കഴിഞ്ഞയാഴ്ച യാസിർ ഖാദിയുടെ ഒരു പ്രഭാഷണം കേട്ടതിന് ശേഷമാണ് മഹ്മൂദ് മംദാനിയുടെ “Good Muslim, Bad Muslim: America the Cold War and the Roots of Terror” എന്ന പുസ്തകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. ശീതയുദ്ധാനന്തര കാലം മുതൽ വർത്തമാനം വരെയുള്ള ലോകത്തെ വിശകലനം ചെയ്തുകൊണ്ട്, പാശ്ചാത്യലോകം ഇസ്‌ലാമിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചുള്ള പ്രശ്നവിചാരമാണിത്. ഇസ്‌ലാമിനെക്കുറിച്ചുള്ള പൊതുബോധത്തെ ആധുനിക സാംസ്കാരിക-രാഷ്ട്രീയ ധ്വനികളിലൂടെ പുനർവായിക്കുകയാണ് മംദാനി ഈ കൃതിയിലൂടെ ചെയ്യുന്നത്.
രാഷ്ട്രീയ ഇസ്‌ലാമിന്റെ വേരുകൾ തേടി
ഇസ്‌ലാമിന്റെ രാഷ്ട്രീയപരതയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഈ പഠനത്തിൽ, പ്രഗത്ഭനായ രാഷ്ട്രതന്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനുമായ മഹ്മൂദ് മംദാനി, 9/11 മുതൽ പല അമേരിക്കക്കാരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് തന്റെ വൈദഗ്ധ്യവും ഉൾക്കാഴ്ചയും അടങ്ങിയ മറുപടി നൽകുന്നുണ്ട്. ഉഗാണ്ടൻ വംശജനായ മംദാനി, ആഫ്രിക്കൻ ചരിത്രം, രാഷ്ട്രീയം, കോളനിവൽക്കരണം എന്നിവയിൽ വിദഗ്ദ്ധനാണ്. നിലവിൽ കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറും കാംപാല ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ചാൻസലറുമാണ് . “When Victims Become Killers”, “Good Muslim, Bad Muslim” എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ.
മംദാനിയുടെ പുസ്തകം ‘നല്ല’ (മതേതരരും പാശ്ചാത്യവൽക്കരിക്കപ്പെട്ടവരും) മുസ്‌ലിങ്ങൾ, ‘മോശം’ (ആധുനികപൂർവവും മതഭ്രാന്തരും) മുസ്‌ലിങ്ങൾ എന്ന വേർതിരിവിനെ പാടെ നിരാകരിക്കുന്നു. ഈ വിധികൾ സാംസ്കാരികമോ മതപരമോ ആയ സ്വത്വങ്ങളെക്കാൾ രാഷ്ട്രീയപരമായ സ്വത്വങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘നല്ല’ മുസ്‌ലിങ്ങളെ ‘മോശം’ മുസ്‌ലിങ്ങളിൽ നിന്ന് വേർപെടുത്താൻ എളുപ്പത്തിൽ സാധ്യമാണെന്ന ധാരണ, നമ്മുടെ കാലത്തെ രാഷ്ട്രീയ വിശകലനം നടത്തുന്നതിലുള്ള പരാജയത്തെയാണ് മറച്ചുവെക്കുന്നത് എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. പാശ്ചാത്യ ശക്തിയുമായുള്ള ആധുനിക ഏറ്റുമുട്ടലിന്റെ ഫലമായാണ് രാഷ്ട്രീയ ഇസ്‌ലാം ഉയർന്നുവന്നതെന്നും, ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയമായി അവതരിപ്പിക്കപ്പെടുന്ന ഭീകരവാദം അതിലും പുതിയ നിർമ്മിത പ്രതിഭാസമാണെന്നും ഈ പുസ്തകം വാദിക്കുന്നു. വിയറ്റ്നാമിലെ തോൽവിക്ക് ശേഷം അമേരിക്ക പ്രോക്സി യുദ്ധങ്ങൾ സ്വീകരിച്ചതിനെ തുടർന്നാണ് ഈ ചർച്ച തുടങ്ങിയത്.
റീഗൻ്റെ ഭരണ വർഷങ്ങളെക്കുറിച്ച് മംദാനി ആഴത്തിലുള്ള ഉൾക്കാഴ്ചയോടെ എഴുതുന്നുണ്ട്. ‘നന്മ’ക്കെതിരെ ‘തിന്മ’ എന്ന അതീവ പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയത്തെ അമേരിക്ക എങ്ങനെ സ്വീകരിച്ചു എന്ന് അദ്ദേഹം കൃത്യമായി വരച്ച് കാണിക്കുന്നു. നിക്കരാഗ്വ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ തീവ്ര ദേശീയവാദ സർക്കാരുകളെ സോവിയറ്റ് യൂണിയന്റെ പ്രതിനിധികളായി ചിത്രീകരിച്ച്, റീഗൻ ഭരണകൂടം ഭീകരവാദ പ്രസ്ഥാനങ്ങളെ പാലൂട്ടി വളർത്തുകയും, അവരെ അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരുടെ “ധാർമ്മിക തുല്യതയുള്ളവർ” എന്ന നിലയിൽ വാഴ്ത്തുകയും ചെയ്തത് മംദാനി എടുത്തു പറയുന്നു.
ഭീകരവാദത്തെ ഇസ്‌ലാമിന്റെ സഹജസ്വഭാവവുമായി ബന്ധിപ്പിക്കുന്ന “കൾച്ചർ ടോക്ക്” എന്ന ഉദാര സമീപനത്തെ അദ്ദേഹത്തിന്റെ പുസ്തകം ശക്തമായി വിമർശിക്കുന്നു. ഭീകരവാദത്തിന്റെ യഥാർത്ഥ വേരുകൾ മതത്തിലല്ല, മറിച്ച് ആധുനിക രാഷ്ട്രീയ ചിന്തയിലും ഭൗമരാഷ്ട്രതന്ത്രത്തിലുമാണെന്ന് അദ്ദേഹം വാദിക്കുന്നു. സെപ്റ്റംബർ സംഭവത്തിന് ശേഷം ഭീകരവാദത്തെ ഇസ്‌ലാമിന്റെയും അതിന്റെ സ്രോതസ്സുകളായ ഖുർആൻ, ഹദീസ് ഗ്രന്ഥങ്ങൾ എന്നിവയുടെയും സഹജമായ വൈകല്യങ്ങളായി ബന്ധിപ്പിക്കുന്ന ലളിതവൽക്കരിച്ച മതേതര ആഖ്യാനത്തെ മംദാനി നിരാകരിക്കുന്നു. ഇത് പ്രശ്നത്തെ സ്റ്റീരിയോടൈപ്പ് ചെയ്യുകയും രാഷ്ട്രീയ വിശകലനം ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മംദാനിയുടെ പുസ്തകത്തിലെ പ്രധാന വാദങ്ങളിലൊന്ന്, “ഇസ്‌ലാമിക ഭീകരവാദം” എന്ന് പടിഞ്ഞാറ് വിശേഷിപ്പിക്കുന്നത് ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള മത്സരങ്ങളുമായി, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ പ്രതിരോധ മുന്നേറ്റങ്ങളെ വിശേഷിപ്പിക്കാൻ പാശ്ചാത്യൻ കണ്ടെത്തിയ ദുരൂഹതകൾ നിറഞ്ഞ പ്രയോഗമാണെന്ന് അക്കാദമികമായി സ്ഥാപിക്കുന്നു എന്നതാണ്. സി.ഐ.എ എങ്ങനെയാണ് അഫ്ഗാൻ മുജാഹിദുകൾക്ക് ധനസഹായം, പരിശീലനം, ആയുധങ്ങൾ എന്നിവ നൽകിയതെന്നും സോവിയറ്റ് യൂണിയനെതിരെ ജിഹാദിന് പ്രോത്സാഹിപ്പിക്കുന്ന മതപാഠങ്ങളും മാനുവലുകളും വരെ അന്നവർ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അമേരിക്ക പറയുന്ന “റാഡിക്കൽ ഇസ്‌ലാം കൃത്യമായി ശീതയുദ്ധത്തിൽ ജനിച്ചതാണ്; അത് വളർന്നത് വാഷിംഗ്ടണിലും ഇസ്ലാമാബാദിലുമായിരിക്കാം; മക്കയിലോ മദീനയിലോ എന്തായാലും അല്ല” എന്ന് മംദാനി അർത്ഥശങ്കയില്ലാതെ പറയുന്നുണ്ട്.
“ബ്ലോബാക്ക്” എന്ന ആശയം
ഏതെങ്കിലൊരു രാജ്യത്തിന്റെ തന്ത്രങ്ങളുടെ അപ്രതീക്ഷിതവും നെഗറ്റീവുമായ പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്ന സി.ഐ.എ.യുടെ തന്നെ “ബ്ലോബാക്ക്” (Blowback) എന്ന ആശയത്തെ മംദാനി അനാവരണം ചെയ്യുന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുവായി “ബ്ലോബാക്ക്” എന്നത് ഒരു പ്രവൃത്തിയുടെ അല്ലെങ്കിൽ നയത്തിന്റെ അപ്രതീക്ഷിതവും പ്രതികൂലവുമായ പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നു. അൽ-ഖ്വാഇദ പോലുള്ള ‘തീവ്ര ഗ്രൂപ്പുകൾ’ അമേരിക്കൻ തന്ത്രങ്ങളുടെ നേരിട്ടുള്ള ഫലമാണെന്ന് അദ്ദേഹം ഈ തത്വത്തിലൂടെ സമർത്ഥിക്കുന്നു. ഇവിടെ മുൻ സഖ്യകക്ഷികളായവർ പിന്നീട് ശത്രുക്കളായി മാറുന്ന വിധി വൈപരീത്യത്തെ മംദാനി കണക്കിന് കശക്കുന്നുണ്ട്.
ഇറാഖ് അധിനിവേശത്തോടെ ശീതയുദ്ധങ്ങളുടെ കാലഘട്ടം അവസാനിച്ചുവെങ്കിലും, അവിടെയും വിയറ്റ്നാമിലെന്നപോലെ, ഭീകരവാദത്തോടല്ല, മറിച്ച് ദേശീയതയോടാണ് തങ്ങൾ പോരാടുന്നതെന്ന് അമേരിക്ക തിരിച്ചറിഞ്ഞു. അധിനിവേശത്തിലൂടെ വിജയിക്കാൻ സാധിക്കാത്ത പോരാട്ടമായിരുന്നു അത്. സമകാലിക ഭീകരവാദത്തിന്റെ വേരുകൾ പാശ്ചാത്യ കോളനിവൽക്കരണം, ശീതയുദ്ധകാല ഇടപെടലുകൾ, ആഗോള അസമത്വങ്ങൾ എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളിലാണെന്ന് മംദാനി സ്ഥാപിക്കുന്നു. ഭീകരവാദത്തെ ചെറുക്കാൻ സൈനിക സമീപനത്തിൽ നിന്ന് രാഷ്ട്രീയ സമവായ സമീപനത്തിലേക്ക് മാറണമെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. ഒരുപക്ഷേ പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കുള്ള പരിഹാരവും അത് തന്നെയാവാം.
മംദാനിയുടെ പുസ്തകം “നല്ല (മതേതര, പാശ്ചാത്യവൽക്കരിക്കപ്പെട്ട) മുസ്‌ലിം”, “മോശം (ആധുനിക-പൂർവ, മതഭ്രാന്തൻ) മുസ്‌ലിം” എന്ന ആശയങ്ങളെ മുൻവിധികളായി കാണുന്നു. സാംസ്കാരികമോ മതപരമോ ആയ സ്വത്വങ്ങളെയല്ല, മറിച്ച് നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങളെയാണ് ഇത്തരം പദാവലികൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാന്തിയോൺ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം 2015-ൽ ഡി.സി. ബുക്സ് ‘നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം’ എന്ന പേരിൽ മലയാളത്തിൽ പുറത്തിറക്കിയിട്ടുണ്ട്.
എന്നാൽ തഹ്മിമ അനാമിന്റെ “The Good Muslim”: ഒരു വ്യക്തിഗത അനുഭവ സാക്ഷ്യമാണ്. മംദാനി വിശകലനം ചെയ്യുന്ന ‘നല്ല മുസ്‌ലിം’ എന്ന ആശയത്തിന്റെ തീർത്തും എതിരായുള്ള വശമാണ് അവതരിപ്പിക്കുന്നത്. തസ്‌ലീമ നസ്രീന്റെ ആരാധകയായ അനാമിന്റെ ഈ നോവൽ, മുസ്‌ലിം വ്യക്തിയുടെ ആന്തരികവും സാമൂഹികവുമായ തലങ്ങളിൽ ‘നല്ല മുസ്‌ലിം’ എന്ന ആശയം എങ്ങനെ അനുഭവപ്പെടുന്നു എന്ന് ഭാവനാത്മകമായി അവതരിപ്പിക്കുകയും, മതചിഹ്നങ്ങളെ പാലിക്കുന്നവരെ ‘മോശം മുസ്‌ലിം’ എന്ന് മുദ്രകുത്തി വില്ലനായി ചിത്രീകരിക്കുകയും ചെയ്യുന്നു. ശരിക്കും ഈ നോവൽ തഹ്മിമ അനാമിന്റെ ആദ്യ നോവലായ “A Golden Age”-ന്റെ തുടർച്ചയാണ്.
1984 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ നടക്കുന്ന ഈ നോവൽ, 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ അനന്തരഫലങ്ങളിലേക്ക് ഇടയ്ക്കിടെ ഓർമ്മകൾ കടന്നുപോകുന്നു. മായയും സുഹൈലുമാണ് പ്രധാന കഥാപാത്രങ്ങൾ. യുദ്ധാനന്തരം ഒരു ദശാബ്ദം കഴിഞ്ഞ് മായ തിരിച്ചെത്തുമ്പോൾ, തന്റെ വിപ്ലവകാരിയായ സഹോദരൻ സുഹൈൽ തീവ്ര മതവിശ്വാസിയായി മാറിയെന്ന് കാണുന്നു. മായ യുദ്ധത്തിന്റെ ഇരകളെ സഹായിക്കുന്ന ലിബറൽ ചിന്താഗതിയുള്ള ഗ്രാമീണ ഡോക്ടറാണ്. എന്നാൽ, സുഹൈൽ ഇസ്ലാമിന്റെ കണിശമായ രൂപം സ്വീകരിച്ച് ആത്മീയ ജീവിതം നയിക്കുന്നു. മകനെ മദ്രസയിൽ അയക്കാനുള്ള സുഹൈലിന്റെ ആഗ്രഹം അവർക്കിടയിൽ വലിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു.
യുദ്ധത്താൽ ദുരന്തമനുഭവിക്കുന്ന ചില മനുഷ്യരെ ഈ പടുകുഴിയിലേക്ക് തള്ളിവിട്ട മൗലിക/മൗലവിക ഇസ്‌ലാമിക ചിഹ്നങ്ങളെ നോവൽ മോശം മുസ്‌ലിങ്ങളായി ചിത്രീകരിക്കുന്നു. സ്വന്തം വിശ്വാസത്തെയും കുടുംബത്തെയും കുറിച്ചുള്ള നോവലാണിത്. സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത ഒരു മുസ്‌ലിം പാരമ്പര്യ കുടുംബം, ഇപ്പോൾ അകത്തും പുറത്തും സമാധാനത്തിന്റെ വെല്ലുവിളികളെ നേരിടേണ്ടി വരുന്ന അവസ്ഥയാണ് കഥാ പരിസരം. യുദ്ധാനന്തര ബംഗ്ലാദേശിലെ വ്യക്തിഗത വിശ്വാസം, കുടുംബബന്ധങ്ങൾ, സമുദായത്തിലെ ആന്തരിക സംഘർഷങ്ങൾ എന്നിവയെക്കുറിച്ച്
ഹാസ്യാത്മകമായി ചിത്രീകരിക്കുന്നു അനാം. ഒരു വ്യക്തിക്ക് എങ്ങനെയാണ് ഒരു ‘നല്ല മുസ്‌ലിം’ ആയിരിക്കാൻ കഴിയുക എന്നത്, ബാഹ്യ രാഷ്ട്രീയ നിർവചനങ്ങളേക്കാൾ ഉപരിയായി, ലിബറൽ ജീവിത സാഹചര്യങ്ങളായാണ് നോവൽ ചിത്രീകരിക്കുന്നത്. ഈ നോവലിന് മതേതര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന്റെ ശക്തമായ ആഖ്യാനവും ചരിത്രപരമായ ഉൾക്കാഴ്ചകളും പൊതുവെ പ്രശംസിക്കപ്പെട്ടു. 2013-ൽ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്കാരത്തിനായി ഈ നോവൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
മംദാനിയുടെ “Good Muslim, Bad Muslim” എന്ന പുസ്തകം ‘നല്ല മുസ്‌ലിം’ എന്ന ലേബലിനെ പാശ്ചാത്യ രാഷ്ട്രീയ താൽപ്പര്യങ്ങളാൽ നിർമ്മിക്കപ്പെട്ട ബാഹ്യ നിർമ്മിതിയായി അപഗ്രഥിക്കുമ്പോൾ, അനാമിന്റെ നോവൽ ഈ ആശയത്തെ ഒരു വ്യക്തിഗത അനുഭവമായി, കൃത്യമായി പറഞ്ഞാൽ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, വിശ്വാസത്തിന്റെയും കുടുംബത്തിന്റെയും വെല്ലുവിളികളിലൂടെയുള്ള യാത്രയായി അവതരിപ്പിക്കുന്നു. മംദാനി ഈ ലേബലിന്റെ രാഷ്ട്രീയ ഉത്ഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അനാമിന്റെ നോവൽ വ്യക്തിഗത തലത്തിൽ ‘നല്ല മുസ്‌ലിം’ ആകാനുള്ള ശ്രമങ്ങളെക്കുറിച്ചും അതിന്റെ സങ്കീർണ്ണതകളെക്കുറിച്ചും സംസാരിക്കുന്നു.
ചുരുക്കത്തിൽ, മംദാനിയുടെ പുസ്തകം “നല്ല മുസ്‌ലിം, മോശം മുസ്‌ലിം” എന്ന വിഭജനത്തിന്റെ രാഷ്ട്രീയവും ചരിത്രപരവുമായ വേരുകൾ തുറന്നുകാട്ടുന്നു. അതേസമയം, അനാമിന്റെ നോവൽ, ഈ ലേബലുകൾക്കപ്പുറം, പ്രത്യേക സന്ദർഭത്തിൽ ‘നല്ല മുസ്‌ലിം’ ആകാൻ ശ്രമിക്കുന്ന ഒരു ദേശീയ മുസ്‌ലിമിൻ്റെ ആന്തരിക പോരാട്ടങ്ങളെയും സാമൂഹിക വെല്ലുവിളികളെയും ഭാവനാത്മകമായി പര്യവേക്ഷണം ചെയ്യുന്നു. ഈ രണ്ട് കൃതികളും വ്യത്യസ്ത രീതികളിലാണെങ്കിലും, ‘നല്ല മുസ്‌ലിം’ എന്ന ആശയത്തെക്കുറിച്ചുള്ള ആഴത്തിലുള്ളതും സങ്കീർണ്ണവുമായ സംവാദത്തിനുള്ള ഇടം നൽകുന്നു.
English Summary:
This analysis engages with two pivotal texts—Mahmood Mamdani’s Good Muslim, Bad Muslim: America, the Cold War, and the Roots of Terror and Tahmima Anam’s novel The Good Muslim—to critically examine the racialized and geopolitical logic embedded in the construction of the “Good Muslim/Bad Muslim” binary. Mamdani’s work provides a powerful historical and political critique, tracing how U.S. foreign policy during and after the Cold War instrumentalized Islamic identities, selectively endorsing certain Muslim groups while demonizing others based on geopolitical interests. Tahmima Anam’s novel, while fictional, parallels this theme in a post-independence Bangladeshi context, exploring how religious identity becomes a contested and politically manipulated terrain in a society struggling with the legacies of war, nationalism, and faith. Together, these works expose how the “Good Muslim/Bad Muslim” dichotomy operates as a racialized framework of control—both in Western policy and postcolonial societies—used to delegitimize dissenting voices, enforce cultural assimilation, and consolidate state power.