Current Date

Search
Close this search box.
Search
Close this search box.

ഇഖ്‌വാനുൽ മുസ്‌ലിമൂനും ഈജിപ്ഷ്യൻ സലഫി പ്രസ്ഥാനവും

മുൻ ഏകാധിപതി ഹുസ്നി മുബാറക് അധികാരത്തിലേറിയതു മുതൽ (1981) ഈജിപ്തിലെ ആദ്യത്തെ ജനകീയ പ്രസിഡണ്ട് മുഹമ്മദ് മൂർസിക്കെതിരെയുള്ള പ്രതിലോമ വിപ്ലവം ( 2013 ) വരെയുള്ള കാലഘട്ടത്തെകുറിച്ച അന്വേഷണമാണ് ഹസൻ ഉബൈദിന്റെ The Muslim Brotherhood, the Salafist Call and the Orientation Towards State and Society in Egypt (2024) എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കം. ഈജിപ്തിലെ പ്രധാന സംഘടനകളായ ഇഖ്‌വാനുൽ മുസ്‌ലിമൂൻ, 1984 -ൽ സ്ഥാപിതമായ അദ്ദ’വാ അൽ-സലഫിയ എന്നിവയുടെ ചരിത്രം, പ്രവർത്തന മണ്ഡലങ്ങൾ, ആശയങ്ങൾ, പ്രത്യശാസ്ത്ര പരിവർത്തനങ്ങൾ രാഷ്ട്രത്തിന്റെ രാഷ്ട്രീയ,സാമ്പത്തിക, മിലിറ്ററി മേഖലകളിലെല്ലാം ചെലുത്തിയ സ്വാധീനത്തെ ഹസൻ ഉബൈദ് കൈകാര്യം ചെയ്യുന്നു. ഈജിപ്ഷ്യൻ സമൂഹത്തിൽ ആഴത്തിൽ സ്വാധീനം ഉള്ള പ്രസ്ഥാനങ്ങൾ എന്ന നിലയിൽ ഇവരുടെ രാഷ്ട്രീയ പങ്കാളിത്തം, ജനാധിപത്യം, സ്ത്രീ, ന്യൂനപക്ഷം, സ്വാതന്ത്ര്യം, ഭരണസംവിധാനം എന്നീ വിഷയങ്ങളിലുള്ള നിലപാടുകളും ഈ കൃതി അവലോകനം ചെയ്യുന്നുണ്ട്.

2010-ൽ തുനീഷ്യയിൽ ആരംഭിച്ച അറബ് പ്രക്ഷോഭങ്ങൾ അറബ് സമൂഹത്തിലെ അധികാരം, സാമൂഹികഘടന, സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവയെ കുറിച്ച മുൻധാരണകൾ തിരുത്തുന്നതിലേക്ക് വഴിതെളിച്ചിരുന്നു. വിപ്ലവങ്ങൾ നിലനിൽക്കുന്ന ജ്ഞാനനിര്മിതിയെപ്പോലും വെല്ലുവിളിക്കാൻ തക്ക രീതിയിൽ പരിവർത്തനങ്ങൾക്കു സാധ്യതയൊരുക്കുമെന്ന് ഹസൻ ഉബൈദ് ആമുഖത്തിൽ നിരീക്ഷിക്കുന്നുണ്ട്. അറബ് വസന്തം ഇസ്ലാമിക സാമൂഹിക പ്രസ്ഥാനങ്ങൾക്ക് നിയമസാധുത നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ചു എന്നത് അവയെക്കുറിച്ച പഠനഗവേഷണങ്ങൾക്ക് താത്പര്യം വര്ധിപ്പിക്കുകയാണുണ്ടായത്. ഇഖ്‌വാനുൽ മുസ്‌ലിമൂൻ രാഷ്ട്രീയ മേഖലയിൽ നേരത്തെതന്നെ നിലയുറപ്പിച്ചതിനാൽതന്നെ പ്രസ്ഥാനത്തിന്റെ വളർച്ചയും അതിജീവനവും അക്കാദമിക വ്യവഹാരങ്ങളിൽ കൗതുകമുണർത്തിയിരുന്നില്ല.

എന്നാൽ അദ്ദ’അവാ അൽ-സലഫിയ്യയുടെ ഈജിപ്ഷ്യൻ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനവും മിലിറ്ററി ഭരണകൂടവുമായുള്ള അവരുടെ നീക്കുപോക്കുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഈ വിഷയമാണ് ഹസൻ ഉബൈദിനെ പ്രത്യേകം ആകര്ഷിച്ചതെന്നു പറയുന്നതിൽ തെറ്റില്ല. പതിറ്റാണ്ടുകളായി പ്രബോധനം, സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിൽ മുൻഗണന നൽകുകയും വിവിധ കാരണങ്ങൾ കാണിച്ചുകൊണ്ട് രാഷ്ട്രീയമേഖലയിൽ ഇടപെടാതിരുന്ന അദ്ദ’അവാ അൽ-സലഫിയയുടെ മാറ്റങ്ങൾ പ്രാദേശിക സംഭവവികാസങ്ങൾ ശ്രദ്ദിക്കുന്ന എല്ലാവരിലും കൗതുകമുണർത്തി.

ഇസ്ലാമിക പ്രസ്ഥാനങ്ങളെ അവയുടെ പ്രത്യയശാസ്ത്ര വൈവിധ്യം, ദൈവികശാസ്ത്ര നിലപാടുകളിലെ ഭിന്നതകൾ, സാമൂഹിക രാഷ്ട്രീയ സമീപനങ്ങളിലെ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഒന്നും പരിഗണിക്കാതെ ‘ഇസ്ലാമിസ്റ്റ്’ എന്ന ഒറ്റക്കളത്തിലൊതുക്കി ചർച്ച ചെയ്യുന്ന പൊതുബോധത്തെ ഈ കൃതി വിശകലനം ചെയ്യുന്നു.

2011 ജനുവരി 25ലെ വിപ്ലവം ഇഖ്വാനുൽ മുസ്ലിമൂനിനു ഈജിപ്ഷ്യൻ ഭരണത്തിലേക്കുള്ള വഴിയൊരുക്കിയെങ്കിലും മുപ്പതു വര്ഷം നീണ്ടു നിന്ന ഹുസ്നി മുബാറകിന്റെ ഏകാധിപത്യം അവർക്കു ദൂരവ്യാപകമായ പ്രശ്നങ്ങളിലേക്ക് വഴി തുറന്നുകൊടുത്തു. മുബാറക്കിനെ പിന്താങ്ങുന്ന മിലിറ്ററി- ഉദ്യോഗസ്ഥവൃന്ദങ്ങൾ പുതിയ ഭരണകൂടത്തിന് പ്രധാന തടസ്സങ്ങൾ ഉണ്ടാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസന്നിഗ്ദാവസ്ഥയും നേരിടുന്ന രാജ്യത്തെ പെട്ടെന്നുതന്നെ രക്ഷിച്ചെടുക്കേണ്ട ഭാരം ഇഖ്‌വാൻ ഏൽക്കേണ്ടിവന്നു. അതിലുമുപരി സംഘടനാപരിഷ്കരണം ആവശ്യപ്പെടുന്ന പുതുതലമുറയുടെ അവകാശവാദങ്ങളെ ഗൗരവത്തോടെ പരിഗണിക്കുക എന്ന നിര്ബന്ധിതാവസ്ഥവും ഇഖ്‌വാനിന്റെ മുന്നിലുണ്ടായി. ഓരോ വിപ്ലവത്തിന് ശേഷവും ജനങ്ങൾ പരിഹാരങ്ങൾക്കായി അക്ഷമരാകും എന്നതും സത്യമാണ്.

ഒരു നൂറ്റാണ്ടിന്റെയടുത്തു പ്രവർത്തനപരിചയം ഉണ്ടെങ്കിലും രാജ്യഭരണത്തിലേക്കുള്ള ആദ്യാവസരം എന്നതും ഏകദേശം ഒന്നര വർഷക്കാലത്തെ ഭരണത്തിൽ ഇഖ്‌വാന് ധാരാളം പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇഖ്‌വാനിനോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയശക്തികളെ സഹായിക്കുക എന്ന മുർസിയുടെ നിലപാടുകളും സെക്കുലർ ലിബറൽ പാർട്ടികൾക്കിടയിൽ പുതിയ ഭരണത്തോടു വിമുഖത പ്രകടിപ്പിക്കാനും കരണമാക്കിയതായി ഹസൻ ഉബൈദ് നിരീക്ഷിക്കുന്നുണ്ട്. ഇവയെല്ലാം ഇഖ്‌വാനെതിരെ പ്രതിലോമ വിപ്ലവം രൂപപ്പെടുന്നതിലേക്കു നയിക്കുകയാണുണ്ടായത്. മിലിറ്ററി,സാമ്പത്തികസ്രോതസ്സുകൾ,രാഷ്ട്രീയം എന്നീ മൂന്നു അഭിവാജ്യ ഘടകങ്ങളാണ് പതിറ്റാണ്ടുകളായി ഈജിപ്തിനെ നയിക്കുന്നത്. ഈ സാമൂഹിക യാഥാർഥ്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിൽ ഇഖ്‌വാൻ പരാജയപ്പെടുകയുണ്ടായെതെന്നു ഈ കൃതി വിശകലം ചെയ്യുന്നു.

2011 ജനുവരി 25 ലെ വിപ്ലവം അദ്ദ’അവാ അൽ സലഫിയയുടെ മുൻകാല മത വ്യവഹാരങ്ങളെ മാറ്റിതിരുത്താൻ പ്രേരിപ്പിച്ചു, ബഹുസ്വരത, ജനാധിപത്യം, സജീവ രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കൂലങ്കശമായ ചർച്ചകൾ സംഘടനക്കുള്ളിൽ നടക്കാൻ കാരണമായി. പ്രക്ഷോഭ കാലത്ത് ഭരണകൂടവിരുദ്ധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത അദ്ദ’അവാ അൽസലഫിയ പിന്നീട് ഹിസ്‌ബുൽ നൂർ എന്ന രാഷ്ട്രീയ പാർട്ടിയ സ്ഥാപിച്ചതും അവർക്കിടയിൽ കാര്യപ്രസക്തമായ സംവാദങ്ങളിലേക്കു നയിച്ച് എന്ന് ഗ്രന്ഥകർത്താവ് എഴുതുന്നു.

2011 -2012 കാലങ്ങളിലെ പാർലമെന്ററി- ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനം ലഭിച്ചു എന്നത് പാർട്ടിയുടെ വളർച്ച ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നുമാത്രമല്ല, 2013 ജൂലൈ മൂന്നിന് നടന്ന പട്ടാള അട്ടിമറിയെ അനുകൂലിക്കുന്ന സമീപനം സ്വീകരിക്കാൻ മതന്യായങ്ങൾ പോലും കണ്ടെത്താൻ അവർ ശ്രമിച്ചിരുന്നു. ഈ ആശയമാറ്റം സംഘടനയിൽ അഭിപ്രായഭിന്നത സൃഷ്ട്ടിച്ചുവെങ്കിലും ഇഖ്‌വാനിന്റെ ബദൽ എന്ന നിലയിൽ മിലിട്ടറി ഭരണകൂടം ഹിസ്‌ബുൽ നൂറിനെ സഖ്യകക്ഷിയായി സ്വീകരിച്ചത് പാർട്ടിക്ക് രാഷ്ട്രീയമായ വിശിഷ്ടാധികാരം ലഭിക്കുന്നതിലേക്കു നയിച്ച് എന്ന് ഹസൻ ഉബൈദ് നിരീക്ഷിക്കുന്നു.

അറബ് വസന്തത്തിന് മുൻപും ശേഷവും ഈജിപ്ഷ്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കിടയിൽ നടക്കുന്ന പ്രത്യയശാസ്ത്ര വ്യവഹാരങ്ങളെയും ഉൾപാർട്ടി രാഷ്ട്രീയ സംവാദങ്ങളെയും ചർച്ച ചെയ്യുന്ന ഹസൻ ഉബൈദിന്റെ ഈ രചന, പശ്ചിമേഷ്യൻ – ഉത്തരാഫ്രിക്കൻ മേഖലയിലെ സമകാലിക ചലനങ്ങളെക്കുറിച്ച് പഠിക്കാൻ ഏറെ പ്രയോജനകരമാണ്.

സാമൂഹിക പ്രസ്ഥാനങ്ങൾ എന്ന നിലയിൽ ഇസ്‌ലാമിക സംഘടനകളുടെ സാമൂഹിക സ്വരുക്കൂട്ടലുകൾ, പ്രത്യയശാസ്ത്ര വ്യവഹാരങ്ങൾ, ജനാധിപത്യ പ്രക്രിയയിലുള്ള ഇടപഴലുകൾ എന്നിവയിലെല്ലാം സംഭവിക്കുന്ന വികാസങ്ങൾ ഈ കൃതിയിലുണ്ട്.കൂടാതെ ഹിംസാത്മക സമീപനം സ്വീകരിക്കുന്ന മറ്റു സലഫീ സംഘടനകളിൽ നിന്നും വ്യത്യസ്തമായി അദ്ദ’അവാ അൽ സലഫിയയുടെയും ഹിസ്‌ബുൽ നൂറിന്റെ ആശയ- പ്രവർത്തന ലോകത്തെയും ഈ കൃതി വിശകലനം ചെയ്യുന്നത് ആധുനിക സലഫി പ്രസ്ഥാനങ്ങളിൽ സംഭവിക്കുന്ന പരിവർത്തനങ്ങൾ പഠനവിധേയമാക്കാനും ഈ രചന സഹായിക്കുന്നു.

 

Related Articles