Current Date

Search
Close this search box.
Search
Close this search box.

രഹ്‌ന ഫാത്തിമയും സുരേഷ് നായരും; പേരില്‍ തന്നെയാണ് എല്ലാം

ഇന്നലെ യു എ ഇ യിൽ നിന്നും ഒരു മെസ്സേജ് വന്നു.  ഒന്നിച്ചു ജോലി ചെയ്തിരുന്ന ഒരു പാകിസ്ഥാൻ സുഹൃത്തിന്റേതായിരുന്നു പ്രസ്തുത മെസ്സേജ്. ” മുസ്ലിം സ്ത്രീകൾ എന്തിനാണ് മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ പോകുന്നത്” എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച സംശയം. വിഷയത്തെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ശബരിമല വിഷയവുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്യപ്പെട്ട രഹ്ന ഫാത്തിമയെ കുറിച്ചാണ്.

പേരിലെന്തിരിക്കുന്നു എന്ന ചോദ്യം അപ്രസക്തമാണ്. എല്ലാം പേരിലാണ്. അത് കൊണ്ടാണ് അഖില ഹാദിയ എന്ന് പേര് മാറ്റിയിട്ടും പഴയ പേര് തന്നെ പലരും വിളിച്ചു കൊണ്ടിരുന്നത്. തന്റെ പുതിയ പേര് സൂര്യ ഗായത്രി എന്ന് രഹ്ന ഫാത്തിമ പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലിം സ്ത്രീകള്‍ മറ്റുള്ളവരുടെ ആരാധന സ്ഥലങ്ങളില്‍ പോകാറില്ല. കാഴ്ച കാണാന്‍ പോകാറുണ്ട്. സൂര്യ ഗായത്രി ശബരി മലയിലേക്കു പോയത് തീര്‍ത്തും വിശ്വാസിയുടെ രൂപത്തിലാണ്. പഴയ പേരല്ലാതെ അവര്‍ക്കു ഇസ്ലാമുമായി എന്ത് ബന്ധം എന്നാണ് ആരും ചോദിക്കുക.

പാകിസ്ഥാന്‍ സുഹൃത്ത് ഈ വിഷയത്തില്‍ ഇത്ര ഗൗരവം കാണിക്കണമെങ്കില്‍ ഈ വിഷയത്തിന്റെ റേഞ്ച് ഓര്‍ത്തു നോക്കിയാല്‍ മതി. ഹിന്ദുവിന്റെ ആരാധന സ്വാതന്ത്ര്യം തന്നെ നിഷേധിക്കപ്പെടുന്നു എന്ന രീതിയിലാണ് പ്രചാരണം. അതെ സമയം മറ്റൊരു പേര് കൂടി നമ്മുടെ ശ്രദ്ധയിലേക്ക് വന്നിരുന്നു. പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ഭീകരന്‍ പിടിയിലായി. പക്ഷെ അതിനു കാര്യമായ ഒരു പ്രാധാന്യവും കണ്ടില്ല. അതും പേര് തന്നെയാകും കാരണം.

ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന സുരേഷ് നായരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് അന്വേഷണ ഏജന്‍സികള്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അജ്മീര്‍ ദര്‍ഗ സ്ഫോടന കേസ് ഉള്‍പ്പെടെ ഒരുപാട് കേസുകളില്‍ പ്രതിയായ ഇയാളുടെ കൈകളില്‍ വിലങ്ങുവീഴുന്നത് 11 വര്‍ഷത്തിന് ശേഷം. കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നാണ് കുടുംബം ഗുജറാത്തില്‍ എത്തുന്നത്. പോലീസ് തിരയുമ്പോഴും കേരളത്തില്‍ ബന്ധുക്കളുടെ അരികില്‍ വന്നിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

പറഞ്ഞു വരുന്നത് രണ്ടു ലക്ഷം വിലയുള്ള ഒരു ഭീകരനെ പിടിച്ചിട്ടും നമ്മുടെ മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയായില്ല. അല്ലെങ്കില്‍ അദ്ദേഹം വന്നു താമസിച്ചു എന്ന് പറയപ്പെടുന്ന കുടുംബത്തെ വരെ ചോദ്യം ചെയ്യുമായിരുന്നു. ഒരു ഹിന്ദു സംഘടനയും അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ല എന്നതും എടുത്തു പറയണം. പേര് നോക്കിയാണ് ഇന്ന് കുറ്റങ്ങളുടെ അവസ്ഥ കണക്കാക്കുന്നത്. അതൊരു പൊതു ബോധമാണ്. ഈ പിടിക്കപ്പെട്ടത് സുരേഷ് നായര്‍ക്ക് പകരം ഒരു മുസ്ലിം നാമധാരി ആണ് എന്ന് കരുതുക. മുസ്ലിം സംഘടനകള്‍ വരിനിന്നു അയാളെ പുറത്താക്കണമായിരുന്നു.

അയ്യപ്പനെ അധിക്ഷേപിക്കുക എന്നത് പാടില്ലാത്ത കാര്യമാണ്. അത് രഹ്ന ഫാത്തിമ ചെയ്തു എന്ന് പറയുന്നതിന്റെ സുഖം സൂര്യ ഗായത്രി ചെയ്തു എന്ന് വന്നാല്‍ കിട്ടില്ല. വിശ്വഹിന്ദു പരിഷത്തിന്റെ കീഴില്‍ മൂന്നു വര്‍ഷം പഠനം നടത്തിയാണ് രഹ്ന ഗായത്രിയായതു എന്ന് അവര്‍ തന്നെ പറയുന്നു. ഒരു ഹിന്ദു അയ്യപ്പനെ ആക്ഷേപിച്ചു എന്നതു വാര്‍ത്ത കിട്ടുന്ന കാര്യമല്ല. ഒരു നായര്‍ ഭീകരവാദിയായി എന്നത് വാര്‍ത്ത പ്രാധാന്യം കിട്ടാത്ത പോലെ തന്നെ. അത് കൊണ്ടാണ് പേരിലാണ് എല്ലാം എന്ന് നമുക്ക് പറയേണ്ടി വരുന്നതും.

Related Articles