Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പിയെ ചോദ്യം ചെയ്താല്‍ മുസ്‌ലിംകള്‍ ജയിലില്‍

ഒരു മാസത്തിലേറെ നീണ്ട ജയില്‍വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് സ്റ്റാന്റപ്പ് കൊമേഡിയനായ മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം ലഭിച്ചത്. പുതുവത്സര ദിനത്തില്‍ സംഘടിപ്പിച്ച പരാതിയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നാരോപിച്ച് ബി.ജെ.പി നേതാവിന്റെ മകന്റെ പരാതിയില്‍ ഇന്‍ഡോറില്‍ വെച്ചാണ് ഫാറൂഖിയെ അറസ്റ്റ് ചെയ്യുന്നത്. ഹിന്ദു ദേവതകളെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും അപമാനിച്ചു എന്നാണ് കുറ്റം ചുമത്തിയത്്. താന്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്‌തോ എന്നത് വിഷയമല്ലെന്നാണ് പൊലിസ് പറഞ്ഞത്.

ഫാറൂഖിക്ക് തെറ്റായ മാനസികാവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ഒരിക്കല്‍ ഹൈക്കോടതി ജഡ്ജി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. ഇത്തരം ആളുകളെ വിട്ടുകളയരുതെന്നും ജഡ്ജി പറഞ്ഞു. പരിപാടിയുടെ സംഘാടകരും ഫാറൂഖിയുടെ സുഹൃത്തുക്കളും ഇപ്പോഴും ജയിലില്‍ തന്നെയാണ്. ജഡ്ജിയുടെ വാക്കുകളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, ഫാറൂഖിയെ പിന്തുണക്കുന്നവരോ അദ്ദേഹവുമായി ബന്ധപ്പെട്ടുകിടക്കുന്നവരെയോ ഇതേ രീതിയില്‍ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഫാറൂഖി ഇത് മൂലം കുറഞ്ഞ സമയത്തേക്കെങ്കിലും നിശബ്ദത പാലിക്കുമെന്ന് അവര്‍ ഇതിലൂടെ ഉറപ്പാക്കുന്നു.

മൂര്‍ച്ചയുള്ള തത്സമയ അനുഭവങ്ങള്‍

സമൂഹത്തിലെ വിവിധ വിഷയങ്ങള്‍ യൂട്യൂബിലൂടെ ഹാസ്യാത്മകമായി വിമര്‍ശനവിധേയമാക്കുന്ന പരിപാടികളാണ് ഫാറൂഖി അവതരിപ്പിക്കാറുള്ളത്. സാമുദായിക രാഷ്ട്രീയം, സാമുദായിക അതിക്രമം, ബി.ജെ.പിയുടെ വിദ്വേശ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം പൊതുവെ കൈകാര്യം ചെയ്യാറുള്ളത്. ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിയാണ് അവതരണം. മികച്ച പ്രേക്ഷക പിന്തുണയാണ് ഇദ്ദേഹത്തിന്റെ പരിപാടിക്ക് ഉണ്ടാകാറുള്ളത്. ‘ഇത് നിങ്ങളെ ചിരിപ്പിച്ചെങ്കില്‍ ഇതൊതു തമാശയാണ്, ഇത് നിങ്ങളെ ദ്രോഹിച്ചെങ്കില്‍ ഇതാണ് സത്യം.’ എന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കാറുള്ളത്.

ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അദ്ദേഹം ഭരണഘടനയുടെ പരിധിയില്‍ വരുമെന്നും അതിന് നിയമത്തിന്റെ പരിരക്ഷയുണ്ടെന്നും വിശ്വസിച്ചുകൊണ്ട് ഫാറൂഖി തന്റെ മൂര്‍ച്ചയേറിയ ഹാസ്യാത്മക വിമര്‍ശന പരിപാടിയുമായി മുന്നോട്ട് പോയി. ഒപ്പം ഉച്ചത്തില്‍ ചിരിക്കുകയും അദ്ദേഹത്തിന്റെ കൂടെ ആഹ്ലാദിക്കുകയും ചെയ്യുന്ന സമ്മിശ്ര പ്രേക്ഷകരെയും ഒപ്പം കൂട്ടി.

ഈ സമയത്ത് ജാമ്യം എന്നത് അപൂര്‍വതയുള്ള ഒന്നാണ്. ഇത് തടങ്കലില്‍ നിന്ന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു, എന്നാല്‍ നിങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ കോടതിയില്‍ ന്യായമായും സമയബന്ധിതവുമായും വാദം കേള്‍ക്കുന്നില്ല. രാജ്യത്ത് എവിടെ നിന്നും നിങ്ങള്‍ക്കെതിരെ ചുമത്തപ്പെടുന്ന കേസുകളില്‍ നിന്ന് ഈ ജാമ്യം നിങ്ങളെ രക്ഷിക്കുകയില്ല.

അവരുടെ കാഴ്ചയില്‍ ഭരണകൂടത്തോട് ഒരു പ്രതികാര മനോഭവാം നിങ്ങള്‍ക്കുള്ളതായി കണക്കാക്കും. അവരുടെ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കാനുള്ള നിങ്ങളുടെ അവകാശം വീണ്ടും വിനിയോഗിച്ചാല്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും പ്രതികാര നടപടി പ്രതീക്ഷിക്കാം. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നിരവധി മുസ്‌ലിം യുവാക്കള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളില്‍ നിന്നും വിദ്യാഭ്യാസം നേടിയവരാണ് ഈ ചെറുപ്പക്കാരെല്ലാം. അവരില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഉസ്മാനി, സഫൂറ സര്‍ഗാര്‍, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നിവരെല്ലാം ഉള്‍പ്പെടുന്നു.

മുനവര്‍ ഫാറൂഖിയെപ്പോലെ, രാഷ്ട്രീയ പ്രചാരണങ്ങളില്‍ ബി ജെ പി സ്ഥിരം ആയുധങ്ങളായി ഉപയോഗിക്കുന്ന സ്റ്റീരിയോടൈപ്പുകളെ തുറന്നെതിര്‍ത്തവരാണ് ഇക്കൂട്ടരെല്ലാം. മനസ്സിലുള്ളത് തുറന്ന് പറഞ്ഞതിനാണ് അവര്‍ ജയിലിലായത്. ബിജെപിയുടെ ഭൂരിപക്ഷ പദ്ധതിയുടെ കേന്ദ്രമായ വ്യവസ്ഥാപരമായ വിവേചനവും അസമത്വങ്ങളും ചൂണ്ടിക്കാട്ടിയതിനോ അല്ലെങ്കില്‍ പൗരത്വ ബില്‍ പോലുള്ള നിയമവിരുദ്ധമായ ഒരു നിയമത്തെ എതിര്‍ക്കാന്‍ പ്രതിഷേധം സംഘടിപ്പിച്ചതിനോ ആണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.

രാജ്യദ്രോഹികളായി മുദ്രകുത്തുന്നു

2014ല്‍ മോദി അധികാരത്തില്‍ വന്നതിനു പിന്നാലെ തന്നെ അവര്‍ക്കെതിരെ വിമര്‍ശിക്കുന്നവരെ അവര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട്.
ബുദ്ധിജീവികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം രാജ്യദ്രോഹികളാക്കി അപമാനിക്കപ്പെടുന്നു. യുക്തിവാദികളുടെ കൊലപാതകം, ഹിന്ദുത്വ ജനക്കൂട്ടം പശു സംരക്ഷണത്തിന്റെ മറവില്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുക, അല്ലെങ്കില്‍ സര്‍വകലാശാലകളില്‍ അക്കാദമിക് സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം എന്നിവ ഉയര്‍ത്തിക്കാട്ടിയവരൊക്കെ ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നു. എന്നാല്‍ ഇതിനെതിരെ എഴുന്നേറ്റ് നില്‍ക്കുന്ന മുസ്ലിംകള്‍ക്കെതിരെ മാത്രം മോദി-ബി.ജെ.പി ഭരണകൂടം പ്രത്യേക നടപടിയാണ് സ്വീകരിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധം വര്‍ധിച്ചതോടെ അതിനെ അക്രമാസക്തമായ ഏറ്റുമുട്ടലാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോവിഡിന് തൊട്ടുമുന്‍പ് വരെ യോഗിയുടെ യു.പി പൊലിസും അമിത് ഷായുടെ ഡല്‍ഹി പൊലിസും മുസ്ലിംകള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടു. ബി.ജെ.പിയും ആര്‍.എസ്.എസ് പ്രവര്‍ത്തകരും, പോലീസും ചേര്‍ന്ന് തെരുവിലും വീടുകളിലും മുസ്ലിംകളെ ആക്രമിക്കുകയും മുസ്ലീം കച്ചവടസ്ഥാപനങ്ങള്‍ നശിപ്പിക്കുകയും പള്ളികളും ദര്‍ഗയും കത്തിക്കുകയും ചെയ്തു. ആക്രമത്തിനും സ്വത്തിനും നാശനഷ്ടം വരുത്തിയെന്നാരോപിച്ച് അവര്‍ മുസ്ലീം ഇരകള്‍ക്കെതിരെ കേസെടുത്തു.

ഈ സമയത്ത് മുനവ്വര്‍ ഫാറൂഖി മുംബൈയിലായിരുന്നു ജീവിച്ചത്. സ്വയം ചിരിക്കാനുള്ള ആളുകളുടെ കഴിവ് പരിശോധിക്കാന്‍ അദ്ദേഹം തനിക്ക് കഴിയാവുന്നത് ചെയ്യുകയായിരുന്നു. ബി.ജെ.പി മുന്നോട്ടുവെക്കുന്ന മുസ്ലിംകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് മാതൃകകളെ മികച്ച വാചകങ്ങളിലൂടെ അദ്ദേഹം തകര്‍ക്കുകയാണ് ചെയ്തത്. കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ഇദ്ദേഹത്തിന്റെ പ്രേക്ഷകര്‍ വര്‍ധിച്ചു. അദ്ദേഹത്തിന്റെ അവതരണം മൂര്‍ച്ചയുള്ളതും കൂടുതല്‍ മിനുക്കിയതുമായി.

2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷമാണ് അദ്ദേഹവം കുടുംബവും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് പോയത്.
ബി.ജെ.പി ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ നടത്തുന്ന നികൃഷ്ടമായ നടപടികളെ അദ്ദേഹം മുഖാമുഖം നേരിട്ടിരുന്നു. ഫാറൂഖിയുടെ പ്രേക്ഷകര്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെ ഉറച്ചുനില്‍ക്കുന്നു.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ അദ്ദേഹത്തിനെതിരെ ഇപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലെ ഒരു കോടതിയില്‍ നിന്ന് താല്‍ക്കാലികമായി സ്‌റ്റേ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ശക്തികള്‍ എല്ലായിടത്തും ജാഗ്രതയോടെ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles