Columns

അതിജീവനത്തിന്റെ റമദാന്‍

വിശ്വാസിയുടെ ജീവിതത്തിലെ വലിയ സന്തോഷങ്ങളില്‍ ഒന്ന് റമദാനിലൂടെ കടന്നു പോകാന്‍ കഴിയുക എന്നത് തന്നെയാണ്. റമദാന്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ കാലമാണ്. സാധാരണ ചെയ്യുന്ന എന്തിനും പതിന്മടങ്ങ് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട മാസം. മറ്റു മാസങ്ങളിലെ ഐശ്ചിക കാര്യങ്ങള്‍ക്ക് പോലും ഈ മാസത്തില്‍ വലിയ പ്രതിഫലം നല്‍കപ്പെടുന്നു. ആയിരം മാസത്തിന് തുല്യമായ ശ്രേഷ്ടതയുള്ള ഒരു രാത്രി, അതും ഈ മാസത്തില്‍ തന്നെ.

മറ്റു കാലത്തില്ലാത്ത പ്രത്യേകത ഇക്കൊല്ലത്തെ റമദാനിനു വന്നിരിക്കുന്നു. അതായത് ഇക്കൊല്ലം വിശ്വാസികള്‍ക്ക് പള്ളികളിലേക്ക്‌ പ്രവേശനമില്ല. പള്ളിയുമായി ചേര്‍ന്നാണ് വിശ്വാസിയുടെ ദിവസം മുന്നോട്ടു പോകുന്നത്. റമദാനില്‍ ആ ബന്ധം കൂടുതല്‍ ശക്തമാവും. റമദാനിലെ അവസാന പത്തില്‍ അധികം പേരും പള്ളികളില്‍ “ ഇഅത്തികാഫ്” എന്ന കര്‍മ്മത്തിലാവും. അതിക്കൊല്ലം നടക്കില്ല എന്ന വിഷമത്തിലാണ് വിശ്വാസികള്‍. നിര്‍ബന്ധ നമസ്കാരങ്ങള്‍ പുരുഷന്മാര്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കുക എന്നതാണ് പുണ്യകരം. കൊറോണ കാലത്ത് അതും തടസ്സപ്പെട്ടിരിക്കുന്നു.

Also read: കൊറോണ കാലത്തെ വിശുദ്ധ റമദാൻ; ഇഅ്തികാഫ് വീട്ടിലിരിക്കാമോ?

അപ്പോള്‍ മറ്റൊരു അനുഗ്രഹം തുറന്നു കിട്ടിയിരിക്കുന്നു എന്ന കാര്യം നാം മറക്കരുത്. ഇക്കൊല്ലം റമദാന്‍ സമ്പൂര്‍ണമായി കുടുമ്പവുമായി ചേര്‍ന്ന് ആസ്വദിക്കാന്‍ കഴിയുന്നു. പ്രവാചക ജീവിതത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം സുന്നത്ത് നമസ്കാരങ്ങള്‍ പ്രവാചകന്‍ വീട്ടില്‍ നിന്ന് തന്നെയായിരുന്നു നിര്‍വഹിച്ചിരുന്നത് എന്നതാണ്. പ്രവാചകന്റെ വീടും പള്ളിയും തമ്മിലുള്ള ദൂരം നമുക്കറിയാം. ബാങ്ക് കേട്ടാല്‍ വീട്ടില്‍ നിന്ന് തന്നെ സുന്നത്ത് നമസ്കരിക്കുക എന്നതായിരുന്നു പ്രവാചക ചര്യ. ജമാഅത്തിനു സമയമായാല്‍ പ്രവാചകന്‍ പള്ളിയിലേക്ക് പോയിരുന്നു. ദുആ നമസ്കാരം പോലും പ്രവാചകന്‍ നിര്‍വഹിച്ചത് വീട്ടില്‍ വെച്ചായിരുന്നു. നാമിന്നു കാണുന്നത് പോലെയായിരുന്നില്ല പ്രവാചക കാലത്തെ റമദാന്‍. തന്‍റെ മരണം വരെ പ്രവാചക ജീവിതത്തില്‍ എട്ടോളം റമദാന്‍ കടന്നു പോയിട്ടുണ്ട്. ചുരുക്കം സമയം മാത്രമാണ് പ്രവാചകന്‍ രാത്രി നമസ്കാരം പള്ളിയില്‍ നമസ്കരിച്ചത് .

വീടുകള്‍ കൂടുതല്‍ സജീവമാകാന്‍ കൂട്ടായ രാത്രി നമസ്കാരങ്ങള്‍ വീടുകളില്‍ നടക്കട്ടെ. മറ്റു ജോലികള്‍ ഇല്ല എന്നത് കൊണ്ട് തന്നെ അധികം പേരും വീട്ടില്‍ തന്നെയാകും. കൂട്ടായ ഖുര്‍ആന്‍ പഠനവും ചര്‍ച്ചകളും വീടുകളില്‍ നടക്കട്ടെ. കിട്ടിയ സാഹചര്യം എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിലാവട്ടെ നമ്മുടെ ശ്രദ്ധ. കുടുംബവുമായി കൂടിച്ചേര്‍ന്നു റമദാനിന്‍റെ പുണ്യം ഒന്നിച്ചു നേടിയെടുക്കാന്‍ ഈ കൊറോണ കാലം നമ്മെ സഹായിക്കുന്നു.

Also read: സ്ത്രീകൾ പുരുഷന്മാര്‍ക്ക് ഇമാമാകാമോ?

കൂടുതല്‍ പുണ്യം നേടാനുള്ള വഴികളും ഈ കാലം നമ്മുടെ മുന്നില്‍ കാണിച്ചു തരുന്നു. മനുഷ്യര്‍ പൂര്‍ണമായി “ ലോക്ക് ഡൌണ്‍” ആയ കഥയാണ് നമ്മുടെ മുന്നില്‍. പുണ്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് ശേഷം പിന്നെ ഖുര്‍ആന്‍ എടുത്തു പറഞ്ഞത് അടുത്ത കുടുംബത്തിനും അഗതികള്‍ക്കും അനാഥര്‍ക്കും സമ്പത്ത് നല്‍കുന്നതിനെ കുറിച്ചാണ്. നമ്മുടെ ചുറ്റുപാടും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് ഈ റമദാന്‍. നമ്മുടെ കുടുംബത്തിലും ചുറ്റുഭാഗങ്ങളിലും ആരും ദുരിതം അനുഭവിക്കുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ കൂടി ഈ റമദാന്‍ കാലത്ത് നമുക്ക് കഴിയണം. മറ്റു ജോലികള്‍ ഇല്ല എന്നത് കൊണ്ട് തന്നെ അതിനും നമുക്ക് സമയം ലഭിക്കും. നമുക്ക് തീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അതിനു പറ്റുന്നവരുടെ മുന്നില്‍ കൊണ്ട് വരാനും നാം ശ്രദ്ധിക്കണം.

അതിലുപരിയായി കുടുമ്പത്തിന്റെ തര്ബിയ്യത് വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ഗൃഹനാഥന് കൂടുതല്‍ സമയം ലഭിക്കുന്നു. അതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമാകും. ചിലതു ഇല്ല എന്ന നഷ്ടത്തെ കുറിച്ച ബോധം വിശ്വാസിക്ക് മറക്കാന്‍ കഴിയില്ല. അതെ സമയം കയ്യിലുള്ളതിനെ എങ്ങിനെ ഗുണപരമായി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് വിശ്വാസികള്‍ കൊണ്ട് നടക്കേണ്ടത്‌. ഒന്നിന്റെ കുറവ് മറ്റൊന്നിനു ഉപകാരം ചെയ്യുന്നു എന്ന നല്ല പരിണിതി വിശ്വാസികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും. അധിക പേരും അശ്രദ്ധരായി തീരുന്ന രണ്ടു അനുഗ്രഹങ്ങളില്‍ ഒന്ന് ഒഴിവ് സമയം എന്നാണ് പ്രവാചകന്‍ പറഞ്ഞത്. നമ്മുടെ മുന്നിലൂടെ കടന്നു പോകുന്ന ഒഴിവു സമയങ്ങള്‍ എങ്ങിനെ ഉപകാരപ്പെട്ടു എന്നതിന്റെ കണക്കെടുപ്പും ഈ റമദാനില്‍ സാധ്യമാണ്.

സമൂഹവുമായുള്ള ബന്ധവും പള്ളികള്‍ മുന്നില്‍ അടക്കപ്പെട്ടു എന്നതും ഒരു സങ്കടമായി മനസ്സില്‍ കൊണ്ട് നടക്കുമ്പോഴും കുടുംബവുമായി കൂടുതല്‍ സഹവസിക്കാന്‍ സമയം ലഭിക്കുന്നു എന്ന സന്തോഷകരമായ കാര്യത്തെ കൂടുതല്‍ സജീവമാക്കാന്‍ കഴിഞ്ഞാല്‍ ഈ റമദാന്‍ വിശ്വാസികള്‍ക്ക് ആനന്ദം നല്‍കും തീര്‍ച്ച

Facebook Comments
Related Articles

Check Also

Close
Close
Close