Current Date

Search
Close this search box.
Search
Close this search box.

മതവും വിശ്വാസവും തന്നെയാണ് പ്രശ്നം

മൂസയുടെ മുന്നിൽ അടിയറവു പറഞ്ഞ മാന്ത്രികർക്ക് പിന്നീട് മൂസയുടെ ദൈവത്തിൽ വിശ്വസിക്കാൻ ഒന്നും തടസ്സമായില്ല. അതിനു ഫറോവ നൽകിയ പ്രതികരണം “ ഞാൻ നിങ്ങളുടെ കയ്യും കാലും വിപരീതമായി ചേദിക്കും” എന്നായിരുന്നു. എന്ത് കൊണ്ട് കാപ്പൻ ഭീകരനായി എന്ന ചോദ്യത്തിന് നമുക്ക് നൽകാൻ കഴിയുന്ന ഉത്തരവും അത് തന്നെയാണ്.

എന്താണ് ഭീകര വാദം “ ഒരു രാഷ്ട്രീയ ഉന്നം നേടാൻ വേണ്ടി നിരപരാധികളായ സിവിലിയൻ ജനതകൾക്ക് നേരെ മാരകമായ ആക്രമണം നടത്തുകയും, പൊതുവെ ഭീതി പരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും, ആ ഭീകര അന്തരീക്ഷത്തെ ഒരു സമ്മർദ്ദ തന്ത്രമായി ഭരണകൂടങ്ങൾക്കെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് ഭീകര‌വാദം അഥവാ ടെററിസം എന്നു പറയുന്നത്”. ആ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാട് സംഘങ്ങൾ നാട്ടിലുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിര സാന്നിധ്യമായ മാവോ വാദികളെ നമുക്ക് അങ്ങിനെ വിളിക്കാം. പക്ഷെ അവരും സിവിലിയൻ‌മാരേ ആക്രമിക്കുന്നതായി നമുക്കറിയില്ല.

2001 സെപ്റ്റംബർ 28 നു അന്താരാഷ്ട്ര ഭീകരവാദത്തെ എതിർക്കണം എന്ന ഉദ്ദേശത്തോടെ ഐക്യരാഷ്ട്രസഭ ഒരു പ്രമേയം കൊണ്ട് വന്നു. അതിന്റെ ചുവടു പിടിച്ചാണ് രാജ്യങ്ങൾ ഭീകര വിരുദ്ധ നിയമങ്ങൾ എന്ന പേരിൽ മനുഷ്യത്വ വിരുദ്ധ നിയമങ്ങൾ ചുട്ടെടുത്തത്. നമ്മുടെ നാട്ടിൽ അതിനു മുമ്പും മറ്റു പേരുകളിൽ ഈ നിയമം നിലവിൽ വന്നിരുന്നു. സ്റ്റേറ്റിന് പ്രജകളുടെ മനുഷ്യാവകാശം കവർന്നെടുക്കാൻ അനുമതി നൽകുന്നു എന്നതാണ് ഇത്തരം നിയമങ്ങളുടെ ദുരന്തം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തീർത്തും ഭിന്നമായ അവസ്ഥയാണ്‌ കേരളത്തിൽ. എന്നിട്ടും നമ്മുടെ സംസ്ഥാനത്തും ഇത്തരം നിയമങ്ങളുടെ ഇരകലാകുന്നവരുടെ എണ്ണം കൂടി വരുന്നു. അലൻ ത്വാഹ വിഷയം നമ്മുടെ മുന്നിലെ ഒരു ഉദാഹരണം മാത്രം.

രാജ്യത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു യു പി യിലെ ഹാത്രസ് പീഡനം. ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന സവർണ്ണ മാടമ്പിത്തരത്തിന്റെ മികച്ച ഉദാഹരണായി അന്ന് രാജ്യം അതിനെ വിലയിരുതിരുന്നു. നാടിന്റെ പല ഭാഗത്ത്‌ നിന്നും രാഷ്ട്രീയക്കാരും പത്ര പ്രവർത്തകരും പൊതു പ്രവർത്തകരും അവിടേക്ക് പോയി. ആളുകളെ കൂടുതൽ അടുപ്പിക്കാതിരിക്കുക എന്ന നിലപാടാണ് സംസ്ഥാന സർക്കാർ പയറ്റിയത്. രാഹുൽ, പ്രിയങ്ക തുടങ്ങി ദേശീയ നേതാക്കളെ പോലും അന്ന് യോഗി സർക്കാർ തടഞ്ഞിരുന്നു. ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരംഅറസ്റ്റ് ചെയ്തത്.

അതിനുള്ള കാരണം അദ്ദേഹം ഹ്ത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നതാണ്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകൻ എന്ന കാര്യമാണ് യു പി സർക്കാരും സംഘ പരിവാറും ഊന്നി പറയുന്നത്. കാപ്പൻ പൊതു രംഗത്ത് പ്രവർത്തിക്കുന്ന ഒരു പത്രപ്രവർത്തകനാണ്. അദ്ദേഹം ഭീകരവാദവും തീവ്രവാദവും കൊണ്ട് നടക്കുന്ന ആളാണെങ്കിൽ അത് മനസ്സിലാക്കാനുള്ള ബുദ്ധി നമ്മുടെ പത്ര ലോകത്തിനുണ്ട്. അദ്ദേഹം അങ്ങിനെ ഒരു മനസ്സുള്ള ആളല്ലെന്ന് അവരെല്ലാം ഒന്നിച്ചു പറയുന്നു. ഒരു സംഘടന ഭീകരമാകുന്നത് അത് ദേശ വിരുദ്ധ മാനുഷിക വിരുദ്ധ പ്രവർത്തനം നടത്തുമ്പോൾ മാത്രമാണ്. അത്തരം സംഘങ്ങളെ ഔദ്യോഗികമായി തടയാൻ സർക്കാരിനു ബാധ്യതയുണ്ട്. പക്ഷെ ഇപ്പറയുന്ന സംഘടനയെ ഒരു സർക്കാരും നിരോധിച്ചിട്ടില്ല. അപ്പോൾ അതിൽ പ്രവർത്തിക്കുന്നത് എങ്ങിനെ ഭീകരമാവും എന്ന ചോദ്യം അപ്രസക്തമാണ്.

ലോകത്തിലെ വലിയ ഭീകരത ഭരണ കൂട ഭീകരത തന്നെ. നീതിയും തണലും നൽകേണ്ടവർ തന്നെ ഇരുട്ടും അനീതിയും നൽകുന്നു എന്നതാണ് അതിനു പിന്നിലെ ദുരന്തം. നമ്മുടെ മുന്നിലെ ഇപ്പോഴത്തെ വിഷയം കാപ്പൻ ഭീകരനാണോ എന്നതല്ല. അയാളുടെ മനുഷ്യാവകാശമാണ്. കൊറോണ എന്ന മഹാമാരി ലോകത്തെയും നാടിനെയും ഭീകരമായി ആക്രമിക്കുന്നു. കാപ്പനും പ്രസ്തുത രോഗം പിടിപെട്ടിരിക്കുന്നു എന്നാണ് വിവരം. അതെ സമയം അദ്ദേഹത്തിന് മാന്യമായ ചികിത്സ നൽകാൻ ഭരണ കൂടം തയ്യാറാവുന്നില്ല. കുറ്റവാളികൾക്കും മാനുഷിക പരിഗണനയുണ്ട് എന്നതാണ് ലോക നിയമം. പക്ഷെ ഇല്ലാത്ത ഭീകരതയുടെ പേരിൽ നിരപരാധികളെ പീഡിപ്പിക്കുന്ന നിയമത്തെ എതിർക്കുക എന്നതു അനിവാര്യതയായി തീരുന്നു. മദനി നമ്മുടെ വീഴ്ചയുടെ ഫലമായി ഉണ്ടായതാണ്. അത് ആവർത്തിക്കാൻ പാടില്ലെന്ന് നാം ഉറപ്പിച്ചു പറയണം.

ആർ എസ് എസിന്റെ വംശീയ മുഖം കൂടുതൽ വ്യക്തമാകുന്നു എന്നല്ലാതെ മറ്റൊന്നും നാം ഇവിടെ കാണുന്നില്ല. ഭീകരാക്രമണത്തിൽ കുറ്റം ചാർത്തപ്പെട്ടയാളുടെ മതവും വിശ്വാസവും തന്നെയാണ് ഇവിടെയും പ്രശ്നം. കേരള സർക്കാർ വിഷയത്തിൽ ഇടപെടാൻ പിന്നെയും കാലമെടുത്തു. സംഘ പരിവാർ ജൽപ്പനങ്ങൾ മതേതര പാർട്ടികളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ നേർ രൂപമായി നമുക്കതിനെ കാണാം. ഭരണ കൂടങ്ങൾ നീതി നിഷേധിക്കുമ്പോൾ അടുത്ത അത്താണി നീതി പീടങ്ങളാണ്. അതിന്റെയും വിശ്വാസത ചോദ്യം ചെയ്യപ്പെടുന്ന കാലമാണ് എന്ന് കൂടി ചേർത്ത് വെച്ച് വേണം കേസിന്റെയും കാപ്പന്റെയും ചികിത്സയുടെ ഭാവി പരിഗണിക്കാൻ.

Related Articles