ആരും മനപ്പൂർവ്വം സമുദായ ദ്രോഹം ചെയ്യില്ലെന്ന ഉത്തമ ധാരണ തന്നെയാണ് വളരെ നല്ലത്. അബദ്ധങ്ങളോ അപാകതകളോ ഉണ്ടെങ്കിൽ ആവുംവിധം പരമാവധി തിരുത്താവുന്നതാണ്/ തിരുത്തേണ്ടതുമാണ്. പക്ഷേ തെറ്റ് പറ്റിയെന്ന് തിരിച്ചറിവുണ്ടെങ്കിലെ തിരുത്തുകൾ സാധ്യമാവുകയുള്ളൂ. ചെയ്തതെല്ലാം ശരിയാണെന്ന് ശഠിക്കുകയും ന്യായീകരിക്കുകയും ചെയ്താൽ തിരുത്ത് സാധ്യമാവുകയില്ല. അനുഭവം നല്ലൊരു അധ്യാപകനാണ്. പക്ഷേ വളരെ വലുതാണ് ആ അധ്യാപകന്റെ വേതനം. ഈ ആപ്തവാക്യം ചരിത്രത്തിന്റെ ഗുണപാഠമാണ്. ഇത് ഉൾക്കൊള്ളാത്തവർ പിന്നീട് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ചവിട്ടി താഴ്ത്തപ്പെടും. നമ്മുടെ വഖ്ഫുകളും ട്രസ്റ്റുകളും സമുദായം ഏൽപ്പിച്ച അമാനത്താണ്, ഇതൊരിക്കലും അലങ്കാരമല്ല. ചിലപ്പോഴെല്ല, പലപ്പോഴും അതൊരു അലങ്കാരം മാത്രമായി ചുരുങ്ങിപ്പോകുന്നുണ്ടെന്നത് ഒരു ദുഃഖ സത്യം മാത്രമാണ്.
ടി റിയാസ് മോൻ രചിച്ച “മുനമ്പം വഖ്ഫ് രേഖകൾ” എന്ന കൃതി ഒന്നോടിച്ചു വായിച്ചപ്പോൾ അകതാരിൽ അങ്കുരിച്ച വിചാരങ്ങളാണ് ഈ ചെറു കുറിപ്പ്. സമ്പന്നർക്ക് / മുതലാളിമാർക്ക് ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കാര്യക്ഷമതയോടെ നിർവ്വഹിക്കാൻ ഒഴിവോ കഴിവോ വേണ്ടത്ര ഉണ്ടാവില്ല. എന്നാലും സമുദായം അവരുടെ പിരടിയിലാണ് എല്ലാം കെട്ടിയേൽപ്പിക്കുക. ഇല്ലായ്മയും ദാരിദ്ര്യവും കാരണമായിട്ടായിരിക്കാം സമുദായം സമ്പന്നർക്ക് ആവശ്യത്തിലേറെ പരിഗണന നൽകി അവരെ പ്രശ്നത്തിലാക്കുന്നത്. ധനപൂജ സംസ്കാരത്തിന്റെ ഗുരുതര ദൂഷ്യങ്ങൾ സമുദായത്തിന്റെ സംവിധാനങ്ങളെ പലനിലക്കും ബാധിക്കുന്നുണ്ട്. പ്രമാണിമാരെ രക്ഷിക്കാൻ സാങ്കേതികത്വങ്ങൾ പറഞ്ഞ്, സ്വത്ത് തുലച്ചതാണെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്. നല്ല നിലവാരവും പാരമ്പര്യവുമുള്ള മഹത്തായ സ്ഥാപനത്തിന് ഗ്ലാനിയേൽപ്പിക്കുവാൻ പല നിരീക്ഷണങ്ങളും ഹേതുവാകുന്നത് സങ്കടകരമാണ്. ഫറൂഖ് കോളേജിനെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് സമുദായത്തിലെ സാമൂഹ്യ സംവിധാനങ്ങളെയും ട്രസ്റ്റുകളെയും പലനിലക്കും ആക്ഷേപിക്കാനും ഇകഴ്ത്താനും ദുരുദ്ദേശപൂർവ്വം പലരും പല മാർഗ്ഗേണ ശ്രമിക്കുന്നുണ്ട്.
കെ.എം അൽത്താഫിന്റെ അവതാരികയും ഗ്രന്ഥകാരന്റെ ആമുഖവും കൂടാതെ 16 അധ്യായങ്ങളും പിന്നെ നാല് അനുബന്ധങ്ങളും ഈ കൃതിയിലുണ്ട്. ഈ കൃതിയെ വിശദമായി വിശകലനം ചെയ്യാൻ ഇവിടെ തുനിയുന്നില്ല. ട്രസ്റ്റ് സംവിധാനങ്ങളും സ്ഥാപനങ്ങളും മറ്റും നടത്തുന്ന ഉത്തരവാദിത്തപ്പെട്ടവരെല്ലാം ഇത് വിശ്വകലന സ്വഭാവത്തിൽ നന്നായി പഠിക്കേണ്ടതുണ്ട്. അനുബന്ധങ്ങളിൽ രണ്ടെണ്ണം കേരള നിയമസഭാ രേഖകളാണ്. മറ്റൊന്ന് ആമുഖമെഴുതിയ അഡ്വ: കെ എം അൽത്താഫ് സാഹിബിന്റെത് തന്നെയാണ്. (ഫറൂഖ് കോളേജിന്റെ സ്ഥാപക സെക്രട്ടറിയും മുതവല്ലിയുമായിരുന്ന മർഹൂം കെ.എം സിതീ സാഹിബിന്റെ പൗത്രനാണിദ്ദേഹം)
ആമുഖത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവന: “… വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ട ബാധ്യത വിശ്വാസികൾക്കാണ്. നിർഭാഗ്യവശാൽ ആ ബാധ്യത നിർവഹിക്കാത്ത ഫാറൂഖ് കോളേജ് മാനേജ്മെന്റ് ഭാരവാഹികൾ ഇന്ന് വഖഫ് ധ്വംസകർക്ക് കരുത്ത് പകരുന്നു. (പേജ് 10) മറ്റൊരു പ്രസ്താവന ഇങ്ങനെ:” 1954ലെ വഖ്ഫ് നിയമം ഭേദഗതി ചെയ്ത് 1995ൽ പുതിയ കർശനമായ നിയമം കൊണ്ടുവന്നപ്പോൾ അതോടൊപ്പം ആ പദവിയിലേക്ക് ആദ്യം വന്ന വ്യക്തി, സർക്കാർ സർവീസിൽ ഉണ്ടായിരുന്ന കാലത്ത് എന്നെ കാണാൻ വരുന്നത് ഒരു മുൻ വഖ്ഫ് ബോർഡ് ചെയർമാൻ എന്ന നിലക്കായിരുന്നു. തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വാധീനമുള്ള ഒരു വലിയ മാർബിൾ കച്ചവടക്കാരൻ നടത്തിയ, കള്ളനോട്ട് അടിക്കുന്നതിന് സമാനമായ തട്ടിപ്പ് പിടിച്ചപ്പോൾ അവർക്ക് വേണ്ടി ശുപാർശക്കയായാണ് വന്നത്. ആത്മീയ വിഷയങ്ങളിലുള്ള വിശ്വാസം വെച്ചാണ് ആ പദവിയിലേക്ക് അദ്ദേഹത്തെ ആരെങ്കിലും എത്തിച്ചതെങ്കിൽ, ലൗകിക വിഷയങ്ങളിലെ പ്രവൃത്തികൾ എത്രത്തോളം ആ വിശ്വാസം കെടുത്തിയെന്നത് മാന്യവായനക്കാർ തന്നെ വിലയിരുത്തുക (പേജ് -12)
സാമാന്യം ദീർഘമായ അവതാരിക പല വസ്തുതകളും ഉൾക്കൊള്ളുന്നു. തീർച്ചയായും പിൻതലമുറക്ക് വെളിച്ചമേകുന്ന ഒരു ചരിത്രരേഖ തന്നെയാണ്. “മുനമ്പം ഭൂമി; ദുരൂഹതകൾ ഏറുന്നു” എന്ന് തലക്കെട്ടിൽ ഇദ്ദേഹം എഴുതിയ അനുബന്ധ കുറിപ്പിലും കുറേയേറെ വിവരങ്ങളുണ്ട്. പുസ്തകത്തിലെ “കേരളത്തിലെ വഖ്ഫ് കൈയേറ്റം സംബന്ധിച്ച റിപ്പോർട്ട്”, “കച്ച് മേമൻ സമൂഹവും വഖ്ഫും” “മുഹമ്മദ് സിദ്ദീഖ് സേട്ട് നൽകിയ വഖഫ് ആധാരം”, “കയ്യേറ്റക്കാരും, മനുഷ്യാവകാശവും” (അദ്ധ്യായം 3,5,6,13) തുടങ്ങിയ അധ്യായങ്ങൾ സവിശേഷ പരാമർശമർഹിക്കുന്നുണ്ട്.
മൊത്തത്തിൽ വസ്തുതാന്വേഷണം, പഠനം, വിശകലനം എന്നീ നിലകളിൽ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും സമുദായ സ്നേഹികളും കർക്കശമായ ആത്മപരിശോധന നടത്താൻ ഈ കൃതി ഏറെ സഹായകമാണ്. മൺമറഞ്ഞവരുൾപ്പെടെ പലരും നിരൂപണ വിധേയരാകുമ്പോൾ പാലിക്കേണ്ട സൂക്ഷ്മത ഓർത്തുകൊണ്ടാണ് പലരും സംയമനം പാലിക്കുന്നത്. മാന്യമായ ഈ സംയമനം അപ്രിയ സത്യങ്ങളെ അഭിമുഖീകരിക്കാതിരിക്കാനുള്ള ന്യായമായി മാറരുത്.
ഗ്രന്ഥകാരൻ ആമുഖത്തിൽ പറഞ്ഞ ചില സംഗതികൾ വായനക്കാരുടെ ശ്രദ്ധക്കായി സംഗ്രഹിച്ച് താഴെ ചേർക്കുകയാണ്.
“രാജ്യത്ത് 10 ലക്ഷത്തോളം വഖ്ഫ് പ്രോപ്പർട്ടികൾ ഉണ്ടെന്നാണ് ‘വഖ്ഫ് അസറ്റ് മാനേജ്മെന്റ് സിസ്റ്റംസ് ഓഫ് ഇന്ത്യ’ പറയുന്നത്. എന്നാൽ ഓരോ സംസ്ഥാനത്തും കാലങ്ങളായി നിലനിൽക്കുന്ന വഖ്ഫ് സ്വത്തുക്കൾ സംസ്ഥാന വഖ്ഫ് ബോർഡുകളുടെ കണക്കിൽ ഇനിയും വരാത്തതായുണ്ട്. വഖ്ഫ് സ്വത്തുക്കളുള്ള ഗോവയിൽ വഖ്ഫ് ബോർഡ് പ്രവർത്തിക്കുന്നില്ല. ഗോവയിലെ വഖ്ഫ് സ്വത്തുകൾ നിലവിൽ വഖ്ഫ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. മുസ്ലിം ജനസംഖ്യ തീരെ കുറവായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡാമന്‍ഡിയുവിലും വഖ്ഫ് ബോർഡുകൾ നിലവിലില്ല. അവിടെ നാമ മാത്രമാണെങ്കിലും പള്ളികൾ, ഖബർസ്ഥാനുകൾ, മദ്രസകൾ എന്നിവ നിലനിൽക്കുന്നുണ്ട്. ബീഹാറിലും ഉത്തർപ്രദേശിലും ശിയാ വഖ്ഫ് ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് 30 വഖ്ഫ് ബോർഡുകളാണ് നിലവിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തുക്കൾ ഉള്ളത് ഉത്തർപ്രദേശിലാണ് (222555) പശ്ചിമബംഗാൾ (80584) പഞ്ചാബ് (75957) തമിഴ്നാട് (66092) കർണാടക(65242) കേരളം (53376) എന്നീ സംസ്ഥാനങ്ങളിലാണ് ഉത്തർപ്രദേശിനു പുറമേ കൂടുതൽ വഖ്ഫ് സ്വത്തുക്കലുള്ളത്.
ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിൽ വലിയ തോതിൽ വഖ്ഫ് സ്വത്തുക്കളുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലും ചെറു നഗരങ്ങളിലും ധാരാളം വഖ്ഫ് സ്വത്തുക്കളുണ്ട്. ഇത് മുസ്ലിങ്ങളെ പൊതു ഇടങ്ങളിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് അജണ്ടകൾക്ക് പ്രധാന തടസ്സമാണ്. ചെന്നൈ മെട്രോ നഗരത്തിൽ 6906 വഖ്ഫ് സ്വത്തുക്കളുണ്ടെന്നാണ് 2024-ലെ ഔദ്യോഗിക കണക്ക്. ഡൽഹിയിൽ 1047 വഖ്ഫ് സ്വത്തുക്കളും, കൊൽക്കത്തയിൽ 3001 വഖ്ഹ് സ്വത്തുക്കളും, ബംഗ്ലൂരിൽ 2869 വഖ്ഫ് സ്വത്തുക്കളും, മുംബൈയിൽ 4168ഉം, ഹൈദരാബാദ് ജില്ലയിൽ 3714 വഖ്ഫ് സ്വത്തുക്കളുമുണ്ട്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നോവിൽ 4627 വഖ്ഫ് സ്വത്തുക്കളുണ്ട്. വിവിധ ഹിന്ദു രാജാക്കൻമാര്യം മുസ്ലിംകൾക്ക് ഭൂമിയും, സ്വത്തുക്കളും നൽകി പരിഗണിച്ചിട്ടുണ്ട്. പലതും മുസ്ലിംകൾ അവർക്ക് നല്കിയ പിന്തുണയുടെയും സഹകരണത്തിന്റെയും പേരിൽ ലഭിച്ച സ്നേഹസമ്മാനമാണ്.
മുസ്ലിം കച്ചവട സംഘങ്ങളുമായി സഹവർത്തിത്വം നിലനിർത്താൻ നാട്ടുരാജാക്കൻമാർ തങ്ങളുടെ പ്രദേശത്ത് പള്ളികൾ നിർമ്മിക്കാൻ അനുവാദം നല്കിയതും ചരിത്രമാണ്. അത് കൊണ്ടാണ് മുസ്ലിം ഭരണമുണ്ടാകാതിരുന്ന നിരവധി പ്രദേശങ്ങളിലും വഖ്ഫ് സ്വത്തുക്കളുണ്ടായത്. ഇന്ത്യയിലേക്ക് ഇസ്ലാമിക പ്രചാരണവുമായി അറേബ്യയിൽ നിന്നും എത്തിയ മാലിക് ബിൻ ദീനാറും സംഘവും നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയോടെയാണ് ഇന്ത്യയിലെ പള്ളികളുടെയും വഖ്ഹിന്റെയും ചരിത്രം ആരംഭിക്കുന്നത്. കൊടുങ്ങല്ലൂരിൽ ഒരു കാലത്തും മുസ്ലിം ഭരണം ഉണ്ടായിട്ടില്ല. രാഷ്ട്രീയാധികാരമില്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളിൽ സ്വയം സന്നദ്ധതയിലൂടെ മുസ്‌ലിംകൾ വഖ്ഫുകൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന മുസ്‌ലിം കേന്ദ്രങ്ങളായ മലപ്പുറത്തും, കോഴിക്കോട്ടും മുസ്ലിം ഭരണത്തിന് കീഴിലല്ല വഖ്ഫുകൾ വളർന്നത് എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ നഗരങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ ദൃശ്യതയുടെ പ്രധാന കാരണം വഖ്‌ഫ് ആണ്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന മിനാരങ്ങൾ ശില്പഭംഗിയോടെയും, ഗതകാല പ്രൗഢിയോടെയും ഓരോ നഗരത്തിലും തലയുയർത്തി നില്ക്കുന്നു. ചേരികളിലേക്കും, തെരുവുകളിലേക്കും മുസ്ലിം സമുദായം പാർശ്വവത്കരിക്കപ്പെട്ടെങ്കിലും അവർക്ക് ഒന്നിച്ചു ചേരാനുള്ള പള്ളികളും, ഈദ്ഗാഹുകളുമുണ്ട്. മരിച്ചാൽ ഖബറടക്കാനും, കുഞ്ഞുങ്ങൾക്ക് മതം പഠിക്കാനും സൗകര്യമുണ്ട്. തങ്ങളുടെ സാംസ്കാരിക സ്വത്വത്തെ ഉയർത്തിപ്പിടിക്കാനുള്ള ഇടങ്ങൾ ഓരോ പട്ടണത്തിലുമുണ്ടെന്നർഥം.
ഇന്ത്യയിലെ മുസ്ലിംകൾ ബ്രിട്ടീഷുകാരോട് ഏറെക്കാലം പൊരുതിയവരാണ്. മുഗൾ രാജവംശം, ടിപ്പു സുൽത്താൻ തുടങ്ങിയ മുസ്‌ലിം രാജാക്കൻമാരോട് യുദ്ധം ചെയ്താണ് ബ്രിട്ടിഷുകാർ അധികാരം പിടിച്ചത്. അതിനാൽ തന്നെ സാമ്രാജ്യത്വത്തോട് മുസ്‌ലിംകൾ വലിയ തോതിൽ ശത്രുത വെച്ച് പുലർത്തി. എന്നിട്ടും ബ്രിട്ടീഷുകാർ മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കളിൽ കൈവെച്ചില്ല. സ്വതന്ത്ര ഇന്ത്യയിൽ നാളിതു വരെ വഖ്ഫ് സ്വത്തുക്കൾ കൈയേറാനുള്ള ശ്രമം സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല, എന്നാൽ വഖ്ഫ് സ്വത്തുക്കൾക്ക് മേൽ ബുൾഡോസർ രാജ് നടപ്പാക്കാനുള്ള നീക്കങ്ങൾ യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു.
വംശഹത്യകൾക്ക് ശേഷവും ഗുജറാത്തിൽ 39940 വഖ്ഫ് സ്വത്തുക്കൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാന വഖ്ഫ് ബോർഡിന് കൊണ്ട് നടക്കേണ്ടി വരുന്നു. ഒരു ജനതയെ അത്ര പെട്ടെന്ന് വിസ്മൃതിയിലാഴ്ത്താനാവാത്തത് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതികൾ കാരണമാണ്. രേഖകളുടെ അടിസ്ഥാനത്തിൽ വഖ്ഫ് സ്വത്ത് ആയവയും, ദീർഘകാല ഉപയോഗത്താൽ വഖ്ഫ് സ്വത്ത് ആയവയും (Waqf by usage) ഉണ്ട്. ഉപയോഗത്താൽ വഖ്ഫ് ആയത് വഖ്ഫ് ആയി പരിഗണിക്കേണ്ടതില്ല എന്നതാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്ന നിലപാട്. എ.ഡി 629ൽ നിർമ്മിച്ച കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദിൻ്റെ ഭൂമിയുടെ ആധാരം നൽകണമെന്ന് ഇപ്പോഴത്തെ പള്ളി കൈകാര്യക്കാരോട് ആവശ്യപ്പെട്ടാൽ എങ്ങനെയുണ്ടാകും? ഇന്ത്യയിൽ കടലാസിൻ്റെ ഉപയോഗം വ്യാപകമാകുന്നതിന് മുമ്പ് രാജ്യത്ത് പള്ളികൾ ഉണ്ട്. രാജ്യത്ത് രജിസ്ട്രേഷൻ നിയമങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് വഖ്ഫ് ഉണ്ട്. (ആമുഖത്തിൽ നിന്ന്) മൊത്തത്തിൽ ചെറുതെങ്കിലും പ്രൗഢമായ ഈ കൃതി വളരെ ഗൗരവമുള്ള ഉണർത്തുപാട്ടാണ്. സമുദായം ഇതിനെ അർഹിക്കുന്ന ഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്.
English Summary:
Introduces the book Munambam Waqf Rekhakal (Munambam Waqf Documents), authored by T. Riyas Mon, is a significant contribution to the historiography of Kerala’s Muslim communities. The book brings to light a rare collection of historical waqf (endowment) documents from Munambam, a coastal region with a rich legacy of Islamic scholarship, trade, and communal life. Through meticulous archival research and thoughtful commentary, Riyas Mon reconstructs the socio-religious fabric of a bygone era, revealing how waqf institutions played a crucial role in shaping community life—supporting mosques, madrasas, and social welfare long before modern state interventions. Blending documentary evidence with historical insight, the book offers readers a glimpse into the legal, spiritual, and cultural dimensions of Muslim philanthropy in Kerala. It is especially valuable for historians, scholars of Islamic law, and anyone interested in the intersection of religion, land, and social structures in South Indian coastal societies.