Current Date

Search
Close this search box.
Search
Close this search box.

ഇക്കഴിഞ്ഞ റമദാന്‍ നല്‍കുന്ന സന്ദേശം ഇതായിരിക്കട്ടെ…

രാജ്യത്തിന്‍റെയും സമുദായത്തിന്‍റെയും പൊതുശത്രുവിനെതിരെ വിവിധ സംഘടനകള്‍ ഒന്നിക്കുന്ന പ്രവണത ഇന്ന് ഇന്ത്യയില്‍ വിശിഷ്യ കേരള മുസ്ലിം സമൂഹത്തില്‍ പ്രകടമാണ്. സ്വന്തം അസ്തിത്വം കടുത്ത വെല്ലുവിളി നേരിടുകയും പൗരത്വ പ്രശ്നത്തില്‍ തങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുമെന്ന ഭീതിതമായ അവസ്ഥ നേരിടാന്‍ ഏറ്റവും പ്രായോഗികവും ലളിതവുമായ മാര്‍ഗ്ഗമാണ് ഈ ഐക്യപ്പെടല്‍. എന്നാല്‍ ഈ ഐക്യബോധം ഒരു താല്‍കാലിക പ്രതിഭാസമായി അവസാനിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിലൂടെ ഉണ്ടാവുന്ന സദ്ഫലങ്ങള്‍ വിവരണാതീതമാണ്. ഇസ്ലാമിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല വഴി നമുക്കിടയിലുള്ള സ്നേഹവും ഊഷ്മള ബന്ധവുമാണ്. അത്തരം കൂട്ടായ്മയിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുക സ്വാഭാവികം. നമ്മുടെ ഐശ്വര്യവും ആത്മവീര്യവും വര്‍ധിക്കുവാനും അത് ഇടയാക്കും. ഏത് വെല്ലുവിളികളേയും ഐക്യത്തിലൂടെ നേരിടാം.

ശക്തിക്ക് ശക്തിയുടെ ഭാഷ മാത്രമേ അറിയൂ എന്ന് എ.പി.ജെ.കലാം പറഞ്ഞിട്ടുണ്ട്. ഐക്യമാണ് ശക്തിയുടെ ആരംഭം. ഖുര്‍ആന്‍ പറയുന്നു: നിങ്ങളുടെ അവസ്ഥ, സന്തം ശ്രമത്താല്‍ ബലമുള്ള നൂല്‍ നൂല്‍ക്കുകയും എന്നിട്ടു സ്വയം അതിനെ കഷ്ണങ്ങളായി പൊട്ടിച്ചറെിയുകയും ചെയ്ത സ്ത്രീയുടേതുപോലെയാകരുത് (16:90-93)

അല്ലാഹുവിന്‍റെ പ്രത്യേകമായ അനുഗ്രഹത്തിന് പാത്രീഭൂതമാവാനും പിശാചിനെ പിണ്ഡംവെച്ച് അകറ്റാനും സാധിക്കും. കാരണം അല്ലാഹുവിന്‍റെ ഹസ്തം സംഘത്തോടൊപ്പമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഐക്യത്തിന്‍റെ മഹത്തായ മാതൃക സൃഷ്ടിച്ചുകൊണ്ടായിരുന്നു പ്രവാചകന്‍ ഇഹലോകത്തോട് വിട പറഞ്ഞത്.

വൈവിധ്യമാര്‍ന്ന ചെടികളും പുഷ്പങ്ങളും കൊണ്ട് പൂന്തോപ്പ് ചേതോഹരമാകന്നത് പോലെ, വൈവിധ്യമാര്‍ന്ന ചിന്തകളും അഭിപ്രായങ്ങളും കൊണ്ടാണ് സമുദായവും മനോഹരമാകുന്നത്. വൈവിധ്യമില്ലാതിരിക്കുക ഫാസിസത്തിന്‍റെ ലക്ഷണമാണ്. ബുദ്ധിയുള്ള മനുഷ്യരെന്ന നിലയില്‍ പൗരാണിക കാലം മുതല്‍ തന്നെ അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു. അതെ ബുദ്ധികൊണ്ട് അനൈക്യ പ്രവണതകളെ പ്രതിരോധിക്കുകയാണ് ഏറ്റവും കരണീയമായിട്ടുള്ളത്.

മുസ്ലിം ലോകത്തെ ദുരിതങ്ങള്‍ക്ക് ഒരൊറ്റ കാരണം പറയൂ എന്ന് പറഞ്ഞാല്‍ അതിനുള്ള ഒരേ ഒരു മറുപടി അനൈക്യം എന്നാണ്. സമുദായ ഗാത്രത്തില്‍ അത്രയധികം ആഴത്തില്‍ മുറിവുണ്ടാക്കിയ മറ്റൊരു കാരണവുമില്ല. ഒരു ഉദാഹരണമെന്ന നിലയില്‍ ഫലസ്തീന്‍ പ്രശ്നം തന്നെ എടുക്കാം. ഫതഹും ഹമാസും  ഒരു പൊതു അജണ്ടയില്‍ യോജിച്ചിരുന്നുവെങ്കില്‍, ഇന്നത്തെ ഫലസ്തീനിന്‍റെ മുഖം മറ്റൊന്നാകുമായിരുന്നു. രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗം ഏതെന്ന് ചോദിച്ചാല്‍ ഐക്യം ഐക്യം എന്ന് മാത്രമേ മറുപടിയുള്ളൂ. അല്ലാത്തപക്ഷം ഒരു സര്‍വ്വ നാശത്തെ നേരിടാന്‍ നാം തയ്യാറാവുക.

Also read: അറിവും വ്യക്തിത്വ വികാസവും

കഴിഞ്ഞ വര്‍ഷം സുഹൃത്തുക്കളോടൊപ്പം ഖലീല്‍ ഇബ്റാഹീം, ഹീബ്രോണ്‍ പോലുള്ള ഫലസ്തീന്‍ പോക്കറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ കണ്ടപിഞ്ചുമക്കളുടെ ദയനീയ മുഖങ്ങള്‍ മറക്കാന്‍ കഴിയുന്നില്ല. ടൂറിസ്റ്റ് ബസുകളിലേക്ക് പിച്ചപ്പാത്രങ്ങളുാമയി ഇരമ്പി വരുന്ന ഭൂമിയിലെ നക്ഷത്രങ്ങള്‍ ആരുടേയും കരളലിയിപ്പിക്കും. സിറിയയിലും ഇറാഖിലും ലിബിയയിലുമെല്ലാം സംഭവിക്കുന്നതും ആ ദുരന്തത്തിന്‍റെ തനി ആവര്‍ത്തനങ്ങള്‍ തന്നെ. ഈ ദയനീയാവസ്ഥയാണ് ഇന്ത്യന്‍ മുസ്ലിംങ്ങളേയും കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ അതിന്‍റെ ചെറിയ ലക്ഷണങ്ങള്‍ നമ്മുടെ രാജ്യത്ത് പശ്ചിമ ബംഗാളിലും ഹരിയാനയിലും ഉത്തരപ്രദേശിലും ദല്‍ഹിലുമെല്ലാം പ്രത്യക്ഷപ്പെട്ട്കൊണ്ടിരിക്കുന്നു.

മുസ്ലിം ഉമ്മത്തിനോടുള്ള ഖുര്‍ആന്‍റെ ശക്തമായ ആഹ്വാനങ്ങളില്‍ ഒന്ന് നാം ഐക്യത്തോടെ ജീവിക്കണം എന്നാണ്. അത് വിസ്മരിച്ചാലുണ്ടാവുന്ന ദാരുണ ഫലം ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ: അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്. ( 8:46 )

ഏഴ് കാര്യങ്ങള്‍ മുസ്ലിംങ്ങള്‍ക്കുളള ബാധ്യതയാണെന്ന് നബി (സ) പഠിപ്പിച്ചു. രോഗിയെ സന്ദര്‍ശിക്കുക. മയ്യത്തിനെ അനുധാവനം ചെയ്യുക. തുമ്മിയാല്‍ പ്രാര്‍ത്ഥിക്കുക. ദുര്‍ബലനെ സഹായിക്കുക. മര്‍ദ്ദിതനെ സഹായിക്കുക. സലാം പ്രചരിപ്പിക്കുക. പ്രതിജ്ഞ പാലിക്കുക. പ്രതിപക്ഷ ബഹുമാനം ഉയര്‍ത്തിപിടിച്ച് ഇത്തരം ഉപചാരങ്ങള്‍ നേതാക്കള്‍ പരസ്പരം നടപ്പാക്കാന്‍ മാതൃക കാണിച്ചാല്‍ അതിന്‍റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ദൃശ്യമാവുന്നതാണ്. ഇക്കഴിഞ്ഞ റമദാന്‍ നമുക്ക് നല്‍കുന്ന മഹത്തായ സന്ദേശം ഇതായിരിക്കട്ടെ.

Related Articles