Current Date

Search
Close this search box.
Search
Close this search box.

നവ പാരമ്പര്യ വാദം; വിധേയത്വത്തിൻ്റെ ദൈവശാസ്ത്രം

എസ്.ഐ.ഒ കേരളയുടെ സംരഭമായ കാമ്പസ് അലൈവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘നവ പാരമ്പര്യ വാദം; വിധേയത്വത്തിൻ്റെ ദൈവശാസ്ത്രം’ എന്ന പുസ്തകത്തെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത്. ഇസ്ലാമിൻറെ സാമൂഹിക വൈജ്ഞാനിക മണ്ഡലത്തിൽ പുതിയ കാലത്ത് രൂപപ്പെട്ടുവന്ന നവപാരമ്പര്യ വാദത്തെയും, അവയുടെ ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളുടെയും യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇസ്ലാമിനെ ഒരു പ്രത്യേക രീതിയിൽ വ്യാഖ്യാനിക്കുകയും തദടിസ്ഥാനത്തിൽ അതിൻറെ പ്രാമാണികതയെ സാധൂകരിക്കുകയും ചെയ്യുന്ന സമീപനം മുസ്ലിം വൈജ്ഞാനിക സാമൂഹിക മണ്ഡലത്തിൽ സജീവമാണ്. അപ്രകാരം പാരമ്പര്യമെന്നാൽ ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ നിന്ന് ഇസ്ലാമിനെ മാറ്റി നിർത്തലാണെന്ന് വ്യാഖ്യാനിക്കുന്ന പ്രവണതയുടെ ആന്തരിക വൈരുദ്ധ്യങ്ങളെ  തുറന്നുകാട്ടുവാനുള്ള ഉദ്യമമാണ് ഈ പുസ്തകമെന്ന് ലളിതമായി പറയാം. 

ഇസ്ലാമിക ദൈവശാസ്ത്ര പരിസരത്ത് രൂപപ്പെട്ടു വന്ന നവപാരമ്പര്യ വാദങ്ങൾ,, വിപ്ലവത്തെ കുറിച്ച ഇസ്ലാമിക കർമ്മശാസ്ത്ര ചർച്ചകൾ, ആഗോളതലത്തിൽ നവപാരമ്പര്യ വാദത്തിന്റെ വക്താക്കളായ ശൈഖ് അബ്ദുല്ല ബിൻ ബയ്യാഹ് , ഷെയ്ഖ് ഹംസ യൂസഫ്, ശൈഖ് ഹബീബ് അലി അൽ ജിഫ്രി തുടങ്ങിയ പണ്ഡിതന്മാരുടെ നിലപാടുകൾ, യു.എ.ഇ ഇസ്രായേൽ സമാധാന ചർച്ചകളുടെ മാനങ്ങൾ, ഹബീബ് അലി അൽ ജിഫ്രിയുടെ ഉയ്ഗൂർ മുസ്‍ലിംകളുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പ്രശ്നങ്ങൾ, രാഷ്ട്രീയം-ആത്മീയത തുടങ്ങി എട്ടോളം പഠനങ്ങൾ ഉൾകൊള്ളുന്നതാണ് ഈ പുസ്തകം.

ശൈഖ് ഇബ്‍നു ബയ്യയുടെയും ഹംസ യൂസുഫിൻ്റെയും രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തെ പുസ്തകത്തിൻ്റെ തുടക്കത്തിൽ  ചർച്ച വിധേയമാക്കുന്നുണ്ട്. ആധുനിക ലോകത്ത് മുസ്‍ലിംകൾ കേവലം ഇരവാദികളായി വേഷമണിയേണ്ടി വന്നത് അവരുടെ സാമൂഹിക ധാർമിക ജീവിതത്തിൽ നിന്ന് അതിഭൗതികതയെ കൈയൊഴിഞ്ഞതിനാലാണെന്ന് ഹംസ യൂസുഫ് അഭിപ്രായപ്പെടുന്നു. ഭൂമി അനീതി നിറഞ്ഞതാണെന്നും സമ്പൂർണ്ണ നീതി പരലോകത്ത് മാത്രമാണ് സംജാതമാവുക എന്നും പറഞ്ഞ ശേഷം ഭൂമിയിലെ നീതിക്കായി പ്രവർത്തിക്കുന്ന ഇസ്ലാമിസ്റ്റുകളെ  വിമർശിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇസ്ലാമിസ്റ്റുകൾ മാക്സിസ്റ്റുകൾ പറയുന്ന സമ്പൂർണ്ണ നീതി നടപ്പാക്കുന്ന ലോകത്തെ സ്വപ്നം കാണുകയും അതിനു വേണ്ടി സമര പോരാട്ടങ്ങൾ നിർവഹിച്ച് ലോകത്തിന്റെ സമാധാനം തകർക്കുകയുമാണ്. എന്നാൽ മാക്സിസ്റ്റ് – ഇസ്ലാമിസ്റ്റ് വിരുദ്ധമായ ഇത്തരം പ്രസ്താവനകൾ സമകാലിക അമേരിക്കൻ മുസ്ലിം യാഥാർത്ഥ്യങ്ങളെ മുൻനിർത്തി അദ്ദേഹത്തിൻ്റെ വാദത്തിലെ ദൗർബല്യത്തെ ഈ  പുസ്തകം ചൂണ്ടിക്കാണിക്കുന്നു. 

ഇസ്ലാമിക നിയമ വ്യവഹാരത്തിലെ സാങ്കേതിക പദങ്ങൾക്ക് അനുയോജ്യമല്ലാത്ത/ പശ്ചാത്തല യോഗ്യമല്ലാത്ത അർത്ഥ പരികല്പനകൾ നൽകുന്ന  ഹംസ യൂസഫിന്റെ പ്രവർത്തിയെ പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. ഇസ്ലാമിലെ ‘ഖുറൂജ്’ (അധർമ്മിയും, അക്രമകാരിയുമായ ഭരണാധികാരിക്കെതിരിൽ നടത്തുന്ന സംഘടിതമായ പോരാട്ടം) എന്ന പദത്തെ ‘ലഹള’ എന്ന് നിർവ്വചിക്കുന്നതിലൂടെ അനീതിയെ പ്രതിരോധിക്കാനുള്ള സകല രീതിശാസ്ത്രങ്ങളെയും നിഷേധിക്കുകയും അനീതികൾ ഏറ്റുവാങ്ങുന്ന ജനങ്ങൾക്കെതിരായി ഇത്തരം പ്രസ്താവനകൾ മാറുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ഇസ്ലാമിനെ മാപ്പുസാക്ഷിത്വത്തിന്റെയും, നിഷ്ക്രിയത്വത്തിൻ്റെയും മതമായി ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരം നിലപാടുകൾ.

തുടർന്ന് 2012 ലെ അറബ് വിപ്ലവത്തെ മുൻനിർത്തിയുള്ള ചില കർമ്മ ശാസ്ത്ര ആലോചനകളും പുസ്തകത്തിൽ കടന്നുവരുന്നുണ്ടുണ്ട്. വിപ്ലവാനൂകൂലികളായ ശൈഖ് അഹമദ് റൈസൂനി, ശൈഖ് യൂസുഫുൽ ഖറദാവി തുടങ്ങിയ പണ്ഡിതന്മാരുടെ വിപ്ലവത്തിന് സാധുത നൽകുന്ന പ്രമാണ കേന്ദ്രീകൃതമായ നിലപാടുകൾ എപ്രകാരമാണെന്ന് പുസ്തകം വിശദീകരിക്കുന്നു.

പുസ്തകത്തിൻ്റെ തുടർന്നുള്ള ഭാഗങ്ങളിൽ അബ്ദുല്ല ബിൻ ബയ്യയുടെ  ആധുനിക ഭരണ സമീപനങ്ങളെ കുറിച്ചുള്ള നിലപാടും, അറബ് വസന്തത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണവും വിശകലനം ചെയ്യുന്നു. ദേശ രാഷ്ട്രങ്ങൾ മുന്നോട്ട് വെക്കുന്ന ജനാധിപത്യമുൾപ്പെടെയുള്ള വ്യവസ്ഥകൾ ഇസ്ലാമികമല്ലെന്ന് പറയുമ്പോൾ തന്നെ ആധുനിക ചട്ടക്കൂടിലുള്ള ഭരണകൂട സംവിധാനങ്ങളെ നിലനിർത്താനുതകും വിധം  കർമശാസ്ത്ര വ്യവഹാരങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ശൈഖിൻ്റെ നിലപാടുകളിലെ  വൈരുധ്യത്തെ തുറന്നു കാട്ടാൻ  പുസ്തകത്തിന് ഒരളവോളം സാധിക്കുന്നുണ്ട്. കുടുംബത്തെ ബാധിക്കുന്ന കാര്യമാണെങ്കിൽ പോലും രണ്ടാം ഭാര്യയെ സ്വീകരിക്കാനുള്ള ഭർത്താവിൻറെ അധികാരം പോലെയാണ് ഭരണാധികാരിക്ക് അദ്ദേഹത്തിൻറെ അധികാരമെന്നും, അവിടെ ആർക്കും  അദ്ദേഹത്തിനുമേൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ചെലുത്താൻ സാധിക്കുകയില്ലെന്നും ശൈഖ് അഭിപ്രായപ്പെടുന്നു.

എന്നാൽ ഇസ്ലാമിൽ ഉമ്മത്തിന്  ഭരണാധികാരിയോട് നന്മ കൽപ്പിക്കാനും തിന്മ കണ്ടാൽ അതിനെ ഗുണദോഷിക്കാനുമുള്ള ശേഷിയെ അദ്ദേഹം ഇവിടെ മനപ്പൂർവ്വമോ, അല്ലാതെയോ വിസ്മരിക്കുന്നു. ഇത്തരം പ്രസ്താവനകൾ  സംഭവ ലോകത്ത് മുസ്ലിം ഉമ്മത്തിനെ നിഷ്ക്രിയരും അരാഷ്ട്രീയരുമാക്കുകയുമാണ് ഫലത്തിൽ ചെയ്യുന്നത്.

ഇസ്ലാമിൻ്റെ രാഷ്ട്രീയ വ്യാഖ്യാന മേഖലയിൽ സമീപകാലത്ത് രൂപം കൊണ്ട Activism /Quietism എന്ന വ്യത്യസ്തമായ രണ്ട് തരംതിരിവുകളെ മനസ്സിലാക്കാനുള്ള ശ്രമമാണ്  പുസ്തകത്തിൻ്റെ തുടർന്നുള്ള ഭാഗങ്ങളിൽ ഉൾകൊള്ളുന്നത്. പ്രത്യേകിച്ച് യു.എ.ഇ സ്പോൺസർ ചെയ്യുന്ന നവ സൂഫി പാരമ്പര്യ വാദത്തിന്റെയും പാരമ്പര്യ വിരുദ്ധ പുരോഗമനവാദികളുടെയും പണ്ഡിത ശൃംഖലകളെ കുറിച്ച ചർച്ചയാണ് പ്രധാന വിഷയം. യു.എ.ഇ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട സെയ്യിദ് അലി ജിഫ്രിയുടെ നേതൃത്വത്തിലുള്ള താ:ബ ഫൗണ്ടേഷൻ, അബ്ദുല്ലാ ബിൻ ബയ്യ രൂപം നൽകിയ FPPMS, അദ്ദേഹത്തിൻ്റെ തന്നെ നേതൃത്വത്തിലുള്ള അൽ മുവത്വ സെൻറർ, ഫത്വ് ‍വ കൗൺസിൽ എന്നീ സംഘടനകളെക്കുറിച്ചെല്ലാം  വിശദമായി അവലോകനം ചെയ്യുന്നുണ്ട്.  ഇസ്ലാമിക പ്രമാണങ്ങളുടെ പിൻബലത്തിൽ ഭരണം കയ്യാളാനുള്ള ആധികാരികത നൽകുന്ന പാരമ്പര്യ ഇസ്ലാമിന്റെ നിർമ്മാണം യു.എ.ഇ എപ്രകാരം നിർവ്വഹിക്കുന്നു എന്ന് ഇതിൽ നിന്നെല്ലാം വായിച്ചെടുക്കാം.

നവപാരമ്പര്യ വാദ വ്യവഹാരങ്ങൾ അറബ് വസന്തം പോലുള്ള പോരാട്ടങ്ങളുടെ നിയമപരമായ അസാധുതയിൽ എപ്രകാരം കേന്ദ്രീകരിച്ചു എന്നും വിശദീകരിക്കുന്നുണ്ട്. കൂടാതെ യു.എ.ഇ പിന്തുണയ്ക്കുന്ന പുരോഗമന മുസ്ലിം ശൃംഖലയിലെ ഖുർആന് പുതിയ വ്യാഖ്യാനം നൽകിയതിന്റെ പേരിൽ അറിയപ്പെടുന്ന സിറിയൻ എഞ്ചിനീയർ മുഹമ്മദ് ഷഹ്റൂർ, ഇസ്ലാമിക ഇടതുപക്ഷം എന്ന തന്റെ പദ്ധതിയിലൂടെ അറിയപ്പെടുന്ന ഈജിപ്ഷ്യൻ പ്രൊഫസർ ഹസൻ ഹനഫി, സിറിയൻ മതേതര കവിയായ അലി എസ്ബിയർ, മുഹമ്മദ് അർകൂൻ എന്നിവരെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നുണ്ട്. പിന്നീട് ഇസ്ലാമിക പാരമ്പര്യത്തിലെ പ്രതിരോധ സംവാദത്തെയാണ് പരിശോധിക്കുന്നത്. ഇസ്ലാമിന് രാഷ്ട്രീയ വിരുദ്ധ വായന നൽകുന്ന ഹംസ യൂസുഫിന്റെ വാദങ്ങളെ ഇഴകീറി പരിശോധിക്കുന്നുണ്ടിവിടെ. അതെ അവസരത്തിൽ പ്രമുഖരായ മദ്ഹബിന്റെ നാല് ഇമാമുമാരുടെ സായുധ വിപ്ലവത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടുകളെയും വിശദീകരിക്കുന്നു. 

സിറിയയിലെയും ലിബിയയിലെയും മനുഷ്യർ യു.എ.ഇ  ഭരണകൂടത്താൽ അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവർക്കെതിരെയുള്ള സമരപ്രക്ഷോഭങ്ങൾ ഭരണകൂട നിലനിൽപ്പിന് വെല്ലുവിളിയാകുന്നു എന്ന ഹംസ യൂസുഫിന്റെ വാദം തീർത്തും അപ്രസക്തവും ഇസ്ലാമിക നിയമ വ്യവഹാരങ്ങളെ വക്രീകരിക്കലുമാണെന്ന് ഒരിക്കൽ കൂടി പുസ്തകം ബോധ്യപ്പെടുത്തുന്നുണ്ട്. ഹംസ യൂസുഫിന്റെ ഇസ്ലാമിസ്റ്റ് വിരുദ്ധ നിലപാടുകളെ മുൻനിർത്തി ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തുടർന്ന് വിശകലനം ചെയ്യുന്നു. 9/11 ന് മുമ്പും ശേഷവുമുള്ള അദ്ദേഹത്തിൻറെ നിലപാടുകളിലെ വൈരുദ്ധ്യം ഈ സാഹചര്യത്തിൽ മനസ്സിലാക്കുവാൻ സാധിക്കും. മുസ്ലിം ജനതയോട് അമേരിക്കൻ സാമ്രാജ്യത്വം കാണിച്ച വിവേചന ഭീകരതയോടുള്ള പ്രതിഷേധാർഹം രൂപപ്പെടുന്നതാണ് അവിടെയുള്ള മുസ്ലിം രാഷ്ട്രീയ മുന്നേറ്റങ്ങൾ.  എന്നാൽ അത്തരം മുസ്ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളെ അവഗണിക്കാനും സാമ്രാജ്യത്വ ഭരണകൂട അനുകൂല നിലപാടിനെ ഇസ്ലാമികമായി പ്രാമാണികവൽക്കരിക്കാനും മുസ്ലിം വിരുദ്ധ രാഷ്ട്രീയം പറയുന്നതിലൂടെ ഹംസ യൂസുഫിന് സാധിക്കില്ല എന്നതാണ് അദ്ദേഹത്തിൻ്റെ  നിലപാടുകളിൽ നിന്നും തിരിച്ചറിയേണ്ടത്.

മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെ ദേശ രാഷ്ട്രങ്ങൾ എപ്രകാരം നിർണയിച്ചു വെന്നും ആധുനികക്ക് വഴങ്ങാത്ത മുസ്ലിമിനെ കുറിച്ചുള്ള ആലോചനകൾ എങ്ങനെ മുസ്ലിമിനെ ശത്രുവാക്കുന്ന രാഷ്ട്രീയ ചിന്തയിലേക്ക് എത്തിച്ചേരാൻ ദേശ രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചുവെന്നും പിന്നീട് ചർച്ചചെയ്യുന്നു. പുസ്തകത്തിൻറെ അവസാനഭാഗത്ത് ശൈഖ് അലി ഹബീബ് അൽ ജിഫ്രി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിൽ പീഡനമനുഭവിക്കുന്ന ഉയ്ഗൂർ മുസ്‌ലിം പ്രശ്നവുമായി ബന്ധപ്പെട്ട്  നടത്തിയ ഏതാനും പ്രസ്താവനകളുടെ പ്രത്യാഘാതത്തെ തുറന്നുകാട്ടുകയും അതിനെ വസ്തുതാപരമായി തിരുത്താനും ശ്രമിക്കുന്നുണ്ട്. 

ഇങ്ങനെ, ഇസ്ലാമിക ലോകത്ത് പുതുതായി രൂപം കൊണ്ട നവപാരമ്പര്യ വാദത്തെകുറിച്ചും, അതിലൂടെ രൂപപ്പെടുന്ന വിധേയത്വത്തിന്റെ ദൈവശാസ്ത്ര വായനയെ കുറിച്ചും ആമുഖമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന  ഒരുകൂട്ടം പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം എഡിറ്റ് ചെയ്ത പുസ്തകം ഐ.പി.എച്ച് ഷോറൂമുകളിൽ ലഭ്യമാണ് .

 

Related Articles