Current Date

Search
Close this search box.
Search
Close this search box.

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍: ഓര്‍മയായിട്ട് ഒരു വര്‍ഷം

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട സോഷ്യലിസ്റ്റ് ചിന്തകനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി നിലകൊണ്ട ന്യായാധിപനുമായ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കറകളഞ്ഞ മതേതരവാദിയും യഥാര്‍ത്ഥ ജനാധിപത്യ വാദിയുമായിരുന്ന രജീന്ദര്‍ സച്ചാര്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച കമ്മീഷന്റെ പേരിലാണ് ഏറെ ശ്രദ്ധ നേടിയിരുന്നത്.

ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥകളെ കുറിച്ചുള്ള 403 പേജ് വരുന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2006 നവംബര്‍ 30നാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. യു.പി.എ സര്‍ക്കാര്‍ അധികാരമേറ്റയുടനെയായിരുന്നു ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. 2005 മാര്‍ച്ചിലാണ് സര്‍ക്കാര്‍ അദ്ദേഹത്തെ കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചത്. 2006 നവംബര്‍ 17ന് സര്‍ക്കാരിനു മുന്‍പാകെ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സമുദായം അഭിമുഖീകരിക്കുന്ന വൈകല്ല്യങ്ങളും ബലഹീനതകളും തുറന്ന് കാണിച്ച റിപ്പോര്‍ട്ട്, പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഏതാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. പിന്നാക്കാവസ്ഥയുടെ കാര്യത്തില്‍ മുസ്ലിംകള്‍ എസ്.സി, എസ്.ടി വിഭാഗങ്ങളുടെയും താഴെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മുസ്ലിംകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്ലിംകളുടെ ജനസംഖ്യാ ശതമാനവും ഐ.എ.എസ്, ഐ.പി.എസ്, പോലീസ് വിഭാഗങ്ങളിലെ മുസ്ലിം പ്രാതിനിധ്യവും തമ്മില്‍ അനുപാതത്തില്‍ വലിയ അന്തരമുണ്ടെന്ന വസ്തുത റിപ്പോര്‍ട്ട് ഉയര്‍ത്തികാണിച്ച ഒരുപാട് പ്രശ്നങ്ങളില്‍ ഒന്നാണ്.

എന്നാല്‍ 2008 ഫെബ്രുവരിയില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. ‘ഭാരതീയ വിചാര്‍ മഞ്ച്’ എന്ന പേരില്‍ രംഗത്തെത്തിയ സംഘം റിപ്പോര്‍ട്ട് ഇന്ത്യന്‍ ഭരണഘടനക്ക വിരുദ്ധമാണെന്നും ഇത് പൂര്‍ണമായും തള്ളണമെന്നും ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പാസാക്കാതെ പോവുകയായിരുന്നു. ദീര്‍ഘകാലം ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി രൂപീകരിച്ച സബ്കമ്മിഷന്‍ അംഗം കൂടിയായിരുന്നു. ഏറെനാളത്തെ പ്രയത്‌നത്തിനും പോരാട്ടത്തിനൊടുവില്‍ തയാറാക്കിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് കാണാനാകാതെയാണ് കഴിഞ്ഞ ഏപ്രില്‍ 20ന് അദ്ദേഹം വിട പറഞ്ഞത്.

Related Articles