Current Date

Search
Close this search box.
Search
Close this search box.

പ്രഗ്യാസിംഗ് താക്കൂര്‍ ഉയര്‍ത്തുന്ന ചോദ്യം

ക്രിസ്‌റ്റോഫ് ജാഫ്രലോട്ട്‌ (Christophe Jaffrelot) തെക്കന്‍ ഏഷ്യയെ കുറിച്ച് പഠനം നടത്തുന്ന ഒരു ഫ്രഞ്ച് സാമൂഹിക ശാസ്ത്രന്ജ്ഞനാണ്. ഇന്ത്യ പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹം പ്രത്യേകം താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഒറ്റ വരിയിലാണ് 2019 ലെ സംഘ് പരിവാര്‍ തിരഞ്ഞെടുപ്പ് വിജയത്തെ അദ്ദേഹം വിലയിരുത്തിയത്. “ പ്രഗ്യാസിംഗ് താക്കൂറിന്റെ വിജയം ഹിന്ദുത്വ രാഷ്ട്രീയം എങ്ങിനെ ഇന്ത്യയുടെ മുഖ്യ ഘടകമായി എന്നതിന്റെ തെളിവാണ്” എന്നാണ്.

ഏകദേശം നാല് ലക്ഷം വോട്ടിനാണ് പ്ര്യഖ്യാസിംഗ് ജയിച്ചത്‌. ഒരു സ്ഫോടന കേസില്‍ രാജസുരക്ഷയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു വ്യക്തി, മാത്രമല്ല ഇന്ത്യന്‍ ചരിത്രത്തെ തന്നെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന വ്യക്തി, രാഷ്ട്ര പിതാവിനെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തി, എന്തിലും ഉപരിയായി വാ തുറന്നാല്‍ വര്‍ഗീയതയും വംശീയതയും മാത്രം പറയുന്ന വ്യക്തി എന്നീ നിലകളില്‍ അവര്‍ പ്രശസ്തയാണ്. ഒരിക്കല്‍ പാര്‍ട്ടി പോലും അവരെ തഴഞ്ഞ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

മാലേഗാവ് സ്‌ഫോടന കേസില്‍ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെയടക്കമുള്ളവരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റവിമുക്തരാക്കി. കേസ് നേരത്തേ അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ സാധ്വിക്കും കൂട്ടര്‍ക്കുമെതിരെ കണ്ടെത്തിയ തെളിവുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് എന്‍ഐഎ പ്രതികളെ രക്ഷപ്പെടുത്തിയത്. കേസില്‍ കുറ്റാരോപിതരായ സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ മക്കോക്ക നിയമം പിന്‍വലിക്കുകയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

ശേഷം അവര്‍ ബി ജെ പി യില്‍ ചേര്‍ന്നു തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും മത്സരിച്ചു ജയിച്ചു. ഇപ്പോള്‍ അവര്‍ parliamentary consultative committee യില്‍ അംഗമായി മാറിയിരിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിനു കീഴിലാണ് ഈ വകുപ്പ് എന്നതും ശ്രദ്ധേയമാണ്. പ്രതിരോധ പാർലമെൻററി സമിതി എന്നത് കൊണ്ട് ഉദ്ദേശം പ്രതിരോധവുമായി സഭയില്‍ നേരിട്ട് ചര്‍ച്ചക്ക് വരാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനുള്ള ഇടമാണ്. ഒരു സ്ഫോടന കേസ് പ്രതിയെ തന്നെ രാജസുരക്ഷ ഏല്‍പ്പിക്കാനുള്ള മോഡി സര്‍ക്കാര്‍ തീരുമാനം കാര്യങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നതിന്റെ തെളിവായി മനസ്സിലാക്കാം.

മോഡി സര്‍ക്കാര്‍ സംഘ പരിവാര്‍ ഗുണ്ടായിസത്തിനു നല്‍കുന്ന സുരക്ഷ നാം കാണുന്നു. ദിനേന എന്ന പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നു. ഗാന്ധിജിയുടെ ഘാതകന്‍ നാട്ടില്‍ ബഹുമാനിക്കപ്പെടുന്നു. അതിലപ്പുറം നാട്ടിലെ പ്രമാദ കേസുകളില്‍ പ്രതികളായി തീര്‍ന്നവര്‍ രാജ്യത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നു.ഒരു മതേതര രാജ്യമായ ഇന്ത്യ മതത്തിന്റെ പേരില്‍ ചിന്തിക്കുന്നു എന്നതു തന്നെ ഭരണഘടനാ വിരുദ്ധമാണ്. ദേശീയ പൗരത്വ രജിസ്റര്‍ എങ്ങിനെയാണ് നടക്കാന്‍ പോകുന്നത് എന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. അതും മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നടപ്പാക്കാനാണ് സാധ്യത.

ഒരു സ്ഫോടന കേസിലെ കുറ്റവാളിയെ ഉന്നതവും പരമ പ്രധാനവുമായ വകുപ്പുകളില്‍ നിയമിക്കുക എന്നത് അതീവ ഗൌരവമായി തന്നെ മനസ്സിലാക്കണം. കള്ളന്റെ കയ്യില് തന്നെ താക്കോല്‍ നല്‍കുന്ന സംസ്കാരം രാജ്യത്തിന്‌ ഗുണം ചെയ്യില്ല എന്നുറപ്പാണ്. എല്ലാം വിറ്റ് തുലക്കുന്ന നാട്ടില്‍ നിന്നും പിന്നെ എന്താണ് നാം പ്രതീക്ഷിക്കേണ്ടത്.

Related Articles