അടിച്ചമർത്തപ്പെട്ട കറുത്ത മനുഷ്യന്റെ പ്രതീകമായ വിശ്വ പ്രശസ്ത നടൻ മോർഗൻ ഫ്രീമാൻ വൈകല്യങ്ങളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന ഗാനിം അൽ മുഫ്താഹ് എന്ന യുവാവുമായി രണ്ട് വ്യത്യസ്ത കൈവഴികളിലിരുന്ന് നടത്തുന്ന സംഭാഷണം മനുഷ്യർ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത വംശവെറിയെയും മുൻ വിധിയെയും സംബന്ധിച്ചാകുന്നത് സ്വാഭാവികം!
ഗാനിം സംവാദം അവസാനിപ്പിക്കുന്നത് തന്റെ രാഷ്ട്രത്തിന്റെ സംസ്കൃതി ലോകത്തെ കേൾപ്പിച്ചു കൊണ്ടാണ് :
“മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. ദൈവത്തിങ്കൽ നിങ്ങളിലേറ്റം ആദരണീയൻ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയോടെ ജീവിക്കുന്നവനാണ്. നിശ്ചയം! ദൈവം സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു” (ഖുർആൻ : 49 : 13)
പീഡനത്തിന്റെ അരമനകളെ പൊള്ളിക്കാൻ തക്ക വിപ്ലവാത്മക രാഷ്ട്രീയം ഉൾച്ചേർന്ന ഈ ദിവ്യ വിളംബരം ഒട്ടേറെ കോണുകളിൽ ചെന്നു തറക്കാം!
എന്നാൽ മുഴുവൻ വർഗീയ / വംശീയ / ജാതി വിവേചനങ്ങളിൽ നിന്നും മനുഷ്യരാശിയെ ഉയർത്തി നിർത്തുന്ന മൂല്യങ്ങളുടെ ഉജ്ജ്വല പ്രഖ്യാപനമാണ് ഈ വേദോക്തിയെന്ന് തിരിച്ചറിവുള്ളവർക്ക് ബോധ്യപ്പെടുന്നുണ്ട്! അതുകൊണ്ടു തന്നെ ഫ്രീമാനും ഗാനിമും നിലയുറപ്പിച്ച രണ്ടു കൈവഴികൾ / പാലങ്ങൾ ഒന്നായി ച്ചേരുന്നു!
തുടർന്ന് രണ്ടു ദിശകളിൽ നിന്നൊഴുകിയെത്തിയ ഗാന സൗന്ദര്യങ്ങൾ ഒരു ബിന്ദുവിൽ സംഗമിക്കുന്നു! അരികുവത്കരിക്കപ്പെട്ട പീഡിത പിന്നാക്ക ജനവിഭാഗങ്ങളുടെ ഐക്യപ്പെടലിന്റെ മനോഹരമായ കലാവിഷ്കാരം!
പടിഞ്ഞാറിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആഗോള ജീവിതക്രമങ്ങൾക്കിടയിൽ ഖത്തർ ഉൾപ്പെടുന്ന വലിയൊരു ലോകം മുന്നോട്ടു വെക്കുന്നത് മൂല്യ നിഷ്ഠമായ ബദൽ ജീവിത വ്യവസ്ഥയാണ്. മദ്യത്തിനും മയക്കുമരുന്നിനും കുത്തഴിഞ്ഞ ലൈംഗികതക്കും ഈ ജീവിത വ്യവസ്ഥയിൽ കൃത്യമായ അതിർവരമ്പുകൾ ഉണ്ടാവും. അത്തരം അതിരടയാളങ്ങളെ മാനിക്കുന്ന മാനസികാവസ്ഥയാണ് പരിഷ്കൃത മനുഷ്യരിൽ നിന്നും നാം പ്രതീക്ഷിക്കുന്നത്.
ഇസ് ലാമിക ഐഡിയോളജി സമർപ്പിക്കുന്ന പൊളിറ്റിക്സ് എന്നും അധർമങ്ങൾക്കും അനീതികൾക്കും അക്രമോത്സുക പ്രത്യയ ശാസ്ത്രങ്ങൾക്കും എതിരെയുള്ള മനുഷ്യ പക്ഷ, പൊതു സമൂഹ ചെറുത്തു നിൽപ്പാണ്. ചോദിക്കാൻ ആരുമില്ലാത്ത കറുകറുത്ത ആഫ്രിക്കൻ അടിമ ബിലാലിനെയും മരുഭൂമിയിലെ അജ്ഞാതമായ ദാരിദ്ര്യത്തിന്റെ പര്യായം അബൂദർറിനെയും അലഞ്ഞുതിരിഞ്ഞ പേർഷ്യക്കാരൻ സൽമാനെയും മൃഗയാ വിനോദത്തിന്റെ റോമാ സാമ്രാജ്യത്വ ചന്തയിൽ വിൽക്കപ്പെട്ട സുഹൈബിനെയും പ്രവാചകൻ ചേർത്തു നിർത്തിയത് വെറുതേയല്ല!
ഈ രാഷ്ട്ര വീക്ഷണത്തിനപ്പുറം ലോകകപ്പ് ഉദ്ഘാടന സെഷനിൽ ഖത്തർ ഒരു “മത”വും പറഞ്ഞിട്ടില്ല.
“ഭരിക്കാൻ പിറന്നവർ ” എന്ന അഹന്തയിൽ നിന്നുയിരെടുത്ത കൂട്ടക്കൊലകളുടെയും ഭൂമി കയ്യേറ്റങ്ങളുടെയും കൊള്ളയുടെയും മായൻ, ഗാഞ്ചെ, കുരിശു യുദ്ധ, കോളനിവാഴ്ച അധിനിവേശങ്ങളെ വിചാരണ ചെയ്യുന്ന ഉപര്യുക്ത ഖുർആനിക സൂക്തം വെള്ള വംശീയതയെയും അതിന്റെ കേട്ടെഴുത്തുകാരെയും വിറളി പിടിപ്പിക്കുന്നതിൽ ഒരദ്ഭുതവുമില്ല!
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5