Sunday, November 16, 2025

Current Date

എലികള്‍ വാഴുന്ന ഗസ്സ

gaza

കഴിഞ്ഞ ഡിസംബറില്‍, ഞാന്‍ എന്റെ 12 വയസ്സുള്ള അനിയന്‍ ലൂയിക്കൊപ്പം ഖാന്‍ യൂനിസിലെ അല്‍ നസ്ര്‍ ആശുപത്രിയിലെ ഇടനാഴിയില്‍ ഇരിക്കുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അവിടെ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ചിലര്‍ മരുന്ന് വാങ്ങാന്‍ എത്തിയവരും മറ്റുള്ളവര്‍ ഡോക്ടറെ കാണാന്‍ എത്തിയവരുമായിരുന്നു. എന്റെ അനിയന്‍ ഗുരതരാവസ്ഥയിലായിരുന്നു. ഖാന്‍ യൂനിസിലെ ഞങ്ങളുടെ തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കെട്ടിയുണ്ടാക്കിയ ടെന്റിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ടെന്റിനും അകവും പുറവും തമ്മില്‍ വേര്‍തിരിക്കുന്ന കാര്യമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ നിരവധി ചെറിയ എലികള്‍ ഞങ്ങളുടെ ടെന്റിനുള്ളില്‍ കയറി ശല്യം ചെയ്തിരുന്നു. ലൂയി ഉള്‍പ്പെടെയുള്ള എന്റെ ഇളയ അനിയന്മാരുടെ ദേഹത്തിലെല്ലാം എലികള്‍ കയറിയിറങ്ങി. ഞങ്ങളുടെ വിരിപ്പിലും പുതപ്പിലും വസ്ത്രങ്ങളിലും എന്തിന് ഭക്ഷണത്തില്‍ പോലും എലികളുടെ സൈ്വര്യവിഹാരമുണ്ടായിരുന്നു.

കേടുവന്ന് മലിനമാകുമെനന് ഭയന്ന് ഞങ്ങള്‍ക്ക് കടല, പയര്‍, അരി എന്നിവ ഉപേക്ഷിക്കേണ്ടിവന്നു. അന്ന് രാവിലെ ഞാന്‍ ഒരു മണിക്കൂര്‍ നടന്നെത്തുന്ന അകലെ സ്ഥിതി ചെയ്യുന്ന ജലവിതരണ കേന്ദ്രത്തിലെത്തിയാണ് ഞങ്ങളുടെ പുതപ്പുകള്‍ അലക്കാനുള്ള വെള്ളം ശേഖരിച്ചത്. എലിയുടെ സമ്പര്‍ക്കമുണ്ടായതിനാല്‍ വന്നേക്കാവുന്ന അസുഖം ഒഴിവാക്കാന്‍ വേണ്ടി എന്റെ ഉമ്മ എന്റെ മൂന്ന് മക്കളെയും കുളിപ്പിച്ചു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലൂയിക്ക് മേലാകെ ചൊറിച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങി. ചൊറിച്ചില്‍ ശരീരമാകെ പടര്‍ന്ന ചുവന്ന ചെറിയ കുരു പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അത് പിന്നീട് വ്രണമായി മാറി.

ആശുപത്രിയില്‍ പോകുന്നതിനുമുമ്പ്, ഞാന്‍ അടുത്തുള്ള ടെന്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ലിനിക്കിലേക്ക് പോയി. അവിടെ പരിശോധിച്ച ഡോക്ടര്‍ ലൂയിക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിച്ചു. എന്നാല്‍ അത് എവിടെയും ലഭ്യമായിരുന്നില്ല. ഞങ്ങളുടെ അടിസ്ഥാന മെഡിക്കല്‍ ആവശ്യങ്ങള്‍ പോലും ഇസ്രായേല്‍ ഉപരോധം മൂലം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രായേല്‍ അനുമതി നല്‍കുമ്പോള്‍ ചെറിയ അളവിലുള്ള സാധനങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. അനിയന്റെ ശരീരത്തിലെ ചൊറിച്ചിലും വീക്കവും ഒഴിവാക്കാന്‍ മുറിവുകളില്‍ ഒലിവ് ഓയില്‍ പുരട്ടുക എന്നത് മാത്രമായിരുന്നു ഞങ്ങള്‍ക്ക് മുന്‍പിലെ ഏക പോംവഴി. ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. എന്നാല്‍ അത് ഫലിച്ചില്ല. അവന്റെ മുറിവുകളുടെ വേദനയും ചൊറിച്ചിലും മൂലം അവന് രാത്രിയില്‍ ഉറങ്ങാനായില്ല.

ഞങ്ങള്‍ വീണ്ടും ഡോക്ടര്‍ നിര്‍ദേശിച്ച ആന്റിബയോട്ടിക്കുകള്‍ കണ്ടെത്താന്‍ ശ്രമിച്ചു, ഒടുവില്‍ ദെയ്ര്‍ അല്‍ ബലായിലെ ഒരു ഫാര്‍മസിയില്‍ നിന്ന് കുറച്ചുണ്ടെന്ന് കണ്ടെത്താനായി. എന്നാല്‍ യുദ്ധം മൂലം അതിന്റെ വില വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു. യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ ആന്റിബയോട്ടിക്കുകളുടെ വിലയെല്ലാം ഇരട്ടിയായി. ലൂയി അവ കഴിക്കാന്‍ തുടങ്ങി, എന്നാല്‍ അവന്റെ അവസ്ഥ കൂടുതല്‍ വഷളാവുകയാണുണ്ടായത്. അവന്റെ തല മുതല്‍ കാല്‍ വരെ വലിയ ചുവന്ന മുഴകള്‍ പ്രത്യക്ഷപ്പെട്ടു. അവന് എന്താണ് പറ്റിയതെന്ന് ഞങ്ങള്‍ ഭയപ്പെട്ടു. അപ്പോഴാണ് എന്റെ മാതാപിതാക്കള്‍ എന്നോട് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ നസ്ര്‍ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം ലൂയിയുടെ അവസ്ഥ കണ്ട് ആശങ്കപ്പെട്ടു. എലികളോടുള്ള അലര്‍ജിയുടെ പ്രതികരണമായിരിക്കാം ഇതെന്ന് അദ്ദേഹം കണ്ടെത്തി, എന്നാല്‍, അത് ഒരുതരം ബാക്ടീരിയ അണുബാധയായി വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ഈ വംശഹത്യക്കിടെ ഒരിക്കലും ഇത്തരമൊരു രോഗാവസ്ഥ താന്‍ കണ്ടിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ലൂയിക്ക്് അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. അടിയന്തരമായി അവന് വിവിധ ഇന്‍ജക്ഷനുകള്‍ നല്‍കാന്‍ അവനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍, ഉപരോധം കാരണം ആവശ്യമായ മരുന്നുകള്‍ അവരുടെ പക്കലില്ലെന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ഇതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഞങ്ങളുടെ റൂമില്‍ മറ്റ് അഞ്ച് രോഗികളും ഉണ്ടായിരുന്നു. ഒരു കര്‍ട്ടന്‍ ഉപയോഗിച്ച് പരസ്പരം വേര്‍തിരിച്ചിരിട്ടുണ്ട്. എന്റെ സഹോദരനെ നഷ്ടപ്പെടുമെന്ന് ഞാന്‍ ഭയപ്പെട്ടു, രാത്രികളില്‍ അവന് കൂട്ടായി ഞാന്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു.

ശല്യക്കാരായ ജന്തുക്കള്‍ വംശഹത്യയുടെ തുടക്കം മുതല്‍ തന്നെ ഗസ്സയില്‍ ഒരു പ്രശ്‌നമാണ്. കുടിയിറക്കപ്പെട്ട ആളുകള്‍ കൂട്ടമായി താമസിക്കുന്ന ടെന്റുകള്‍ക്ക് സമീപം കുമിഞ്ഞു കൂടിയ ചവറുകൂമ്പാരത്തില്‍ നിന്നാണ് ഇത്തരം ജന്തുക്കള്‍ വരുന്നത്. ഞങ്ങളുടെ തകര്‍ന്നടിഞ്ഞ വീടുകളുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇത്തരം എലി പോലെയുള്ള ജന്തുക്കള്‍ പെരുകുകയും ടെന്റുകള്‍ കൈയടക്കുകയും ചെയ്തു. ‘എലികള്‍ ഉള്‍പ്പെടെയുള്ള മൂഷിക വര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കളുടെ സാന്നിധ്യം ഗസ്സയിലെ ആരോഗ്യ സംവിധാനത്തിന് ചികിത്സിക്കാന്‍ കഴിയാത്ത തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.’ എന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭിപ്രായപ്പെട്ടത്.

2025 ജനുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലോടെയാണ് ലൂയിക്ക് ആവശ്യമായ മരുന്ന് ലഭിച്ചത്. അങ്ങിനെയാണ് അവന്റെ ചൊറിച്ചില്‍ കുറയാന്‍ തുടങ്ങുകയും അവന്റെ ജീവിതരം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങാനും തുടങ്ങി. ആ വെടിനിര്‍ത്തല്‍ സമയത്ത് ഞങ്ങള്‍ക്ക് മരുന്ന് ലഭിച്ചില്ലെങ്കില്‍ എന്റെ അനിയന്‍ മരണത്തിന് കീഴടങ്ങിയേനെ. എന്നാല്‍, വെടിനിര്‍ത്തല്‍ ഔദ്യോഗികമായി അവസാനിച്ചതിനാല്‍, വീണ്ടും മാനുഷികമോ അടിയന്തര മെഡിക്കല്‍ സാധനങ്ങളൊന്നും ഇസ്രായേല്‍ ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍, 15കാരനായ എന്റെ കസിന്‍ യൂസഫും ഇപ്പോള്‍ ലൂയിയുടേതിന് സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

യൂസുഫിനെയും അവന്റെ ഉമ്മയെയും ഉപ്പയെയും ബെയ്ത് ലാഹിയയിലെ അവരുടെ വീട്ടില്‍ നിന്ന് ഗസ്സ നഗരത്തിലെ അല്‍ യര്‍മുക്കിലെ മറ്റൊരു ടെന്റിലേക്ക് മാറ്റി. അത് ഒരു മാലിന്യക്കൂമ്പാരത്തിന് തൊട്ടടുത്ത് തന്നെയായിരുന്നു. അവിടെയെത്തിയ ഒന്നാമത്തെ ദിവസം രാത്രി തന്നെ കിടന്നുറങ്ങുമ്പോള്‍ എലികള്‍ അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞു കളിക്കുകയും അവയില്‍ ഒന്ന് യൂസഫിനെ കടിക്കുകയും ചെയ്തു. അങ്ങിനെ അവന്റെ ഉപ്പയും ഉമ്മയും അവിടെ നിന്നും താമസം മാറാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ സ്‌കൂളുകളും ആശുപത്രികളും തെരുവുകളിലുമെല്ലാം ടെന്റുകളും ആളുകളെയും കൊണ്ട് നിറഞ്ഞിരുന്നു. സഹികെട്ട് അവര്‍ എലിക്കെണികള്‍ വാങ്ങി കൂടാരത്തിനകത്തും പുറത്തും വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചു. കാലിലെ കടിയേറ്റ ഭാഗം കാണിക്കാന്‍ യൂസുഫ് ഒടുവില്‍ ആശുപത്രിയിലെത്തി. ചികിത്സ വൈകിയാല്‍ യൂസുഫിന് ജീവന്‍ തന്നെ നഷ്ടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവിടെ യൂസുഫിന് ലഭ്യമായിരുന്ന ഒരേയൊരു മരുന്നുകള്‍ തീയതി കഴിഞ്ഞ ആന്റിബയോട്ടിക്കുകള്‍ മാത്രമായിരുന്നു. അവന്റെ ഉപ്പക്ക് ഒരു ഫാര്‍മസിയില്‍ നിന്നാണ് അവ ലഭിച്ചത് കാലഹരണപ്പെട്ട മരുന്നുകള്‍ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് ഫാര്‍മസിസ്റ്റ് പിതാവിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും, യൂസുഫിനെ ചികിത്സിക്കാതെ അങ്ങിനെ തന്നെ വിടുക എന്നതായിരുന്നു അവര്‍ക്ക് മുന്‍പിലുള്ള മറ്റൊരു പോംവഴി. അതിനാല്‍ തന്നെ അവന്റെ രോഗമുക്തി അത്യന്തം വേദനാജനകമായിരുന്നു, എന്നാല്‍, ഇപ്പോഴും അവന്‍ ജീവിച്ചിരിപ്പുണ്ടെന്നത് ഞങ്ങളുടെ ഭാഗ്യമായാണ് ഞങ്ങള്‍ കരുതുന്നത്.

 

അവലംബം: electronicintifada.net
വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles