Current Date

Search
Close this search box.
Search
Close this search box.

മതരാഷ്ട്ര വാദം: ആരോപണം ഇസ്ലാമിനെ അവമതിക്കാൻ

കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കുഞ്ഞിക്കണ്ണൻ കാണിച്ചു തരേണ്ടതാണ്.

മതരാഷ്ട്രം പുരോഹിതന്മാരാൽ നയിക്കപ്പെടുന്ന പൗരോഹിത്യ ഭരണം നടക്കുന്ന രാഷ്ട്രമാണ്. ഇസ്ലാം പൗരോഹിത്യത്തിനെതിരാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിൽ പുരോഹിതന്മാരില്ല.

ഇസ്ലാമിക രാഷ്ട്രം പുരോഹിത രാഷ്ട്രമല്ല; മതരാഷ്ട്രവുമല്ല. ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമാണ്. മുഹമ്മദ് നബിയാണത് സ്ഥാപിച്ചത്. മദീനയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിതമായത് ഒരായുധം പോലുമെടുക്കാതെയും ഒരു തുള്ളി ചോര പോലും ചിന്താതെയുമാണ്. മദീനാ നിവാസികൾ മുഹമ്മദ് നബിയെ അവിടേക്ക് ക്ഷണിച്ചുവരുത്തി അധികാരം ഏൽപ്പിക്കുകയായിരുന്നു. ആ രാഷ്ട്രം പിറക്കുമ്പോൾ അവിടത്തെ മുസ്ലിം ജനസംഖ്യ പതിനഞ്ച് ശതമാനം മാത്രമായിരുന്നു. പതിനായിരം വിശ്വാസികളുണ്ടായിരുന്ന മദീനയിൽ നാനൂറോളം കുടുംബങ്ങളിലായി 1500 മുസ്ലിംകളാണുണ്ടായിരുന്നത്.

മുഹമ്മദ് നബി അവിടത്തെ മുഴുവൻ നിവാസികൾക്കും ബാധകമായ ഒരു നിയമാവലി തയ്യാറാക്കി.

മദീനാ പത്രിക എന്ന പേരിലാണ് അതറിയപ്പെടുന്നത്. 52 ഖണ്ഡികകളാണ് അതിലുള്ളത്. അതിൽ 27 ഖണ്ഡികകളും മുസ്ലിംകളല്ലാത്ത പൗരന്മാരുടെ അവകാശങ്ങളും അധികാരങ്ങളും ബാധ്യതകളും വിശദീകരിക്കുന്നവയാണ്. എല്ലാവർക്കും സമ്പൂർണ്ണ മത സ്വാതന്ത്ര്യം അനുവദിക്കുന്ന പ്രസ്തുത രേഖ മദീനയിലെ മുഴുവൻ നിവാസികളെയും തുല്യ പൗരന്മാരായി കാണുന്നു. ചരിത്രത്തിലെ ആദ്യ ലിഖിത ഭരണഘടനയായാണത് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ പ്രധാന ഭാഷകളിലേക്കെല്ലാം അത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വെൽഹോസ (well Hausen)യാണ് അത് ആദ്യമായി യൂറോപ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഭരണാധികാരിയായി അറിയപ്പെടുന്ന ഖലീഫാ ഉമറുൽ ഫാറൂഖിന്റെ കാലത്താണ് സിറിയ, ലബനാൻ, കിഴക്കൻ ജോർഡാൻ, ഫലസ്തീൻ, ഈജിപ്ത്, ഇറാഖ്, ഇറാൻ, അർമീനിയ, ഖൂസിസ്ഥാൻ, അസർബീജാൻ, കിർമാൻ, ഖുറാസാൻ തുടങ്ങിയ നാടുകൾ റോമാ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ പിടിയിൽ നിന്ന് മോചിതമായി ഇസ്ലാമിക രാഷ്ട്രത്തിൻറെ ഭാഗമായി മാറിയത്. അതോടെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനത്തിൽ താഴെയായി. പ്രവാചകൻറെ വിയോഗശേഷം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഇറാനിലെ ജനസംഖ്യ അഞ്ച് ശതമാനവും ഇറാഖിലേത് മൂന്ന് ശതമാനവും സിറിയയിലും ഈജിപ്തിലും രണ്ടു ശതമാനവും സ്പെയിനിൽ ഒരു ശതമാനവുമായിരുന്നു. ഇറാനിൽ മുസ്ലിംകൾ 25 ശതമാനമായത് ഹിജറ വർഷം 185 ൽ മാത്രമാണ്. ഇറാഖിലത് 225 ലും സിറിയയിലും ഈജിപ്തിലും ഹിജ്റ വർഷം 330ലും സ്പെയിനിൽ 355 ലുമാണ്.

മുസ്ലിം ജനസംഖ്യ 75 ശതമാനമായത് ഇറാനിൽ ഹിജ്റ വർഷം 280 ലും ഇറാഖിൽ 320 ലും സിറിയയിലും ഈജിപ്തിലും 385 ലും സ്പെയിനിൽ 400 ലുമാണ്.(Islamic thought in development of Water and Energy :S.Waqar Ahamed Husain)

അതോടൊപ്പം ഭരണകൂടത്തിൻറെയോ മുസ്ലിം സമൂഹത്തിൻറെയോ ഒരുവിധ നിർബന്ധമോ പ്രേരണയോ ഇല്ലാതെ മുസ്‌ലിംകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംസ്കാരത്തിലും ജീവിതരീതിയിലും ആകൃഷ്ടരായാണ് ഈ എല്ലാ നാടുകളിലെയും ജനം ഇസ്ലാം സ്വീകരിച്ചതെന്ന് സർ തോമസ് അർനോൾഡ് തൻറെ “ഇസ്‌ലാം പ്രബോധനവും പ്രചാരണവും” എന്ന പുസ്തകത്തിൽ ചരിത്ര രേഖകളുടെ പിൻബലത്തോടെ അസന്ദിഗ്ധമായി തെളിയിച്ചിട്ടുണ്ട്.

ഇസ്ലാമിക രാഷ്ട്രത്തിൽ സഹോദര സമുദായങ്ങൾക്ക് മതേതര ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നുണ്ടെന്ന വസ്തുത ചരിത്രമറിയുന്നവർക്ക് വിവരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. അത്തരമൊരു മാനവിക ബഹുസ്വര ഭരണ സംവിധാനത്തെയാണ് കുഞ്ഞിക്കണ്ണനുൾപ്പെടെ കമ്മ്യൂണിസ്റ്റുകാർ മതരാഷ്ട്രമെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. അതിലൂടെ പ്രവാചകനും നാല് ഖലീഫമാരുമുൾപ്പെടെയുള്ള മഹാന്മാരുടെ മഹിതമായ ഭരണത്തെയും ഇസ്ലാമിക സാംസ്കാരിക പാരമ്പര്യത്തെയുമാണ് അവർ ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും. അതിന് ജമാഅത്തെ ഇസ്ലാമിയെ മറയാക്കുന്നുവെന്ന് മാത്രം.

അതോടൊപ്പം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി, ഇന്ത്യയെ ഒരിസ്ലാമിക രാഷ്ട്രമാക്കുമെന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ പേരിൽ മത രാഷ്ട്ര വാദം ആരോപിച്ച് ആക്ഷേപിക്കുന്നതിൻറെ ലക്ഷ്യം ഇസ്‌ലാമിനോടും ഇസ്ലാമിൻറെ സാമൂഹ്യ സംവിധാനത്തോടും അറപ്പും വെറുപ്പുമുണ്ടാക്കുകയെന്നതാണ്.കുഞ്ഞിക്കണ്ണൻറെയും കൂട്ടാളികളുടെയും ഈ ഹീന ശ്രമം തിരിച്ചറിയാൻ ഈ വിഷയം പഠിക്കുന്ന ഏവർക്കും അനായാസം സാധിക്കും.

Related Articles