ഇത്തവണയും ബലി പെരുന്നാൾ ഇങ്ങെത്താറായപ്പോൾ പ്രതീക്ഷിച്ച ആ രണ്ട് പേര് വാട്ട്സ്ആപ്പിൽ മെസേജ് അയച്ചു. “ബംഗാളിലേക്കുള്ള ഉദുഹിയ്യത്തിൻ്റെ ഷെയർ തുക എത്രയാണ് എന്ന് അറിഞ്ഞാൽ പറയണേ” എന്ന്. നമ്മുടെ രാജ്യത്തെ ഏറ്റവും ദരിദ്രരായ മനുഷ്യരുടെ നാട്ടിൽ പട്ടിണി ഇല്ലാതാക്കാൻ, പെരുന്നാളിനെങ്കിലും ഇറച്ചി എന്ന സുഭിക്ഷതയുണ്ടാവാൻ, കീറിപ്പോയ വസ്ത്രങ്ങൾക്ക് പകരമെത്തിക്കാൻ ആത്മാർത്ഥമായി പണിയെടുക്കുന്ന നാസർ ബന്ധുവിനെ എനിക്ക് പരിചയമുണ്ടായതിനാലാണ് അവരെന്നോടത് ചോദിക്കുന്നത്.
കഴിഞ്ഞതിൻ്റെ മുന്നിലെ കൊല്ലമാണ് അഗ്രഹിച്ചാഗ്രഹിച്ച് ഞാൻ കൊൽക്കത്തയിൽ എത്തുന്നത്. വിശപ്പിനും വീടിനും വൃത്തിക്കും നമ്മുടേത് പോലെയല്ലത്ത നിർവ്വചനങ്ങളുള്ള നാട്! നൂറ്റാണ്ടുകൾ പഴക്കമുള്ള സൗകര്യങ്ങൾക്കിടയിൽ ഇപ്പോഴും ജീവിക്കേണ്ടി വരുന്ന, ഏതോ ഇരുട്ട് ഗുഹയിൽ യുഗങ്ങളോളം ഉറങ്ങിപ്പോയത് പോലെ നിസ്സംഗരായി ഈ കാലത്തിനു പാകമാവാൻ വിശ്രമമില്ലാതെ ഓടി നോക്കുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതം നേരിൽ കണ്ട് വൈദ്യുതാഘാതമേറ്റതു പോലെ വേദനിച്ചും തരിച്ചും നിന്നു ഞാനന്ന്.
താങ്ങാനാകാത്ത ദുരന്തങ്ങൾ വന്നു ഭവിച്ചവരെ പോലെ അന്ന് കുറേ കരഞ്ഞു. മിണ്ടാൻ വന്നവരോടെല്ലാം നേരിട്ട് കാണേണ്ടി വന്ന ദാരിദ്ര്യത്തിൻ്റെ കൊടും ഭീകരതയെ കുറിച്ച് പറഞ്ഞു കൊടുത്തു. അറിയാവുന്ന ഭാഷയിൽ എഴുതി. എന്നിട്ടും ഹൃദയത്തിൻ്റെ കനം തെല്ലു മാത്രമേ കുറഞ്ഞൊള്ളൂ. നമ്മൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളിൽ നിന്ന് മുന്നിട്ടിറങ്ങി സഹായമെത്തിക്കാൻ അവിടെ ആരാണുള്ളത് എന്ന അന്വേഷണത്തിന് കിട്ടിയ രണ്ട് ഉത്തരങ്ങളായിരുന്നു ഏറെ ആദരണീയനായ അമീർ പ്രൊഫസർ കെ. എ സിദ്ദീഖ് ഹസൻ സാഹിബിൻ്റെ വിഷൻ 2016 ഉം നാസർ ബന്ധുവിൻ്റെ സീറോ ഫൗണ്ടേഷനും.
അവരവിടെ ചെയ്യുന്ന കാര്യങ്ങളുടെ വലിപ്പമറിയണമെങ്കിൽ ഒരിക്കലെങ്കിലും കൂര എന്ന് പോലും വിളിക്കാനാകാത്ത അവിടുത്തെ വീടകങ്ങൾ കാണണം. ഒരു ദിനം അവര് കഴിക്കുന്ന ഭക്ഷണത്തിൻ്റെ തീരേ ചെറിയ അളവ് കണ്ട് ഞെട്ടണം. മാറിയുടുക്കാൻ ഉടുപ്പില്ലാത്ത, കുളിമുറി എന്ന മറയില്ലാത്ത, റോഡില്ലാത്ത, മതിയായ വാഹനങ്ങളില്ലാത്ത ജീവിത പരിസരങ്ങൾ കാണണം. ചളിയും നായകളും മനുഷ്യരും മാലിന്യങ്ങളും നിറഞ്ഞ ഏറെ ഇടുങ്ങിയ വഴിയിലൂടെ നടക്കണം. വിസർജ്യങ്ങളുള്ള റെയിൽവേ പാളങ്ങളിൽ വിശ്രമിക്കുകയും തുണിയുണക്കുകയും ചെയ്യുന്ന മുതിർന്നവരെയും അരികിൽ കളിക്കുന്ന കുട്ടികളെയും സങ്കൽപ്പിച്ച് നോക്കണം.
ഓർമയിൽ കാഴ്ചകളുടെ വ്യക്തതക്ക് മങ്ങൽ തട്ടാത്ത കൊൽക്കത്ത ദിനങ്ങളുടെ പശ്ചാത്തലത്തിലാണ് പെരുന്നാൾ ബലിയുടെ ഇതുവരെ അധികം ആലോചിച്ചിട്ടില്ലാത്ത സാദ്ധ്യതകൾ ഓർത്തുപോകുന്നത്. ആരാധനകളും ആഘോഷങ്ങളും നിലാവ് പോലെ എല്ലാവർക്കും ഒരേ പോലെ തെളിച്ചവും സന്തോഷവും കിട്ടുന്നതാകണം എന്ന് നിബന്ധനയുള്ള മതത്തിൽ ബലിയറുക്കണമെന്ന് നിർദേശിക്കുമ്പോൾ മുന്നിൽ കണ്ടതും അതിർവരമ്പുകൾക്കപ്പുറമുള്ള ഈ സാധ്യതകൾ തന്നെ ആയിരിക്കണം. നിറഞ്ഞ വയറുള്ള , നല്ല നിറമുള്ള, തെളിഞ്ഞ ചിരിയുള്ള പെരുന്നാൾ അവർക്കുമുണ്ടാവാൻ നമ്മളൊന്ന് മനസ്സ് വെക്കുകയേ വേണ്ടൂ. അതിന്, നമ്മളിവിടെ എട്ടും പത്തും ഉരുക്കളെ അറുക്കുമ്പോൾ അവിടെ ആകെ ഒരു കുടുംബത്തിന് കിട്ടുന്നത് വെറും അരക്കിലോയോളമോ അതിലും കുറവോ ഇറച്ചിയാണ് എന്ന യാഥാർത്ഥ്യം ഒരിക്കലെങ്കിലും ഒന്നോർത്താൽ മതിയാകും.
നിർബന്ധത്തിൻ്റെ അടുത്തോളം പ്രാധാന്യമുള്ള ബലി കർമ്മം നടത്താനുള്ള പണം നമ്മളവരെ ഒന്ന് ഏൽപ്പിച്ചാൽ മതി. വിദൂരതയിൽ ഏതോ കുടിലിൽ ഇറച്ചി രുചിക്കാൻ അവസരം കിട്ടുന്നൊരു പൈതലിൻ്റെ നിഷ്കളങ്കമായ പുഞ്ചിരി കൊണ്ട് നമ്മുടെ തക്‌ബീറുകൾക്ക് മധുരം വെക്കും. ‘മഹത്തായ ബലി’ എന്നൊരു പ്രയോഗമുണ്ട് വിശുദ്ധ ഖുർആനിൽ. ഇബ്രാഹീം നബി (അ) മകൻ ഇസ്മാഈലി (അ) നെ ബലിയറുക്കാൻ തുടങ്ങുമ്പോൾ പകരം അറുക്കാൻ മലക്കുകൾ കൊണ്ടു വന്ന് കൊടുത്ത ആടിനെയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.
“ദൈവഭക്തനായ ഇബ്രാഹിമിന് വേണ്ടി, അദ്ദേഹത്തിൻ്റെ ക്ഷമാശീലനും ത്യാഗ സന്നദ്ധനുമായ മകന് വേണ്ടിയുള്ളതായിരുന്നു ഈ ആട് എന്നതിനാലാണ് മഹത്തായ ബലി എന്ന് പറയുന്നത്. ലോക രക്ഷിതാവ് അതിനെ നിസ്തുലമായ ഒരു ബലി ഉദ്ദേശ്യം പൂർത്തീകരിക്കുന്നതിനുള്ള ഉപാധിയാക്കി. അത് മാത്രമല്ല, അന്ന് മുതൽ ലോകാവസാനം വരേക്കുമുള്ള വിശ്വാസികൾ മൃഗബലി നടത്തി അനുസരണത്തിൻ്റേതും ജീവാർപ്പണ സന്നദ്ധതയുടേതുമായ ആ മഹാ സംഭവത്തിൻ്റെ ഓർമ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായവും അതുവഴി അള്ളാഹു നടപ്പാക്കി.”(തഫ്ഹീമുൽ ഖുർആൻ)
മഹത്തായ എന്ന വാക്കുപയോഗിക്കാൻ മാത്രം പ്രാധാന്യം പെരുന്നാൾ ബലിക്ക് പടച്ച തമ്പുരാൻ കൊടുക്കുന്നുണ്ട് എന്നർത്ഥം! അതുകൊണ്ട് തന്നെയാണ് ഖുർആനിൽ ബലി നമസ്‌കാരത്തോടൊപ്പം പരാമർശിക്കപ്പെട്ടത്. “ഉരുവിനെ വാങ്ങാൻ സാമ്പത്തിക ശേഷിയുണ്ടായിട്ടും അത് ചെയ്യാത്തവർ പെരുന്നാൾ നമസ്കാരത്തിന് വരരുത്” എന്ന് റസൂൽ പറയുകയും ചെയ്തത്. ഉരുവിനെ വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളവർ ബലിയറുക്കൽ നിർബന്ധമാണ് എന്നാണ് ഇമാം അബൂഹനീഫയും ഇമാം മാലിക്കും അഭിപ്രായപ്പെട്ടത്. ഇമാം ശാഫിഈ അടക്കമുള്ള ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ബലിയറുക്കൽ നിർബന്ധമല്ലങ്കിലും വളരെ ശക്തമായ സുന്നത്താണ് എന്നാണ്. ശാഫിഈ മദ്ഹബ് പ്രകാരം പെരുന്നാള്‍ ദിവസം തന്റെ ആവശ്യങ്ങള്‍ കഴിച്ച്, ബലി കൊടുക്കാനുള്ള അത്രയും സമ്പത്ത് കൈവശമുള്ള, പ്രായപൂര്‍ത്തിയായ ഒരു സത്യവിശ്വാസിക്ക് ഉദ്ഹിയ്യത്ത് വളരെ പ്രധാനപ്പെട്ട സുന്നത്താണ്.
ആയതിനാൽ, പെരുന്നാൾ കൂടാൻ ഈദ്ഗാഹിൽ പോകും മുമ്പ് ബലി നൽകാൻ തയാറാവുക. നിങ്ങളുടെ നാഥന് മുന്നിൽ നന്ദിയോടെ സുജൂദിൽ വീഴുകയും ചെയ്യുക..
വാൽകഷ്ണം:
ഇപ്പോൾ എത്ര ആലോചിച്ചിട്ടും പേരോർമ കിട്ടാത്ത ഒരു മലയാളം ആത്മകഥാ പുസ്തകത്തിൽ ബലിയറുക്കൽ നേരിട്ട് കണ്ടതിൻ്റെ ഭീകരാവസ്ഥ എഴുത്തുകാരി വിവരിക്കുന്നുണ്ട്. ജീവനുള്ളൊരു മിണ്ടാപ്രാണിയെ കൊന്നു തിന്നുന്നതിൻ്റെ നെറികേടും ക്രൂരതയും കണ്ടതിൽ പിന്നെ ഇറച്ചി കഴിച്ചിട്ടേ ഇല്ല എന്നും അവർ പറയുന്നുണ്ട്. വായനക്കിടെ മുഖത്തേക്ക് രക്തം തെറിച്ച പോലെ എനിക്കും അസ്വസ്ഥത തോന്നി. മേശപ്പുറത്ത് ഇറച്ചി കാണുമ്പോൾ മാറ്റി വെക്കാൻ തുടങ്ങി. (സാഹിത്യത്തിൽ മുഴുക്കെ ഇറച്ചിവെട്ടുകാരെ ഹൃദയമില്ലാത്തവരായി, അലിവ് തൊട്ട് തീണ്ടാത്തവരായി മാത്രം ചിത്രീകരിച്ചത് കുറേ കാണാം. അതൊരു ജോലിയായല്ല, സ്വഭാവമായാണ് പൊതുബോധം കാണുന്നത്.)
കേൾക്കുമ്പോൾ ന്യായം എന്നും മനസ്സലിവുള്ളവർ ആരായാലും ചെയ്യുന്നതു തന്നെ എന്നും തോന്നിപ്പോകും നമുക്ക്. നിഷ്കളങ്കത എന്ന് ഏറെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള, എന്നാൽ അങ്ങനെയല്ലാത്ത ഒന്നാണത്. മൃഗസ്നേഹികൾക്കാർക്കും മനുഷ്യനെ കൊല്ലുന്നതിൽ അസ്വസ്ഥത തോന്നാത്തതിൻ്റെ യാദൃശ്ചികത കൊണ്ട് മാത്രമല്ല ഇങ്ങനെ പറയുന്നത്. പ്രകൃത്യാൽ തന്നെ യുക്തിരഹിതമാണ് എന്നതുകൊണ്ട് കൂടിയാണ്. കേവലം ഒരു മൃഗത്തെ അറുക്കുക എന്ന ബാഹ്യ കർമത്തിനപ്പുറം സാമൂഹികവും തത്ത്വ ചിന്താ പരവുമായ ഒരുപാട് അർഥ വ്യാഖ്യാനങ്ങൾ ബലിയിൽ ഉൾക്കൊള്ളുന്നുണ്ട്. കരുത്തുറ്റ മാടുകളെ കായികമായി താരതമ്യേന നിസ്സാരനായ മനുഷ്യന് കീഴ്പ്പെടുത്തിക്കൊടുത്തതിൻ്റെ നന്ദി അതിൽ ഉൾക്കൊള്ളുന്നുണ്ട് എന്നും,
അങ്ങനെയല്ല, ഒരു ചെറിയ അനുസരണക്കേട് പോലും കാണിക്കാതെ മനുഷ്യനേക്കാൾ ദൈവത്തോട് അടുപ്പമുള്ളവയാണ് മറ്റു ജീവ ജാലങ്ങൾ എന്നതിനാൽ അവയുടെ ബലി ശ്രേഷ്ഠമാകുന്നു എന്നും ഒക്കെ വിവിധങ്ങളായ പണ്ഡിത നിരൂപണങ്ങളുണ്ട്. എന്തൊക്കെ ആയാലും, മനുഷ്യരാൽ നിറഞ്ഞ, മനുഷ്യരോടുള്ള പെരുമാറ്റത്തിലൂടെ ദൈവത്തിലേക്ക് എളുപ്പവഴി പഠിപ്പിച്ച മതത്തിലെ മറ്റു ആരാധനകളെ പോലെ തന്നെ സഹ ജീവികൾക്കാണ് ബലിയുടെയും ഒന്നാമത്തെ ഗുണം കിട്ടുന്നത്. അവനവനു പുണ്യവും അപരന് ഭക്ഷണവും. എത്ര നല്ല ആശയം!ദൈവത്തിനു നിങ്ങളുടെ ത്യാഗ മനസ്സ് മാത്രമേ ആവശ്യമുള്ളൂ..