Current Date

Search
Close this search box.
Search
Close this search box.

റെയ്സിസവും സ്‌പോർട്‌സും

സ്‌പോർട്‌സിന് രാഷ്ട്രീയവും മതവുമില്ല. എന്നാൽ അധിനിവേശ ഭീകരതയും റെയ്‌സിസവും അപ്പാർതീഡും സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണോ? അല്ല എന്നതിന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രണ്ട് സംഭവങ്ങൾ അടിവരയിടുന്നു.

ഒന്ന് ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിൽ ജൂലൈ 11നു നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇറ്റലിക്കെതിരായ മൽസരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങളായ മാർക്കസ് റാഷ്‌ഫോർഡ്, ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവർക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി വെള്ളക്കാരായ റെയ്‌സിസ്റ്റുകൾ നടത്തിയ അതിനീചമായ ആക്രമണങ്ങൾ യൂറോപ്പിന്റെ മാത്രമല്ല, ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ എന്ന ബാനറുകളേന്തി താരങ്ങൾക്ക് പിന്തുണയുമായി പലയിടങ്ങളിലും വലിയ പ്രക്ഷോഭങ്ങൾ നടന്നു.

മൂന്നു പേരും ഇത്ര നിന്ദ്യമായി വെർബൽ എബ്യൂസിന് ഇരയാവേണ്ടി വന്നത് അവരുടെ തൊലിയുടെ നിറം കൊണ്ടു മാത്രമായിരുന്നു. പ്രതിഷേധം അത്ര ശക്തമായതോടെ മനുഷ്യത്വ വിരുദ്ധമായ കമന്റുകൾ ഉടൻ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും സോഷ്യൽ മീഡിയ കമ്പനികളോട് ബ്രിട്ടീഷ് ഗവൺമെന്റിന് ആവശ്യപ്പെടേണ്ടി വന്നു. അത്ര മാത്രം ശക്തമായിരുന്നു പ്രതിഷേധം. വംശീയാധിക്ഷേപം പൊറുക്കില്ലെന്ന വലിയൊരു വിഭാഗം ജനതയുടെ നി്ശ്ചയദാർഢ്യത്തിന്റെ ഫലം കൂടിയാണ് ഗവൺമെന്റിന്റെ നീക്കത്തിനു പിന്നിൽ. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

രണ്ട് ഇസ്രായിലി ക്ലബ്ബായ ബെയ്താർ ജറൂസലവുമായുള്ള സൗഹൃദ മൽസരം ജറൂസലമിലെ സ്‌റ്റേഡിയത്തിൽവെച്ച് കളിക്കാനില്ലെന്ന് പ്രമുഖ സ്പാനിഷ് ക്ലബ്ബായ എഫ്.സി ബാഴ്‌സലോണ അധികൃതരെ അറിയിക്കുന്നു. ജറൂസലമിൽ കളിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാഴ്‌സലോണ മാനേജ്‌മെന്റിന് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ ഈ മാസാദ്യം കത്തയച്ചിരുന്നു. ഇസ്രായിൽ സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട ഫാഷിസ്റ്റ്, റെയ്‌സിസ്റ്റ് ചിന്താഗതികളെ പ്രതിനിധാനം ചെയ്യുന്ന വിഭാഗമാണ് ബെയ്താർ ജറൂസലമെന്നും അതിനാൽ അവരുമായി കളിക്കുന്നതിൽനിന്ന് പിന്മാറണമെന്നും ഇസ്രായിലി നെസറ്റിലെ ബലദ് പാർട്ടി അംഗമായ സമി അബൂ ശഹാദയും പ്രസ്താവനയിറക്കി. ഇതേത്തുടർന്ന് ജറൂസലമിൽ കളിക്കാനില്ലെന്ന് എഫ്.സി ബാഴ്‌സലോണ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

വംശീയവാദത്തിന്റെ കാളകൂടം എന്നു വിശേഷിപ്പിക്കാവുന്ന ഫുട്‌ബോൾ ക്ലബ്ബാണ് ബെയ്താർ ജറൂസലം. വംശീയത എത്രത്തോളമെന്നാൽ ഒരു അറബ് കളിക്കാരനുമായും ഇന്നുവരെ ഈ ക്ലബ്ബ് കരാർ ഒപ്പിട്ടിട്ടില്ല. ഇസ്രായിലിൽ മികച്ച അറബ് കളിക്കാർ ഇല്ലാത്തതുകൊണ്ടല്ല. അറബികളായ ഫലസ്ത്വീൻ താരങ്ങളോടുള്ള വംശീയ വിദ്വേഷമാണ് കാരണം. ക്ലബ്ബിന്റെ അനുയായികളും അത്തരക്കാരാണ്. അറബ് വംശജരെ വംശീയമായി അധിക്ഷേപിക്കൽ അവരുടെ സ്ഥിരം പരിപാടിയാണ്. ബെയ്താർ ക്ലബ്ബിന്റെ അമ്പത് ശതമാനം ഓഹരി വാങ്ങാനുള്ള അബുദബി രാജകുടുംബാംഗം ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ നഹിയാന്റെ നീക്കത്തിനെതിരെയും ‘ലാ ഫമിലിയ’ എന്നറിയപ്പെടുന്ന ബെയ്താർ അനുകൂലികൾ രംഗത്തുവന്നിരുന്നു.

2013 സീസണിൽ ചെച്‌നിയയിൽനിന്ന് രണ്ട് മുസ്ലിം കളിക്കാരെ കൊണ്ടുവരാൻ തീരുമാനിച്ചതിന്റെ പേരിൽ ബെയ്താർ ക്ലബ്ബ് അനുകൂലികൾ കലാപമഴിച്ചുവിടുകയുണ്ടായി. ക്ലബ്ബിന്റെ ഒരു മൽസരം അവർ പൂർണമായും ബഹിഷ്‌കരിക്കുകയും ടീമിന്റെ ഓഫീസിന് തീയിടുകയും ചെയ്തു.

2018ൽ മോശെ ഹോഗജ് ക്ലബ്ബ് വിലയ്ക്ക് വാങ്ങിയശേഷം വംശീയതക്കെതിരെ പോരാടുമെന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും ക്ലബ്ബ് അനുകൂലികൾ അതിനു തയ്യാറല്ല. ഇസ്രായിലിൽ നടത്താനിരുന്ന ലോകകപ്പ് വാം അപ്പ് മൽസരങ്ങളിൽനിന്ന് ഫലസ്തീനികളുടെ പ്രതീഷേധത്തെ തുടർന്ന് 2018ൽ ഇസ്രായിൽ ടീമും പിൻവാങ്ങിയിരുന്നു.

Related Articles