Current Date

Search
Close this search box.
Search
Close this search box.

പ്രവാചക സ്‌നേഹമോ, സംഘടന സ്‌നേഹമോ വര്‍ധിക്കുന്നത് ?

കുറെ കാലത്തിന് ശേഷമാണ് റബീഉല്‍ അവ്വല്‍ മാസത്തില്‍ നാട്ടിലുണ്ടാകുന്നത്. വീടിനു മുന്നില്‍ തന്നെ ജുമുഅത്ത് പള്ളിയാണ്. ഇശാ ബാങ്കിനു ശേഷം മൈക്കിലൂടെ പ്രവാചക കീര്‍ത്തനങ്ങള്‍ വന്ന് കൊണ്ടിരുന്നു. പ്രവാചക സ്‌നേഹം പ്രകടിപ്പിക്കാനുള്ള വഴികളാണത്രെ ഇതൊക്കെ എന്ന ഉത്തരമാണ് ലഭിച്ചത്. പ്രവാചകന്റെ പേരില്‍ അങ്ങിനെ റബീഉല്‍ അവ്വല്‍ മാസത്തില്‍ ബഹളമയമായ സേനഹ പ്രകടനം ചരിത്രത്തില്‍ നാം കണ്ടിട്ടില്ല. ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്തു ദിനങ്ങള്‍ പോലെ പുണ്യമാണ് റബീഉല്‍ അവ്വലിലെ പന്ത്രണ്ട് ദിനങ്ങള്‍ എന്നതും സ്ഥിരീകരിക്കപ്പെട്ട കാര്യമല്ല.

മൂന്നു കാര്യങ്ങള്‍ കൊണ്ടാണ് ചരിത്രത്തില്‍ റബീഉല്‍ അവ്വല്‍ സ്ഥാനം പിടിക്കുന്നത്. ഒന്ന് പ്രവാചക ജനനം. രണ്ട് പ്രവാചക മരണം. മൂന്ന് ഹിജറ. പ്രവാചക ജനനം നടന്നത് ഒരു തിങ്കളാഴ്ചയായിരുന്നു എന്ന് ഉറപ്പിക്കാന്‍ കഴിയുന്ന പ്രമാണം ലഭ്യമാണ്. ‘അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: തിങ്കളാഴ്ചയിലെ നോമ്പിനെ സംബന്ധിച്ച് റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ പ്രസവിക്കപ്പെടുകയും പ്രവാചകനായി നിയോഗിക്കപ്പെടുകയും ഖുര്‍ആന്‍ എനിക്കവതരിക്കുകയും ചെയ്തത് അന്നേ ദിവസമാണ്. (മുസ്ലിം)

പ്രവാചകന്‍ ജനിച്ചത് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് എന്നതിനേക്കാള്‍ ശക്തമാണ് പ്രവാചകന്‍ മരിച്ചത് അന്നേ ദിവസമാണ് എന്നതിന്. മാസങ്ങളുടെ പുണ്യം പറയുന്നിടത്ത് ഈ മാസത്തിന്റെ പുണ്യം എവിടെയും പറഞ്ഞു കണ്ടില്ല, പ്രവാചകന്റെ പേരില്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയത് പ്രവാചകനെ അനുസരിക്കലും പിന്‍പറ്റലും അവിടുത്തെ പേരില്‍ സ്വലാത്ത് ചൊല്ലലുമാണ്. പ്രവാചകനെ പിന്‍പറ്റുക അനസരിക്കുക എന്നതിന്റെ താല്പര്യം അവിടുത്തെ കല്‍പ്പനകളും വിരോധങ്ങളും അംഗീകരിക്കുക എന്നതാണ്. അതിന് പ്രത്യേക സമയവും ദിവസവുമില്ല. വിശ്വാസികളുടെ ഏറ്റവും അടുത്തു നില്‍ക്കുന്നവനാണ് പ്രവാചകന്‍. മാത്രമല്ല പ്രവാചകനെ അനുസരിക്കാതെ അല്ലാഹുവിനെ അനുസരിക്കാന്‍ കഴിയില്ല എന്നാണ് പ്രമാണം.

പ്രവാചകന്റെ പേരില്‍ അവിടുത്തെ അനുചരന്മാര്‍ സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. ഇന്നു ജനത്തെ ബുദ്ധിമുട്ടിച്ചു കൊണ്ട് അലറി വിളിക്കുന്ന സ്വലാത്തല്ല. അതൊരു ആരാധനയായിരുന്നു. ആരാധന മനുഷ്യനും അല്ലാഹുവും തമ്മിലുള്ള വിഷയമാണ്. പ്രവാചകന് ഗുണം ചെയ്യേണമേ എന്ന പ്രാര്‍ത്ഥനയാണത്. ഗുണം ചേയ്യേണ്ടവന്‍ അത് കേട്ടാല്‍ മതി എന്നു സാരം.

പ്രവാചകനെ പ്രകീര്‍ത്തിക്കാന്‍ എളുപ്പമാണ്. അത് കൊണ്ട് പ്രത്യേക ബുദ്ധിമുട്ടില്ല. അത് കൊണ്ടാണ് ഈ മാസത്തില്‍ മാത്രം പ്രവാചകന് അനുയായികള്‍ വര്‍ധിക്കുന്നത്. അതേ സമയം പ്രവാചകനെ അനുസരിക്കാനും പിന്‍പറ്റാനും ബുദ്ധിമുട്ടാണ്. പ്രവാചകന്റെ സ്വഭാവവും ജീവിത വിശുദ്ധിയും നേടിയെടുക്കുക എന്നതാണ് കാര്യം. റബീഉല്‍ അവ്വല്‍ മാസത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രവാകന്റെ പേരില്‍ വെറുപ്പും വിദ്വേഷവും വര്‍ധിക്കുന്ന മാസമായാണ് അനുഭവപ്പെടുന്നത്. പ്രവാചക സ്‌നേഹം എന്നതിനേക്കാള്‍ സംഘടന സ്‌നേഹം വര്‍ധിക്കുന്ന മാസം. അതിനാല്‍ തന്നെ പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ ജനത്തെ ബുദ്ധിമുട്ടിക്കാന്‍ ആര്‍ക്കും മനക്കുത്തില്ല. എന്നെ സ്‌നേഹിക്കല്‍ എന്റെ ചര്യകളെ പിന്‍പറ്റലാണെന്ന് പ്രവാചകന്‍. അങ്ങിനെ നോക്കിയാല്‍ പ്രവാചകനെ സ്‌നേഹിക്കുന്നവരുടെ എണ്ണത്തില്‍ എത്രകണ്ട് അധികരിക്കുന്നുണ്ട് എന്ന് ഓരോ പ്രവാചക മാസവും നമ്മോടു പറയും.

Related Articles