Current Date

Search
Close this search box.
Search
Close this search box.

യുദ്ധക്കുറ്റവാളിക്ക് ആദരം!

ബ്രിട്ടനിൽ വലിയൊരു വിവാദം കൊഴുക്കുന്നു. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന് ‘സർ’ പദവി നൽകിയ എലിസബത്ത് രാജ്ഞിയുടെ നടപടിയെ അതിരൂക്ഷമായാണ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ വിമർശിക്കുന്നത്. അവാർഡ് പ്രഖ്യാപനങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കാറുള്ളത് പുതിയ കാര്യമല്ല. എന്നാൽ, ‘സർ’ പദവി അതിനൊരു അപവാദമായാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടനിൽ എത്രയോ പേർക്ക് ‘സർ’ പദവി നൽകിയിട്ടുമുണ്ട്. അന്നൊന്നും അതൊരു വിവാദവുമായിരുന്നില്ല.

പുതുവർഷത്തലേന്ന് പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ച ഓൺലൈൻ പെറ്റീഷൻ രണ്ടു ലക്ഷം ഒപ്പുകളാണ് പ്രതീക്ഷിച്ചതെങ്കിലും ഇതുവരെ ഏഴു ലക്ഷത്തോളം പേർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. യുദ്ധക്കൊതിയനായ ടോണി ബ്ലെയറിന് സമ്മാനിച്ച പരമോന്നത സിവിലിയൻ ബഹുമതി റദ്ദാക്കാൻ രാജ്ഞിയോട് അഭ്യർഥിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെടുന്നതാണ് പെറ്റീഷൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക വഴി അസംഖ്യം സിവിലിയന്മാരുടെയും രാജ്യത്തിന്റെ അഭിമാനമായ പട്ടാളക്കാരുടെയും ജീവൻ കുരുതി കൊടുത്ത ടോണി ബ്ലെയർ ഭരണഘടനക്ക് വലിയ പരിക്കാണ് ഏൽപിച്ചതെന്നും യുദ്ധക്കുറ്റങ്ങളുടെ പേരിൽ വിചാരണ നേരിടേണ്ടയാളാണ് മുൻ പ്രധാനമന്ത്രിയെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർ പദവി നൽകി ആദരിക്കപ്പെടേണ്ടവനല്ല, യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ ചെയ്യപ്പെടേണ്ടയാളാണ് ബ്ലെയറെന്നും ആദരവുകൾ അത് അർഹിക്കുന്നവർക്കാണ് നൽകേണ്ടതെന്നും അല്ലാതെ യുദ്ധക്കുറ്റവാളികൾക്കല്ലെന്നും നിവേദനത്തിൽ ഒപ്പുവെച്ച പലരും ഓർമിപ്പിക്കുന്നുണ്ട്.

2001ൽ അഫ്ഗാനിസ്ഥാനിലെ യു എസ് അധിനിവേശത്തോടെയാണ് ബുഷും ബ്ലെയറും തമ്മിലുള്ള അവിശുദ്ധ സഖ്യം ആരംഭിക്കുന്നത്. ‘ഭീകരതക്കെതിരായ യുദ്ധം’ എന്ന ഓമനപ്പേരിട്ട് ഇരുവരും ആരംഭിച്ച പരിപാടിയാണ് യഥാർഥത്തിൽ വലിയ ഭീകര പ്രവർത്തനമായി മാറിയത്. 2003ലെ ഇറാഖ് യുദ്ധത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു ടോണി ബ്ലെയർ. രണ്ടു ലക്ഷത്തിലേറെ ഇറാഖികളുടെ ജീവനെടുത്ത യുദ്ധവും അധിനിവേശവും നടത്താൻ ബുഷും ബ്ലെയറും ചേർന്ന് വൻ ഗൂഢാലോചന നടത്തി. സദ്ദാമിന്റെ പക്കൽ സർവ്വ നശീകരണായുധങ്ങൾ (WMD) ഉണ്ടെന്ന നുണ ബോംബായിരുന്നു അതിൽ മുഖ്യം. ഐക്യരാഷ് ട്ര സഭാ രക്ഷാസമിതിയെയടക്കം തെറ്റിദ്ധരിപ്പിച്ച് ഇറാഖിൽ അധിനിവേശം നടത്തിയത് ഈ നുണബോംബിന്റെ പിൻബലത്തിലായിരുന്നു.

പത്തു വർഷം പ്രധാനന്ത്രി പദവിയിൽ ഇരുന്ന ബ്ലെയറിനെയായിരുന്നു റിട്ടയർ ചെയ്ത ശേഷം ഫലസ്ത്വീൻ പ്രശ്‌ന പരിഹാരത്തിനുള്ള സമാധാന ദൂതനായി നിശ്ചയിച്ചത്. തികഞ്ഞ ഇസ്രായിൽ പക്ഷപാതിയായ ബ്ലെയറിന്റെ പ്രവർത്തനങ്ങൾ സയണിസത്തിനുള്ള പാദസേവ മാത്രമായി അവശേഷിക്കുകയും മിഡിലീസ്റ്റ് ചർച്ചകൾ പൂർണമായി വഴിമുട്ടുകയും ചെയ്തു.

യുദ്ധങ്ങളും അധിനിവേശങ്ങളും അടിച്ചേൽപിച്ച് ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശങ്ങൾ ചവിട്ടി മെതിക്കുന്നവരോട് എ ങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതിന്റെ ഉദാഹരണമാണ് ബ്ലയറിന് എതിരായ പ്രതിഷേധം.

ഈയിടെ മരണപ്പെട്ട അമേരിക്കയുടെ മുൻ വിദേശകാര്യ സെക്രട്ടറി കോളിൻ പവലിന്റെ വിയോഗ വാർത്തയോട് ഇറാഖികൾ പ്രതികരിച്ചതും ഇവ്വിധമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വെല്ലുവിളിയായി മാറിയ പ്രസിഡന്റ് സദ്ദാം ഹുസൈനെ അധികാര ഭ്രഷ്ടനാക്കാൻ കള്ള ‘തെളിവുകളു’മായി യു എൻ രക്ഷാസമിതിയെ തെറ്റിദ്ധരിപ്പിച്ചത് പവലായിരുന്നു.

പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷും പ്രതിരോധ സെക്രട്ടറി റംസ്‌ഫെൽഡും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും നടത്തിയ ഗൂഡാലോചനയിൽ കോളിൻ പവലും പങ്കുചേരുകയായിരുന്നു. അങ്ങനെയാണ് 2003 ഫെബ്രുവരി 5ന് യു.എൻ രക്ഷാസമിതി യോഗത്തിലേക്ക് വ്യാജ കടലാസ് കൂട്ടങ്ങളുമായി പവൽ എത്തുന്നത്. ഇത് ജൈവായുധമാകാമെന്ന് പറഞ്ഞ് ചെറിയ ഒരു ബോട്ടിലും കൂട്ടത്തിൽ എടുത്തുകാട്ടിയിരുന്നു!
‘My colleagues, every statement I make today is backed up by sources, solid sources. These are not assertions. What we’re giving you are facts and conclusions based on solid intelligence…’
ഇങ്ങനെ പറഞ്ഞായിരുന്നു പവൽ പ്രസംഗം തുടങ്ങിയത്. പിന്നെ നുണകളുടെ ഘോഷയാത്രയായിരുന്നു. സദ്ദാമിന്റെ പക്കൽ രാസായുധങ്ങൾ ഉണ്ടെന്നും അത് പ്രയോഗിച്ചാൽ മേഖലയാകെ നാമാവശേഷമാകുമെന്നും പവൽ പെരുങ്കള്ളം എഴുന്നള്ളിച്ചപ്പോൾ അതിനെതിരെ ഒരു വാക്ക് പറയാൻ ഒരുത്തനുമുണ്ടായില്ല.

‘കോളിൻ പവലിന്റെ മരണത്തിൽ സങ്കടമുണ്ട്. ഇറാഖിൽ ചെയ്തുകൂട്ടിയ പാതകങ്ങളുടെ പേരിൽ അയാൾ വിചാരണ ചെയ്യപ്പെട്ടില്ലല്ലോ എന്നതാണ് ആ സങ്കടം,’ 2008ൽ ബഗ്ദാദിൽ പത്രസമ്മേളനം നടത്തുന്നതിനിടെ ജോർജ് ഡബ്ലിയു ബുഷിനു നേരെ ചെരിപ്പെറിഞ്ഞ മാധ്യമ പ്രവർത്തകൻ മുൻതളിർ അൽ സെയിദി ട്വീറ്റ് ചെയ്തു.

തെറ്റിദ്ധരിപ്പിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് കാരണമായതെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും 2011ൽ അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പവൽ സമ്മതിക്കുകയുണ്ടായി. എന്നാൽ അടുത്ത വർഷം അസോഷ്യേറ്റഡ് പ്രസിന് (എ.പി) നൽകിയ അഭിമുഖത്തിൽ ‘അന്നത്തെ നിലപാട് സന്തുലിതമായിരുന്നെന്നും ഇറാഖിലെ ഏകാധിപതിയെ വീഴ്ത്തിയതുവഴി അമേരിക്കക്ക് നിരവധി വിജയങ്ങൾ കൈവരിക്കാനായെന്നു’മാണ് പവൽ പറഞ്ഞത്.

അതായത്, തന്റെ ചെയ്തിയെ ന്യായീകരിക്കാനാണ് പിന്നെയും പവൽ ശ്രമിച്ചത്. സൈനിക പശ്ചാത്തലത്തിൽനിന്ന് വന്നയാളാണ് പവൽ. അതിനാൽ അയാൾക്ക് മനസ്താപമുണ്ടാകാൻ ഇടയില്ല.

1991ൽ കുവൈത്ത് അധിനിവേശത്തിന്റെ പേരിൽ ഇറാഖിനെതിരെ അമേരിക്ക യുദ്ധം നയിച്ചപ്പോഴും സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ കോളിൻ പവൽ ഉണ്ടായിരുന്നു. മാത്രമല്ല, സദ്ദാം ഹുസൈന്റെ അടുത്ത അധിനിവേശം നിങ്ങൾക്കെതിരെയായിരിക്കുമെന്ന് ചില അയൽ രാജ്യങ്ങളിലെ ഭരണാധികാരികളെ വ്യാജ സാറ്റലൈറ്റ് ചിത്രങ്ങളുമായി തെറ്റിദ്ധരിപ്പിച്ചതും പവലായിരുന്നുവെന്ന് Desert Shield to Desert Storm (Harper Collins, 1992) എന്ന കൃതിയിൽ ദിലിപ് ഹിറോ എഴുതിയിട്ടുണ്ട്.

യുദ്ധത്തിന്റെ കെടുതികൾ ഇറാഖി ജനത ഇപ്പോഴും അനുഭവിക്കുന്നു. അബു ഗുറൈബ് ജയിലിൽ അമേരിക്കൻ സൈനികർ നടത്തിയ മനുഷ്യത്വരഹിതമായ പീഡനങ്ങൾ അക്കാലത്ത് കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു.

പവലിനെപ്പോലെ, ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആയിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ യുദ്ധക്കൊതിയനായിരുന്നു ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് മരണപ്പെട്ട മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ്. ഇരു രാജ്യങ്ങൾക്കും എതിരെ അമേരിക്ക നടത്തിയ യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ആസൂത്രകനായാണ് റംസ്ഫെൽഡിനെ ലോകം വിലയിരുത്തുന്നത്. പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷിന്റെ അധിനിവേശ ഭ്രാന്തിന് ഒത്താശ ചെയ്ത റംസ്‌ഫെൽഡിന്റെ ചെയ്തികളും മാപ്പർഹിക്കാത്തതാണ്.

മരിച്ചാലും ജനങ്ങളുടെ ശാപവാക്കുകൾ കേൾക്കേണ്ടി വരും ഇത്തരക്കാർക്ക്. റംസ്‌ഫെൽഡും പവലും മാത്രമല്ല, യുദ്ധക്കൊതിയന്മാരായ ബുഷിനെയും ടോണി ബ്ലെയറിനെയും കാത്തിരിക്കുന്നതും അതു തന്നെ. സർ ബഹുമതിയിലൂടെ വിശുദ്ധരാക്കപ്പെടില്ല ഇവരൊന്നും. വംശഹത്യക്ക് കൂട്ടുനിൽക്കുന്ന ഭീകരർക്കെതിരെ പ്രതികരിക്കുക. യുദ്ധക്കുറ്റവാളിയായ ടോണി ബ്ലയറിനെതിരായ ബ്രിട്ടീഷ് ജനതയുടെ പ്രതിഷേധ സമരത്തിൽ ഭാഗഭാക്കാവുക: https://chng.it/cqpCFkTPqf

Related Articles