Columns

റമദാനും ഭിക്ഷാടനവും

ഒരു ഒഴിവു ദിനത്തില്‍ പെട്ടെന്നാണ് വീടിനു മുന്നില്‍ ഒരു ഓട്ടോ വന്നു നിന്നത്. രണ്ടു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. വണ്ടിയില്‍ മറ്റൊരു സ്ത്രീ അപ്പോഴും ഇരുന്നിരുന്നു. കുറച്ചപ്പുറത്തുള്ള സ്ഥലത്തു നിന്നാണ് അവര്‍ വരുന്നത്. ആവശ്യം റമദാനല്ലേ വല്ലതും കിട്ടണം. നടക്കാന്‍ കഴിയില്ല എന്ന് കാണിക്കാന്‍ വേണ്ടിയാണ് സുഖമില്ലാത്ത ആളെയും കൊണ്ട് വന്നത്. ഓട്ടോ വാടകക്കും.

പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ ഹജ്ജിന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞ ഒന്നാണ് അഭിമാനം. അഭിമാനം സ്വന്തത്തിനു മാത്രം പോരാ അത് താന്‍ ഉള്‍ക്കൊള്ളുന്ന ദീനിനും വേണം. പണ്ടൊക്കെ റമദാനിലെ ഭിക്ഷാടനം ഒന്നോ രണ്ടോ ദിവസത്തില്‍ മാത്രമായി ചുരുങ്ങിയിരുന്നു. ഇന്ന് അതില്‍ പുരോഗമനമുണ്ട്. ഒന്നാം തിയ്യതി മുതല്‍ തന്നെ കാര്യങ്ങള്‍ തുടങ്ങുന്നു. അത് ഹൈടെക് രീതിയിലേക്ക് എത്തിക്കുന്നതിലും മാറ്റമുണ്ട്. ദാരിദ്ര്യം എന്തിനും തടസ്സമാണ്. യാചന ഇഷ്ടപ്പെടാത്ത ഇസ്ലാം ദാരിദ്ര്യം മാറ്റാന്‍ മറ്റൊരു വഴിയുമില്ലെങ്കില്‍ യാചനക്കും അനുവാദം നല്‍കുന്നു. എന്നാല്‍ അത് അവസാന വഴി മാത്രമാണ്.

രണ്ടു കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കാതെ പോകുന്നത്. ഒന്ന് പലര്‍ക്കും കടങ്ങള്‍ പരിധി ലംഘിച്ചു വന്നിരിക്കുന്നു. പലപ്പോഴും ഈ കടത്തിന്റെ അടിസ്ഥാനം മാന്യമായ കാരണമാകില്ല. കുട്ടികളെ കെട്ടിക്കാന്‍, വീട് വില്പ്പന നടത്തിയവര്‍ തന്നെ വിരുന്നു നടത്താന്‍ ആ സ്വര്‍ണം പണയം വെച്ച് പൈസ വാങ്ങുന്നു. സമുദായത്തിലെ അധികം കടങ്ങളും പൊങ്ങച്ച ജീവിത ശൈലിയുടെ ബാക്കി പത്രമാണ്. രോഗം,മറ്റു കാരണങ്ങള്‍ എന്നത് കൊണ്ട് കടം വന്നവര്‍ കുറവാണ് എന്ന് സാരം. രണ്ടു ദിവസം മുമ്പ് ഒരു ഉമ്മയും മകളും കാണാന്‍ വന്നിരുന്നു. ആകെ ഉണ്ടായിരുന്ന വീട് വിറ്റു മകളെ കെട്ടിച്ചു. മരുമകനും കൂടെയുണ്ട്. കിട്ടിയ സ്വര്‍ണം കൊണ്ട് ഭര്‍ത്താവിന്റെ വീട്ടുകാരുടെ കടം വീട്ടിയത്രേ. ഇപ്പോള്‍ ഇവിടെ ഭര്‍ത്താവും ഉമ്മയും ഭാര്യയും വാടക വീട്ടിലും നിറയെ കടവും. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

ഇസ്ലാം ആഗ്രഹിക്കാത്ത ഒരു കാര്യം റമദാനില്‍ നടത്താതിരിക്കുക എന്നതാണ് വിശ്വാസികള്‍ക്ക് പരമാവധി ചെയ്യാന്‍ കഴിയുക. അതെ സമയത്ത് യാചിക്കാത്തവര്‍ പോലും യാചന തുടങ്ങാനുള്ള അവസരമായി ഈ മാസത്തെ തിരഞ്ഞെടുക്കുന്നു എന്നത് ഈ മാസത്തോടും അതിന്റെ ഉടമസ്ഥനോടും ചെയ്യുന്ന ധിക്കാരമാണ്. നാട്ടിലെ മഹല്ല് കമ്മിറ്റികള്‍ ആകെ ചെയ്യുന്നത് ഇയാള്‍ യാചിക്കാന്‍ അര്‍ഹനാണ് എന്ന പേരില്‍ ഒരു കത്തു നല്‍കലാണ്. സമൂഹത്തില്‍ യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിഹാരം എന്ന നിലയില്‍ അവരും വിഷയത്തെ സമീപിക്കാറില്ല. വ്യക്തികളുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു നേതൃത്വമില്ല എന്നതാണ് പലപ്പോഴും കാര്യങ്ങള്‍ വഴി മാറിപോകാന്‍ കാരണം. ‘അവര്‍ ജനങ്ങളോട് കുത്തി ചോദിക്കുകയില്ല’ എന്നാണ് യഥാര്‍ത്ഥ വിശ്വാസികളെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്. അതെ സമയം അണികളുടെയും സമുദായത്തിന്റെയും യഥാര്‍ത്ഥ അവസ്ഥ അറിയുന്ന നേതൃത്വമില്ല എന്നതും നാം കാണാതെ പോകരുത്.

സമുദായത്തില്‍ പ്രസംഗങ്ങളും ഉപദേശങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. അതിനു ആനുപാതികമായി യാചന പോലുള്ള പ്രവണതകളും വര്‍ധിച്ചു വരുന്നു. ഒരാളുടെ പ്രയാസങ്ങള്‍ നീങ്ങണം അത് നിര്‍ബന്ധമാണ്. അതിനു ആദ്യം വേണ്ടത് അയാളുടെ ജീവിത ശൈലി മാറ്റലാണ്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക എന്ന അവസ്ഥയിലേക്ക് ആദ്യം എത്താന്‍ ശ്രമിക്കണം. സമുദായ നേതൃത്വം വളഞ്ഞതാണ് എന്നതാണ് സമുദായത്തിന്റെ വളവിനു മുഖ്യ ഹേതു എന്ന് കൂടി പറയണം.

Facebook Comments
Show More

Related Articles

Close
Close