്തം: ‘ അല്ലാഹു നിങ്ങളോട് എന്താണ് വാഗ്ദാനം ചെയ്യുന്നത്’?

‘ഞങ്ങളിലെ രക്തസാക്ഷികള്‍ക്ക് സ്വര്‍ഗ്ഗവും ജീവിച്ചിരിക്കുന്നവര്‍ക്ക് വിജയവും’- സ്വഹാബികളിലൊരാള്‍ മറുപടി പറഞ്ഞു.

ആ സംഘം അങ്ങനെ സഅദ് (റ) ന്റെ അടുത്ത് തിരിച്ചുചെന്നു. റുസ്തം യുദ്ധത്തിന് തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. സഅദ് ബിന്‍ അബീ വഖാസ് (റ) ന്റെ കണ്ണുകള്‍ നിറഞ്ഞു. യുദ്ധം അല്‍പമൊന്ന് വൈകിയിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു. വേറൊന്നുമല്ല, ആ സമയത്ത് അദ്ദേഹത്തിന് ഒരു രോഗം ബാധിച്ചിരുന്നു. ഇരിക്കാന്‍ പോലും കഴിയാത്ത വിധം ശരീരത്തില്‍ കുമിളകള്‍ വന്ന് മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം. കഠിനമായ വേദനയും മറന്ന് സഅദ് (റ) യുദ്ധക്കളത്തിലേക്ക് പോവാന്‍ തയ്യാറായി.

അദ്ദേഹം രോഗിയാവുന്നതിന് മുമ്പായിരുന്നു യുദ്ധമുണ്ടായതെങ്കില്‍ അതല്ല, രോഗശമനം പ്രാപിച്ചതിന് ശേഷമാണ് യുദ്ധം നടന്നതെങ്കില്‍ വേറെ വല്ലതും കൊണ്ട് അല്ലാഹു അദ്ദേഹത്തെ പരീക്ഷിക്കുമായിരുന്നു. ‘ആയിരുന്നെങ്കില്‍’ എന്ന വാക്കിന് പ്രസക്തിയില്ല. ആരോടും, എന്തിനോടും ഒരു കാര്യം പറയുമ്പോള്‍ ‘ആയിരുന്നെങ്കില്‍’ എന്ന വാക്ക് ഉപയോഗിക്കുന്നത് അശക്തതയെ കുറിക്കുന്നതാണെന്ന് പ്രവാചക അധ്യാപനം.

അങ്ങനെ സഅദ് ബിന്‍ അബീ വഖാസ് (റ) മുസ്‍ലിം സൈന്യത്തിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ‘ബിസ്മില്ലാഹി റഹ്‌മാനി റഹീം, ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്റെ സദ്വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് ‘ദിക്റി’ന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.’ പ്രഭാഷണത്തിന് ശേഷം സൈനികരുടെ കൂടെ ളുഹര്‍ നമസ്‌കരിച്ചു. ശേഷം അവരോട് മുഖാമുഖം നിന്നിട്ട് നാല് തവണ തക്ബീര്‍ മുഴക്കി. ശത്രുപാളയത്തേക്ക് വിരല്‍ചൂണ്ടി തന്റെ സൈന്യത്തോട് ‘അല്ലാഹുവിന്റെ ഐശ്വര്യത്തിലേക്ക് വരൂ..’ എന്നുറക്കെ പറഞ്ഞുകൊണ്ട് പോര്‍ക്കളത്തിലേക്കിറങ്ങാന്‍ സൈനികരോട് സഅദ് (റ) ആവശ്യപ്പെട്ടു.

എന്നിട്ടദ്ദേഹം ഒരു ഉയര്‍ന്ന പ്രതലത്തിലേക്ക് കയറിയിരുന്നു. തെല്ലും ഭയമില്ലാതെ അവിടെയിരുന്ന് അദ്ദേഹം സൈനികനീക്കങ്ങള്‍ വീക്ഷിച്ചു. ശരീരത്തിലെ കുരു വ്രണങ്ങളാവുന്നുണ്ട്. അതദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ ഓരോ പടയാളിക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ പറഞ്ഞ് നയിക്കുകയാണദ്ദേഹം. സഅദ് ബിന്‍ അബീ വഖാസ് (റ) ന്റെ ശബ്ദം ഓരോ സൈനികനിലും ഭയങ്കരമായ ആവേശമാണുണ്ടാക്കിയത്. പേര്‍ഷ്യന്‍ പട അങ്ങനെ തകര്‍ന്നു. അതിനു ശേഷമുള്ള നഹാവന്ദ് യുദ്ധത്തിലും മദാഇന്‍ യുദ്ധത്തിലും പേര്‍ഷ്യന്‍ സാമ്രാജ്യം ഇസ്‍ലാമിക സൈന്യത്തിന് മുന്നില്‍ മുട്ടുമടക്കി. കിസ്‌റയുടെ കിരീടവും ആടയാഭരണങ്ങളും ഇസ്‍ലാമിക സൈന്യത്തിന് ഗനീമത്ത് (യുദ്ധാര്‍ജ്ജിത മുതല്‍) ആയി ലഭിച്ചു.

മദാഇന്‍ യുദ്ധം സഅദ് (റ) നെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണം തന്നെയായിരുന്നു. മദാഇന്‍ യുദ്ധം നടക്കുന്നത് ഖാദിസിയ്യ യുദ്ധത്തിന്റെ രണ്ടാം വര്‍ഷമാണ്. പ്രളയക്കെടുതി ഇരുസൈന്യവും അഭിമുഖീകരിച്ച സമയമായിരുന്നു അത്. കുതിച്ചൊഴുകുന്ന ടൈഗ്രീസ് നദി കടന്നുവേണം ശത്രുക്കളെ നേരിടാന്‍. ടൈഗ്രീസ് നദിയുടെ ആഴം കുറഞ്ഞ ഭാഗം നോക്കി നദി മുറിച്ചുകടക്കാന്‍ സൈന്യത്തിന് സഅദ് (റ) നിര്‍ദ്ദേശം നല്‍കി. നദി മുറിച്ചു കടക്കുന്നതിന് മുമ്പ് തന്നെ ശത്രുക്കള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലം സൈന്യത്തിന് അദ്ദേഹം പറഞ്ഞുകൊടുത്തിരുന്നു. തന്റെ സൈന്യത്തെ സഅദ് (റ) രണ്ടാക്കി മാറ്റി. ഒന്ന്, ആസ്വിം ഇബ്‌നു അംറ് (റ) ന്റെ നേതൃത്വത്തിലുള്ളതും രണ്ടാമത്തേത്, ഖഅ്ഖാഅ് ഇബ്‌നു അംറ് (റ) ന്റെ നേതൃത്വത്തിലുള്ള വേറെ വിഭാഗം. ഇരുവിഭാഗവും സൈന്യാധിപന്‍ സഅദ് (റ) ന്റെ ആജ്ഞയനുസരിച്ച് ടൈഗ്രീസ് നദി കടന്ന് പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി.

സഅദ് ബിന്‍ അബീ വഖാസ് (റ) പിന്നെയും കാലങ്ങള്‍ ജീവിച്ചിരുന്നു. ഇസ്‍ലാമിക രാഷ്ട്രത്തില്‍ പിന്നെയും അനവധി യുദ്ധങ്ങളും വിജയങ്ങളുമുണ്ടായി. എന്നാല്‍ യുദ്ധങ്ങളില്‍ സഅദ് (റ) പങ്കെടുത്തിരുന്നില്ല. അതേക്കുറിച്ച് മുആവിയ അദ്ദേഹത്തോട് അന്വേഷിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ‘ഞാന്‍ ഇരുള്‍ വീണ കാറ്റും കൊണ്ടാണ് നടന്നത്. ഒട്ടകം പണി മുടക്കിയപ്പോള്‍ ഞാനതിന് മൂക്കുകയറിട്ടു’ എന്നായിരുന്നു. അപ്പോള്‍ മുആവിയ (റ) ഇങ്ങനെ പറഞ്ഞു:’ സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ യുദ്ധം നടത്തണം’ എന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. താങ്കളാണെങ്കില്‍ അതിക്രമകാരികളുടെയോ നീതിമാനമാരുടെയോ കൂടെയില്ലല്ലോ..
സഅദ് (റ) : ‘മൂസാ നബിക്ക് ഹാറൂന്‍ എന്നപോലെ നീ എന്നില്‍ പെട്ടവനാണ് എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച അലി (റ) നെതിരെ ഞാന്‍ യുദ്ധം ചെയ്യില്ല’

ഹിജ്‌റ അമ്പത്തിനാലാം വര്‍ഷം. സഅദ് ബിന്‍ അബീ വഖാസ് (റ) എണ്‍പതുകള്‍ പിന്നിട്ടിരിക്കുന്നു. മരണാസനന്നനായി കട്ടിലില്‍ കഴിയുകയാണദ്ദേഹം. സഅദ് (റ) ന്റെ അവസ്ഥ കണ്ട മകന്‍ പൊട്ടിക്കരയുകയാണ്. ഇതുകണ്ട സഅദ് (റ) ചോദിച്ചു:’ മകനേ, നീ എന്തിനാണ് കരയുന്നത്? അല്ലാഹു എന്നെ ഒരിക്കലും ശിക്ഷിക്കില്ല. ഞാന്‍ സ്വര്‍ഗ്ഗാവകാശികളില്‍ പെട്ടവനല്ലേ..’. മരണം മുന്നില്‍ വന്ന് നൃത്തമാടുമ്പോഴും തന്റെ അചഞ്ചലമായ ഈമാനിന് യാതൊരു കുറവുമുണ്ടായിരുന്നില്ല.

സഅദ് (റ) തന്റെ ഖജനാവ് തുറക്കാനാവശ്യപ്പെട്ടു. അതില്‍ നിന്നും പഴയ, നുരുമ്പിച്ച ഒരു തുണിയെടുത്ത്  അതില്‍ തന്നെ കഫന്‍ ചെയ്യാന്‍ കൂടെയുള്ളവരോട് പറഞ്ഞു. ‘ഇത് ബദ്ര്‍ യുദ്ധത്തില്‍ ശത്രുക്കള്‍ക്കെതിരെ ഞാനണിഞ്ഞ വസ്ത്രമാണ്. ഈ ദിവസത്തിനായി ഇത്രയുംകാലം ഞാന്‍ സൂക്ഷിച്ചുവെച്ചതാണിത്’. കേവലമൊരു വസ്ത്രമായിട്ടല്ല അദ്ദേഹം ആ വസ്ത്രത്തെ കണ്ടിരുന്നത്. വിശ്വാസിയായി, ധീരനായി അഭിമാനത്തോടെ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ അടയാളപ്പെടുത്തലായിട്ടാണ് സഅദ് (റ) അതിനെ കണ്ടത്.

അങ്ങനെ തനിക്ക് മുമ്പേ യാത്രയായ പ്രിയപ്പെട്ടവരുടെ കൂടെ ബഖീഇന്റെ മണ്ണില്‍ മഹാനായ ആ സ്വഹാബിവര്യനും ചേര്‍ന്നു.

സഅദ്, അങ്ങേക്ക് വിട!

ഖാദിസിയ്യയിലെ ധീരാ, മദാഇനിലെ ജേതാവേ, പേര്‍ഷ്യയില്‍ നിന്നും അഗ്നിയാരാധകരെ കശക്കിയെറിഞ്ഞവനേ..അങ്ങേക്ക് വിട!

 

വിവ: മുഖ്‍താർ നജീബ്

 

സ്വഹാബിമാർ-5

Related Articles