മൂന്ന് ആനകളുടെ കഥ പറയാറുണ്ട്. മൂന്ന് ആനകളും വരിയായിട്ടാണ് പോകുന്നത്. മുന്നിലെ ആന പറഞ്ഞു ‘എന്റെ പിന്നില്‍ രണ്ടാനകളുണ്ട്’. പിന്നിലെ ആന പറഞ്ഞു ‘ എന്റെ മുന്നില്‍ രണ്ടു ആനകളുണ്ട” നടുവിലെ ആന പറഞ്ഞു ‘എന്റെ മുന്നിലും രണ്ടാനകളുണ്ട്, പിന്നിലും രണ്ടാനകളുണ്ട്’. പിന്നീടാണ് നടുവിലെ ആന പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായത്. ആന നുണ പറഞ്ഞതാണെന്ന്. സംവരണ കാര്യത്തില്‍ മോഡി നുണ പറഞ്ഞതാണ് എന്ന് മനസ്സിലാക്കാന്‍ കുറച്ചു സമയം വേണമെന്ന് മാത്രം. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനെ സംഘ പരിവാര്‍ കുടുക്കിയിരുന്നു. സംവരണ വിഷയത്തില്‍ ഇടതിനെയും കോണ്‍ഗ്രസ്സിനെയും ഒരേ പോലെ സംഘ പരിവാര്‍ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിഞ്ഞു എന്നതും കൂട്ടി വായിക്കണം.
സാമ്പത്തിക സംവരണം കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നില്ല. അതെസമയം രാഷ്ട്രീയ ഉപായം എന്ന നിലയില്‍ മൃദു ഹിന്ദുത്വം കൃത്യമായി തന്നെ കോണ്‍ഗ്രസ് നടപ്പാക്കുന്നുണ്ട്. കേരളത്തില്‍ സി പി എം ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കുന്ന പോലെ എന്ന് വേണമെങ്കില്‍ പറയാം. അങ്ങിനെയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പശു ഇടം പിടിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് രാഷ്ട്രീയം. രാഷ്ട്രീയമായി നേരിടുക എന്നതിനു പകരം ജാതീയമായും മതപരമായും നേരിടുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയം.
ഒറ്റയ്ക്കാവുമ്പോള്‍ ഒന്ന് പറയുകയും കൂട്ടം ചേരുമ്പോള്‍ മാറ്റി പറയുകയും ചെയ്യുന്നതിന്റെ പേരാണോ ജനാധിപത്യം. അങ്ങിനെ വേണം മനസ്സിലാക്കാന്‍. കേരളത്തില്‍ വി ടി ബല്‍റാമും കേന്ദ്രത്തില്‍ കപില്‍ സിബലും അതാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇന്നലെ സംവരണ ചര്‍ച്ചയില്‍ പങ്കെടുത്തു കബില്‍ സിബല്‍ നടത്തിയ പ്രസംഗം ആരെയും ആഘര്‍ഷിക്കും. സാമ്പത്തിക സംവരണത്തിന്റെ പൊള്ളത്തരം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ തുറന്നു കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടന ഒരിക്കലും അംഗീകരിക്കാത്ത ഒന്നാണ് സാമ്പത്തിക സംവരണം. ഇന്ത്യയില്‍ പൊതു മേഖലയില്‍ ലഭിക്കുന്ന ജോലിയുടെ അനുപാതം വര്‍ഷം വര്‍ഷം കുറഞ്ഞു വരുന്നു. ഇന്ത്യയുടെ തൊഴിലില്ലായ്മക്ക് പരിഹാരം സംവരണമല്ല. കൂടുതല്‍ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുക എന്നതാണ്. ഇന്ത്യന്‍ വിപണിയില്‍ സ്വകാര്യ മേഖലയാണ് കൂടുതല്‍ ജോലി നല്‍കുന്നത്. അവിടെ ഇതൊന്നും ബാധകമല്ല താനും. സര്‍ക്കാര്‍ ജോലി ലഭിക്കാത്ത ദളിതന് മാസം ഇരുപതിനായിരം രൂപ വരുമാനം വന്നാല്‍ അയാള്‍ ധനികനാണ്. അതെ സമയം മുന്നോക്കക്കാരന് ധനികനാവാന്‍ അുറപതിനായിരം രൂപ വേണം. അപ്പോള്‍ ജാതി മാറുമ്പോള്‍ സമ്പത്തിന്റെ സ്വഭാവവും മാറുന്നു. എട്ടു ലക്ഷം വാര്‍ഷിക വരുമാനം ലഭിക്കുന്നവര്‍ ഇപ്പോഴത്തെ കണക്കു പ്രകാരം ആദായ നികുതി നല്‍കണം. മറ്റൊന്ന് നമ്മുടെ കണക്കനുസരിച്ച് പത്തു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ തുലോം കുറവാണ്.
പക്ഷെ ഇതൊക്കെ പറഞ്ഞിട്ടും രാജ്യ സഭയിലും കോണ്‍ഗ്രസ്സും ഇടതും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. ബില്‍ കൊണ്ട് ബി ജെ പി രാഷ്ട്രീയ നേട്ടം ഉണ്ടാക്കും എന്നതാണ് കാരണമായി പറഞ്ഞത്. നിയമ നിര്‍മാണ സഭകളില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് വോട്ടു നോക്കിയല്ല എന്ന പൊതു ബോധം പോലും അവര്‍ മറക്കുന്നു. നിലനില്‍ക്കുന്ന ഒരു നിയമത്തെ ഇല്ലാതാക്കുമ്പോള്‍ അതിനു വേണ്ട ഒരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നത് സഭകളിലെ ചര്‍ച്ചകള്‍ കണ്ടാല്‍ മനസ്സിലാവും. ഈ നിയമം കൊണ്ട് എത്ര പേര്‍ക്ക് ജോലി ലഭിക്കും. എത്ര പേരുടെ അവസരം ഇല്ലാതാവും എന്ന പഠനവും നടന്നിട്ടില്ല. ഈ നിയമം പ്രാബല്യത്തില്‍ വന്നാലും അത് മൂലം ജോലി ലഭിക്കുക ഏതാനും ആയിരങ്ങള്‍ക്ക് മാത്രമാണ്. അതെ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു കാര്യം സംഘ പരിവാറിനു മനസ്സിലായി. പിന്നോക്ക വോട്ടുകള്‍ കൈവിട്ടു പോയിരിക്കുന്നു. ഇനി പ്രതീക്ഷ മുന്നോക്ക വോട്ടുകളില്‍. അതിനെ പിടിച്ച് നിര്‍ത്താന്‍ ഒരു മാര്‍ഗം എന്നതിലപ്പുറം ഈ നിയമ ഭേദഗതിക്ക് ഒരു സ്ഥാനവുമില്ല. 130 കോടി ജനത്തിനു അനുപാതമായി ഇന്ത്യയില്‍ ജോലി സന്ദര്‍ഭം വളരുന്നില്ല എന്ന കാതലായ വശത്തേക്ക് ഒരു ചര്‍ച്ചയും പോയില്ല.
വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള പാര്‍ട്ടികളുടെ മടിയാണ് സംഘ പരിവര് ചൂഷണം ചെയ്യുന്നത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദിശ നല്‍കുന്നത് സംഘ പരിവാരാണ്. മറ്റു പാര്‍ട്ടികള്‍ അറിഞ്ഞോ അറിയാതെയോ അവരുടെ വലയില്‍ വീഴുന്നു എന്നതാണ് നാം കണ്ടു വരുന്നത്. ഒരുപാട് പിന്നോക്ക ജനപ്രതിനിധികള്‍ നമ്മുടെ സഭയിലുണ്ട്. നാം ആകെ കൂടി കണ്ടത് ഒരു മുസ്ലിം ലീഗിനെയും ഉവൈസിയെയും മാത്രം. സംവരണം പല കാരണങ്ങള്‍ കൊണ്ടും ഭരണഘടനയുടെ തത്വങ്ങള്‍ക്ക് എതിരാണ്. പല സംസ്ഥാനങ്ങളും നടപ്പാക്കിയ സംവരണ നിയമങ്ങള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മണ്ഡല് കമ്മീഷനുമായി ഉയര്‍ന്നു വന്ന സാമ്പത്തിക സംവരണം കോടതി റദ്ദ് ചെയ്തു എന്നതും കൂട്ടി വായിക്കണം. ഇപ്പോള്‍ നടക്കുന്നത് നടുവിലെ ആനയുടെ വീമ്പു പറച്ചിലാണ്. വീമ്പു പറച്ചിലിനെ നെഞ്ചു നിവര്‍ത്തി നിന്ന് രാഷ്ട്രീയമായി നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയാതെ പോകുന്നു എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ദുരന്തം എന്ന് കൂടി പറയണം.