Current Date

Search
Close this search box.
Search
Close this search box.

റഷ്യയുടെ ഉക്രൈൻ അധിനിവേശം : അടിയൊഴുക്കുകളും അനന്തര ഫലങ്ങളും.

റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും കൂടുതൽ ഭൂ വിസ്തൃതിയുള്ള രാജ്യമാണ് നാലര കോടി ജനങ്ങളുള്ള ഉക്രൈൻ. പൊതുവെ ജനസംഖ്യ കുറഞ്ഞ യൂറോപ്പിലെ 50 രാജ്യങ്ങളിൽ ജനസംഖ്യയിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണത്. 1919 ജനുവരിയിൽ സോവിയറ്റ് യൂണിയന്റെ ഭാഗമായി 1991 ഓഗസ്റ്റിൽ സ്വതന്ത്രമാവുകയും അതേവർഷം ഡിസംബറിൽ ഹിത പരിശോധന നടത്തുകയും 1996 ജൂണിൽ നിലവിലെ ഭരണ ഘടന രൂപപ്പെടുത്തുകയും ചെയ്ത ഉക്രൈനും അതിലെ ജനങ്ങൾക്കും സോവിയറ്റ് യൂണിയന്റെ ഭാഗമാകുന്നതിന്ന് മുമ്പും നീണ്ട ചരിത്രവും പാരമ്പര്യവും ഉണ്ട്‌. ഇന്നും ബഹു ഭൂരിപക്ഷം റഷ്യക്കാരിൽനിന്നും മതപരവും ഭാഷാപരവുമായ വ്യാതിരിക്തത പുലർത്തുന്ന ജനതയാണ് ബഹു ഭൂരിപക്ഷം വരുന്ന ഉക്രൈനികൾ.

1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു സമാനമായ സാഹചര്യമായാണ് റഷ്യയുടെ വീക്ഷണത്തിൽ ഉക്രൈനിന്റെ നാറ്റോ പ്രവേശനം സൃഷ്ടിക്കുക. അമേരിക്ക ഇറ്റലിയിലും തുർക്കിയിലും വിന്യസിച്ച ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈലുകൾക്ക് പകരമെന്നോണം റഷ്യ 1962 ഒക്ടോബർ മാസത്തിൽ ക്യൂബയിൽ ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈൽ വിന്യസിച്ചു. ഇരുവിഭാഗവും അതാത് പ്രദേശങ്ങളിൽ നിന്നും മിസൈലുകൾ പിൻവലിക്കുകയും അമേരിക്ക ഒരു പ്രകോപനവും ഇല്ലാതെ ക്യൂബയെ ആക്രമിക്കില്ലയെന്ന ഉറപ്പും നൽകിയ ശേഷമാണ് ഒരു മാസത്തിലേറെ നീണ്ടു നിന്ന ഈ പ്രതിസന്ധി അവസാനിച്ചത്. 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയായിരുന്നു സോവിയറ്റ് അമേരിക്കൻ ചേരികൾക്കിടയിൽ നാല് പതിറ്റാണ്ടിലേറെ കാലം നീണ്ട ശീതയുദ്ധത്തിന്നിടയിൽ ഒരു നേരിട്ടുള്ള ആണവ യുദ്ധത്തിന്റെ ഭയ ഭീതി യുണർത്തിയ സംഭവം. സ്വഭാവത്തിൽ വ്യത്യസ്തമാണെങ്കിലും, റഷ്യൻ വീക്ഷണത്തിൽ ഉക്രൈനിന്റെ നാറ്റോ പ്രവേശനം റഷ്യയുടെ വീട്ടു മുറ്റത്ത് അമേരിക്കയുടെ മിസൈൽ വിന്യസിക്കുന്നതിന്ന് തുല്യമാണ്. ആ സാധ്യതയെ പ്രീഎംപ്റ്റ് ചെയ്യുകയെന്നതാണ് ഉക്രൈൻ അധിനിവേശത്തിലൂടെ റഷ്യൻ പ്രസിഡന്റ്‌ പുടിൻ ലക്ഷ്യമിടുന്നത്. അങ്ങനെയാണെങ്കിൽ, രണ്ടാം ലോക മഹായുദ്ധാനന്തരം തുടങ്ങി 1990 കളുടെ തുടക്കത്തിൽ അവസാനിച്ച ശീതയുദ്ധത്തിന്റെ പുനരാരംഭം കൂടിയാണ് റഷ്യയുടെ ഇപ്പോഴത്തെ ഉക്രൈൻ അധിനിവേശം എന്ന് മനസ്സിലാക്കാം. ഉക്രൈനിന്റെ പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോൾ, പ്രവിശാലവും സ്വതന്ത്ര പരമാധികാരമുള്ളതുമായ ആ രാജ്യത്തിന്ന് ആരുടെ കൂടെ കൂട്ടു കൂടണമെന്നും ആരെ സഖ്യകക്ഷിയായി സ്വീകരിക്കണമെന്നും തീരുമാനി ക്കാനുള്ള അധികാരം ഉണ്ട്. റഷ്യ ഒരു അടഞ്ഞ ഓട്ടോക്രാറ്റിക് രാജ്യമാണ്. യൂറോപ്യൻ യൂണിയൻ ഒരു തുറന്ന ലിബറൽ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. റഷ്യയുടെ ഭാഗമോ സഖ്യകക്ഷിയോ ആകുകയെന്നാൽ, സ്വത്വം നഷ്ടപ്പെട്ടു ഒരു സാമന്ത രാജ്യമാകുന്നതിന്ന് തുല്യമായാണ് ഉക്രൈൻ ജനത കാണുന്നത്. യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമ്പോൾ സ്വത്വം നിലനിർത്തി സുരക്ഷിതത്വം ഉറപ്പു വരുത്തി ഒരു തുറന്ന ലിബറൽ ജനാധിപത്യ രാജ്യമായി മാറുവാൻ സാധിക്കുമെന്ന് ഉക്രൈൻ ജനത പ്രതീക്ഷിക്കുന്നു. അതോടെ യൂറോപ്യൻ യൂണിയനും നാറ്റോയും റഷ്യക്ക് ഭീഷണിയാവുമെന്ന റഷ്യയുടെ ആശങ്ക അവർ കണക്കിലെടുക്കുന്നില്ല. അല്ലെങ്കിൽ റഷ്യ ഉക്രൈനിന്റെ സുരക്ഷിതത്വത്തിന്ന് ഭീഷണിയാകുന്നതിനാണ് അവർ പ്രഥമ പരിഗണന നൽകുന്നത്. ആ അർത്ഥത്തിൽ അത് ന്യായവുമാണ്.

റഷ്യയുടെ ഉക്രൈൻ അധിനിവേശം മറ്റൊരു കോണിലൂടെ കൂടി നോക്കിക്കാണാം. 1990 ൽ സോവിയറ്റ് യൂണിയൻ ശിഥിലമാവുകയും അതേവർഷം ഓഗസ്റ്റിൽ മറക്കു പുറകിലെ അമേരിക്കയുടെ പ്രേരണയുടെ കൂടി ഫലമായി ഇറാഖ് കുവൈറ്റ് അധിനിവേശം നടത്തുകയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന കുവൈത്തിനെ വിമോചിപ്പിക്കുവാൻ നടത്തിയ യുദ്ധത്തോട് കൂടിയാണ് അതുവരെ ദ്വിധ്രുവമായിരുന്ന ലോകം ഏക ധ്രുവ ലോകമായി മാറിയത്. അതുവരെയും സോവിയറ്റ് ചേരിയിൽ ഉണ്ടായിരുന്ന ഇറാഖിനെയും സദ്ദാം ഹുസ്സെയിനിനെയും സഹായിക്കുവാൻ സോവിയറ്റ് യൂണിയനോ അല്ലെങ്കിൽ ആ വിഘടിത സോവിയറ്റ് യൂണിയനി ഏറ്റവും വലുതും ശക്തവും യു എന്നിൽ വീറ്റോ ശക്തിയും ഉണ്ടായിരുന്ന റഷ്യക്കൊ സാധിച്ചില്ല. ഭൗമ രാഷ്ട്രീയത്തിൽ ഇതിന് സമാനമായ മറ്റൊരു മാറ്റമാണ് റഷ്യയുടെ ഏകപക്ഷീയമായ ഉക്രൈൻ ആക്രമണം ഉണ്ടാക്കുവാൻ പോകുന്നത് എന്ന് വേണം മനസ്സിലാക്കുവാൻ. അമേരിക്കയും അതിന്റെ മിലിറ്ററി അലയൻസ് ആയ നാറ്റോയും യൂറോപ്യൻ യൂണിയനും ഉക്രൈൻ വിഷയത്തിൽ നിസ്സഹായത കാണിക്കുന്നത്, ഏക ധ്രുവമായ ലോക ഘടന ദ്വിധ്രുവമാകുന്നതിന്റെ ലക്ഷണമായും കാണുവാൻ സാധിക്കും.

ഏതായാലും, ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധം പോലെയൊന്ന് റഷ്യയുടെ മേൽ നടപ്പാക്കുവാൻ സാധിക്കില്ല. കാരണം അതിനെ ആരും തടഞ്ഞില്ലെങ്കിലും, റഷ്യ തന്നെ വീറ്റോ ചെയ്യും. ഇത് യു എൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയുമാണ്. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന രാജ്യത്തിന്റെ മേൽ ആഗോള സമൂഹം വല്ല ശിക്ഷാ വിധിയും നടപ്പാക്കുമ്പോൾ ആരോപിത പ്രതിക്കുതന്നെ അത് തടയാനുള്ള അവകാശം! ഇനി അമേരിക്കയും സഖ്യ കക്ഷികളും ചേർന്നു ഉപരോധം നടപ്പാക്കിയാലും അത് ഫലപ്രദമാകുവാൻ പോകുന്നുമില്ല. കാരണം റഷ്യ ഇറാഖ് പോലെയല്ല. വിശാലമായ രാജ്യത്തിനുള്ളിൽ എല്ലാ വിധ ഉപഭോഗ വസ്തുക്കളും സ്വയം തന്നെ നിർമ്മിക്കുന്ന രാജ്യമാണ്. രാജ്യത്തിന്റെ നാഗരികമായ ആവശ്യങ്ങൾ നിവർത്തിക്കുവാനുള്ള സാങ്കേതിക വിദ്യയും റഷ്യക്കുണ്ട്. രണ്ടാമതായി, റഷ്യയുമായി ഏറ്റവും വലിയ അതിർത്തി പങ്കിടുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈന സഹകരിക്കാത്ത ഒരു സാമ്പത്തിക ഉപരോധവും ഫലാവത്താകുവാൻ പോകുന്നില്ല. മൂന്നാമതായി, റഷ്യയുടെ മേലുള്ള ഉപരോധം റഷ്യയെക്കാൾ കൂടുതൽ റഷ്യയുടെ ഓയലിനെയും ഗ്യാസിനെയും ആശ്രയിക്കുന്ന പശ്ചിമ -പൂർവ യൂറോപ്യൻ രാജ്യങ്ങളെയായിരിക്കും ബാധിക്കുക. ആ അർത്ഥത്തിൽ അത് ബൂമറാങ് ആയി കലാശിച്ചു കൂടായ്കയില്ല. നാറ്റോയും അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റൊരു പരോക്ഷ തന്ത്രം പരീക്ഷിച്ചു കൂടായ്കയില്ല. റഷ്യ റഷ്യനനുകൂല പാവ സർക്കാരിനെ പ്രതിഷ്ടിച്ചാലും, ഉക്രൈനിനെ റഷ്യയുടെ വിയറ്റ്നാമോ അഫ്‌ഗാനോ ആക്കി മാറ്റുന്നതിന്ന് വേണ്ടി ആളും ആയുധവും അർത്ഥവും നൽകി ഉക്രൈൻ ദേശീയ വാദികളെ അവർ സഹായിക്കും. അതിന്ന്, ഇപ്പോൾ തന്നെ നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും ഭാഗമായി കഴിഞ്ഞ പോളണ്ട്, ഹങ്കറി, ചെക്ക്, സ്ലോവാക്യ, റുമാനിയ, ലിത്വാനിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തികൾ ഉപയോഗിക്കപ്പെടും. റഷ്യക്ക് ആളും അർത്ഥവും നഷ്ടപ്പെട്ടു, അതിന്റെ വിഭവങ്ങൾ ചോർന്ന് തീരുന്ന ഒരു ചതുപ്പ് നിലമാക്കി ഉക്രൈനിനെ മാറ്റിയെടുക്കുക എന്നതായിരിക്കും അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും തന്ത്രം. ആ അർത്ഥത്തിൽ ഉക്രൈനിലെ പോരാട്ടം പ്രതീക്ഷിക്കുന്നതിലും നീണ്ടു പോകുവാനാണ് സാധ്യത. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഈ പരോക്ഷ തന്ത്രത്തെ പ്രീ എംപ്റ്റു ചെയ്യുവാൻ ഒരു നൂറ്റാണ്ട് മുമ്പ് സ്റ്റാലിൻ ദശലക്ഷ കണക്കിന്ന് ആളുകളെ കൊന്ന് ആ രാജ്യങ്ങളെയൊക്കെ സോവിയറ്റ് യൂണിയന്റെ ഭാഗമോ ഉപഗ്രഹ രാജ്യങ്ങളോ ആക്കി മാറ്റിയത് പോലെ പുടിനും മാറ്റുവാൻ ആഗ്രഹിച്ചു പോകും. പക്ഷെ, ആ ആഗ്രഹം നടപ്പാക്കുവാൻ കഴിയില്ല. നൂറു വർഷങ്ങൾക്കിപ്പുറത്തു ഭൗമ രാഷ്ട്രീയം ഒരു പാട് മാറിക്കഴിഞ്ഞു. പുതിയ ലോക രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ തന്നെ യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ഭാഗമായിക്കഴിഞ്ഞ ആ രാജ്യങ്ങളെ സ്പർശിക്കുവാൻ പോലും പുടിനു സാധിക്കില്ല. ചുരുക്കത്തിൽ ഉക്രൈനിനെ കീഴടക്കിയത് കൊണ്ടു മാത്രം നാറ്റോയും അമേരിക്കയും റഷ്യക്ക് നേരെ ഉയർത്തുന്നതായി പുടിൻ പറയുന്ന ഭീഷണി അവസാനിക്കുവാൻ പോകുന്നില്ലയെന്നർത്ഥം.

Related Articles