Current Date

Search
Close this search box.
Search
Close this search box.

പരാജയപ്പെട്ട ഗൂഢ തന്ത്രം

മറ്റെല്ലാ ജമാഅത്ത് വിമർശകരെയും പോലെ കമ്യൂണിസ്റ്റുകാരും സയ്യിദ് മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ ഖാദിയാനി പ്രക്ഷോഭത്തെയും അതേക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുനീർ കമ്മീഷൻ റിപ്പോർട്ടിനെയും എടുത്തു കാണിച്ചിരിക്കുന്നു. അങ്ങനെ ഖാദിയാനികളെ ക്രൂരമായി പീഢിപ്പിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തതായി ആരോപിക്കുന്നു. കൂട്ടത്തിൽ ഇന്ത്യയ്ക്കെതിരെയും ഇന്ത്യൻ മുസ്ലിംകൾക്കെതിരെയും മൗദൂദി മൊഴിനൽകിയതായും ആരോപിക്കുന്നു.ഇതൊക്കെയും സത്യത്തിൻറെ നേരിയ അംശം പോലുമില്ലാത്ത തീർത്തും വ്യാജമായ ആരോപണങ്ങളാണ്.

1951ൽ കറാച്ചിയിൽ മൗലാനാ സയ്യിദ് സുലൈമാൻ നദവിയുടെ അധ്യക്ഷതയിൽ ചേർന്ന അഖില കക്ഷി പണ്ഡിത സമ്മേളനമാണ് ഖാദിയാനികളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് ആദ്യമായി ആവശ്യപ്പെട്ടത്. പ്രസ്തുത സമ്മേളനത്തിൽ സയ്യിദ് മൗദൂദിയും പങ്കെടുത്തിരുന്നു. എന്നാൽ പാകിസ്ഥാന് ഒരിസ്ലാമിക ഭരണഘടനയുടെ രൂപരേഖ സമർപ്പിക്കാൻ വിളിച്ചുചേർത്ത കോൺഫറൻസിൽ ഖാദിയാനി പ്രശ്നം ഉന്നയിക്കുന്നതിനെ എതിർത്ത വ്യക്തിയാണ് സയ്യിദ് മൗദൂദി. അദ്ദേഹത്തിൻറെ അഭ്യർത്ഥന അവഗണിച്ച് ഖാദിയാനികളെ അമുസ്ലിംകളായി പ്രഖ്യാപിക്കാൻ കോൺഫറൻസ് തീരുമാനമെടുത്തപ്പോൾ മൗദൂദിയും അതിനോട് യോജിച്ചു. പിന്നീടാണ് പഞ്ചാബിൽ ഖാദിയാനി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തീവ്രവാദികളായ അഹ് രാരികളായിരുന്നു അതിനു നേതൃത്വം നൽകിയത്. പ്രക്ഷോഭത്തിൽ നിന്ന് ജമാഅത്തെ ഇസ്ലാമി പൂർണമായും വിട്ടു നിന്നു. പ്രക്ഷോഭം അവസാനിപ്പിക്കാൻ സാധിക്കുമാറ് പ്രശ്നത്തിന് പരിഹാരം നിർദേശിക്കുന്ന കൃതിയാണ് മൗലാനാ മൗദൂദിയുടെ ‘ഖാദിയാനി മസ്അല’. അതിൽ അദ്ദേഹം നിർദേശിച്ച പരിഹാരം പൂർണ്ണമായും ന്യായവും ശരിയുമായിരുന്നുവെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.

മുഹമ്മദ് നബിക്ക് ശേഷം പ്രവാചകനില്ലെന്ന് വിശ്വസിക്കുന്നവരാണ് ലോകമെങ്ങുമുള്ള മുഴുവൻ മുസ്ലിംകളും. എന്നാൽ താൻ പ്രവാചകനാണെന്നും തന്നിൽ വിശ്വസിക്കാത്തവരെല്ലാം പിഴച്ചവരാണെന്നും പ്രഖ്യാപിച്ച മീർസാ ഗുലാം അഹമ്മദിൻറെ അനുയായികളാണ് ഖാദിയാനികൾ.

അവരെ പ്രത്യേക മത വിഭാഗമായി പ്രഖ്യാപിക്കണമെന്നും മതന്യൂനപക്ഷമെന്ന നിലയിൽ അവർക്ക് എല്ലാ അവകാശങ്ങളും അംഗീകരിച്ചു കൊടുക്കണമെന്നുമാണ് സയ്യിദ് മൗദൂദി ആവശ്യപ്പെട്ടത്. അത് നേരത്തെ മറ്റ് മതപണ്ഡിതന്മാർ സർക്കാരിനോട് ആവശ്യപ്പെട്ടതുമാണ്. മുസ്ലിം സമുദായത്തിൽ നിന്ന് വ്യത്യസ്തമായ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന ഖാദിയാനികളെ മുസ്ലിംകളല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം തീർത്തും ന്യായമായിരുന്നു വെന്നർത്ഥം.

കമ്യൂണിസ്റ്റുകാർക്ക് പൂർണാധികാരമുള്ള രാജ്യത്ത് മറ്റ് ആദർശം അംഗീകരിച്ചവരെ കമ്യൂണിസ്റ്റ് പാർടിയുടെ പേരിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആർക്കണറിയാത്തത്! ജീവിക്കാൻ അനുവദിച്ചാൽ മഹാഭാഗ്യം!
മത ശാസനകൾ പാലിക്കണമെന്ന് ഒട്ടും നിർബന്ധമില്ലാതിരുന്ന തികഞ്ഞ മതേതര വാദിയായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയാണ് ഖാദിയാനികളെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിച്ചതെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ലോകമെങ്ങുമുള്ള മുസ്ലിംകളുടെ വിശ്വാസവും നിലപാടും ഇത് തന്നെ.

ഖാദിയാനി വിരുദ്ധ പ്രക്ഷോഭത്തെ ക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ചത് കടുത്ത മോഡേണിസ്റ്റും ജമാഅത്തെ ഇസ്ലാമിയുടെ കൊടിയ ശത്രുവുമായ ജസ്റ്റിസ് മുനീറിനെയാണ്.

അദ്ദേഹം പ്രക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം പാകിസ്ഥാനെ ഒരിസ്ലാമിക് റിപ്പബ്ലിക് ആക്കാതിരിക്കാനുള്ള ന്യായങ്ങൾ കണ്ടെത്താനാണ് ശ്രമിച്ചത്.ജമാഅത്തെ ഇസ്‌ലാമിയെ അപകീർത്തിപ്പെടുത്താതെ അത് സാധ്യമാകുമായിരുന്നില്ല.

അതിനാൽ മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും സംബന്ധിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ സാധ്യമായതൊക്കെ ചെയ്തു.അതിൻറെ ഭാഗമാണ് ഇന്ത്യയെക്കുറിച്ച കമ്മീഷൻറെ ചോദ്യങ്ങളും അതിന് മൗദൂദിയുടേതായി ചേർത്ത ഉത്തരങ്ങളും. അതിൽ അദ്ദേഹം സയ്യിദ് മൗദൂദിയുടേതായി ചേർത്ത പ്രസ്താവങ്ങൾ പലതും സ്വന്തം ഭാവനാ സൃഷ്ടിയാണ്. ലക്ഷ്യം ഒന്നുമാത്രമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെയും മൗദൂദിയെയും തെറ്റിദ്ധരിപ്പിക്കുക; അപകീർത്തിപ്പെടുത്തുക;മൗദൂദിയെ ഇല്ലാതാക്കുക; മുനീർ കമ്മീഷൻറെ ഈ കുടില തന്ത്രം താല്ക്കാലികമായി വിജയിച്ചുവെങ്കിലും വൈകാതെ തന്നെ പൂർണമായും പരാജയപ്പെട്ടു.

സയ്യിദ് മൗദൂദിക്ക് വധശിക്ഷ വിധിച്ചുവെങ്കിലും നടപ്പാക്കപ്പെടാതെ പോയെന്ന് മാത്രമല്ല, അദ്ദേഹം ജയിൽ മോചിതനാവുകയും ചെയ്തു.കെട്ടു കഥകൾക്ക് അത്രയൊക്കെയല്ലേ ആയുസ്സും പ്രതിഫലനവും ഉണ്ടാവുകയുള്ളു.

Related Articles