എത്രയെഴുതിയാലും തീരാത്ത, ലഭ്യമായ വാക്കുകളെത്ര പരതിയാലും മതിയാവാത്ത, എത്ര വിശേഷിപ്പിച്ചാലും ആ വ്യക്തിത്വത്തിന്റെ മഹിമകളോട് താദാത്മ്യം പ്രാപിക്കാത്തത്രയും സമ്പൂർണ്ണത പ്രാപിച്ച സൽഗുണ സമ്പന്നതയുടെ എല്ലാവിധ സവിശേഷതകളും സന്നിവേശിച്ച ലോക ജനതക്ക് മാതൃകയായ വ്യക്തിത്വത്തിനുടമയാണല്ലോ അന്ത്യപ്രവാചകൻ മുഹമ്മദ് റസൂൽ (സ). മഹനീയ ജീവിതത്തിൻ്റെ ആദിമധ്യാന്തം എല്ലാം പലസമയങ്ങളിലായി പുസ്തകം ആയിട്ടുണ്ട്. സാങ്കേതികവിദ്യകളുടെ അതിശീഘ്ര വളർച്ച സ്വാഭാവികമായ സമകാലീന സാഹചര്യത്തിൽ സഹിഷ്ണുതകളോട് സമരസപ്പെടാതെ എല്ലാം ദ്രുതഗതിയിൽ ചെയ്തും അറിഞ്ഞും മനസ്സിലാക്കിയും അനുഭവിച്ചും ജീവിതം തള്ളിനീക്കണമെന്ന ചിന്താഗതിയാണ് അധിക മനുഷ്യരിലും കാണാനാവുന്നത്. ഇൻസ്റ്റഗ്രാമിലെ ഷോർട്സിനും റീൽ സിനുമെല്ലാം അഭൂതപൂർവമായ സ്വീകാര്യത പോലും നടേപറഞ്ഞ പ്രതിഭാസങ്ങളുടെ പ്രതിഫലനങ്ങളായി വിലയിരുത്താവുന്നതാണ്.
മാനവികതയ്ക്ക് മാതൃകയായി മുന്നിൽ നടന്ന മുത്ത് റസൂലിൻ്റെ ആദിമധ്യാന്ത ജീവിതം അത്യാകർഷകരീതിയിൽ ആഖ്യാനിച്ച് ആറ്റികുറുക്കിയ പുസ്തകമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യുവ പ്രഭാഷകനുമായ റാഷിദ് സബാൻ്റെ ‘റസൂൽ’. ജീവിതത്തിൻ്റെ നിഖില മേഖലയിലും റസൂലിനെ തിരഞ്ഞാൽ അവിടെയെല്ലാം മഹനീയ മാതൃകയുടെ പരകോടിയിലെത്തിയ ഒരു മാതൃകാ പുരുഷനെ ദർശിക്കാനാവും. പ്രതിസന്ധിയുടെയും പ്രതിബന്ധങ്ങളുടെയും എത്ര കാഠിന്യമുള്ള പ്രളയത്തിലകപ്പെട്ടാലും അതിൻ്റെ അതിജീവന വഴികൾ ഏതെല്ലാമെന്ന് ആ ജീവിതത്തിൽ നിന്ന് കണ്ടെടുക്കാനാവും. ആഴമേറിയ പരീക്ഷണങ്ങളുടെ ഉഛസ്ഥായിയിലെത്തി നിന്ന സമയത്തും അല്ലാഹുവിൻ്റെ ഇഷ്ടദാസനാണെന്ന് തെളിയാൻ മറ്റൊന്നും വേണ്ടതില്ലാത്ത വിധം മഹനീയമാണെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തി തരും. ശത്രുക്കളുടെ കുതന്ത്രങ്ങളുടെ കുന്തമുനയെയെല്ലാം ഈമാനിൻ്റെ ഊക്ക് കൊണ്ട് ഉന്മൂലനം ചെയ്യാൻ ആയിട്ടുണ്ടെന്ന് റസൂലിൻ്റെ ജീവിതം നമുക്ക് പറഞ്ഞ് തരുന്നു. പ്രതിസന്ധികളുടെ എല്ലാ കൊടുങ്കാറ്റുകളും ആ മഹദ്ജീവിതത്തിന് മേൽ ആഞ്ഞുവീശിയപ്പോഴും തെല്ലും പിന്മാറാതെ വിശ്വാസത്തെ രൂഢമൂലമാക്കിയ റസൂൽ ഇരുട്ടിൽ അമർന്ന് പോയ ഒരു ജനതയെ വെളിച്ചത്തിലേക്ക് വഴി നടത്തുകയായിരുന്നു ചെയ്തത്. അതൊരു മാറ്റത്തിന്റെ പുതിയ തുടക്കമായിരുന്നു. ആ മാറ്റത്തിന്റെ തിരകളാണ് ഇന്നും ലോകജനതക്ക് മുമ്പിൽ ആഞ്ഞുവീശികൊണ്ടിരിക്കുന്നത്.
ജാഹിലിയ്യത്തിൻ്റെ ജരാനരകളിലമർന്ന ഒരു സമൂഹത്തെ ഒരു മനുഷ്യൻ ഒറ്റയ്ക്കും പിന്നെ കൂട്ടായും നൻമയാർന്ന നല്ല വഴികളിലൂടെ നടത്തിയതിന്റെ കഥകൾ കേട്ടാൽ ആ മഹദ് വ്യക്തിത്വത്തോടുള്ള മുഹബ്ബത്ത് സീമാതീതമായി വർധിച്ചുകൊണ്ടിരിക്കും. അതിൻ്റെ മകുടോദാഹരണങ്ങളാണ് ചരിത്രത്തിലൂടെ നാം പഠിച്ചതെല്ലാം. ആ റസൂലിന്റെ ജന്മ ദേശത്തെല്ലാ കാലത്തും ലഭ്യമായ എത്ര ഒഴുകിയാലും വറ്റാത്ത ഉറവയായ സംസമിനെ പോലെയുള്ള ഒരു പ്രതീകാത്മകഥയാണ് കാലാതീതമായ ജനതയ്ക്ക് മുന്നിൽ നടക്കാനായി ദൈവനിയോഗം ചേർന്ന ഈ ഒരു വ്യക്തിത്വം എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. സമ്പൂർണ്ണതയാണ് റസൂലെന്ന വിശേഷണം പുസ്തകത്തിലുടനീളം പ്രതിപാദ്യമാണ് താനും.
റസൂലിന്റെ പിറവിതൊട്ട് കാലായവനികക്കുള്ളിൽ മറയുന്നതുവരെയുള്ള ജീവിതം ഏറെ അർഥസമ്പൂർണ്ണവും പിൽകാല ജനതയ്ക്ക് വ്യതിരിക്തവും വൈവിധ്യമാർന്നതുമായ പാഠഭേദങ്ങൾ പകർന്നു നൽകുന്നതുമാണ്. പ്രവാചകത്വ പരിസമാപ്തിയുടെ പരിപ്രേക്ഷ്യം ആ ഉദാത്ത മാതൃകയുടെ ഉച്ചകോടിയെ വാരിപ്പുണർന്നിരുന്നു. പ്രവാചകനിയോഗവും ദൗത്യവും അതിൻ്റെ ആവശ്യകതകളും അനിവാര്യതകളും എന്തിനെല്ലാമാണെന്നതിൻ്റെ തീർപ്പ് കൽപ്പിക്കുകയായിരുന്നു യഥാർത്ഥത്തിൽ മുഹമ്മദ് നബി (സ) യിലൂടെ അല്ലാഹു ചെയ്തിട്ടുള്ളത്. അല്ലാഹുവിൻ്റെ ഇഷ്ടദാസനാണെന്നതിലേക്കാളേറെ അവന്റെ ദൂതൻ കൂടിയായിട്ടും ഒരു മനുഷ്യന് ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പരീക്ഷണങ്ങളെല്ലാം വന്നുചേർന്നിട്ടും മധുരതരമായ ഈമാനിന്റെ ഊക്ക് കൊണ്ട് നേരിട്ട് പരം വിശ്വാസികൾക്കെല്ലാം നിത്യ പ്രചോദനവും ഊർജ്ജവുമായി എല്ലാ മനുഷ്യരുടെയും അകതാരിലൂടെ ജീവിച്ചുകൊണ്ടിരിക്കുകയാണ്.
ഇനി ഇങ്ങനെയൊരു ജീവിതം കാണുക സാധ്യമോ എന്ന ചോദ്യചിഹ്നം അനുവാചക മനസ്സിൽ അവശേഷിപ്പിക്കുന്ന തരത്തിലുള്ളതാണ് സവിശേഷമായ രീതിയിലൂടെ റാഷിദ് സബാൻ ഈ ചെറുപുസ്തകത്തിലൂടെ ചെയ്തിരിക്കുന്നത്. വസന്തകാലത്തിൻ്റെ തുടക്കത്തിൽ തന്നെ പിറവി കൊണ്ട ഒരു മനുഷ്യന് ആ മനുഷ്യന് ജീവിച്ച സമൂഹത്തിലും പിന്നെ കാലാവസാനം വരേക്കും ഉള്ള ജനതയ്ക്ക് വഴി കാണിച്ച് ഏവരുടെയും ജീവിതത്തിൽ നിത്യഹരിത വസന്തമായി വർത്തിക്കുകയും ചെയ്യുമ്പോൾ ആ മഹാ മനുഷ്യനെ കുറിച്ച് നമുക്ക് ഇനിയും വായിക്കാൻ മനസ്സ് ദ്യോതിപ്പിക്കും. തിന്മകളിലേക്ക് തെന്നിവീഴാനായി തോന്നിപ്പിക്കുന്ന പൈശാചിക പ്രേരണകളോട് വിസമ്മതം പറയാനുള്ള വഴികളെല്ലാം റസൂൽ പറഞ്ഞുതന്നിട്ടുണ്ട്. അരാജകത്വം അരങ്ങുവാണിരുന്ന കാലത്തിൻ്റെ ഒഴുക്ക് മുമ്പിലുണ്ടായിട്ടും ശക്തവും സുഭദ്രവുമായ ഒരു സാമൂഹിക ക്രമത്തെ കെട്ടിപ്പടുക്കാൻ ഭഗീരഥ യത്നത്തിലൂടെ റസൂലിന് സാധിച്ചിട്ടുണ്ടെങ്കിൽ ആ റസൂലിനെ പിൻപറ്റുന്ന പിൻമുറക്കാർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നത് ചോദ്യവും ഏറെ ചിന്തനീയ പ്രസക്തിയുള്ള കാര്യവുമാണ്.
ജീവിക്കുന്ന കാലത്തിൻറെ കാലൊച്ചകളിലേക്ക് കണ്ണും കാതും കൂർപ്പിച്ച് അരുതായ്മകളുടെ അപ്രമാദിത്വത്തിന് മുമ്പിൽ അന്തിച്ചുനിൽക്കേണ്ടി വരുന്ന ദുരവസ്ഥകളെ എങ്ങനെയാണ് തരണം ചെയ്യേണ്ടതെന്നതിനെ പറ്റിയുള്ള ആലോചനകളാണ് സമകാലികലോകത്ത് ജീവിക്കുമ്പോൾ അനിവാര്യമായി വരുന്നത്. അതിനുള്ള ദിശാസൂചികയായി ‘റസൂൽ’ മാറുക തന്നെ ചെയ്യും. അധികാര ഹുങ്കിൻ്റെ അട്ടഹാസങ്ങൾക്ക് മുമ്പിൽ നിന്ന് രാജിയായി കാലോചിത ദൗത്യങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാൻ, അതിന് വേണ്ടി ചിന്തകളും ആലോചനകളും ഉരുവപ്പെടുത്തിയെടുക്കാനുള്ള സമയം അതിക്രമിച്ചിട്ടുണ്ട്. വൈശിഷ്ട്യ സമ്പൂർണതകളുടെ സമാഹാരമായ റസൂലിനെ അടുത്തറിയുന്നതോടൊപ്പം ജീവിത വഴികളിൽ ഒപ്പം കൂട്ടുമ്പോഴാണ് എല്ലാ വായനകളും വാഴ് വിനെ വാഴ്ത്താൻ പാകത്തിലുള്ളതാക്കുന്നത്.
Summary: Introduces newly released book Rasool by Rashid Saban offers a profound exploration of the life of Prophet Muhammad (peace be upon him), presenting his journey not just as a historical account but as a timeless guide for humanity. Through engaging narration and insightful reflections, the author sheds light on the Prophet’s character, struggles, and enduring message of compassion, justice, and faith, making the work both spiritually enriching and socially relevant.